2011, മേയ് 27
വിവാഹ സമ്മാനം ...
"ഹോ ..ചിങ്ങമാസം അടുത്തല്ലോ . ഇനിയിപ്പോ കയ്യീന്ന് തുട്ടു കുറെ ഇറങ്ങിയത് തന്നെ.".
എല്ലാ വര്‍ഷവും ഉള്ള ശങ്കരേട്ടന്റെ പതിവ് പല്ലവി ആണ് ഇത്. കല്യാണം വിളിച്ചു വരുന്നവരെയും, പിരിവു ചോദിച്ചു വരുന്നവരെയും ശങ്കരേട്ടന് പേടിയാണ്. വര്‍ഷത്തിലുടനീളം ഏതെങ്കിലും കേട്ടിട്ടിലാത്ത അമ്പലത്തിലെ ദേവന്റെയോ ദേവിയുടെയോ പേരില്‍ പിരിവുകാര്‍ വരും, അല്ലെങ്കില്‍ അടുത്തുള്ള പള്ളിയില്‍ നിന്നും വരും പിരിവിനു, ഇതൊന്നും പോരാഞ്ഞിട്ട് പാര്‍ട്ടിക്കാരും വരും...ഉദാരമായി സംഭാവന തരണേ എന്നും ആവശ്യപ്പെട്ടു കൊണ്ട്. ചിലരുടെ കയ്യിലെ രസീത് കുറ്റിയില്‍ കുറഞ്ഞ തുക നൂറായിരിക്കും.അതിലും കുറഞ്ഞ സംഭാവന വാങ്ങുന്നത് നാണക്കേടാണത്രെ.
ശങ്കരേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആയതിനാല്‍ ഒന്നും പറയാനും പറ്റില്ല. കൊടുത്തെ പറ്റൂ . ഇതിനും പുറമേ ആണ് കല്യാണം വിളികള്‍ . പരിചയക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ കല്യാണത്തിന് സമ്മാനങ്ങളും പൈസയും ഒക്കെ കൊടുത്തു കഴിയുമ്പോള്‍ എല്ലാ മാസവും അവസാനം ശങ്കരേട്ടന്റെ പോക്കറ്റ് കീറും. കൊടുക്കാതിരിക്കാന്‍ പറ്റുമോ. ശങ്കരേട്ടനും ഒരു പെണ്‍കൊച്ചുള്ളതല്ലേ. അതിനെ കെട്ടിക്കാറാവുമ്പോള്‍ മറ്റുള്ളവരുടെ സഹായം വേണ്ടി വരില്ലേ . ഇതൊക്കെ ഓര്‍ത്ത് ശങ്കരേട്ടന്‍ എല്ലാ കല്യാണങ്ങള്‍ക്കും ചെലവു ചെയ്യും. മാസാവസാനം വരവ് ചെലവുകളുടെ കണക്കെടുക്കുമ്പോള്‍ ശങ്കരേട്ടന്റെ രക്ത സമ്മര്‍ദ്ദം കൂടും. മിക്കവാറും ചെലവു വരവിനെ കടത്തി വെട്ടും. അപ്പോഴാണ് മേല്‍പ്പറഞ്ഞ മാതിരിയുള്ള രോദനം പുറത്തു വരുന്നത്.
പക്ഷെ കുറെ നാളായി കക്ഷി വളരെ സന്തോഷവാനാണ്. കാരണം... നാല് മാസം മുന്‍പായിരുന്നു ശങ്കരേട്ടന്റെ മകള്‍ ശാരിയുടെ കല്യാണം. നാട്ടുകാരും, ബന്ധുക്കളും, ഓഫീസില്‍ ഉള്ളവരും ഒക്കെയായി ഒട്ടേറെ ആളുകള്‍ അതില്‍ പങ്കെടുത്തു. എല്ലാവരും കയ്യഴിഞ്ഞു സഹായിച്ചതിനാല്‍ കല്യാണ ചെലവുകള്‍ ഭംഗിയായി നടന്നു. പെങ്കൊച്ചിനു കിട്ടിയ സമ്മാനങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല. വീട്ടിലെ രണ്ടാം നിലയിലെ ഒരു മുറി നിറയെ സമ്മാന പൊതികള്‍ ആയിരുന്നു. ഈ പൊതികള്‍ ഒന്നും കൊണ്ടുപോകാന്‍ ശങ്കരേട്ടന്റെ മരുമകന് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.
" മാമാ..ഇതുപോലെ കുറെ എണ്ണം അവിടെയും കിട്ടിയിട്ടുണ്ട്. ഇതും കൂടി അവിടെ കൊണ്ടുപോയാല്‍ വെയ്ക്കാന്‍ അവിടെ സ്ഥലം ഇല്ല മാമാ. ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ "
ചേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മണവാട്ടി ശാരിയ്ക്ക് മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഉള്ളില്‍ വിഷമം തോന്നി എങ്കിലും, ചേട്ടന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്ന് കാണിക്കാന്‍ വേണ്ടി ശാരിയും പറഞ്ഞു.
" എന്നാല്‍ ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ അച്ഛാ. "
ശങ്കരേട്ടന് ഇതില്‍പ്പരം എന്ത് സന്തോഷം. ഇനി വരുന്ന കല്യാണങ്ങള്‍ക്ക് സമ്മാനം വാങ്ങാന്‍ പോകണ്ടല്ലോ. ഈ കൂനയില്‍ നിന്നും ആവശ്യമുള്ളത് എടുത്തു കൊടുത്താല്‍ പോരെ. അതിനു ശേഷം നാട്ടുകാരുടെയോ പരിചയക്കാരുടെയോ ബന്ധുക്കളുടെയോ ഒക്കെ കല്യാണം വിളി വന്നാല്‍ ശങ്കരേട്ടന് ഒട്ടും പരിഭ്രമം കാണില്ല. കണ്ണാടി പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഡിന്നര്‍ സെറ്റ് അങ്ങനെ പലതും മുകളിലത്തെ മുറിയില്‍ ഇരിക്കുക അല്ലെ. അങ്ങോട്ട് എടുത്തു കൊടുത്താല്‍ മാത്രം പോരെ. ഏതെങ്കിലും കല്യാണ വീട്ടില്‍ പോകാന്‍ നേരം ശങ്കരേട്ടന്‍ ഭാര്യ വല്‍സലയോട് പറയും
"എടീ വല്‍സലേ ... മോളിലത്തെ മുറീന്നു ഒരു ഡിന്നര്‍ സെറ്റ് എടുത്തേ. നല്ലത് നോക്കി എടുക്കണേ. അതിന്റെ കവറും എഴുതീരിക്കണതും മാറ്റി പുതിയ പേപ്പറില്‍ പൊതിഞ്ഞെട്. "
മിക്കവാറും പുതിയ വര്‍ണ്ണക്കടലാസ് മാത്രമേ വാങ്ങേണ്ടി വരൂ. ചിലപ്പോള്‍ അതും വേണ്ടി വരില്ല. പേര് പോലും എഴുതിയിട്ടിലാത്ത പൊതികള്‍ ചിലപ്പോള്‍ കാണും. വല്‍സല ചേച്ചി അതെടുക്കും, ചേച്ചിയും ചേട്ടനും കൂടി കല്യാണ വീട്ടില്‍ ചെന്ന് സന്തോഷപൂര്‍വ്വം അത് കൈമാറും. (ആ വീട്ടില്‍ നിന്നും തന്നെ നേരത്തെ എങ്ങാനും തന്നതാണോ എന്ന് നോക്കാനുള്ള ബുദ്ധി ഏതായാലും ചേച്ചിയും ചേട്ടനും കാണിക്കും) .
അങ്ങനെയിരിക്കെ ശങ്കരേട്ടന്റെ ഓഫിസിലെ അക്കൌണ്ട് ഓഫിസറായ അമ്പുജാക്ഷന്റെ മകളുടെ കല്യാണം വിളി വന്നു. ശങ്കരെട്ടനുമായി അത്രയ്ക്ക് രമ്യതയില്‍ അല്ലായിരുന്നു അമ്പുജാക്ഷന്‍. കാര്യം ഓഫിസിലെ രാഷ്ട്രീയവും യൂണിയനും, പാരവെയ്പ്പുകളും തന്നെ. അത് കാരണം മകളുടെ കല്യാണത്തിന് പോലും നേരാം വണ്ണം അയാളെ ശങ്കരേട്ടന്‍ വിളിച്ചില്ല. പക്ഷെ അമ്പുജാക്ഷന്‍ വഴക്കൊക്കെ തീര്‍ക്കാം എന്ന് കരുതി ശങ്കരേട്ടനെ വിളിച്ചു . എന്തായാലും വെള്ളക്കൊടി വീശി സൌഹൃദം ഒന്ന് ശക്തിപ്പെടുത്താനുള്ള ഒരു അവസരം ആയി ശങ്കരേട്ടന്‍ അതിനെ കണ്ടു. കല്യാണത്തിന്റെ തലേന്ന് അമ്പുജാക്ഷന്റെ വീട്ടില്‍ പോകാന്‍ ചേട്ടനും ചേച്ചിയും തയ്യാറായി.
"ഡീ വല്‍സലേ ..മോളീന്ന് നല്ല ഒരു വലിയ പെട്ടി തന്നെ എടുത്തോ. നല്ല കനം ഉള്ള ഒരെണ്ണം തന്നെ പോരട്ട്. ഇനി അതിന്റെ പേരില്‍ അമ്പുജാക്ഷന് ദേഷ്യം തോന്നണ്ട. "
"ഇത് മതിയോ ചേട്ടാ "
ഒരു വലിയ ബ്ലാക്ക് ആന്‍ഡ് ഡെക്കര്‍ പെട്ടി തൂക്കിപ്പിടിച്ച് വത്സല ചേച്ചി താഴേക്കു വന്നു.
"ആ.. കൊള്ളാം കൊള്ളാം ..ഇത് മതി. നല്ല ഒന്നാം തരം മിക്സിയും ജ്യൂസര്‍ സെറ്റും. ഇതിനെ നന്നായി പൊതിഞ്ഞെടുത്തോ. ആട്ടേ .. ഇതാരാ നമുക്ക് തന്നത്? "
"ഇത് തിരുവല്ലേലെ ശാന്തക്കുഞ്ഞമ്മ തന്നതാണ് "
പിന്നെ നിമിഷങ്ങള്‍ക്കകം ബ്ലാക്ക് ആന്‍ഡ് ഡെക്കര്‍ മിക്സര്‍ സെറ്റ് പുതിയ വര്‍ണ്ണക്കടലാസില്‍ തയാറായി. വൈകിട്ട് ചേട്ടനും ചേച്ചിയും കൂടി അമ്പുജാക്ഷന്റെ വീട്ടില്‍ ചെന്നപ്പോള്‍ , പൊതിയുടെ കനം കണ്ടിട്ടാവണം , ചേട്ടനും ചേച്ചിക്കും വളരെ ഹാര്‍ദ്ദവമായ സ്വീകരണം ആണ് കിട്ടിയത്. ചേട്ടനെയും ചേച്ചിയെയും വയറു നിറയെ കഴിപ്പിച്ചിട്ടേ അമ്പുജാക്ഷന്‍ വിട്ടുള്ളൂ.
കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു ദിവസത്തിന് ശേഷം ശങ്കരേട്ടന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഒരു നികൃഷ്ട ജീവിയെ നോക്കുന്ന പോലെ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയാണ് അമ്പുജാക്ഷന്‍ ശങ്കരേട്ടനെ വരവേറ്റത്.
"ദെന്ത് പറ്റി ഇങ്ങേര്‍ക്ക്. ..ഇന്നലെ വരെ പാല്‍പ്പുഞ്ചിരി അല്ലാര്ന്നോ. പെട്ടന്ന് മുഖം കറുക്കാന്‍ എന്തെ കാരണം? ". മനസ്സില്‍ ഇങ്ങനെ ചോദിച്ചുകൊണ്ട് ശങ്കരേട്ടന്‍ തന്റെ സീറ്റില്‍ ചെന്നിരുന്നു. അപ്പോഴാണ് പ്യൂണ്‍ കരുണാകരന്‍ അത് വഴി വന്നത്. ശങ്കരേട്ടനെ കണ്ടതും അയാള്‍ പറഞ്ഞു..
" അയ്യേ..സാറേ ..എന്നാലും ഇങ്ങളീ പരിപാടി കാണിക്കും എന്ന് നിരീച്ചില്ല കേട്ടാ.. മോശായിപ്പോയി "
"ഡേയ്..കരുണാരാ. ..നീ കാര്യം പറയടേ ..തെളിച്ചു പറ ..."
"എന്തരു പറയാന്‍ സാറേ.. അമ്പുജാക്ഷന്‍ സാറ് ഇപ്പം ഓഫീസില്‍ മൊത്തം വെളംബിക്കഴിഞ്ഞു. അയാള്‍ടെ മോള്‍ടെ കല്യാണത്തിന് നിങ്ങള് ഒരു പഴയ പൊതി പുതിയ പേപ്പറില്‍ പൊതിഞ്ഞു കൊടുത്തില്ലേ .അത് പോട്ടെ..പിന്നേം കൊഴപ്പമില്ല. പക്ഷെ അതിന്റെ അകത്ത്.... അയ്യേ ..ശേ മോശമായിപ്പോയ് സാറേ "
"ഡേയ് കരുണാരാ.. നീ പറഞ്ഞു തൊലക്കടെയ് .. പൊതിക്കകത്ത് എന്തരുണ്ടായിരുന്നെന്നാണ് അയാള് പറയണത് ? "
"അയ്യോ സാറേ ..അമ്പുജാക്ഷന്‍ സാര്‍ പറയണത്.. അതിനകത്ത് നെറയെ സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റിയും, പാന്‍ പരാഗിന്റെ കൂടുകളും, കപ്പലണ്ടി തോടുകളും ഒണ്ടായിരുന്നെന്നാണ് . പിന്നെ വെളിയില്‍ കാണിക്കാന്‍ പറ്റാത്ത തരം പടങ്ങള്‍ ഉള്ള കൊറേ കഥാ പുസ്തകങ്ങളും . സാറും മോളും മരുമോനും ഒക്കെ ഇരുന്നു പൊതികള്‍ അഴിച്ചു നോക്കിയപ്പം കണ്ടതാണ് ഇതെന്നാണ് അയാള്‍ പറയണത്. സാറ് മനപൂര്‍വം ചെയ്ത കാര്യം ആണെന്നാണ് ഇപ്പം പറച്ചില്‍ "
"എന്റെ മുടിപ്പുര ഭഗവതീ .. തൊലച്ചാ .. മാനം പോയല്ലോ. ഞാന്‍ മനസ്സാ ..വാചാ കര്‍മ്മണാ അറിയാത്ത കാര്യം ആണല്ലോ കരുണാരാ ഇത്. പഴയ പൊതി എടുത്തു എന്നത് നേര് തന്നെ. ഉപയോഗിച്ചിട്ടില്ലാത്ത സാധനം അല്ലെ . പക്ഷെ സിഗരറ്റും ബീഡിയും ..ഭഗവതി സത്യം ഞാനല്ല കരുണാരാ "
ഓഫീസില്‍ കാര്യം പാട്ടായി എന്ന് എല്ലാവരുടെയും ചിരി കണ്ടപ്പോള്‍ ശങ്കരേട്ടന് മനസ്സിലായി. പോയ മാനം ഇനി തിരികെ കിട്ടില്ല എന്നും പിടി കിട്ടി. തിരികെ വീട്ടില്‍ വന്നു വത്സല ചേച്ചിയോട് കാര്യം പറഞ്ഞപ്പോഴാണ് ചേച്ചി പറഞ്ഞത്.
"അയ്യോ ചേട്ടാ.. നാത്തൂന്റെ മോന്‍ ബിജുക്കുട്ടന്‍ അവധിക്കു രണ്ടു മാസം ഇവിടെ ഉണ്ടായിരുന്നപ്പം മോളിലത്തെ മുറിയിലല്ലേ കെടന്നിരുന്നത്. ഇനി അവന്‍ വല്ലതും ആയിരിക്കുമോ ഈ പണി ചെയ്തത്. ?"
ശങ്കരേട്ടന്‍ ഒന്നാലോചിച്ചു. ശരിയാവാന്‍ സാധ്യത വളരെ ഏറെയാണ് എന്നും തോന്നി. അവന്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കു വീട്ടില്‍ വന്നു നിന്ന സമയം. ഒരിക്കല്‍ ആ മുറിയില്‍ കയറി നോക്കിയപ്പോള്‍ ഒരു ബീഡിപ്പുക യുടെ നാറ്റം തോന്നിയിരുന്നു. അന്ന് ശങ്കരേട്ടന്‍ ജനലിന്റെ അടുത്തും വെളിയിലും ഒക്കെ ബീഡിക്കുറ്റി വല്ലതും ഉണ്ടോ എന്ന് വിശദമായി നോക്കിയായിരുന്നു. പക്ഷെ ഒന്നും കിട്ടിയില്ല. പാവം ചെക്കനെ സംശയിച്ചു എന്ന് സ്വയം പഴി പറഞ്ഞാണ് അന്ന് ശങ്കരേട്ടന്‍ താഴേക്കു വന്നത്.
"എടാ ബിജുക്കുട്ടാ ..ഭയങ്കരാ.. നീ നിന്റെ മാമാനിട്ടു തന്നെ പണിഞ്ഞല്ലോടാ. "
അങ്ങനെ പറയാനല്ലാതെ ശങ്കരേട്ടന്‍ പിന്നെ എന്തോന്ന് ചെയ്യാന്‍
കുറെ നാളുകള്‍ക്കു ശേഷം അടുത്ത കല്യാണം വിളി വന്നപ്പോള്‍ ശങ്കരേട്ടന്‍ ചേച്ചിയോട് പറഞ്ഞു..
"പൊതി എടുക്കുന്നതൊക്കെ കൊള്ളാം. ഒന്ന് തൊറന്നു നോക്കണേ .ഒന്നാമതെ മാനം പോയി ഇരിക്കയാണ്. ഇത് വരെ ബീടിക്കുറ്റിയും വേണ്ടാത്ത പടങ്ങളും ആണ് കിട്ടിയത്. ഇനി അതിലും വലുത് വല്ലോം ഉണ്ടോന്നു നോക്കീട്ടു എടുത്തു പൊതിഞ്ഞാ മതി കേട്ടോ. "
ജോസ്
ബാംഗ്ലൂര്‍
28 മെയ് - 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
ജോസേട്ടാ,
ഹഹ, സിംപിൾ സ്റ്റോറി.
യാതൊരു അതിഭാവുകത്വമില്ലാത്ത ഒരു നല്ല, ചിരിപ്പിക്കുന്ന കഥ. ഇഷ്ടമായിട്ടൊ.
സ്റ്റീൽ പാത്രങ്ങളൊന്നും അമ്മാതിരി കൊടുക്കാതിരിക്കാൻ ശങ്കരേട്ടനോട് പറയുക, അതിൽ മെഷിനുപയോഗിച്ച് പേരെഴുതുന്ന ഒരു പരിപാടിയുണ്ട്.
ഇനിയും കാണാം.
സസ്നേഹം
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്.
ഹോ സമ്മതിച്ചിരിക്കുന്നു ..കെട്ടി വച്ചിരിക്കുന്ന സമ്മാന പൊതികള്‍ ഒന്നഴിച്ചു എന്താണെന്ന് നോക്കാനുള്ള ഒരു ആകാംക്ഷ എന്തായാലും മനുഷ്യനായാല്‍ ഉണ്ടാകാതിരിക്കില്ല പിന്നെ ...ഇതെങ്ങനെ സംഭവിച്ചു എന്ന് മനസിലാകുന്നുമില്ല ...:)
കയ്യില്‍ കിട്ടിയ സമ്മാനപ്പൊതി പോളിച്ചുനോക്കാതെ എനിക്കുറക്കം വരൂല.
സംഭവം പൊളപ്പന്‍...
ഹഹ..പോസ്റ്റ് കൊള്ളാം..നാട്ടിലെ ഒരു സ്ഥിരം പരിപാടി !
ഇത്രേം വലിയ ചതിയായിരിക്കും അതിനുള്ളിലെന്ന് സ്വപ്നേപി കരുതിയില്ല.
കൊള്ളാം നല്ല അവതരണം.
നന്നായി ചിരിച്ചൂ... ഒരോന്ന് കേൾക്കുമ്പോഴാണ് നമ്മളുടെ മനസ്സിൽ മറഞ്ഞ് കീടക്കുന്ന പല കാര്യങ്ങളും ഓർമ്മിക്കപ്പേടുന്നത്..ഇത്തരത്തിലുള്ള കുറേ കഥകൾ എനിക്കും പറയാനുണ്ട് അതു പിന്നീട്......... എന്തായാലും ഈ തമാശക്കഥക്ക് എല്ലാ ഭാവുകങ്ങളും
ഹമ്പടാ.......ശങ്കരേട്ടാ
കൈ നനയാതെ മീന്‍പിടിക്കാന്‍ നോക്ക്യാല് ഇങ്ങനിരിക്കും. ആ ചിത്രം സ്വയംവര ആണെങ്കിലൊരു അഫിനന്ദനം ണ്ടേ :)
ചെറിയൊരു സംഭവം ലളിതമായി പറഞ്ഞു
രസിച്ചു :) ആശംസകള്‍ ട്ടാ
രസിപ്പിച്ചൂട്ടോ..നല്ല അവതരണം...ആശംസകള്‍..
ചിരി നിറഞ്ഞ ആശംസകളോടെ....
ശങ്കരേട്ടനെ നമ്മടെ കല്യാണത്തിന് വിളികാഞ്ഞത് നന്നായി അല്ലെ!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ