
ആരോടും പറയാന്‍ പറ്റാത്ത വിഷമം വരുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു കലാ പരിപാടി ഉണ്ട്..എങ്ങോട്ടെന്നില്ലാത്ത ഒരു നടത്തം. വീടിന്റെ അടുത്തുള്ള ഊടു വഴികള്‍ ഒക്കെ ചുറ്റി, ചന്തകളുടെയും, ഷോപ്പിംഗ് കോംപ്ലെക്സുകളുടെയും അടുത്തു കൂടി നടന്ന് , അവസാനം ഒരു മൈതാനത്തില്‍ ചെന്ന്, അവിടെ ഇട്ടിട്ടുള്ള പാറ കൊണ്ടുള്ള ഒരു ബെഞ്ചില്‍ ഇരിക്കും. മൈതാനത്ത് കളിക്കുന്ന കുട്ടികളെ നോക്കുമ്പോഴും, അവിടെ ഹൃദയം കൈമാറാന്‍ എത്തുന്ന കമിതാക്കളെ കാണുമ്പോഴും, വാര്‍ദ്ധക്യത്തെ തോല്‍പ്പിക്കാന്‍ നടക്കാനിറങ്ങുന്ന അപ്പൂപ്പന്മാരെയും അമൂമ്മമാരെയും ഒക്കെ കാണുമ്പോഴും മനസ്സ് താനേ ശാന്തമാവും. അങ്ങനെ ഒരു യാത്ര ചെയ്തതാണ് ഡിസംബറിലെ ഒരു വൈകുന്നേരം.
കുറെ നേരം ലക്ഷ്യമില്ലാതെ നടന്നു. നന്നേ തളര്‍ന്നപ്പോള്‍ മൈതാനത്തിലെ ബെഞ്ചില്‍ വന്നിരുന്നു . നേരം ഇരുട്ടിയിട്ടുണ്ടായിരുന്നു. അവിടവിടായി കത്തിയ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ കുറെ കൊച്ചു കിടാങ്ങള്‍ അപ്പോള്‍ പന്തുരുട്ടി ക്കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ പാറ കൊണ്ട് കെട്ടിയ ബെഞ്ചില്‍ വിശാലമായി കിടന്നു. കല്ലില്‍ നിന്നും ഉള്ള തണുപ്പ്, ഇട്ടിരുന്ന ബനിയനെയും തുളച്ച് ദേഹമാസകലം അരിച്ചു കയറാന്‍ തുടങ്ങി. അവിടെ അപ്പോള്‍ ഒരു തണുത്ത കാറ്റ് വീശി.
'ആകാശത്തേക്ക് നോക്കി കിടക്കാന്‍ എന്ത് രസം ആണ്. കറുത്ത തുണിയില്‍ ആരോ വൈരക്കല്ലുകള്‍ വാരി എറിഞ്ഞിരിക്കുന്ന പോലെ അല്ലേ നക്ഷത്രങ്ങള്‍ .. .' ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
മരിച്ചവരാണ് നക്ഷത്രങ്ങള്‍ ആയി മാറുന്നത് എന്ന് കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍, അതൊക്കെ മണ്ടത്തരം ആണെന്നറിയാം എങ്കിലും, ചിലപ്പോള്‍ തോന്നും. .അത് തന്നെ ആയിരുന്നു ശരി എങ്കില്‍ എന്ന്. എന്ത് നല്ല കാല്‍പ്പനികത ആണ് അത്. മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവരോട് ഇങ്ങനെ മാനം നോക്കി ക്കിടന്നു സംസാരിക്കാമല്ലോ?
അതൊക്കെ ആലോചിച്ചു ഞാന്‍ അവിടെക്കിടന്നു ഒന്ന് മയങ്ങി. ഒരു വല്ലാത്ത സുഗന്ധം എന്നെ ഉണര്‍ത്തി.
"കര്‍ത്താവേ..പാലപ്പൂവിന്റെ മണം ആണോ? "
തലേന്ന് , കൃഷ്ണപ്പരുന്ത് എന്ന മന്ത്രവാദ സിനിമ കണ്ടത് കാരണം മനസ്സില്‍ ഒരു ചെറിയ പേടിയും ഉടലെടുത്തു. ഞാന്‍ ഉണര്‍ന്നു ചുറ്റും നോക്കി. മൈതാനം വിജനം. ഒരു അപ്പൂപ്പന് മൈതാനത്തിന്റെ അങ്ങേ അറ്റത്ത് മറ്റൊരു ബെഞ്ചില്‍ ഇരിക്കുന്നു. ധൈര്യം സംഭരിച്ചു, ഞാന്‍ , എന്റെ അടുത്ത് നിന്ന മരത്തിന്റെ മുകളിലേക്ക് നോക്കി.
"ഏയ്.. ഇത് പാലയൊന്നും അല്ല. ഇത് കണ്ടിട്ട് ഗുല്‍മോഹര്‍ പോലെയുണ്ട്. ". ഞാന്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു."
വീണ്ടും ആ സുഗന്ധം മൂക്കില്‍ അരിച്ചു കയറി. സുപരിചിതമായ ഒരു ഗന്ധം. ബെഞ്ചില്‍ കിടന്നു കൊണ്ട് മുകളിലേക്ക് നോക്കിയപ്പോള്‍, മരത്തിന്റെ കൊമ്പില്‍ നിന്നും ഒരു ഇല താഴേയ്ക്ക് വീഴുന്നത് കണ്ടു. അതങ്ങനെ കാറ്റത്തു തത്തിക്കളിച്ചു, കറങ്ങി ക്കറങ്ങി താഴേക്കു വീണു. അപ്പോഴല്ലേ ആ കാഴ്ച കണ്ടത്...അടിമുടി ഞാന്‍ ഒന്ന് ഞെട്ടിയ കാഴ്ച..ആ ഇല ക്രമേണ ഒരു സുന്ദരിയായ യുവതിയായി രൂപം പ്രാപിച്ചു. പല പല സിനിമകളും മന്ത്രവാദ നോവലുകളും എനിക്ക് ഓര്‍മ്മ വന്നു.
'വെറും തോന്നലാലോ ഇത്? എന്റെ വെളിവ് പോയോ? ഇവള് യാഥാര്‍ത്ഥ്യം തന്നെയാണോ? '
അവള് പതിയെ ഞാന്‍ കിടന്നിരുന്ന ബെഞ്ചിന്റെ അറ്റത്തു വന്നിരുന്നു.
'ഇത് യക്ഷി തന്നെ. എന്റെ കാര്യം പോക്കായി'. ഞാന്‍ പറഞ്ഞു.
'ആ.. ആ.. ആ.. ആരാ നീ.?' വിറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
"റോസ് മേരി...ഇവിടെ താമസിക്കുന്നു. " ഒരു ചെറു ചിരിയോടെ അതും പറഞ്ഞു അവള് മരത്തിന്റെ മുകളിലേക്ക് വിരല്‍ ചൂണ്ടി.
"എവ്..വ് ..വ്..ടെ ? ഈ മരത്തിലോ? നീയാരാ യക്ഷിയാണോ? "
വീണ്ടും ചിരിച്ചുകൊണ്ട് അവള് പറഞ്ഞു.
"അതെ..ഈ മരത്തില്‍ തന്നെ. എന്റെ പേര് റോസ് മേരി ആണെന്ന് പറഞ്ഞില്ലേ. ആളുകള്‍ യക്ഷി എന്നും,ചുടല എന്നും, പ്രേതം എന്നും ഒക്കെ വിളിക്കും. അവര്‍ക്ക് വേറെന്താ പണി? "
ഞാന്‍ ഒരു വിറയലോടെ അവളെ ആകമാനം ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു.
"ഇതെന്തേ ജീന്‍സും ഷര്‍ട്ടും ? യക്ഷികള് സാധാരണ വെള്ള സാരി അല്ലെ ഉടുക്കുക?"
"തനിക്കെന്നാ പറ്റിയതാ ജോസേ ...യക്ഷികള് വെള്ള സാരി മാത്രമേ ഉടുക്കാവൂ എന്ന് എവിടെയാ പറഞ്ഞിരിക്കുന്നെ? അങ്ങനെ നിയമം വല്ലതും ഉണ്ടോ? "
അവള് ഒരു ചിരിയോടെ എന്നോട് ചോദിച്ചു. മോണലിസയുടെത് പോലത്തെ ഒരു ചിരി. സന്തോഷമാണോ വിഷമമാണോ എന്നറിയാന്‍ പറ്റാത്ത ഒരു ചിരി. ഞാന്‍ പറയാതെ തന്നെ എന്റെ പേരും കൂടി അവള് അറിഞ്ഞു എന്നറിഞ്ഞപ്പോള്‍ എന്റെ വിറയല്‍ കൂടി. ഞാന്‍ പറഞ്ഞു..
"ഇല്ല..അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെയാ വായിച്ചിട്ടുള്ളത്. പക്ഷെ റോസ് മേരി..നിനക്ക് നീണ്ട മുടിയും ഇല്ലല്ലോ? ബോബ് ചെയ്തിരിക്കുക അല്ലെ?
" മാഷേ...ദ്പ്പോ..ഇതാ ഫാഷന്‍. എന്തെ ബോബ് ചെയ്തതുകൊണ്ട് എന്നെ കാണാന്‍ കൊള്ളില്ലേ? "
"ഏയ് ..അങ്ങനല്ല റോസ് മേരി. കാണാന്‍ നല്ല ഭംഗി ഒക്കെ ഉണ്ട്.. എന്നാലും...സാധാരണ യക്ഷികള് പനയില്‍ അല്ലെ താമസിക്കാറ്. ഇത് ഗുല്‍മോഹര്‍ അല്ലെ?
"മാഷേ..ഈ ചുറ്റുവട്ടത്ത് പന എവിടെയാ? മാത്രമല്ല..പനയിലേ യക്ഷികള് താമസിക്കാവൂ എന്നാരാ പറഞ്ഞേ? "
"അല്ല.. റോസ് മേരി..നമ്മള് സിനിമയിലും ഒക്കെ കണ്ടിട്ടുള്ളത് അങ്ങനെയല്ലേ...വെള്ള സാരി ചുറ്റി, നീണ്ട തലമുടി അഴിച്ചിട്ടു, പല്ലും തള്ളി...നീ അതുപോലെ ഒന്നും അല്ല..വേഷം മാറി എന്നെ പറ്റിക്കുകയല്ലേ നീ ? "
അതിനു മറുപടി ആയി അവള് ഒന്ന് ചിരിച്ചതെ ഉള്ളൂ.
"നീ എന്താ വായിലിട്ടു ചവയ്ക്കുന്നെ? ആ..എനിക്കറിയാം..മുറുക്കാനല്ലേ? എന്നോട് വെറ്റില ചോദിക്കാനല്ലേ നീ വന്നത്? "
"മാഷേ..ഞാന്‍ വന്നത് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ പോയേക്കാം. വെറുതെ വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കാതെ. ഞാന്‍ തിന്നുന്നത് പാന്‍ പരാഗാണ്. വായില്‍ വെറുതെ സുഗന്ധം നിറയ്ക്കാന്‍. ചുമ്മാ ഒരു രസം."
'എടീ കള്ളീ ...ആരുടെയൊക്കെയോ ചോര കുടിച്ചിട്ട്, അതിന്റെ ഗന്ധം മാറ്റാനല്ലേടീ
നീ പാന്‍ പരാഗ് തിന്നുന്നത്? ' അങ്ങനെ ചോദിക്കണം എന്ന് തോന്നിയെങ്കിലും ഞാന്‍ ചോദിച്ചില്ല.
രക്ഷപ്പെടാന്‍ കയ്യില്‍ ഒന്നും ഇല്ല. കര്‍ത്താവേ..ഒരു കുരിശു മാല പോലും ഞാന്‍ ഇടാറിലല്ലോ. ജനിച്ചത് ക്രിസ്ത്യാനി ആയിട്ടാണെങ്കിലും, ഒരു പ്രാര്‍ത്ഥന പോലും എനിക്കറിയില്ല എന്ന് പറഞ്ഞു അമ്മച്ചി വഴക്ക് പറയാറുള്ളത് ഞാന്‍ ഓര്‍ത്തു. 'നന്മ നിറഞ്ഞ മറിയം ' പറയാന്‍ ശ്രമിച്ചെങ്കിലും, പിന്നത്തെതോന്നും ഓര്‍മ്മ വന്നില്ല.
"പെട്ടു മോനേ ..പെട്ടു. ". ഞാന്‍ തന്നത്താനെ പറഞ്ഞു.
"ഇതെന്താ കയ്യില്‍.?" അവള് കയ്യില്‍ മുറുകെ പിടിച്ചിരുന്ന ഒരു സാധനം ചൂണ്ടിക്കാണിച്ചു ഞാന്‍ ചോദിച്ചു.
"മൊബൈല്‍.. സാംസങ്ങ് കോര്ബിയാ മോഡല്‍. "
'കര്‍ത്താവേ ..മോബൈലുള്ള യക്ഷിയോ?' ഞാന്‍ അമ്പരന്നു.
"റോസ് മേരി..ഞാന്‍ വൈകിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചായിരുന്നു. ..വീട്ടിലുണ്ടാക്കിയത്. അത് കാരണം എനിക്ക് ഇതൊക്കെ തോന്നുന്നതാണോ? നീ സത്യത്തില്‍ യക്ഷി ആണോ? അതോ ? "
"മാഷിനു എന്ത് വേണമെങ്കിലും കരുതാം. ആരുമില്ലാതെ മാഷ് വിഷമിച്ച് ഇവിടെ ഇരുന്നപ്പോള്‍, ഒന്ന് കൂട്ടിരിക്കാം എന്ന് കരുതി വന്നതാ ഞാന്‍. ഇഷ്ടമായില്ലെങ്കില്‍ പോയേക്കാം. "
അങ്ങനെ പറഞ്ഞെങ്കിലും അവള് അവിടെത്തന്നെ ഇരുപ്പു തുടര്‍ന്നു.
ഞാന്‍ അവളെ ആകമാനം ഒന്നുകൂടി നോക്കി. ഇവളുടെ കാല് നിലത്തു ഉറയ്ക്കുന്നുണ്ടോ? യക്ഷി ആണെങ്കില്‍ അതുണ്ടാവില്ലല്ലോ. ഞാന്‍ അങ്ങനെ ചിന്തിച്ചപ്പോഴേക്കും അവള് പറഞ്ഞു..
"മാഷേ..മാഷൊരു സംശയാലുവാണല്ലേ ? ദേ ..നോക്കിക്കോ"
അതും പറഞ്ഞു അവള് ബെഞ്ചില്‍ നിന്നും എണീറ്റ് തറയില്‍ നിന്നു. കാലുകള്‍ നന്നായി നിലത്തു ഊന്നിക്കൊണ്ട്.
"മാഷിന്റെ സംശയം ഇപ്പോള്‍ മാറിയോ? "
"കുറച്ചു മാറി..കുറച്ചു ഇപ്പോഴും ഉണ്ട്. എന്നാലും റോസ് മേരി..പാന്‍ ചവയ്ക്കുന്ന , ജീന്‍സിട്ട , മുടി ബോബ് ചെയ്ത, മൊബൈലുമായി നടക്കുന്ന ഒരു യക്ഷിയെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. "
"ഓഹോ..അപ്പോള്‍ മാഷ് അല്ലാത്ത യക്ഷികളെ വേറെ കണ്ടിട്ടുണ്ടോ? "
"അത്...ഞാന്‍...അതിപ്പോ...ഇല്ല..കണ്ടിട്ടില്ല..സിനിമയിലും ബുക്കിലും മറ്റും .." . തപ്പിത്തടഞ്ഞു ഞാന്‍ പറഞ്ഞു.
"എന്റെ മാഷേ..അതൊക്കെ ഓരോരുത്തരുടെ ഭാവന അല്ലെ. ആദ്യം എഴുതിയ ആളിന്റെ ഭാവന ഒരു തരിമ്പു പോലും മാറ്റാതെ മറ്റുള്ളവര്‍ കോപ്പിയടിച്ചതിനാലാവും, മാഷ് കേട്ടറിഞ്ഞ യക്ഷികള് ഒക്കെ ഒരേ പോലെ. "
അതും പറഞ്ഞു അവള് ഒന്ന് ചിരിച്ചു. മുത്തുകള്‍ പൊഴിയുന്ന പോലെ ഒരു ചിരി.
'കര്‍ത്താവേ..ഇവള് യക്ഷി തന്നെ. സിനിമകളില്‍ കണ്ടിട്ടുള്ള അതേ ചിരി. പലതും പറഞ്ഞു എന്നെ മയക്കാന്‍ വന്നതാവും. '
പണ്ട് മനോരമയിലും മംഗളത്തിലും ഒക്കെ വായിച്ച മന്ത്രവാദ നോവലുകള്‍ ഞാന്‍ ഓര്‍ത്തു. ഏറ്റുമാനൂര്‍ ശിവകുമാറും, കോട്ടയം പുഷ്പനാഥും ഒക്കെ ഞെരിച്ചെഴുതിയ നോവലുകള്‍. അന്ന് വളരെ ആവേശത്തോടെ അല്ലേ വായിച്ചിരുന്നത്. അവയില്‍ ഒക്കെ ഉള്ള വടയക്ഷിനിയും, നീലിയും, ഭൈരവിയും ഒക്കെ പെട്ടന്ന് മനസ്സിലേക്ക് ഓടി വന്നു.
'ഒരു മാന്ത്രിക വടി ഉണ്ടായിരുന്നെങ്കില്ല്ല്ല്ല്ല്ല് ... ( ജയന് പറയുന്ന പോലെ പറഞ്ഞതല്ല കേട്ടോ. പേടിച്ചു വിറച്ചു നീട്ടിപ്പോയതാണ്) .
" ദേ വീണ്ടും ശങ്കരന് തെങ്ങില്‍ തന്നെ. മാഷേ..ഞാന്‍ താന്‍ വിചാരിക്കും പോലെ ഭീകരിയായ യക്ഷി ഒന്നും അല്ല. മാഷെപ്പോലെ വിചാരങ്ങളും, വികാരങ്ങളും ഒക്കെ ഉള്ള ഒരു സ്ത്രീ ആയിരുന്നു ഞാനും..കഴിഞ്ഞ വര്‍ഷം വരെ. "
" അതെന്താ..അതിനു ശേഷം എന്താ പറ്റിയെ?
റോസ് മേരി കുറച്ചു നേരം നിശബ്ദയായി. പിന്നെ പതിയെ പറഞ്ഞു.
"ഹണിമൂണിന് പോയതാ.. ഊട്ടിയില്‍.. ഈ ഡ്രെസ്സും മൊബൈലും ഒക്കെ ഭര്‍ത്താവ് വാങ്ങിത്തന്നത്താ അന്ന്. മരിക്കുന്ന സമയത്തും ഞാന്‍ ഇട്ടിരുന്നത് ഇതാ. ഈ മൊബൈലും കയ്യില്‍ ഉണ്ടായിരുന്നു. "
"എങ്ങനാ റോസ് മേരി നീ മരിച്ചേ? "
" ഭര്‍ത്താവ് തള്ളിയിട്ടു ..കൊക്കയിലേക്ക്... സുയിസൈഡ് പോയിന്റില്‍ വച്ച്...അതി രാവിലെ.. ആരും കണ്ടില്ല. .പിന്നെ അതൊരു അപകട മരണം ആയി എല്ലാവരും കരുതി. അയാള്‍ കഴിഞ്ഞ ആഴ്ച വീണ്ടും കെട്ടി..അയാളുടെ പഴയ കാമുകിയെ.. നേരത്തെ അറിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ വഴിമാറിക്കൊടുത്തെനെ..."
റോസ് മേരിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു. കുറച്ചു നേരം അവള് ഗുല്‍മോഹറിന്റെ കൊമ്പുകളിലേക്ക് നോക്കി ഇരുന്നു. പിന്നെ കണ്ണടച്ചു.
'അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് വരുന്നുണ്ടോ? യക്ഷികള് കരയുമോ? ' ഞാന്‍ മനസ്സില്‍ ആലോചിച്ചു. ഉടന്‍ തന്നെ വന്നു ഉത്തരം.
" ഇല്ല മാഷേ...മരിച്ചു മണ്ണടിഞ്ഞവര്‍ക്ക് കണ്ണ് നീര് വരില്ല. ജീവനുള്ളപ്പോള്‍ മാത്രം അനുഭവിക്കാന്‍ പറ്റുന്ന വരദാനമാണ് കണ്ണ് നീര്. പുറമേ കരയാനോ കണ്ണ് നീര് ഒഴുക്കാനോ മരിച്ചവര്‍ക്ക് പറ്റില്ല. "
" അവനെ കൊന്ന് ചോര കുടിക്കാമായിരുന്നില്ലേ റോസ് മേരി ? " ഞാന്‍ ചോദിച്ചു.
മറുപടിയായി അവള് എന്നെ കുറെ നേരം നോക്കി. എന്നിട്ട് പറഞ്ഞു.
"മാഷേ..ജീവിചിരുന്നപ്പോഴോ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.പിന്നെയാണോ മരിച്ചിട്ട്. മരിച്ചവര്‍ക്കൊന്നും അതിനു കഴിയില്ലെന്റെ സുഹൃത്തേ. ഈ ലോകത്തെ ജീവിതത്തിനും, പരലോകതിനും ഇടയില്‍ ഞാന്‍ അകപ്പെട്ടു പോയി എന്നെ ഉള്ളൂ. എന്നെങ്കിലും മോക്ഷം കിട്ടിയാല്‍, ഇവിടം വിട്ടു പോകണം .അങ്ങ് ദൂരെ..അവിടെയും ഇവിടെയും ഇല്ലാതുള്ള ഈ ജീവിതം...അതിന്റെ വിഷമം പറഞ്ഞറിയിക്കാന്‍ പറ്റില്ല മാഷേ. "
"റോസ് മേരി..നീ മരിച്ചത് ഊട്ടിയിലാണെങ്കില് ഇവിടെ എന്തിനാ വന്നിരിക്കുന്നെ? ഊട്ടിയില്‍ മരങ്ങള്‍ ഇല്ലേ? "
എന്റെ ചോദ്യം അവളെ ഒന്ന് ചൊടിപ്പിച്ചു എന്ന് തോന്നി. എന്നെ തൊഴുതുകൊണ്ട് അവള് പറഞ്ഞു..
" മാഷേ ..ഞാന്‍ അപേക്ഷിക്കുകയാണ്. ദയവായി കൂടുതല്‍ ഹൊറര്‍ സിനിമകളും
മറ്റും കാണല്ലേ. അതൊക്കെ കണ്ടിട്ടാ മാഷ് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ. മാഷ് ഇവിടെ വന്നിരിക്കുന്ന പോലെ എത്ര നാളുകള്‍ മുന്‍പ് തൊട്ടേ ഞാന്‍ ഇവിടെ വന്നിരിക്കുന്നുണ്ട് എന്നറിയാമോ? ഈ മൈതാനവും, ഇവിടെ കളിക്കുന്ന കുട്ടികളും, ഈ ഗുല്‍മോഹറിന്റെ തണലും ഒക്കെ ഞാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്റെ വീടും ഇതിന്റെ അടുത്ത് തന്നെ ആയിരുന്നു. അപ്പോള്‍പ്പിന്നെ ഞാന്‍ ഇവിടം വിട്ടു എന്തിനു പോകണം? "
ഞാന്‍ ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ ഇടയില്‍ നിശബ്ദതയുടെ ഒരു മൂടുപടം വീണു. കുറച്ചു നേരത്തേക്ക്. തണുപ്പിന്റെ ആധിക്യം കൂടിയതിനാലാവണം ..എനിക്ക് ചെറിയ തലവേദന തോന്നി. ഞാന്‍ നെറ്റിയില്‍ വിരല്‍ കൊണ്ട് ഒന്നമര്‍ത്തി. ഉടന്‍ റോസ് മേരി പറഞ്ഞു.
" മാഷ് കിടന്നോളൂ. .. എന്നോട് സംസാരിച്ചു തല വേദന കൂട്ടണ്ട. ഉറങ്ങിക്കോളൂ. ഉറങ്ങി എണീക്കുമ്പോള്‍ വിഷമങ്ങളും കുറഞ്ഞോളും . ഈ ബെഞ്ചിനും, ഈ ഗുല്‍മോഹറിനും അതിനുള്ള കഴിവിണ്ട്. ഇവിടം വിടാന്‍ എനിക്കതുകൊണ്ടല്ലേ മടി. "
അതും പറഞ്ഞു അവള് അവളുടെ കൈ എന്റെ നെറ്റിത്തടത്തിലേക്കു നീട്ടി. ആ കൈകള്‍ എന്റെ കഴുത്തിന്റെ അടുത്തേക്കാണ് വരുന്നത് എന്ന് തോന്നിയതിനാലാവും, ഞാന്‍ ഒന്ന് ഞെട്ടി.
'എന്റെ ചോര കുടിക്കാനാണോ കര്‍ത്താവേ? '
പക്ഷെ റോസ് മേരി ഇത്തവണ ഒന്നും പറഞ്ഞില്ല. ഞാന്‍ വിചാരിച്ചതെന്തെന്നു തീര്‍ച്ചയായും അവള് അറിഞ്ഞു കാണും. എന്നാലും അവള് ചിരിച്ചു കൊണ്ട് എന്റെ നെറ്റിയില്‍ ഒന്ന് തടവി. ഡിസംബര്‍ മാസത്തിന്റെ തണുപ്പും, നിലാവിന്റെ ചൈതന്യവും, സായാഹ്നക്കാറ്റിന്റെ കുളിര്‍മ്മയും ഒത്തു ചേര്‍ന്ന്, ഒരു മഹാ പ്രവാഹം എന്നിലൂടെ കടന്നു പോകുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ ഉറങ്ങി...തളര്‍ന്നുള്ള ഉറക്കം...ഗാഢമായ ഉറക്കം.
കുറെക്കഴിഞ്ഞു മൈതാനം നോക്കുന്ന വാച്ച്മാന് വന്നു എന്നെ കുലുക്കി ഉണര്‍ത്തിയിട്ട് പറഞ്ഞു.
" സര്..ഇവിടെക്കിടന്നു ഉറങ്ങാന്‍ പറ്റില്ല. നേരം ഒരു പാടായി. ദയവായി പുറത്തു പോകണം. "
ഞാന്‍ ഞെട്ടി ഉണര്‍ന്നു. അടുത്ത് റോസ് മേരി ഇല്ലായിരുന്നു. പക്ഷെ, കാലുകള്‍ക്കടുത്തായി , കാറ്റില്‍ പറന്നു വീണ ആ ഇല ഉണ്ടായിരുന്നു. റോസ് മേരി ഇരുന്ന അതേ സ്ഥലത്ത്. ആ ഇല ഞാന്‍ കയ്യില്‍ എടുത്തു നോക്കി. അതിനു പാലപ്പൂവിന്റെ മണം ഇല്ലായിരുന്നു. പക്ഷെ പാന്‍ പരാഗിന്റെ മണം ഉണ്ടായിരുന്ന പോലെ തോന്നി.
തിരികെ പ്പോകാന്‍ നേരം, ഞാന്‍ ആള് ഗുല്‍മോഹറിന്റെ മുകളിലേക്ക് നോക്കി. അതിന്റെ ഇലകളെ തഴുകി അവിടുന്ന് വീശിയ ഇളം കാറ്റില്‍, ഒരു പാവം പെണ്ണിന്റെ ഗദ്ഗദം ഉണ്ടായിരുന്നോ ആവോ? ചിലപ്പോള്‍ അതും എനിക്ക് തോന്നിയതാവാം..
ജോസ്
ബാംഗ്ലൂര്‍
2-ജനുവരി -2011
6 അഭിപ്രായങ്ങൾ:
yakshi was vegetarian .....
Vaikom Muhammad Basheer ezhuthiya addehathinte thanne anubhavathil oru yakshiyude katha parayunnundu....
Bhavana ugran
kalakki jose nalla palapoovinde sugandhamulla nalla kadha , continue writing
IT Nagarathile Modern Yakshi. kadhakal Nannavunnund. Varakke Varakke Theliyum Ennanallo Pazhamozhi..Kadhakal Malayala Weeklikalkku Ayachu Kodukkuka...
ninakk nalla bhavana undu .....ezhuthanam...
കഥ ഇഷ്ടമായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ