ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയ ഉടന്‍ ഭാര്യാമണിയുടെ നീരസം നിറഞ്ഞഒരു കമന്റു വന്നു ...
" ദേണ്ടെ ..പുന്നാര മോന് സ്കൂളീന്ന് ടീച്ചറുടെ അടീം മേടിച്ചു വന്നിരിക്കുന്നു. ഈ ചേട്ടനാ അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. "
അത് കേട്ട് തല കുമ്പിട്ടു മേശയുടെ അരികില്‍ ഇരിക്കുകയായിരുന്നു അഞ്ചാംക്ലാസ്സുകാരനായ എന്റെ പുത്രന്. ഞാന്‍ അവന്റെ അടുത്ത് ചെന്നിരുന്നു. എന്നിട്ട്തലയില് പതിയെ തലോടിക്കൊണ്ട് ചോദിച്ചു.
"മോനൂട്ടാ ...അമ്മ പറയുന്നത് സത്യമാണോ? എന്തിനാ മോനെ ടീച്ചര്‍ അടിച്ചേ ? "
കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം അവന് പതിയെ പറഞ്ഞു.
"അത് പിന്നെ പപ്പാ..അനൂപുമായി വഴക്കിട്ടതിനാ ടീച്ചര്‍ അടിച്ചേ "
"നീയെന്തിനാ അനൂപുമായി വഴക്കിട്ടെ?."
"അത്.. അത്.. ഞാന്‍ ശരണ്യക്ക് ചോക്കലെട്റ്റ് കൊടുത്തപ്പോള്‍ അനൂപ് അത് തട്ടിപ്പറിച്ചു.."
"അപ്പോള്‍ മോന് എന്ത് ചെയ്തു? "
"ഞാന്‍ അവന്റെ മൂക്കിടിച്ചു പരത്തി". ഒരു ചെറു ചിരിയോടെ ആണ് അവന് അത് പറഞ്ഞത്
"മോനൂട്ടാ.. മോന് ആ ചെയ്തത് ഒട്ടും ശരിയല്ല. ആരെയും നമ്മള് അങ്ങനെ ഉപദ്രവിക്കാന്‍ പാടില്ല. അതൊന്നും നല്ല കുട്ടികള്‍ ചെയ്യുന്ന കാര്യം അല്ല. ഇനി മേലാല്‍ അച്ഛന്റെ മോന് അങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ. "
അവനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു സോഫയില്‍ ഇരുന്നപ്പോള്‍ മനസ്സ് ഒരുമുപ്പത്തി അഞ്ചു വര്‍ഷം പുറകി ലോട്ട് പോയി. വിത്ത് ഗുണം പത്ത് എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ അങ്ങനെ മനസ്സിലേക്ക് ഓടിയെത്തി.
അന്ന് ഞാന്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിലെ പഠിപ്പിക്കല്‍ ഒട്ടും പോരാ എന്ന് തോന്നിയതിനാലാവണം അച്ഛന് എന്നെ വീട്ടിനടുത്തുള്ള സുകുമാരന്‍ സാറിന്റെ അടുത്ത് ട്യൂഷന് ചേര്‍ത്തു . സ്കൂളീന്ന് വന്നാല്‍ ഉടന്‍ സാറിന്റെ വീട്ടില്‍ പോകണം. അവിടത്തെ പഠിത്തം കഴിഞ്ഞ് വീട്ടില്‍ തിരികെ വരുമ്പോള്‍ ഏകദേശം ഏഴുമണി ആവും. പിന്നെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം ചൂടോടെ കഴിക്കുക, അനിയത്തിയോട് വഴക്കിടുക, എന്തൊക്കെയോ പഠിച്ചെന്നു വരുത്തിക്കൂട്ടാനായിപുസ്തകം എടുത്തു വച്ച് ഉറക്കെ കുറെ നേരം വായിക്കുക , എന്നിങ്ങനെയുള്ള വിനോദങ്ങള്‍ കഴിഞ്ഞാല്‍ ഉറങ്ങുക.. ഇതായിരുന്നു ദിവസവും ഉള്ള ചിട്ടകള്‍ .
സ്കൂളിലും ട്യൂഷന് സ്ഥലത്തും എന്റെ ഏറ്റവും നല്ല കൂട്ടുകാരന് ആയിരുന്നുവിഷ്ണു. മിക്കവാറും ഞങ്ങള്‍ ഒരുമിച്ചാവും വരവും പോക്കും. അവന്റെ വീട് എന്റെ വീടിന്റെ കുറച്ചടുത്താണ്. വിഷ്ണുവിന് അറിഞ്ഞുകൂടാത്തതായി ഒരുകാര്യവും ഇല്ല. എന്ത് ചോദിച്ചാലും വിഷ്ണുവിന്റെ കയ്യില്‍ അതിനുള്ള ഉത്തരം കാണും. ആ കാരണം കൊണ്ട് തന്നെ ഞാന്‍ എല്ലാ കാര്യങ്ങളും അവനോടു ചോദിച്ചിട്ടേ ചെയ്യുമായിരുന്നുള്ളൂ.
ഒരു ദിവസം ട്യൂഷന് കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു പോവും മുന്‍പേ , ഞാന്‍ എന്റെ ബാഗില്‍ നിന്നും ഒരു കുപ്പി പുറത്തെടുത്ത് എല്ലാവരെയും കാണിച്ചു.
"ഇത് കണ്ടോ... രണ്ടു മിന്നാ മിനുങ്ങുകള്. ഇന്നലെ വീട്ടീന്ന് പിടിച്ചതാ. "
നേരം സന്ധ്യ ആയിത്തുടങ്ങിയിരുന്നതിനാല് , മിന്നാ മിനുങ്ങുകളുടെ വെളിച്ചം നന്നായി കാണാമായിരുന്നു. കൂട്ടുകാരൊക്കെ അതിനെ കാണാന്‍ ആകാംഷയോടെ എന്റെ അടുത്തേയ്ക്ക് വന്നു. ഞാന്‍ അഭിമാനത്തോടെ അവരെയൊക്കെ അത്കാണിച്ചു. അതൊക്കെ കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോവുകയായിരുന്നു ഞാന്‍ . വിഷ്ണു അവന്റെ വീടെത്തിയപ്പോള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. ഇനി രണ്ടു ഇടവഴികള്‍ കൂടി കഴിഞ്ഞാല്‍ എന്റെ വീടാവും. ഞാന്‍ മുന്‍പോട്ടു നടന്നു. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കിളി നാദം കേട്ടു .
"അനന്തൂ.. "
ഞാന്‍ തിരിഞ്ഞു നോക്കി. ട്യൂഷന് ക്ലാസ്സില്‍ വരുന്ന മീര എന്ന പെണ്‍കുട്ടി ആയിരുന്നു എന്നെ പേരെടുത്തു വിളിച്ചത്. വലിയ നുണക്കുഴികള്‍ ഉള്ള അവള് എന്റെ വീടും കഴിഞ്ഞു രണ്ടു മൂന്ന് ഇടവഴികള്‍ക്കപ്പുറം ആയിരുന്നു താമസിച്ചിരുന്നത്. ട്യൂഷന് ക്ലാസ്സില്‍ വെച്ച് ഞാന്‍ അവളോട് അധികമൊന്നും സംസാരിച്ചിട്ടെ ഇല്ല. കാണുമ്പോള്‍ ചിരിക്കും..അത്ര തന്നെ.
"എന്താ മീരേ?" ഞാന്‍ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു
"അദെനിക്ക് തര്വോ? "
"ഏത്? "
"അനന്തുവിന്റെ കയ്യിലെ ആ കുപ്പി.. മിന്നാ മിനുങ്ങില്ലേ .അതുള്ള കുപ്പി .."
ഒരു സുന്ദരി പെങ്കൊച്ചു മുന്പില് വന്നു നിന്ന് ചിരിച്ചോണ്ട് വല്ലതും ചോദിച്ചാല്‍ , ചാടിക്കയറി ഒന്നും ആലോചിക്കാതെ ചോദിച്ചത് കൊടുക്കാന്‍ തുനിയുന്നവന്‍ കുരുക്കിലാവും എന്നാ ലോക സത്യം ഞാന്‍ അറിയാന്‍ പോവുകയായിരുന്നു. പക്ഷെ അത് അന്നേരം മനസ്സിലായിട്ടില്ലായിരുന്നതിനാല്, ഞാന്‍ സന്തോഷത്തോടെപറഞ്ഞു..
"പിന്നെന്താ ...ദേ . എടുത്തോ."
ഞാന്‍ ബാഗ് തുറന്നു കുപ്പി എടുത്തു മീരയ്ക്ക് കൊടുത്തു. ആഗ്രഹിച്ച സാധനംകിട്ടിയതിലുള്ള അതിയായ സന്തോഷം ഞാന്‍ ആ കണ്ണുകളില്‍ കണ്ടു. കുറെ നേരം സന്തോഷത്തോടെ അവള് കുപ്പിയിലെ മിന്നാ മിനുങ്ങുകളെ നോക്കി നിന്നു.
" നല്ല രസോണ്ട് അനന്തൂ .."
" ഇനി വേണേലും ഞാന്‍ പിടിച്ചു തരാം. എന്റെ വീട്ടില്‍ ഒത്തിരി മിന്നാമിനുങ്ങുകള്‍ ഉണ്ടല്ലോ. "
(ആ പറഞ്ഞത് ആനക്കള്ളം ആയിരുന്നു. സ്വയം ചെയ്യാന്‍ കഴിയാത്ത ഒരു കാര്യംചെയ്യാം എന്ന് കണ്ണുമടച്ചു പറയുന്നവന് എപ്പോഴെങ്കിലും കുരുക്കിലാവും എന്നലോക സത്യവും ഞാന്‍ അറിയാന്‍ പോകുകയായിരുന്നു) .
"സത്യാണോ? എനിക്കിനീം കൊണ്ടത്തരാമോ?" മീര നുണക്കുഴികള്‍ കാട്ടി കെഞ്ചി.
"മീരയ്ക്ക് എത്രണ്ണം വേണം?" അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ കഴിവുള്ള ആളാണ് ഞാന്‍ എന്ന ഭാവത്തില്‍ ഞാന്‍ അവളോട് ചോദിച്ചു.
"എനിക്ക് പത്തു മിന്നാ മിനുങ്ങുകളെ വേണം. ". മീര രണ്ടു കൈപ്പത്തികളും വിടര്‍ത്തി എന്നോട് പറഞ്ഞു.
" ശരി നാളെത്തന്നെ കൊണ്ടത്തരാം ..ട്ടോ .. "
ഞാനത് പറഞ്ഞതും മീര എന്റെ അടുത്തു വന്ന് എന്റെ കവിളില്‍ ഒരു മുത്തംതന്നു. ഞാന്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല . ഹോ.. ഒന്നും അറിയാത്ത പ്രായംആയിരു
ന്നെങ്കിലും ഞാന്‍ പുളകിത ഗാത്രനായി. ( പുളകിത ഗാത്രന്‍ എന്ന വാക്കിന്റെ അര്‍ഥം മലയാളം സാര്‍ പിന്നീടെപ്പോഴോ പറഞ്ഞു തന്നപ്പോള്‍ മനസ്സിലാക്കാന്‍ എനിക്ക് ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ല )
തിരികെ വീട്ടില്‍ പോകും വഴി ഞാന്‍ ഓര്‍ത്തു . മീരയ്ക്ക് വലിയ ആളായി വാക്ക് കൊടുത്തു. പക്ഷെ പത്തു മിന്നാ മിനുങ്ങുകളെ എവിടുന്നു പിടിക്കാനാ. ഇന്നലെ കുപ്പിയില്‍ ഉണ്ടായിരുന്നത് തന്നെ കുമാരന് മാമന്റെ മോന് മനോജേട്ടന് കൊണ്ടുത്തന്നതാ. എന്റെ വീട്ടില്‍ മിന്നാ മിനുങ്ങു പോയിട്ട് ഒരു മണ്ണാങ്കട്ടയും ഇല്ല. പിന്നെ എന്ത് ചെയ്യും? വിഷ്ണുവിനോട് ചോദിച്ചാലോ? അവന് അറിയാമായിരിക്കും മിന്നാ മിനുങ്ങുകള് എവിടെ കിട്ടും എന്ന്. സ്കൂള്‍ ബാഗ് കട്ടിലിലേയ്ക്ക് എറിഞ്ഞിട്ടു ഞാന്‍ അമ്മയോട് ഉറക്കെ പറഞ്ഞു.
"അമ്മെ.. ഞാന്‍ വിഷ്ണുവിന്റെ വീട്ടില്‍ പോയിട്ട് ഇപ്പൊ വരാം. "
"എന്തിനാടാ ഈ സന്ധ്യക്ക് പോവുന്നെ.. ഇപ്പൊ അവന്റെ കൂടെ ട്യൂഷന്പോയിട്ട് വന്നതല്ലേ ഉള്ളൂ" . അമ്മ ചോദിച്ചു .
"ഒരു ബുക്ക് കൊടുത്തത് തിരികെ വാങ്ങാന്‍ മറന്നു അമ്മെ. നാളെ ചെയ്യാനുള്ള കണക്കുകള്‍ അതിലാ." അതും വാങ്ങി ഞാന്‍ ഉടനെ വരാം . അങ്ങനെ ഒരു കൊച്ചുകള്ളം പറഞ്ഞിട്ട് ഞാന്‍ വിഷ്ണുവിന്റെ വീട്ടിലേക്കു ഓടി. കാര്യം കേട്ടുകഴിഞ്ഞപ്പോള്‍ വിഷ്ണു പറഞ്ഞു.
"നിനക്കെന്താടാ അവള്‍ക്കു മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ ഇത്ര തിടുക്കം ? "
ഞാന്‍ ഒന്നും പറയാതെ ചിരിച്ചതെ ഉള്ളൂ . പിന്നെ അവന് പറഞ്ഞു .
"വഴിയുണ്ട് അനന്തൂ. നമുക്ക് വയലിന്റെ അടുത്ത് പോവാം. അവിടെ കുറെ മിന്നാ മിനുങ്ങുകളെ കിട്ടും. "
ഞാനും വിഷ്ണുവും ഉടനെ വയലിന്റെ അടുത്ത് പോയി ഇരുന്നെങ്കിലും കുറെനേരം കഴിഞ്ഞിട്ടും ആകെ നാല് മിന്നാ മിനുങ്ങുകളെ മാത്രമേ കിട്ടിയുള്ളൂ.
"ഇവിടെ ഇത്രയേ ഉള്ളൂ അനന്തൂ . ഇനി വേണേല്‍ അങ്ങ് ദൂരെയുള്ള വയലില്‍ പോകണം ".
"നാലെങ്കില്‍ നാല്. തല്കാലം ഇത് മതി വിഷ്ണൂ ."ഞാന്‍ അതിനെ ഒക്കെ ഭദ്രമായി ഒരു കുപ്പിയിലാക്കി, ഉടുപ്പിനകത്ത് ഒളിപ്പിച്ചു വച്ചിട്ട് വീട്ടിലേക്കു തിരികെവന്നു
പിറ്റേന്ന് വൈകിട്ടാവാന്‍ ഞാന്‍ കാത്തിരുന്നു. ട്യൂഷന് കഴിഞ്ഞു എല്ലാവരും ഇറങ്ങിയതും ഞാന്‍ മീരയുടെ അടുത്തു പോയി, മിന്നാ മിനുങ്ങുകളെ പിടിച്ചിട്ട കുപ്പി അവളുടെ നേരെ നീട്ടി .
"ദേ മീരേ ..മിന്നാമിനുങ്ങുകള്‍ പത്തെണ്ണം കിട്ടീല്ല. നാലെണ്ണമേ കിട്ടിയുള്ളൂ"
സന്തോഷത്തോടെയുള്ള ഒരു ചിരി പ്രതീക്ഷിച്ചു നിന്ന എന്നെ അവള് പറഞ്ഞ മറുപടി, വിഷമിപ്പിക്കുകയും, കരച്ചിലിന്റെ വക്കോളം എത്തിക്കുകയുംചെയ്തു.
"അയ്യേ ..അനന്തു പറഞ്ഞു പറ്റിക്കുന്ന ആളാണല്ലേ.. പത്തെണ്ണം കൊണ്ടത്തരാം എന്ന് പറഞ്ഞിട്ട് നാലെണ്ണം അല്ലെ കൊണ്ട്വന്നുള്ളൂ . പക്ഷെ വിഷ്ണു എനിക്ക് ഇരുപതു മിന്നാ മിനുങ്ങുകളെ കൊണ്ടത്തന്നല്ലോ" .
അതും പറഞ്ഞു അവള് ബാഗില്‍ നിന്നും ഒരു വലിയ കുപ്പി പുറത്തെടുത്തു. അതില്‍ നിറയെ മിന്നാമിനുങ്ങുകള്‍ ആയിരുന്നു.
അതിന്റെ വെളിച്ചം, തുളുമ്പാന്‍ വെമ്പി നില്കുന്ന എന്റെ കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചത് അവള് കണ്ടായിരുന്നു എന്തോ? ഞാന്‍ ഒന്നും പറയാതെ വിഷമിച്ച് അവിടെ നിന്നു.. അപ്പോഴാണ് പുറകില്‍ നിന്ന് വാ പൊത്തി ചിരിക്കുന്ന വിഷ്ണുവിനെ കണ്ടത്.
കൂട്ടുകാരന് വഞ്ചിച്ചതിലുള്ള വിഷമം, പിന്നെ ഇന്നലെ കൊഞ്ചി സംസാരിച്ച ഒരു പെങ്കൊച്ച് , ഇന്ന് കാലുമാറി കളിയാക്കിയതിലുള്ള സങ്കടം ..ഒക്കെക്കൂടി ഒരുമിച്ചു വന്നപ്പോള്‍ എനിക്കൊട്ടും സഹിച്ചില്ല. തോളത്തെ ബാഗ് താഴെയിട്ടിട്ട്, ഞാന്‍ വിഷ്ണുവിന്റെ അടുത്തേയ്ക്ക് കുതിച്ചു. പിന്നെ കൈ ചുരുട്ടി അവന്റെ മൂക്കിനിട്ട് ആഞ്ഞൊരു ഇടി കൊടുത്തു. ചോരയും ഒലിപ്പിച്ച് വിഷ്ണു ദേണ്ടെ താഴെ .. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആദ്യം സുകുമാരന്‍ സാറിന്റെ വക തല്ല്. പിന്നെ കാര്യങ്ങള്‍ അറിഞ്ഞ ശേഷം വീട്ടീന്ന് അച്ഛന്റേയും അമ്മേടേം വക സ്പെഷ്യല്‍ തല്ല് .. ഒക്കെ വാങ്ങിക്കൂട്ടി കരഞ്ഞു തളര്‍ന്നു കട്ടിലില്‍ കി
ടന്നപ്പോള്‍ അമ്മയുടെ സംസാരം കേട്ടു.
..
"മൊട്ടേന്നു വിരിഞ്ഞില്ല . അതിനു മുന്നേ അവന് കണ്ട പെണ്കൊച്ചുങ്ങള്ക്ക് മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ പോയിരിക്കുന്നു. അതെങ്ങനാ. അച്ഛന്റെ അല്ലേ മോന്. അച്ഛനും ചെറുപ്പത്തില്‍ ഒട്ടും മോശം അല്ലായിരുന്നല്ലോ"
അങ്ങനെ പറഞ്ഞ് ..അമ്മ അച്ഛനിട്ട് ഒരു താങ്ങ് താങ്ങിയപ്പോള്‍ , എന്നെ വഴക്ക്പറഞ്ഞു സംസാരിച്ച അച്ഛന് ഒരു പാവത്താനെപ്പോലെ പേപ്പറും വായിച്ചു വാരാന്തയില്‍ ചെന്നിരുന്നു. ഞാനോ, കുറെ ഏറെ ലോക സത്യങ്ങള്‍ ഒരുമിച്ചു മനസ്സിലാക്കിയതിന്റെ ക്ഷീണത്തില്‍ കിടന്നുറങ്ങി.
ഓര്‍മ്മകളില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ മോനെ ഒന്നുകൂടെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. പിന്നെ എന്നോട് തന്നെ പറഞ്ഞു..
"ഇവന് എല്ലാ അര്‍ത്ഥത്തിലും എന്റെ മകന് തന്നെ "
അടിക്കുറിപ്പ് : വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് , സന്ധ്യക്ക് വിരുന്നു വന്ന കുറെ മിന്നാ മിനുങ്ങുകളെ കണ്ടപ്പോള്‍, കുഞ്ഞിലെ അവയെ പിടിക്കാന്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തു പോയി. അതിനെ ഇതിവൃത്തം ആക്കി, കുറച്ചു മസാലയും ചേര്‍ത്തു എഴുതിയതാണ് ഈ കഥ.
ജോസ്
ബാംഗ്ലൂര്‍
8 അഭിപ്രായങ്ങൾ:
ഹ്ഹ്ഹ്ഹ്ഹ് അതിഷ്ടപെട്ടു. പത്തിനുപകരം ഇരുപതെണ്ണം. ലവന് ആള് കൊള്ളാലോ. അത്മാര്‍ത്ത വേണം മനുഷ്യാ ആത്മാര്ത്ത :)
ഇച്ചിരി ലോകസത്യങ്ങള് മനസ്സിലാക്കാന്‍ പറ്റീലെ. എന്തായാലും ഓര്‍മ്മ നന്നായി. കാണാം
മോനും കൊള്ളാം..അച്ഛനും കൊള്ളാം..അല്ലേലും പെണ്‍കുട്ടികള്‍ എന്ത് ചോദിച്ചാലും ഇളിച്ചോണ്ട് കൊടുക്കുക എന്ന് നമ്മള് ആണുങ്ങളുടെ ഒരു വര്‍ഗ സ്വഭാവം ആണല്ലോ!! നല്ല ഒരു കഥ..അല്പം മസാലയൊക്കെ ആവാം ..ഡോണ്ട് വറി..
'പുളകിത ഗാത്രന്‍ എന്ന വാക്കിന്റെ അര്‍ഥം
മലയാളം സാര്‍ പിന്നീടെപ്പോഴോ പറഞ്ഞു തന്നപ്പോള്‍ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസം
ഉണ്ടായിരുന്നില്ല' :D
കഥ ഇഷ്ടായിട്ടോ... അവസാനം ചേര്‍ത്ത ആ അടിക്കുറിപ്പും വിശ്വസിച്ചു! :))
@ചെറുതേ.. നന്ദി.. അങ്ങനെ എത്ര ലോക സത്യങ്ങള്‍ പിന്നീടും മനസ്സിലാക്കിയിരിക്കുന്നു. :-)
@ദുബായിക്കാരന് ...നന്ദി.. കുറച്ചൊക്കെ മസാല ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് ജീവിതം . അല്ലെ ? .
@ ലിപി ..നന്ദി .. അടിക്കുറിപ്പ് സത്യമാണ് കേട്ടോ :-)
നല്ലൊരു ഓര്‍മ്മ കുറിപ്പ് മകന് സമ്മാനിച്ചുവല്ലേ..?
അച്ഛനമ്മമാരുടെ വായ് അടപ്പിയ്ക്കാന്‍ സാധിയ്ക്കില്ലെങ്കിലും, മനസ്സ് തുറപ്പിയ്ക്കാനും ഓര്‍മ്മകള്‍ അയവിറക്കുവാനുമുള്ള അവസരം മക്കള്‍ നല്കി കൊണ്ടേ ഇരിയ്ക്കും..
നന്നായിരിയ്ക്കുന്നൂ...ആശംസകള്‍.
Well written
പഴയ ഓർമ്മ പൊടിത്തട്ടിയെടുത്ത് ഇത്തിരി മസില് ചേർത്തെഴുതിയ കഥ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ
ആരോ എനിക്ക് ഒരു കമന്റു ഇട്ടിരുന്നു....അത് ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു !
"മത്ത കുത്തിയാല്‍..."
നല്ല പോസ്റ്റ് മാഷെ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ