2012 ജനുവരി 14

പാപകര്‍മ്മം



ഗിരീഷേട്ടന്‍ കുറെ താമസിച്ചേ വരൂ എന്ന് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതിനാല്‍ ഞാനും മോനും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു. ഗിരീഷേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ രാത്രി ഒരു മണി കഴിയും. പാത്രങ്ങള്‍ ഒക്കെ കഴുകിയിട്ട് കിടക്കാം എന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയതും, ഗിരീഷേട്ടന്റെ അമ്മ കയര്‍ത്തു പറഞ്ഞു.

"എന്തിനാ മോളെ ഇപ്പൊ നീ അടുക്കളയില്‍ കയറുന്നെ? ഈ നിറഞ്ഞ വയറും വെച്ചോണ്ട് എന്തിനാ കഷ്ട്ടപ്പെടുന്നെ?അതിനൊക്കെയല്ലേ ഞാന്‍ ഇവിടെ ഉള്ളത്? നീ ആ ചെക്കനേയും വിളിച്ചോണ്ട് നേരത്തെ പോയി കിടക്ക്‌ "

ഞാന്‍ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മ ആകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഗിരീഷേട്ടന്റെ അമ്മ വീട്ടില്‍ ഉണ്ട്. എന്‍റെ അമ്മയേക്കാള്‍ ഏറെ എന്‍റെ കാര്യത്തില്‍ ശ്രദ്ധയാണ് അവര്‍ക്ക്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആധിയും മനസ്സില്‍ നിറയും. ജീവിതം പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ? ഒന്നിനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന സത്യം.

ഉറങ്ങാനായി മുറിയിലേക്ക് ഉന്തിയ വയറും താങ്ങിപ്പിടിച്ചു ചെല്ലുമ്പോള്‍ , എന്‍റെ മോന്‍ സന്ദീപ്‌ ഏതോ ഒരു കളിപ്പാട്ടം വെച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ കിടക്കയിലേക്ക് പതിയെ കിടന്നതും, അവന്‍ കളിപ്പാട്ടം മാറ്റി വച്ചിട്ട് എന്‍റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ വെറുതെ ഒന്ന് തടവിയിട്ട് ഒരു ഉമ്മ കൊടുത്തു.

"അമ്മേടെ ചക്കര മോന്‍ ഒറങ്ങിക്കോ. നാളെ സ്കൂളില്‍ പോവണ്ടേ? "

ആ ചോദ്യം അവന്‍ കേട്ടില്ല. മറിച്ച്, കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ എന്നോടൊരു ചോദ്യം ചോദിച്ചു. എന്‍റെ വയറില്‍ കൈ വെച്ച ശേഷം.

"അമ്മേ..ഇതിനകത്ത് ..അനിയനാണോ? അതോ അനിയത്തിയോ? ഇതേവരെ അമ്മയ്ക്ക് അറിയാന്‍ പറ്റിയില്ലേ? "

"അമ്മയ്ക്കറിയില്ല മോനൂ. ഭഗവാന്‍ ആരെത്തന്നാലും അമ്മ കൈ നീട്ടി വാങ്ങും. മോന് ആരെ വേണമെന്നാണ് ആഗ്രഹം? "

"എനിക്കും... ആരായാലും മതി അമ്മേ. എന്നാലും അനിയത്തി ആണേല്‍ കുറച്ചുകൂടി ഇഷ്ടമാ. അനിയത്തി ആണേല്‍ ഞാന്‍ അവളെ കുളിപ്പിക്കുകയും പൊട്ടൊക്കെ ഇടീപ്പിക്കുകയും ചെയ്തോട്ടെ അമ്മെ? "

ഞാന്‍ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ഉമ് വെച്ചു. പിന്നെ കുറെ കഥകള്‍ പറഞ്ഞു കൊടുത്തു. കഥകളും പാട്ടും ഒക്കെ കേട്ട് അവന്‍ ഉറങ്ങുമ്പോള്‍ , മനസ്സ് കാരണമില്ലാതെ പിടഞ്ഞു. പഴയ ഓര്‍മ്മകള്‍ ശല്യപ്പെടുത്തിയത് കൊണ്ടാവാം.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ദിവസം മോനൂട്ടന്‍ എന്നോട് ചോദിച്ചിരുന്നു. മറ്റൊരു ചോദ്യം

"അമ്മെ എനിക്ക് മാത്രം ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും ഒന്നും ഇല്ലല്ലോ. അതെന്താ അമ്മെ? എനിക്ക് മാത്രം കളിക്കാന്‍ ആരും ഇല്ല. "

ആ ചോദ്യം അവന്‍ പല വട്ടം ആവര്‍ത്തിച്ചപ്പോള്‍ ആണ് വീണ്ടും ഒരു കുഞ്ഞു വേണം എന്ന കാര്യം ഞാന്‍ ഗിരീഷേട്ടനോട് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ വേണ്ടും അമ്മയാകാന്‍ പോകുകയാണ് എന്ന കാര്യം ഞാന്‍ അറിഞ്ഞു. അന്ന് ഞാന്‍ മോനൂട്ടനോട് പറഞ്ഞു.

"മോനൂ.നിനക്ക് കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നുണ്ട്"

"ആരാ അമ്മെ? "

"അതെ..അമ്മേടെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ട്‌. ആ വാവ പുറത്തു വരുമ്പോള്‍ മോനൂട്ടന് കളിക്കാന്‍ ആളാകുമല്ലോ. നീ അല്ലേ എപ്പോഴും പറയാറ് കളിക്കാന്‍ ആരും ഇല്ലാ എന്ന്. "

അന്നെന്നെ അവന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു

"അത് അനിയനാണോ അനിയത്തിയാണോ അമ്മെ? "

അന്നും ഞാന്‍ പറഞ്ഞു.

"അത് അമ്മയ്ക്ക് അറിയില്ല മോനെ "

മോന്‍ നല്ല ഉറക്കം ആയി. രാത്രി പതിനൊന്നു മണി കഴിഞ്ഞു. എനിക്ക് ഉറക്കം വന്നില്ല. അപ്പോഴും മനസ്സില്‍ അവന്റെ ചോദ്യവും, പിന്നെ കുറെ പൊള്ളുന്ന ഓര്‍മ്മകളും ഓടിക്കളിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും.

അന്ന് കല്യാണം കഴിഞ്ഞു ഗിരീഷേട്ടനോടൊപ്പം മദ്രാസിലെ അടയാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടില്‍ താമസിക്കുന്ന സമയം. സന്തോഷത്തിന്റെ പാരമ്യതയില്‍ ജീവിതം പോകുന്ന കാലം. കല്യാണം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ അമ്മയാകാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിറ്റേ ആഴ്ച തന്നെ ഗിരീഷേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നു. എന്‍റെ പരിചരണത്തിനായി.

രണ്ടു മൂന്നു മാസങ്ങള്‍ കടന്നു പോയി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകി ആണ് ഞാന്‍ സമയം കളഞ്ഞിരുന്നത്. കുഞ്ഞിനുള്ള ഉടുപ്പ് തുന്നലും, പേര് എന്തിടും എന്ന ആലോചനയും ഒക്കെ ആയി സമയം പോയി. ഒരു ദിവസം ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞു.

"വനജേ..നീ ഒരുങ്ങിക്കോ. ഇന്ന് ഡോക്ടര്‍ ശെല്‍വരാജന്റെ അടുത്ത് പോകണം. അപ്പോയിന്റ്മെന്റ് ഉള്ളതാ"

"അതെന്തിനാ ഏട്ടാ.? നമ്മള്‍ സ്ഥിരമായി കാണിക്കുന്നത് ആ ഡോക്ടറെ അല്ലല്ലോ? "

"ഇതൊരു സ്കാനിംഗ് ചെയ്യാനാ വനജേ. മറ്റേ ഡോക്ടര്‍ തന്നെയാണ് റെഫര്‍ ചെയ്തിരിക്കുന്നത്. "

അങ്ങനെ ഞാന്‍ ഗിരീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഡോക്ടര്‍ ശെല്‍വരാജിന്റെ ക്ലിനിക്കില്‍ ഗിരീഷേട്ടന്റെ ഒപ്പം പോയി. അന്ന് ഒരു അള്‍ട്രാ സൌണ്ട് സ്കാന്‍ എടുത്തു. ജീവിതം മാറി മറിക്കുന്ന ഒരു സംഭവം ആവും അതെന്നു ഞാന്‍ കരുതിയില്ല.

മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ഗിരീഷേട്ടന്‍ വീട്ടില്‍ വന്ന ശേഷം അമ്മയോട് ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ ഇടയിലേക്ക് പോയതെ ഇല്ല. കുറച്ചു കഴിഞ്ഞു ഗിരീഷേട്ടന്‍ എന്നോട് വന്നിട്ട് പറഞ്ഞു.

"വനജേ..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. "

"എന്താ ഏട്ടാ ..പറഞ്ഞോളൂ. "

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഗിരീഷേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇടിത്തീ പോലാണ് മനസ്സില്‍ വീണത്‌.

"വനജേ..ഇത് പെണ്‍കുട്ടിയാണ്. നമുക്ക് ഈ കുഞ്ഞു വേണ്ട. ഒരു ആണ്‍കുട്ടി വേണമെന്നാണ് എനിക്കും വീട്ടുകാര്‍ക്കും ഒക്കെ ആഗ്രഹം"

കുറച്ചു നേരത്തേയ്ക്ക് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അത്രയ്ക്ക് ഞാന്‍ സ്തബ്ധയായിപ്പോയി. എന്നേ സ്നേഹിക്കുന്ന , ഞാന്‍ സ്നേഹിക്കുന്ന, വിദ്യാഭ്യാസം ഏറെ ഉള്ള എന്‍റെ ഭര്‍ത്താവാണോ ഒരു നികൃഷ്ട ജീവിയെപ്പോലെ ആ ചോദ്യം എന്നോട് ചോദിച്ചത്? പതിയെ ഷോക്കില്‍ നിന്നും മോചിതയായ ഞാന്‍, മനസ്സില്‍ പതഞ്ഞു വന്ന ദേഷ്യം മുഴുവന്‍ വാക്കുകളിലും നോട്ടത്തിലും ആയി പുറത്തെടുത്തു.

വാക്ശരങ്ങളും, സ്വര ചേര്‍ച്ചയും ഭീഷണികളും പിന്നെ പതിവായി. ഗിരീഷേട്ടന്റെ അമ്മ കാണിച്ച സ്നേഹം ഏതു തരത്തിലേത് ആണെന്ന് എനിക്ക് നന്നായി മനസ്സിലായി. പിറക്കാന്‍ പോകുന്നത് പെണ്ണാണെങ്കില്‍ പിന്നെ ഇവളെ എന്തിനു പരിചരിക്കണം എന്നായി അവരുടെ മട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പ്രസവം അലസിപ്പിക്കാന്‍ പലകുറി എന്നെ അവരെല്ലാം നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ വഴങ്ങാതെ പിടിച്ചു നിന്നു.

ഒരു ദിവസം അമ്മയും ഗിരീഷേട്ടനും കൂടി എന്നോട് ഷോപ്പിങ്ങിനു വരാന്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്‌. അത് കൊണ്ട് ഞാനും കൂടെ പോയി. മദ്രാസിലെ വലിയ ഷോപ്പിംഗ്‌ മോളിലെ കാഴ്ചകളും മറ്റും കണ്ടു സന്തോഷിച്ചു നടക്കുകയായിരുന്നു ഞാന്‍. മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നേരം, എസ്കലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പടി ഇറങ്ങാന്‍ വേണ്ടി മുകളിലത്തെ പടിയില്‍ കാലു വെച്ചതും , പുറകില്‍ നിന്നും ആരോ എന്നെ തള്ളിയിട്ടപോലെ തോന്നി. എന്‍റെ ബാലന്‍സ് തെറ്റി. ഞാന്‍ പടികളിലൂടെ ഉരുണ്ടു താഴേക്കു വീണു. ആളുകളുടെ അലര്‍ച്ചയും, ആംബുലന്‍സിന്റെ സയറണിന്റെ ശബ്ദവും പിന്നെ മരുന്നുകളുടെ ഗന്ധവും ആണ് കുറെ നേരം കഴിഞ്ഞ് എനിക്ക് തിരിച്ചറിയാന്‍ പറ്റിയത്.

സങ്കടത്തിന്റെ പടു കുഴിയിലെക്കുള്ള എന്‍റെ വീഴ്ച ആയിരുന്നു അത്. വീഴ്ചയുടെ ആഘാതം വയറില്‍ വളരുന്ന കുഞ്ഞിനെ സാരമായി ബാധിച്ചതിനാല്‍ ആ ജീവന്‍ വെളിയില്‍ വരും മുന്‍പേ പൊലിഞ്ഞു . അതോ ആക്കിയതോ? എനിക്കറിയില്ല. എന്നെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് ഞാന്‍ ഡോക്ടര്‍ ശെല്‍വ രാജിന്റെ ആശുപത്രിയില്‍ ആയിരുന്നു എന്നറിഞ്ഞത്. പിന്നൊന്നും ചോദിച്ചില്ല. എല്ലാം പകല്‍ പോലെ വ്യക്തം ആയി എനിക്ക്. ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയ പോലെ ആയി. എന്‍റെ പരിചരണത്തിനായി ഗിരീഷേട്ടനും, അമ്മയും, എന്‍റെ അമ്മയും , ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ആരോടും ഞാന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകള്‍ ആയിരുന്നു അത് . വിഷാദ രോഗം പിടികൂടിയ ആ നിമിഷങ്ങളില്‍ ഞാന്‍ ആലോചിക്കുമായിരുന്നു.

"ഗിരീഷേട്ടന്റെ അമ്മയുടെ മുഖത്തെ വിഷാദത്തിന്റെ പുറകില്‍ ഗൂഢമായ ഒരു സന്തോഷം ഇല്ലേ? "
അന്ന് പടിയില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ എന്‍റെ തൊട്ടു പുറകില്‍ അമ്മയും ഗിരീഷേട്ടനും അല്ലേ ഉണ്ടായിരുന്നത്. പുറകില്‍ നിന്നു എന്നെ ആരോ തള്ളിയിട്ടതല്ലേ? "

ഒന്നും ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍. എന്നെ മനോരോഗിയാക്കാനേ അത് സഹായിക്കൂ. വേദനകള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി. കാലം വേദനകള്‍ മായ്ക്കും എന്ന് പറയാറുണ്ടെങ്കിലും ആ സംഭവം എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മാനസികമായി ആ പഴയ വനജ ആയത്. മോനെ ഗര്‍ഭം ധരിക്കുന്നതും അത് കഴിഞ്ഞാണ്. അത്തവണയും ഗിരീഷേട്ടന്‍ ഡോക്ടര്‍ ശെല്‍വരാജിന്റെ അടുത്ത് എന്നെ കൊണ്ട് പോകാന്‍ നോക്കി. നിയമ വിരുദ്ധമായി , ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന അയാളുടെ ക്ലിനിക്കില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. മോനെ പ്രസവിക്കും വരെ എനിക്ക് കണ്ണും കാതും രണ്ടല്ലായിരുന്നു.. നാലോ.എട്ടോ..അതിലേറെയോ. ഒന്നിനെയും ആരെയും ഞാന്‍ വിശ്വസിച്ചില്ല. ഉദരത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നടക്കുന്നവര്‍ ആണ് ചുറ്റും എന്ന് എനിക്ക് തോന്നി. ഏറെ കരുതലോടെ തന്നെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെന്നെ ഏറെ സഹായിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അല്ലലൊന്നും കൂടാതെ മോനെ പ്രസവിച്ചു. പിറന്നത്‌ മകനാണ് എന്നറിഞ്ഞപ്പോള്‍ ഏട്ടനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. പിന്നീട് എനിക്ക് കിട്ടിയ പരിചരണത്തിലും ഞാന്‍ ആ മാറ്റം കണ്ടു. ആണ്‍ കുഞ്ഞിനു മാത്രം കിട്ടുന്ന സ്നേഹം. സ്നേഹത്തിന്റെ ഭാഷയ്ക്കും ഉള്ള ലിംഗ വിവേചനം.

"നീ ഇതേ വരെ ഉറങ്ങിയില്ലേ വനജേ. "

മുറിയിലേക്ക് വന്ന ഗിരീഷേട്ടന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.

വസ്ത്രം മാറുന്നതിനിടയില്‍ ഗിരീഷേട്ടന്‍ പറഞ്ഞു.

"നാളെ ഡോക്ടര്‍ കല്‍പ്പനയുടെ അടുത്തു പോകണം. സ്കാനിംഗ് ഉള്ളതാ. "

അതിലെ ധ്വനി തിരിച്ചറിഞ്ഞ ഞാന്‍ പറഞ്ഞു.

"എന്തിനാ ഏട്ടാ? കുട്ടി പെണ്ണാണെങ്കില്‍ വേണ്ടാ എന്ന് പറയാനാണോ? പിറക്കാനിരിക്കുന്ന കുഞ്ഞിനെ വയറ്റില്‍ വച്ചേ കൊല്ലുന്ന കല്‍പ്പനമാരുടെയും, ശെല്‍വരാജുമാരുടെയും അടുത്തേയ്ക്ക് ഞാനില്ല . കുഞ്ഞു പെണ്ണായാലും ആണായാലും ഭഗവാന്റെ വരം തന്നെ ആണ്. ഇവരൊക്കെ ചെയ്യുന്ന പാപകര്‍മ്മതിനു ഞാനില്ല കൂട്ട്. "



ജോസ്
ബാംഗ്ലൂര്‍
15- Jan -2012


(ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തവയാണ് )

2011 ഡിസംബർ 29

നിര്‍മ്മല....





രണ്ടു നാള്‍ മുന്‍പത്തെ
മരം കോച്ചും തണുപ്പിലും
അതിനൊപ്പം പെയ്ത
ചാറ്റല്‍ മഴയിലും
അവള്‍ വിഷമിച്ചില്ല
അവള്‍ തണുത്ത് വിറച്ചില്ല
അവളുടെ നെഞ്ചില്‍
എരികനലല്ലേ ..
വിഷാദാഗ്നിയില്‍ അവള്‍
വെന്തുരുകുകയല്ലേ.
വെളിയിലെ തണുപ്പില്‍
പിന്നവളെങ്ങനെ വിറയ്ക്കും ?

പതിനഞ്ചു വര്‍ഷങ്ങള്‍
ഹോമിച്ച വീടിന്റെ
വെളിയിലൊരന്ന്യയായ്
നിന്നൂ നിര്‍മ്മല...
ഭര്‍ത്താവും മക്കളും ചേര്‍ന്ന്
പുറത്താക്കിയതാണവളെ
കാരണം ചോദിച്ചാല്‍
കുറെ
കണ്ണുനീരല്ലാതെ
ഇല്ല മറ്റൊന്നും
പറയാനവള്‍ക്ക്

മംഗല്യം കഴിച്ച
പുരുഷന്റെ കണ്ണില്‍
നിര്‍മ്മല വെറുമൊരു
മൂധേവിയാണിന്നു
അവള്‍ നൊന്തു പെറ്റ
പെണ്‍
മക്കള്‍ക്ക്‌ പോലും
അവലക്ഷണം പേറും
ഒരു
'തള്ള' യാണവളിന്ന്

പഴന്തുണി പോലൊരു
സാരിയും ചുറ്റി
തുണികള്‍ നിറച്ചൊരു
സഞ്ചിയുമേന്തി
വീടിന്റെ വെളിയില്‍
നിന്നോര്‍ത്തു നിര്‍മ്മല
പതിനഞ്ചു വര്‍ഷത്തെ
അഗ്നി പരീക്ഷകള്‍

കാമാര്‍ത്തി തീര്‍ക്കാ -
നല്ലാതൊരിക്കലും
സ്നേഹാര്‍ദ്രമായൊരു
തലോടല്‍ പോലും
നല്‍കിയിട്ടില്ല
പതിദേവനവളുടെ
മക്കള്‍ക്കമ്മയെ
കാണുന്നതേ രോഷം
കൊഞ്ചിച്ചു ലാളിക്കാന്‍
അച്ഛനുള്ളപ്പോള്‍
പിന്നെന്തിനാണവര്‍ക്കീ
'കുരയ്ക്കുന്ന ' തള്ള ?

വായൊഴിയാതെ
പുലഭ്യങ്ങളും, പിന്നെ
നിര്‍ദ്ദയമുള്ള
മര്‍ദ്ദനങ്ങളുമൊക്കെ
തീര്‍ത്താലും തീരാത്ത
തുടര്‍ക്കഥയായപ്പോള്‍
ആര്‍ക്കും വേണ്ടാത്തയാ
ജീവിതം തീര്‍ക്കാന്‍
എത്രയോ വട്ടം
തുനിഞ്ഞൂ നിര്‍മ്മല

നീണ്ടു കിടക്കുന്ന
തീവണ്ടിപ്പാളങ്ങളില്‍
വിഷമം മറന്നു
തല ചായ്ച്ചുറങ്ങാന്‍
എത്രയോ വട്ടം
തുനിഞ്ഞിട്ടുണ്ടവള്‍ ..
സങ്കടങ്ങളില്‍ നിന്നൊക്കെ
ഓടിയൊളിക്കാന്‍
ഒട്ടേറെപ്പേര്‍ പോയ
കുറ്റാടിപ്പുഴയുടെ
കുത്തൊഴുക്കില്‍ നോക്കി
എത്രയോ നിന്നവള്‍....
പക്ഷെ അന്നൊക്കെയാ
പൈതങ്ങളെ ഓര്‍ത്ത്‌
പുഴയില്‍ മുഖം കഴുകി
അവള്‍ വീട്ടില്‍ തിരിച്ചെത്തി
എല്ലാം ശരിയാകുമെന്ന
പ്രത്യാശയും പേറി.

പ്രത്യാശകള്‍ അവള്‍ക്കിപ്പോള്‍
മരുപ്പച്ചകള്‍ മാത്രം
കാതങ്ങള്‍ താണ്ടി
നടന്നാലും
എത്താത്ത
മോഹ ഭംഗം നല്‍കും,
വെറും
മരുപ്പച്ചകള്‍.

നെഞ്ചുരുക്കുന്ന
സങ്കടം വന്നാല്‍
മാറോടണയ്ക്കുന്ന
പെറ്റമ്മ പോലും
നിര്‍മ്മലയോടോതി
'എന്‍ പൊന്നുമോളെ
കാല്‍ക്കാശിനിരക്കുന്ന
ഞാനെന്തു ചെയ്യാന്‍ ?
നിന്റെ വിധി
ഇതാണെന്നോര്‍ത്ത്
കരയുവാനല്ലാതെ,
വിഷമിക്കാനല്ലാതെ
നാമം ജപിച്ചു,
കാലനെയും കാത്ത്
കുഴി നോക്കിയിരിക്കുന്ന
ഞാനെന്തു ചെയ്യാന്‍?
ആര്‍ക്കും വേണ്ടെങ്കില്‍
ഒരു മുഴം കയറിലോ
സങ്കടം മായ്കുന്ന
പുഴവെള്ള പ്പാച്ചിലിലോ
ഒരു തീപ്പെട്ടിത്തിരിയുടെ
തീനാളത്തിലോ
തീര്‍ക്കൂ നീ മോളെ
നിന്റെയീ ജീവിതം '

കുറ്റാടിപ്പുഴയുടെ
ഒഴുക്കുള്ള തീരത്ത്‌
വ്യസനിച്ചു നിന്ന
നിര്‍മ്മലയ്ക്കന്നും
ജീവിതം പക്ഷേ
അമൂല്യമായ് തോന്നി
അതാവും അവളിന്നും
മര്‍ദ്ദന മേറ്റിട്ടും
നെഞ്ചു പിളര്‍ക്കുന്ന
പുലഭ്യങ്ങള്‍ കേട്ടിട്ടും
പ്രത്യാശകളുടെ
മരുപ്പച്ച തേടുന്നത് ..
ഒക്കെ ശരിയാവുമെന്ന
മോഹവും പേറി ...

പാവം നിര്‍മ്മല....


ഇത് എനിക്കറിയാവുന്ന ഒരു നിര്‍മ്മലയുടെ കഥ. വര്‍ഷങ്ങള്‍ നീണ്ട മനോവേദന, ആത്മ ഹത്യയുടെ വക്കില്‍ പലതവണ എത്തിച്ചെങ്കിലും ജീവിച്ചു കൊതി തീരാത്ത ഒരു പാവം ചേച്ചി. ഇത് പോലെ എത്രയോ നിര്‍മ്മലമാര്‍ ഉണ്ടാവും എനിക്ക് ചുറ്റും.

ഒരു അമ്മയ്ക്ക്, മകളോട് ജീവിക്കാന്‍ വഴിയില്ലെങ്കില്‍ പോയി മരിച്ചോളൂ എന്ന് സങ്കടത്തോടെ
പറയേണ്ടി വരുന്ന ഒരു അവസ്ഥ ...അത് ഒരു വല്ലാത്ത അവസ്ഥ അല്ലേ?

നിര്‍മ്മലയുടെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ മുതല്‍ അതൊരു വിങ്ങലായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടി. സഹോദരീ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ നല്‍കാവുന്ന സഹായങ്ങളുടെ പരിധിക്കും അപ്പുറം നിന്ന് നിര്‍മ്മല നിസ്സഹായതയോടെ തേങ്ങിയപ്പോള്‍ , എല്ലാം അറിയുന്ന എന്റെ സുഹൃത്തായ ദൈവത്തോട് ഞാനും ചോദിച്ചു... ' ആ പാവത്തിന്റെ മേല്‍ എന്തിനീ പരീക്ഷണം? കണ്ണുനീര്‍ ഒഴിഞ്ഞ ഒരു ദിവസം എങ്കിലും ആ പാവത്തിന്റെ ജീവിതത്തില്‍ കൊടുത്തൂടെ ? '. സുഹൃത്ത് എനിക്കുത്തരം തന്നിട്ടില്ല. അവന്റെ വഴികള്‍ എപ്പോഴും വിചിത്രമല്ലേ ....

ഒരു മരീചിക പോലെ അവളെ കബളിപ്പിച്ച്‌ അകന്നു മാറുന്ന മരുപ്പച്ച ഒടുവില്‍ നിര്‍മ്മലയെ തേടി എത്തിയിരുന്നെങ്കില്‍...

ഇതുപോലെ മരുപ്പച്ചകള്‍ തേടുന്ന അനേകം നിര്‍മ്മലമാര്‍ക്കായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ജോസ്
തിരുവനന്തപുരം
29 - ഡിസംബര്‍ - 2011

2011 നവംബർ 21

പോസ്റ്റ്‌ മാനും..പിന്നെ കുറെ എഴുത്തുകളും ...

"അമ്മേ ..ഈ പോസ്റ്റ്മാന്‍ എന്ന് വെച്ചാ എന്താ അമ്മെ? "

ഇങ്ങനെ ഒരു ചോദ്യം ഇപ്പോഴത്തെ കിടാങ്ങള്‍ അല്ലെങ്കില്‍ ഇനിയത്തെ കിടാങ്ങള്‍ ചോദിക്കുമോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ദിനം ദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പതിയെ കാലത്തിന്റെ മൂടു പടങ്ങള്‍ ചൂടി അകത്തേക്ക് മറയുന്ന കാര്യങ്ങളില്‍ പെട്ടവയാണ് പോസ്റ്റ്‌ മാനും ഇന്‍ലന്റ് ലെറ്ററുകളും.

ഇന്നലെ പഴയ ഒരു മലയാളം സിനിമ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന പോസ്റ്റ്മാന്‍ കഥാ പാത്രവും, അയാള്‍ കൊണ്ട് വരുന്ന എഴുത്തുകളും എന്നെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം മുതല്‍ ആവും ഞാന്‍ പോസ്റ്റ്‌ മാനെ കാണുന്നത് ..(അതിനു മുന്‍പ് കണ്ട ഓര്‍മ്മയില്ല ). പൂജപ്പുര ജെയിലില്‍ നിന്നും വാര്‍ഡന്‍ ആയി റിട്ടയര്‍ ആയ വല്ല്യമ്മചിക്കുള്ള പെന്‍ഷന്‍ കാശും കൊണ്ട് വരുന്ന പോസ്റ്റ്‌ മാന്റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അന്നൊന്നും എനിക്കാരും കത്തുകള്‍ എഴുതാത്തതുകൊണ്ടും (കത്തിടപാടുകള്‍ക്കുള്ള പ്രായം ആയില്ല ..അത്ര തന്നെ) ,എനിക്കാര്‍ക്കും എഴുതാനില്ലാത്തത് കൊണ്ടും അന്നൊന്നും പോസ്റ്റ്മാന്‍ എനിക്ക് വല്യ പ്രിയപ്പെട്ട ആളൊന്നും അല്ലായിരുന്നു.

കുറച്ചു വലുതായിക്കാഴിഞ്ഞപ്പോള്‍ , ഞാനും പോസ്റ്റ്‌ മാനെ കാത്തിരിക്കുന്ന സമയം വന്നു. ക്രിസ്തുമസിന്റെ സമയത്ത്, ബന്ധുക്കള്‍ ഒക്കെ നല്ല വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍ അയക്കും. അത് കിട്ടാനായി ഞാന്‍ പോസ്റ്റ്‌ മാന്റെ വരവും കാത്തിരിക്കും. അങ്ങനെ കിട്ടുന്ന കാര്‍ഡുകള്‍ ഒക്കെ ശേഖരിച്ചു വെയ്ക്കുന്നത് ഒരു രസമായിരുന്നു.

കോളേജില്‍ ഒക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ എനിക്കും (എനിക്ക് മാത്രം !!) കാര്‍ഡുകള്‍ വരുമായിരുന്നു...എഴുത്തുകളും. കൂട്ടുകാരും "കൂട്ടുകാരികളും " ഉണ്ടാവും അതില്‍ . അന്നൊക്കെ ഓരോ ദിവസവും പോസ്റ്റ്‌ മാന്‍ വന്നോ എന്നന്വേഷിക്കു മായിരുന്നു. കോളേജില്‍ നിന്നും വന്നാല്‍ ഉള്ള അന്വേഷണങ്ങളില്‍ ആദ്യതെത് അതാവും . ശനിയാഴ്ച , വീട്ടില്‍ ഇരിക്കുന്ന അവസരമാണെങ്കിലോ ..ജനലിന്റെ അടുത്തിരുന്ന്..പോസ്റ്റ്‌ മാന്‍ വരുന്നോ എന്ന് ഇട കണ്ണിട്ടു നോക്കുമായിരുന്നു. പോസ്റ്റ്‌ മാന്‍ എന്‍റെ വീട്ടില്‍ കയറാതെ പോകുമ്പോള്‍ , വല്ലാത്ത നിരാശ തോന്നുമായിരുന്നു.

റൂര്‍ക്കിയില്‍ ഉപരി പഠനത്തിനു പോയപ്പോഴാണ് പോസ്റ്റ്‌ മാന്റെ വില ശരിക്കും അറിയുന്നത്. നാട്ടിലെ വിവരങ്ങളും, കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ അറിയുന്നത് കയ്യില്‍ വരുന്ന കത്തുകളിലൂടെയാണ്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. അന്ന് ഹോസ്ടലില്‍ ഏറ്റവും അധികം കത്തുകള്‍ വരുന്നത് എനിക്കും എന്‍റെ രണ്ടു മൂന്നു കൂട്ടുകാര്‍ക്കും ആയിരുന്നു.

സ്വന്തം കൈപ്പടയില്‍ ആരെങ്കിലും എഴുതിയ കത്തുകള്‍ക്ക്, അച്ചടിച്ച കത്തുകളെക്കാള്‍ അല്ലെങ്കില്‍ ഇന്നത്തെ ഇ-മെയിലുകളെക്കാള്‍ വികാരങ്ങള്‍ കൈ മാറാന്‍ കഴിയും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവര്‍ അവരുടെ കൈപ്പടയില്‍ എഴുതിയ കത്തുകള്‍ എത്ര തവണ ഞാന്‍ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. ഞാന്‍ റൂര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ട ചേച്ചി എനിക്കെഴുതിയിരുന്ന കത്തുകള്‍ ഓരോന്നും ഒരു ഏഴെട്ടു പേജുകള്‍ വരുമായിരുന്നു. അതില്‍ വീടുകാരുടെയും നാട്ടുകാരുടെയും ഒക്കെ വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷവും, നൊമ്പരവും ഒക്കെ അനുഭവപ്പെടും. നാട്ടിലെയും വീട്ടിലെയും ഒക്കെ കാഴ്ചകള്‍ കണ്മുന്പിലൂടെ തെളിഞ്ഞു വരുന്ന പോലെ തോന്നും.

"ജോസ്..നിനക്ക് സുഖമാണോ? എനിക്കിവിടെ സുഖം തന്നെ ..ഇനി എപ്പോഴാ നാട്ടില്‍ ..അടുത്ത വരവിനു കാണണം..." ഇത്ര മാത്രം എഴുതുന്ന (സ്ഥിരമായി) കൂടുകാര്‍ മുതല്‍ , പരിഭവങ്ങളും, പരാതികളും, വേദനകളും ഒക്കെ കുത്തി നിറച്ചുള്ള കത്തുകളും എത്രയാണ് കിട്ടിയിരിക്കുന്നത്. അതൊക്കെ അവരുടെ തന്നെ കൈപ്പടയില്‍ വായിക്കുമ്പോള്‍, അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു സംസാരിക്കും പോലെ തോന്നുമായിരുന്നു.

ഒരു അഞ്ചാറു വര്ഷം മുന്‍പ് വരെ..ആ കത്തുകളുടെ ഒക്കെ ശേഖരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ അടുക്കിപ്പെരുക്കലിന്റെ ഭാഗമായി അതൊക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. അതില്‍ ചിലതെങ്കിലും കളയാതെ വെയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഓര്‍മ്മകളുടെ ഒരു നിധികളെ അല്ലേ ഞാന്‍ ചവറ്റു കുട്ടയില്‍ എറിഞ്ഞത്.

കാലം മാറിയപ്പോള്‍ , സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ഞാനും മാറി. ഒരു ഏഴെട്ടു വര്ഷം മുന്‍പ് വരെ, ഞാന്‍ അമ്മച്ചിക്കും ചേച്ചി മാര്‍ക്കും ഒക്കെ എഴുത്തെഴുതുമായിരുന്നു...എന്‍റെ സ്വന്തം കൈപ്പടയില്‍ . എല്ലാവരുടെയും ജന്മദിനങ്ങള്‍ ഓര്‍ത്തു വെച്ച് കാര്‍ഡുകള്‍ അയക്കുമായിരുന്നു. പിന്നെ ക്രിസ്തുമസിനും. ജിവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒക്കെ മറന്നു. ഇപ്പോള്‍ കത്തുമില്ല ..കാര്‍ഡുകളും ഇല്ല. അതിന്റെ ഒക്കെ സ്ഥാനം ഫോണും, ഇ-മെയിലും, ഇ- കാര്‍ഡുകളും അപഹരിച്ചു.

ഇപ്പോഴും, പ്രിയപ്പെട്ടവര്‍ ആരെങ്കിലും അവരുടെ കൈപ്പടയില്‍ എഴുതി അയച്ച കത്ത് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

വിവാഹ നിശ്ചയം കഴിഞ്ഞു , കല്യാണക്കുറി അടിച്ച സമയത്ത് ലീന എനിക്കയച്ച ഒരു ചെറിയ കുറിപ്പുണ്ട്. അവളുടെ സ്വന്തം കയ്യക്ഷരത്തില്‍ . അതിപ്പോഴും ഭദ്രമായി എന്‍റെ ഡയറിക്കകത്തുണ്ട് . മുന്‍പൊക്കെ അത് വായിച്ചു ഞങ്ങള്‍ രണ്ടു പേരും ചിരിക്കുമായിരുന്നു. ഇപ്പോള്‍ , അതെടുത്തു വായിക്കുമ്പോള്‍ , മനസ്സില്‍ വരുന്ന നൊമ്പരം , വാക്കുകളില്‍ പറയാന്‍ എനിക്കാവുന്നില്ല.

സ്വന്തം കൈപ്പടയില്‍ പ്രിയപ്പെട്ടവര്‍ എഴുതുന്ന കത്തുകള്‍ ഇനിയും എന്നെ തേടി എത്തും എന്ന പ്രത്യാശയോടെ ..നിര്‍ത്തട്ടെ

ജോസ്
ബാംഗ്ളൂര്‍.
21- നവംബര്‍ - 2011

2011 നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

2011 നവംബർ 3

മൌലിനോംഗ് എന്ന സ്വര്‍ഗ്ഗം ...



നാളെ പെട്ടെന്ന് ഭൂമിയിലെ എന്‍റെ ജീവിതം അവസാനിച്ചാലോ? പിന്നെ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മുന്‍പേയുള്ള വാതിലില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ദൈവം തമ്പുരാന്‍ ചോദിക്കും ...

"മകനേ ജോസൂട്ടാ.. നീ ജീവിതത്തില്‍ എന്തു ചെയ്തെടാ .. ഞാന്‍ തന്ന ജീവിതം നന്നേ നീ ആസ്വദിച്ചോ?"

ദൈവം തമ്പുരാന്‍ അങ്ങനെ ചോദിച്ചാല്‍ മറുപടിക്ക് ഞാന്‍ കുറച്ചു കുഴങ്ങും. പരിഭവങ്ങളും, വിഷമങ്ങളും, കഷ്ടപ്പാടുകളുടെയും ഒക്കെ ഭാണ്ടക്കെട്ടഴിച്ചു വച്ച് ..ദൈവമേ ഞാന്‍ ജീവിക്കാന്‍ മറന്നു പോയി എന്ന് പറയേണ്ടി വന്നാല്‍ അത് വലിയ കഷ്ടമല്ലേ..അത് കൊണ്ട് ഞാന്‍ തീരുമാനിച്ചു...

ഇന്നലെകളെയും നാളെ കളെയും ഓര്‍ത്തു വിഷമിക്കാതെ 'ഇന്ന് ' ഒന്ന് ജീവിച്ചു നോക്കികൂടെ ? അതിനു ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഒന്നാണ് 'യാത്ര'....കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക്....പുതിയ നാടുകളും, പുതിയ ആളുകളും, പുതിയ സൌഹൃദങ്ങളും ഒക്കെ നല്‍കുന്ന യാത്രകള്‍ ... സങ്കടങ്ങള്‍ ഒക്കെ മനസ്സിനകത്ത് കുഴിച്ചു മൂടിക്കൊണ്ട് ...

അങ്ങനെയാണ് ഞാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയത്...ഭാരതത്തിന്റെ കിഴക്കന്‍ മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി...മേഘാലയയിലെ കാടുകളും ഗ്രാമങ്ങളും കാണാന്‍. അതില്‍ ..എന്‍റെ മനം കവര്‍ന്ന സ്ഥലമായിരുന്നു ' മൌലിനോംഗ് ' എന്ന കൊച്ചു ഗ്രാമം. ഈ കുറിപ്പ് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ആണ്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണു മൌലിനോംഗ് അറിയപ്പെടുന്നത്. അവിടെ ചെന്ന് അത് കാണും മുന്‍പേ ഞാന്‍ എന്തായാലും അത് അപ്പാടെ വിശ്വസിച്ചില്ല. അങ്ങനെ..ദീപാവലിയുടെ സമയത്ത് കുറച്ചു അവധി കിട്ടിയപ്പോള്‍, ഞാന്‍ ഒരു ഏകാന്ത പഥികനായി , ബ്രഹ്മ പുത്രാ നദിയെ മറികടന്നു മേഘാലയയിലെ ഷില്ലോംഗ് എന്ന സ്ഥലത്തെത്തി . അവിടുന്ന് നാല് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്തു മൌലിനോംഗ് എന്ന ഗ്രാമത്തില്‍ എത്തി.

അവിടെ ചെന്നപ്പോള്‍ ഖാസി വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാമവാസികള്‍ ആണ് എന്നെ സ്വീകരിച്ചത് . എനിക്ക് താമസിക്കാന്‍ കിട്ടിയതോ...മലയുടെ ചരിവില്‍ മുളങ്കമ്പുകള്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുടില്‍ . അത് മൊത്തം മുള കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയും, ഒരു ഡൈനിംഗ് റൂമും, പിന്നെ ഒരു സിറ്റൌട്ടും . സിറ്റൌട്ടില്‍ നിന്ന് നോക്കിയാല്‍ ചുറ്റും കനത്ത കാട് കാണാം. അതിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം കേള്‍ക്കാം.

ടെലിവിഷന്‍ ഇല്ല...പത്രം ഇല്ല...ഫോണ്‍ ഇല്ല ..മൊബൈല്‍ ഉപയോഗിക്കാനും പറ്റില്ല.. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ എന്ന് നമ്മള്‍ ചിലപ്പോള്‍ കരുതുന്ന ഈ വക സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നിട്ടും..ഒന്നും പറ്റിയില്ല..ആകാശം ഇടിഞ്ഞു വീണില്ല..മറിച്ച് ..പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനം കിട്ടി..

പിറ്റേന്ന് രാവിലെ (അവിടെ സൂര്യോദയം രാവിലെ നാലരയ്ക്കാണ് ) ആഹാരം കഴിച്ച ശേഷം, ഗ്രാമത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനായി ഞാന്‍ പുറപ്പെട്ടു. വഴികാട്ടിയായി, ഡ്രൈവറും, പിന്നെ ഖാസി ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമവാസിയും. ആദ്യം ഞാന്‍ ചെന്നത്, തികച്ചും ഒരു അത്ഭുത കാഴ്ച കാണാന്‍ ആയിരുന്നു. 'ജീവനുള്ള ഒരു പാലം കാണാന്' .

മൌലിനോംഗിന്റെ അടുത്തുള്ള 'റിവായി ' എന്ന ഗ്രാമത്തില്‍ ആണ് ഈ അത്ഭുതം. വാഹ് തില്ലോംഗ് എന്ന നദിയുടെ കുറുകെ വലിയ മരങ്ങളുടെ വേരുകളെ പിണച്ച് ഉണ്ടാക്കിയിരിക്കുന്ന പാലമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'ലിവിംഗ് റൂട്ട് ബ്രിഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുണ്ടാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം ഒന്നും അല്ല...ഒന്നോ രണ്ടോ അതില്‍ കൂടുതലോ തലമുറകള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുളം കമ്പുകള്‍ക്കുള്ളില്‍ ക്കൂടി മരത്തിന്റെ വേരുകളെ വളര്‍ത്തി, അവയെ തമ്മില്‍ പിണച്ച് , പിന്നെ അതിന്റെ ഉള്ളില്‍ പരന്ന കല്ലുകള്‍ നിരത്തിയും ആണ് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്.

കുറെ ഏറെ നേരം ഞാന്‍ അതിലൂടെ നടന്നു...അതുണ്ടാക്കിയവരുടെ ബുദ്ധിയും, ക്ഷമയും ഒക്കെ എത്ര കണ്ടു അഭിനന്ദിച്ചാലാണ് മതിയാവുക. പാലവും, അതിന്റെ താഴെ ഒഴുകുന്ന നദിയും, ചുറ്റുമുള്ള മുളം കാടുകളും ഒക്കെ ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയത ആസ്വദിച്ചു സമയം പോയതറിഞ്ഞില്ല. പിന്നെ ഞാന്‍ പതുക്കെ അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി. ..ചിത്ര ശലഭങ്ങളുടെ താഴ്വരയില്‍ ..അവിടെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന ഒരു വെള്ള ച്ചാട്ടം കാണാന്‍..

ബട്ടര്‍ ഫ്ലൈ ഫാള്‍സ് എന്ന ആ സ്ഥലത്തേയ്ക്കുള്ള യാത്ര കുറച്ചു കഠിനം ആയിരുന്നു. കൊടും കാടിലൂടെ, വഴുക്കന്‍ പാറകളില്‍ ചവുട്ടി, മര വള്ളികളില്‍ തൂങ്ങി ഒക്കെയാണ് , നിരപ്പില്‍ നിന്നും ഏകദേശം അന്‍പതോളം മീറ്റര്‍ താഴെ ഇറങ്ങിയത്‌. ഇറങ്ങി ചെന്നപ്പോള്‍ , യാത്രയുടെ കാഠിന്യം ഒക്കെ മറന്നു. ആ വെള്ളച്ചാ ട്ടത്തിന്റെയും, അതിന്റെ ചുറ്റുമുള്ള പ്രകിതി ഭംഗിയും ഞാന്‍ എഴുതുന്നില്ല...പകരം..എന്‍റെ ക്യാമറയില്‍ പകര്‍ത്തിയചിത്രങ്ങളിലൂടെ പറയാം ശ്രമിക്കാം.

ഒരു പ്രൈവറ്റ് റിസോര്‍ട്ടില്‍ പോയി താമസിക്കുന്ന പ്രതീതി എനിക്ക് തോന്നി. കാരണം അത്രയ്ക്ക് മനോഹരമായ ആ സ്ഥലത്ത് ഞാനും, ഡ്രൈവറും, പിന്നെ ഖാസി സുഹൃത്തും മാത്രം. നീന്തല്‍ അറിയാമായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം തോന്നിപ്പോയി. വെള്ളം കുത്തനെ വന്നു പതിക്കുന്ന ചെറിയ തടാകം കുളിച്ചു രസിക്കാന്‍ പറ്റിയ സ്ഥലം ആണ്.

എന്‍റെ മനസ്സിലുള്ള ചെറിയ കുട്ടിയെ ഞാന്‍ പതിയെ പുറത്തു വരാന്‍ അനുവദിച്ചു. വെള്ളത്തില്‍ കല്ലെറിഞ്ഞു കളിക്കുകയും, കാലിട്ടടിച്ച്‌ വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കി രസിക്കുകയും, മുളംകമ്പുകള്‍ കൊണ്ട് വെള്ളം അടിച്ചു തെറിപ്പിച്ചു കളിച്ചും, വെള്ളത്തിലുള്ള കുഞ്ഞു മീന്‍ കൂട്ടങ്ങളെ നദിയിലൂടെ പിന്‍ തുടര്‍ന്നും , ഉറക്കെ പാടുകള്‍ പാടിയും ഖാസി സുഹൃത്ത്‌ മീന്‍ പിടിക്കുന്നത്‌ കണ്ടും ഒക്കെ ഞാന്‍ സമയം ചെലവഴിച്ചു. സമയം ങ്ങനെ പറന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും എന്‍റെ ഖാസി സുഹൃത്ത് ആ നദിക്കരയില്‍ തന്നെ അടുപ്പ് കൂട്ടി പുലാവും ചിക്കനും വെച്ചു. അടുത്ത് നിന്നെങ്ങോ കുറച്ചു വാഴയില സംഘടിപ്പിച്ച് അയാള്‍ എനിക്ക് ഊണ് തയ്യാറാക്കി. വെള്ളം കുടിക്കാനോ...മുള കൊണ്ടുണ്ടാക്കിയ ഗ്ലാസും ..ഇനിയെന്ത് വേണം.. പ്രകൃതിയുടെ മടിത്തട്ടില്‍ മനം നിറഞ്ഞു ചിലവഴിച്ച ഒരു ദിവസം . അങ്ങനെ പറയുന്നതാവും ശരി.

അവിടുന്ന് വൈകിട്ട് തിരികെ ഗ്രാമത്തില്‍ വന്നപ്പോള്‍, ആ ഗ്രാമത്തിനെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി. അവിടെത്തെ ഓരോ ആളുകളും അവരുടെ ഗ്രാമത്തെ വൃത്തിയാക്കി സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ചവറുകള്‍ ഒന്നും റോഡില്‍ ഇടാതെ, ഓരോ മൂലകളിലും വെച്ചിട്ടുള്ള കുട്ടകളില്‍ ആണ് അവര്‍ അതൊക്കെ ഇടാറുള്ളത്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും അങ്ങനെയാണ് ശീലിക്കുന്നത്. പൂക്കളും ചെടികളും മരങ്ങളും ഒക്കെ ആവശ്യത്തിലേറെ. അതിനെയൊക്കെ വളരെയധികം പരിപാലിക്കുകയും ചെയ്യുന്നുണ്ട് അവര്‍ .

ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞു , ബാംഗ്ലൂരിലെ തിരക്ക് നിറഞ്ഞ താമസ സ്ഥലത്തേയ്ക്ക് വന്നെങ്കിലും, ഇപ്പോഴും കണ്മുന്‍പില്‍ ചിത്ര ശലഭങ്ങളുടെ താഴ്വരയും, ജീവനുള്ള പാലവും, ചുറ്റും ഉള്ള ഹരിത ഭംഗിയും, ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.

വീണ്ടും ഒരിക്കല്‍ ഞാന്‍ അവിടെ പോകും..പ്രകൃതിയുടെ മടിത്തട്ടില്‍ അലിയാന്‍ ... എന്നെന്നറിയില്ല. ..എന്നെങ്കിലും ഒരിക്കല്‍ .

ജീവിതം തീരും മുപേ കാണണം എന്ന് കരുതുന്ന സ്ഥലങ്ങള്‍ ഇനിയെത്ര കിടക്കുന്നു...


ജോസ്
ബാംഗ്ലൂര്‍
3- നവംബര്‍ -2011

2011 നവംബർ 1

കാ ലികായിയുടെ ചാട്ടം ....


എത്ര മനോഹരം അല്ലേ ഈ വെള്ളച്ചാട്ടം !. മഴ നന്നേ കുറഞ്ഞ സമയത്ത് എടുത്ത ചിത്രം ആണിത്. മഴക്കാലം ആയിരുന്നെങ്കില്‍ ഇതിന്റെ മനോഹാരിത ഇതിലും കൂടുതല്‍ ആയിരുന്നേനെ. ഇത് മേഘാലയയിലെ 'സോഹ്ര' അഥവാ 'ചിറാപുഞ്ചി' എന്ന സ്ഥലത്തെ 'നൊഹ് കാ ലികായ് ' എന്ന വെള്ളച്ചാട്ടം ആണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു ചിറാപുഞ്ചി. ഇപ്പോള്‍ പക്ഷെ മൂന്നാല് വര്‍ഷങ്ങളായി ചിറാപുഞ്ചി വരളുകയാണ്. വെള്ളച്ചാട്ടങ്ങള്‍ ഒക്കെ പഴയ പ്രതാപത്തിന്റെ നിഴലുകള്‍ മാത്രം.

നൊഹ് കാ ലികായുടെ മനോഹാരിതയ്ക്ക് പിന്നില്‍ നൊമ്പരം ഉളവാക്കുന്ന ഒരു കഥയുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വിധം നൊമ്പരം അനുഭവിച്ച ഒരു അമ്മയുടെ കഥ . മേഘാലയയിലെ ഖാസി മല നിരകള്‍ പറഞ്ഞ കഥ ഇപ്രകാരം.

കാ ലികായ് എന്ന ഒരു യുവതിയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അവര്‍ പിന്നീടും ഒരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭര്‍ത്താവിനു ആ മകളെ വെറുപ്പായിരുന്നു. അയാള്‍ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു.

ഒരു ദിവസം, വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ലികായ് വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും അത്ഭുതപ്പെട്ടു. പതിവിനു വിപരീതമായി ഭര്‍ത്താവ് ഭക്ഷണം ഒക്കെ പാകം ചെയ്തിരിക്കുന്നു. മാത്രമല്ല, ലികായ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. ലികായ് അത് സന്തോഷത്തോടെ കഴിക്കുകയും ചെയ്തു.

കുറെ നേരമായിട്ടും മകളെ കാണാത്തപ്പോള്‍ ലികായ് ഭര്‍ത്താവിനോട് മകളെ പറ്റി ചോദിച്ചു. ഒഴുക്കന്‍ മട്ടില്‍ ഭര്‍ത്താവ് മറുപടി പറഞ്ഞു. പിന്നീട് വീട്ടിനകത്ത് വെച്ചിരുന്ന ഒരു കുട്ടയില്‍ നിന്നും മകളുടെ ചോര നിറഞ്ഞ ഒരു വിരല്‍ തുമ്പു കിട്ടിയപ്പോള്‍ ലികായ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. മകളെയാണ് ഭര്‍ത്താവ് കൊന്നു ഭക്ഷിച്ചത് എന്നും, അതിന്റെ പങ്കാണ് താനും കഴിച്ചത് എന്നും മനസ്സിലായതോടെ സമനില തെറ്റിയ കാ ലികായ് അടുത്തുള്ള ഒരു പാറപ്പുറത്ത് നിന്നും താഴേക്കു ചാടി ആത്മ ഹത്യ ചെയ്തു. അന്ന് മുതല്‍ ആ സ്ഥലം കാ ലികായിയുടെ ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്നു ( ഖാസി ഭാഷയില്‍ അതിനെ നൊഹ് കാ ലികായ് എന്ന് പറയുന്നു).

കഥ അറിഞ്ഞപ്പോള്‍ മുതല്‍ ആ സ്ഥലത്തോട് ഒരു അടുപ്പം തോന്നി. കഴിഞ്ഞ ആഴ്ച ഞാന്‍ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ വരെ ഒന്ന് പോയി നോക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊരു മണ്ടത്തരം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി. നിരപ്പില്‍ നിന്നും ഏകദേശം 350 മീറ്റര്‍ താഴെ എത്താനുള്ള വഴി വളരെ ദുര്‍ഘടം ആയിരുന്നു. തിങ്ങി നിറഞ്ഞ കാടിന്റെ ഇടയിലൂടെ , വള്ളികളില്‍ പിടിച്ചു ചാടിയും, വഴുക്കന്‍ പാറകളില്‍ ചറുകി ഇറങ്ങിയും ഒക്കെയാണ് ഞാന്‍ താഴേക്കു പോകാന്‍ ഒരു ശ്രമം നടത്തിയത്. കുത്തനെ ഉള്ള ഇറക്കം ഒരു മണിക്കൂറോളം ഇറങ്ങിയ ശേഷം, മനസ്സിലായി, മുന്‍പോട്ടു പോയാല്‍ അന്ന് ഇരുട്ടും മുന്‍പേ തിരികെ കയറി വരാന്‍ ആവില്ല എന്ന്. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നെ തിരികെ കയറാന്‍ തുടങ്ങി. അപ്പോഴല്ലേ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസ്സിലാവുന്നത്. മല കയറ്റം പരിശീലിക്കാതെ , പത്തിരുന്നൂറ് മീറ്റര്‍ കുത്തനെയുള്ള കയറ്റം കയറാന്‍ നോക്കിയതിനെ മണ്ടത്തരം എന്നോ ആന മണ്ടത്തരം എന്നോ പറഞ്ഞാലും പോര. കുരച്ചും, കിതച്ചും, പാറകളില്‍ അള്ളിപ്പിടിച്ചു കയറിയും, ഓരോ അഞ്ചു മിനുട്ടുകള്‍ കഴിയുമ്പോള്‍ ഇരുന്നും, ഒക്കെ എങ്ങനെയോ തിരികെ മുകളില്‍ എത്തി.

മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം, കിതപ്പോക്കെ മാറ്റി വിശ്രമിക്കുമ്പോള്‍ ഞാന്‍ വീണ്ടും ആ വെള്ളച്ചാട്ടത്തിലേക്ക് നോക്കി ... മനം നൊന്തു ഓടി വരുന്ന ലികായിയെ ഞാന്‍ എന്‍റെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു.

ലികായിയുടെ നൊമ്പരം അവിടത്തെ കാറ്റിനും ഉണ്ടെന്നു ഒരു നിമിഷം തോന്നിപ്പോയി.


ജോസ്
(സോഹ്ര , 29 ഒക്ടോബര്‍ , 2011 )

2011 ഒക്‌ടോബർ 24

ആദ്യ വിമാന യാത്ര......


"ജോസമ്മാച്ചാ .. ഈ വിമാനത്തിന്റെ അകം എങ്ങനെയിരിക്കും? "

ഒരിക്കല്‍ എന്‍റെ കുഞ്ഞനന്തരവന്‍ എന്നോട് ചോദിച്ചു. ഞാന്‍ വിമാനത്തിന്റെ അകത്തെ കാര്യങ്ങള്‍ വര്‍ണ്ണിച്ചപ്പോള്‍ അവന്റെ കണ്ണില്‍ കണ്ട തിളക്കം എന്നെ പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

പണ്ട്, ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം, സ്കൂളില്‍ നിന്നും വിനോദ യാത്ര പോകുന്നു എന്ന് സാര്‍ പറഞ്ഞു. നെയ്യാര്‍ഡാം , അരുവിക്കര ഡാം, വിമാനത്താവളം എന്നിവയൊക്കെ കാണിക്കും എന്നാണു സാറുമ്മാര്‍ പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴേ എന്‍റെ ചേട്ടന്‍ എന്നോട് പറഞ്ഞു.

"നീ നോക്കിക്കോ..അവര്‍ വിമാനത്താവളത്തില്‍ ഒന്നും കൊണ്ട് പോവില്ല. എയര്‍ പോര്‍ട്ടിന്റെ അടുത്തുള്ള റോഡ്‌ സൈഡില്‍ വണ്ടി നിര്‍ത്തി, ദോ പിള്ളേരെ ആ കാണുന്നതാണ് വിമാനത്താവളം എന്ന് പറയുകയേ ഉള്ളൂ "

ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ഡാമിലൊക്കെ കൊണ്ടുപോയെങ്കിലും വിമാനത്താവളത്തില്‍ പോയില്ല. തിരികെ വരുന്ന വഴിയില്‍ , എയര്‍ പോര്‍ട്ടിന്റെ അടുത്തൂടെ വണ്ടി പോയപ്പോള്‍ സാര്‍ ഞങ്ങളോട് പറഞ്ഞു.

"പിള്ളേരെ ..ദോ അങ്ങോട്ട്‌ നോക്ക്..നേരെ നോക്ക്...ആ വിമാനങ്ങള്‍ കെടക്കണത് കണ്ടാ? അതാണ്‌ വിമാനത്താവളം "

എന്തായാലും അന്ന് മുതലേ വിമാനത്തില്‍ കയറണം എന്ന മോഹം മനസ്സില്‍ ഉടലെടുത്തു. അതിനൊക്കെ നല്ല കാശാവും എന്നും, ബസ് ടിക്കറ്റ് എടുത്തു കിഴക്കേ കോട്ടയില്‍ പോവുന്ന പോലൊന്നും പോവാന്‍ പറ്റില്ല എന്നൊക്കെ വൈകാതെ എനിക്ക് മനസ്സിലായി.

"ആ.. ദൈവം കനിഞ്ഞാല്‍ എപ്പോഴെങ്കിലും ഒന്ന് കയറാന്‍ പറ്റും. " ഞാന്‍ ഇടയ്ക്കിടെ ആത്മഗതം നടത്തും.

പഠിച്ചിറങ്ങി, ഡല്‍ഹിയില്‍ ജോലിക്ക് കയറിയപ്പോള്‍ , അവിടുന്ന് കമ്പനിയുടെ ബോംബെയിലെ ശാഖയില്‍ ഒരു നാലഞ്ചു മാസത്തെ ട്രെയിനിങ്ങിനു വേണ്ടി എന്നോട് പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള യാത്ര വിമാനത്തിലാണ്.

"ആഹാ.. അങ്ങനെ ഞാന്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോവുന്നു. ".

എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഒപ്പം കുറച്ചു പരിഭ്രമവും കൂടി വന്നു. വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തൊക്കെയാ ചെയ്യേണ്ടത് ? ചോദിച്ചറിയാന്‍ വീട്ടില്‍ ആരും അങ്ങനെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. കമ്പനിയില്‍ ഉള്ളവരോട് എങ്ങനാ ചോദിക്കുന്നെ? നാണക്കേടല്ലേ.

"ഇവനേതു മണ്ട് ഗുണാപ്പി? വിമാനത്താവളത്തില്‍ ചെന്നാല്‍ എന്ത് ചെയ്യണം എന്നറിയില്ല പോലും. " എന്നാരേലും പറഞ്ഞാലോ?

എന്തായാലും ഒരാഴ്ച മുന്‍പേ തന്നെ വെള്ള ഷര്‍ട്ടും, കടും കളര്‍ പാന്റും, ടൈയും ഒക്കെ മൂന്നാല് പ്രാവശ്യം തേച്ചു വച്ചു. ആ ഒരാഴ്ച എന്‍റെ ഷൂ ഞാന്‍ ഒരു പത്തു പ്രാവശ്യം എങ്കിലും പോളിഷ് ചെയ്തു കാണും. വിമാനത്താവളത്തില്‍ ചെല്ലുമ്പോള്‍ നമ്മുടെ മാത്രം ഗെറ്റപ്പിനു ഒരു കുറവും വരരുതല്ലോ.

അവസാനം യാത്ര ചെയ്യുന്ന ദിവസം വന്നു. വളരെ പരിഭ്രമത്തോടെ ഒരു എക്സിക്യൂടിവ് ഗെറ്റപ്പില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. കുളത്തിലെ തവള സമുദ്രം കണ്ട മാതിരി ഞാന്‍ ഒന്നമ്പരന്നു. നോക്കിയും കണ്ടും, ചോദിച്ചും ഒക്കെ കാര്യങ്ങള്‍ മനസ്സിലാക്കി , ഒരു വിധം ബോര്‍ഡിംഗ് പാസ് വാങ്ങി ഞാന്‍ ലോഞ്ചിലേക്ക് നടന്നു.

പാളയത്ത് നിന്ന് തമ്പാനൂരിലേക്ക് ബസ് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാന യാത്ര ചെയ്യുന്നവരാണ് അവിടിരിക്കുന്നത്‌ എന്ന് എനിക്ക് തോന്നി. ആരുടെ മുഖത്തും ഒരു പരിഭ്രമവും ഇല്ല. അതൊക്കെ എനിക്കെ ഉള്ളൂ എന്നായി എന്‍റെ വിചാരം. പക്ഷെ ഞാന്‍ ഒന്നും പുറത്തു കാട്ടിയില്ല. നല്ലപോലെ മസില് പിടിച്ചു ഞാനും ഇരുന്നു. കുറെ നേരത്തിനു ശേഷം ജെറ്റ് എയര്‍വെയ്സിലെ ഒരു സുന്ദരിയുടെ കിളിനാദം ഞാന്‍ കേട്ടു.

"ബോംബെയിലേക്കുള്ള വിമാനം യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. യാത്രക്കാര്‍ ദയവായി, ഗേറ്റ്‌ നമ്പര്‍ രണ്ടിലൂടെ വിമാനത്തിന്റെ അടുത്തേയ്ക്ക് പോകണം "

"ഈശ്വരാ.. അങ്ങനെ ഞാന്‍ ദേ വിമാനത്തില്‍ കയറാന്‍ പോകുന്നു. "

സന്തോഷത്തോടൊപ്പം എല്ലാ പുണ്യവാളന്മാരെയും ധ്യാനിച്ച്‌ ഞാന്‍ ഗേറ്റിലേക്ക് നടന്നു. അവിടെ നിന്ന ഒരു സെക്യൂരിറ്റി ചേട്ടന്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് എന്നെ ഒന്ന് പരതി നോക്കി.. വല്ല ബോംബും ഉണ്ടോ എന്ന് നോക്കാന്‍. ആ കടമ്പ കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ ഞാന്‍ കണ്ടു... യാത്രക്കാരെ കാത്തു നില്‍ക്കുന്ന ഒരു പടു കൂറ്റന്‍ വിമാനം !!

ഉടനെ ജെറ്റ് എയര്‍വേയ്സിന്റെ 'ഒഴുകി നടക്കുന്ന പോലെ ' ഓടുന്ന ഒരു കണ്ണാടി ബസ് അവിടെ വന്നു നിന്നു. യാത്രക്കാര്‍ അതില്‍ കയറി. ആ ബസ് വിമാനത്തിന്റെ അടുത്തേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി.

വിമാനത്തില്‍ കയറി ഇരുന്നതും, കുറെ തരുണീ മണികള്‍ വന്നു യാത്രക്കാരെ അഭിവാദ്യം ചെയ്തു. കുറച്ചു കഴിഞ്ഞു അവര്‍ വിമാനത്തിന്റെ അകത്തുള്ള സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് എന്‍റെ ചങ്കിടിപ്പ് നന്നേ കൂടിയത്.

എന്തെങ്കിലും അപകടം പറ്റി വിമാനത്തിനു വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് സീറ്റിന്റെ അടിയില്‍ വെച്ചിട്ടുണ്ട് എന്ന് ഒരു തരുണീ മണി പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. ബാക്കി ആരും ഈ പറയുന്നതൊന്നും കേള്‍ക്കാതെ അവരുടെതായ ലോകത്തില്‍ മുഴുകി ഇരിക്കുകയാണ്. ഞാന്‍ പതിയെ ആരും കാണാതെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി.

"കര്‍ത്താവേ... ഇതിന്റെ അടിയില്‍ ജാക്കറ്റും കോപ്പും ഒന്നും കാണുന്നില്ലല്ലോ. കൂടെയുള്ളവര്‍ക്കൊക്കെ അതൊക്കെ അറിയാമായിരിക്കും. അതല്ലേ അവരൊക്കെ കൂളായിട്ട് ഇരിക്കുന്നത്. അഥവാ വിമാനം വെള്ളത്തില്‍ പെട്ടാല്‍ , ഞാനും പെട്ടത് തന്നെ".

ഞാന്‍ പക്ഷെ എന്‍റെ പേടി പുറത്തു കാണിച്ചില്ല. ടെയ്ക്ക് ഓഫ്‌ കഴിഞ്ഞു വിമാനം നല്ല ഉയരത്തില്‍ എത്തിയപ്പോള്‍ ഞാന്‍ സീറ്റിന്റെ വശത്തെ കണ്ണാടിയിലൂടെ താഴേക്കു നോക്കി. റോഡും മറ്റും ഒരു വരപോലെ കണ്ടു ...ഭൂമിയുടെ ഒരു അരഞ്ഞാണം പോലെ . ഇടയ്ക്കിടെ പഞ്ഞിക്കെട്ടു പോലെ വെള്ളി മേഘങ്ങളും കണ്ടു.

"ബസ്സോ മറ്റോ ആണേല്‍, ഇടയ്ക്ക് നിര്‍ത്തണം എന്ന് തോന്നിയാല്‍ ഒന്ന് ബ്രേക്കിട്ടു നിര്‍ത്താം..ഇതിപ്പോ ...." ഞാന്‍ ആലോചിച്ചു.

എന്‍റെ അടുത്തിരുന്ന അപ്പച്ചന്‍ ടോയ്ലറ്റില്‍ പോയ സമയത്ത് ഞാന്‍ വീണ്ടും എന്‍റെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി..ജാക്കറ്റ് ഉണ്ടോ എന്നറിയാന്‍. കണ്ടില്ല. എന്‍റെ ചങ്കിടിപ്പ് പഴയപോലെ തന്നെ കൂടി നിന്നു.

മറ്റുള്ളവര്‍ പത്രങ്ങളും മാസികകളും വായിച്ചപ്പോള്‍ , ഞാന്‍ വീണ്ടും വീണ്ടും സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് എഴുതിയ കടലാസ് വായിച്ചു. (വായിച്ചില്ല എന്നോര്‍ത്തു പിന്നെ സങ്കടപ്പെടെണ്ടി വരരുതല്ലോ.)

കുറച്ചു കഴിഞ്ഞു, ഒരു സുന്ദരി എയര്‍ ഹോസ്ടെസ് വെളുത്തു ചുരുണ്ട കുറെ സാധനങ്ങള്‍ ഒരു തട്ടത്തില്‍ വെച്ചുകൊണ്ട് വരുന്നത് കണ്ടു. മുന്‍പേ ഇരിക്കുന്ന ചിലര്‍ അതില്‍ നിന്നും ഓരോന്ന് എടുക്കുന്നതും കണ്ടു.

"ഷേയ്പ്പ് കണ്ടിട്ട് തെരളിയപ്പം പോലെ ഉണ്ട്. കൊള്ളാലോ.. പക്ഷെ തെരളിയപ്പത്തിനു തൂവെള്ള കളറോ? മാത്രമല്ല വിമാനത്തില്‍ തെരളിയപ്പം കിട്ടുമോ? " എന്‍റെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെ ആയിരുന്നു. "

സീറ്റിന്റെ
പൊക്കം കാരണം മുന്‍പില്‍ ഇരുന്നവര്‍ അതെടുത്തു എന്താണ് ചെയ്യുന്നത് എന്ന് കാണാനും കഴിഞ്ഞില്ല.

നിമിഷങ്ങള്‍ക്കകം ആ സുന്ദരി എന്‍റെ അടുത്ത് വന്നു ഇംഗ്ലീഷില്‍ എന്തോ മൊഴിഞ്ഞു. തട്ടത്തില്‍ ഇരിക്കുന്നത് വേണോ എന്നാണ് ചോദ്യം എന്ന് മാത്രം പിടി കിട്ടി.

"എടുക്കണോ? നേരത്തെ കൊണ്ട് വന്ന ജ്യൂസും, കപ്പലണ്ടിയുടെ പാക്കറ്റും ഒക്കെ വാങ്ങിയതാ. ഇതും വാങ്ങിയാല്‍ ഇതൊന്നും കാണാതെ കിടക്കുന്ന ബാച്ചാണെന്ന് ഞാനെന്നു ആ സുന്ദരി കരുതിയാലോ? "

ബലം പിടിച്ചിരുന്ന ഞാന്‍ ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ പറഞ്ഞു

"നോ താങ്ക്സ് "

പിന്നല്ലേ പിടി കിട്ടിയത്.. അത് മുഖം തുടയ്ക്കാനുള്ള ടവല്‍ ആണെന്ന്. ആവി കൊള്ളിച്ച് , ഏതോ സുഗന്ധ ദ്രവ്യത്തില്‍ മുക്കി , തെരളിയപ്പം വെയ്ക്കും പോലെ മടക്കി വെച്ചിരിക്കുന്ന 'ഹോട്ട് ടവല്‍ ' വേണോ എന്നാണു സുന്ദരി എന്നോട് ചോദിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ട യാത്ര തീരാറായപ്പോള്‍ വീണ്ടും ഒന്ന് പേടിച്ചു ഞാന്‍. വിമാനം ബോംബെ എയര്‍പോര്‍ട്ടിന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അറബിക്കടലിന്റെ മുകളിലൂടെ വിമാനം പറന്നപ്പോള്‍ ഞാന്‍ ഒന്ന് താഴേക്കു നോക്കി. അറിയാതെ കൈ ഒന്ന് കൂടി സീറ്റിന്റെ അടിയിലെ ലൈഫ് ജാക്കറ്റ് തപ്പി. കിട്ടിയില്ല. ദൈവങ്ങള്‍ക്ക് നേര്‍ച്ച നേരുന്ന സ്വഭാവം ഇല്ലായിരുന്നു എങ്കിലും 'ദൈവമേ രക്ഷിക്കണേ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞു ' . എന്നിട്ട് കണ്ണും പൂട്ടി ഒരു ഇരുപ്പ് ഇരുന്നു.

വിമാനം ലാന്റ് ചെയ്തപ്പോള്‍ അതിന്റെ ചക്രങ്ങള്‍ നിലത്തു മുട്ടിയ ശബ്ദം ഒരു ഇടി മുഴക്കം പോലെ തോന്നി. വിമാനം ആകെ ഒന്ന് ആടി ഉലഞ്ഞു. പിന്നെ കുറെ ക്കഴിഞ്ഞു ബോംബെ എയര്‍ പോര്‍ട്ടിന്റെ പുറത്തു ഇറങ്ങിയപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്‌.

അതൊരു തുടക്കമായിരുന്നു. പിന്നെ ഓഫിസ് കാര്യങ്ങള്‍ക്കായി എത്ര പ്രാവശ്യം വിമാനത്തില്‍ കയറി. ആദ്യമൊക്കെ ഒരു ഹരമായിരുന്നു. പിന്നെപ്പിന്നെ അതൊരു മരവിപ്പും ചിലപ്പോള്‍ മടുപ്പും ഉളവാക്കുന്ന അനുഭവം ആയി മാറി. മിക്ക തവണയും അടുത്തിരിക്കുന്ന യാത്രക്കാര്‍ നല്ല മസില് പിടുത്തക്കാര്‍ ആയിരിക്കും. അപ്പോഴാവും ഞാന്‍ തീവണ്ടി യാത്രയുടെ കുളിര്‍മ്മ ഓര്‍ക്കുന്നത് ( റിസര്‍വേഷന്‍ ഉള്ള യാത്ര ആണേ ) . പല പല കാഴ്ചകള്‍ കണ്ട് , ഇടയ്ക്കിടെ ചായയും വടയും ഒക്കെ കഴിച്ച് , ഇടയ്ക്കിടെ വാതില്‍ക്കല്‍ നിന്നു കാറ്റ് കൊണ്ട്, ആളുകളോടൊക്കെ സംസാരിച്ചു കൊണ്ടുള്ള തീവണ്ടി യാത്ര എത്ര സുന്ദരം ആണ്.

ആദ്യ വിമാന യാത്രയുടെ സമയത്ത് രാവിലെ ഷേവ് ഒക്കെ ചെയ്തു കുട്ടപ്പനായല്ലേ എയര്‍പോര്‍ട്ടില്‍ എത്തിയത്. പക്ഷെ പിന്നീടോ? ..ഒരു കോലത്തില്‍ ആണ് പിന്നീട് യാത്ര ചെയ്തിട്ടുള്ളത്.

മിക്ക യാത്രകളും അസമയത്താവും ..രാത്രി ഓഫീസില്‍ നിന്നും താമസിച്ചാവും വീട്ടില്‍ എത്തുക. എന്നാലും അതിരാവിലെ മൂന്നു മണിക്ക് എണീറ്റാലെ ദൂരെയുള്ള എയര്‍പോര്‍ട്ടില്‍ ചെന്ന് അഞ്ചു മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. (ബോംബെയില്‍ നിന്നും ബറോഡയില്‍ പോകുന്ന യാത്ര ). പല്ലൊക്കെ തേച്ചു എന്ന് വരുത്തി, കയ്യില്‍ കിട്ടിയ ഒരു ടീ ഷര്‍ട്ടും ഇട്ടാവും വിമാന താവളത്തിലേക്ക് ഓടുന്നത്. ഷേവ് ചെയ്യാന്‍ സമയം പോലും കിട്ടാതെ ഒരു കോലത്തില്‍ ആവും എയര്‍ പോര്‍ട്ടില്‍ എത്തുക. അവിടെയുല്ലവര്‍ക്കൊന്നും നമ്മളെ ശ്രദ്ധിക്കാനുള്ള സമയം ഇല്ല എന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാണ്‌ പണ്ടത്തെപ്പോലെ തേച്ചു മിനുക്കിയ ഉടുപ്പൊക്കെ ഇട്ടു കുട്ടപ്പനായി യാത്ര ചെയ്യാന്‍ മെനക്കെടാത്തത് .. (സമയവും കിട്ടാറില്ല എന്നത് വാസ്തവം) . നഷ്ടപ്പെട്ട ഉറക്കം മൊത്തം വിമാനത്തില്‍ ഇരുന്നും , പിന്നെ ചെല്ലേണ്ട സ്ഥലത്ത് ചെന്ന് കാറില്‍ പോകുമ്പോഴും തീര്‍ക്കും. പിന്നെ ഹോട്ടല്‍ മുറിയില്‍ ചെന്നാവും, എക്സിക്യൂട്ടിവ് ഗെറ്റപ്പില്‍ പുറത്തിറങ്ങുന്നത്.

കുറെ യാത്രകള്‍ ചെയ്തു. ഭാരത ദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി.. അല്ല ഓടിച്ചു എന്ന് പറയുന്നതാവും ശരി. ഡല്‍ഹിയില്‍ നിന്നും ചെന്നൈ, ബോംബെയില്‍ നിന്നും ആസാം, അങ്ങനെ മാസത്തില്‍ ഒരു രണ്ടു മൂന്നു തവണ വെച്ച് കുറെ യാത്ര ചെയ്തു. പതിയെ യാത്രകളെ ഞാന്‍ വെറുത്തു തുടങ്ങി. പിന്നെ ഒരു പതം വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു.. ഇനി വേണ്ട ..യാത്രകള്‍ കുറച്ചു മതി. അങ്ങനെ എടുത്ത ഒരു തീരുമാനത്തില്‍ ഞാന്‍ ബാംഗ്ലൂരിലേക്ക് കുടിയേറി. ഇപ്പോള്‍ യാത്രകള്‍ വിരളം. വിമാന യാത്രയെക്കുറിച്ച് മനസ്സില്‍ ആഹ്ലാദമോ , ആകാംഷയോ ഒന്നും ഇല്ല.

തീവണ്ടി യാത്ര ആണെങ്കിലോ...ഇന്നും ആഹ്ലാദം മനസ്സില്‍ ഉണ്ടാവും. പ്രത്യേകിച്ച് കേരളത്തിന്റെ നടുവിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ കുളിര്‍മ്മ, അതില്‍ ലയിച്ചു ഞാന്‍ എന്റേതായ ലോകത്ത് മുഴുകുമ്പോള്‍ എനിക്ക് കിട്ടുന്ന സംതൃപ്തി .. ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണേ ....

വിമാനത്തിന്റെ അകത്തെക്കുറിച്ചും , യാത്രയെക്കുറിച്ചും ഒക്കെ അനന്തരവനോടു വര്‍ണ്ണിച്ച ശേഷം ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു.

"എന്‍റെ ആഗ്രഹം നടന്ന പോലെ അവന്റെ മനസ്സില്‍ ഉണ്ടായിരിക്കുന്ന ആഗ്രഹങ്ങളും നടപ്പിലാകാന്‍ ദൈവം സഹായിക്കട്ടെ. "

ജോസ്
ബാംഗ്ലൂര്‍
24- Oct-2011