" പ്രേമേട്ടാ .. താഴേക്കിറങ്ങി വാ..ചെറുതായി മഴ പൊടിയുന്നുണ്ടെന്നു തോന്നുന്നു. ..വെറുതെ ചാറ്റല്‍ മഴ കൊള്ളാതെ"
അകത്തെ മുറിയില്‍ നിന്നും രാധ വിളിച്ചു പറഞ്ഞു. മോനെ ഉറക്കിയ ശേഷം അമ്മയെ അടുക്കളയില്‍ സഹായിക്കുകയാണ് അവള്‍. അപ്പോഴാവാം ഞാന്‍ ടെറസ്സില്‍ നില്‍ക്കുന്ന കാര്യം അവള്‍ ഓര്‍ത്തത്. പാവം..എനിക്കൊരു ചെറിയ തുമ്മല്‍ വന്നാല്‍ പോലും ആകുലപ്പെടുന്ന ഒരു പാവം പൊട്ടി പ്പെണ്ണാണവള്‍ ..എന്‍റെ വാമ ഭാഗം ..രാധാമണി .
ടെറസ്സില്‍ നിന്നാല്‍ അടുത്തുള്ള കുറെ വീടുകളും, മെയിന്‍ റോഡില്‍ നിന്നുള്ള ടാറിടാത്ത വഴിയും ഒക്കെ കാണാം. ഇവിടെ നില്‍ക്കുമ്പോള്‍ അല്ലേ പഴയതൊക്കെ ഓര്‍മ്മ വരുന്നത്. ഒരു ചാറ്റല്‍ മഴ കൂടി ആയാലോ? ആഹാ...ഓര്‍മ്മകളുടെ ഭാണ്ഢ ക്കെട്ടുകള്‍ തുറക്കാനും, തെല്ലു വേദനയോടെ ഓര്‍മ്മിക്കാന്‍ പറ്റുന്ന പഴയ പ്രണയത്തിന്റെ നിമിഷങ്ങള്‍ അയവിറക്കാന്‍ പ്രേരിപ്പിക്കാനും ഈ ചാറ്റല്‍ മഴയ്ക്ക് കഴിയും. അതല്ലേ ഞാന്‍ ചാറ്റല്‍ മഴയെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നത്.
ഇന്ദുജ ...അതായിരുന്നു എന്‍റെ " താമരക്കണ്ണിയുടെ" പേര്. തൊട്ടു മുന്‍പിലത്തെ വീടാണ് അവളുടേത്. എന്‍റെ ബാല്യകാല സഖി ആണ് അവള്‍ എന്ന് തന്നെ പറയാം. 'തൊട്ടാവാടി, താമരക്കണ്ണി , കണ്ണീര്‍ ഭരണി' അങ്ങനെ എത്ര ഇരട്ടപ്പേരുകള്‍ ഞാന്‍ അവള്‍ക്ക് ഇട്ടിട്ടുണ്ട്. എന്നാലും അവള്‍ എന്നെ എന്നും സ്നേഹത്തോടെ 'മക്കുച്ചേട്ടാ' എന്നേ വിളിച്ചിട്ടുള്ളൂ.
സ്കൂളില്‍ പോകുന്നത് മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലാത്ത ആ ടാറിടാത്ത വഴിയിലൂടെ ഞങ്ങള്‍ എത്ര പ്രാവശ്യം ഒരുമിച്ചു നടന്നിരിക്കുന്നു. കുഞ്ഞിലെ, അതിലൂടെ വഴക്കടിച്ചും, ചിരിച്ചു കളിച്ചും, കപ്പലണ്ടി തിന്നും ഒക്കെയല്ലേ ഞങ്ങള്‍ നടന്നിരുന്നത്.
എത്രയോ തവണ മഴയത്ത് കുടയും പിടിച്ചു ഞങ്ങള്‍ അതുവഴി നടന്നിട്ടുണ്ട്. അവളുടെ കുട ബാഗില്‍ തന്നെ ആയിരിക്കും. ഞാന്‍ എന്‍റെ കൊച്ചു കുടയെടുത്തു പിടിക്കും. എപ്പോഴും അവള്‍ നനയാതിരിക്കാന്‍ ഞാന്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ അവസാനം വീടെത്താറാവുമ്പോള്‍ ഞാന്‍ ഏറെ നനഞ്ഞിട്ടുണ്ടാവും . അതിനു വീട്ടില്‍ നിന്നും അമ്മയുടെ വക വഴക്കും കിട്ടും. എന്നാലും ആ നനയലിന്‍റെ സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു.
ഒരിക്കല്‍ വഴിയിലൂടെ വഴക്കും കൂടി നടക്കവേ അവളുടെ സ്ലേറ്റു താഴെ വീണു പൊട്ടി. ..ഞാന്‍ കാരണം. അപ്പാ അടിക്കും എന്ന് പറഞ്ഞു കരഞ്ഞ അവളെ എന്തൊക്കെ പറഞ്ഞാണ് സമാധാനിപ്പിച്ചത്. വീട്ടില്‍ പറയാന്‍ കുറെ കള്ളങ്ങള്‍ അവള്‍ക്കു ഞാന്‍ പറഞ്ഞു കൊടുത്തു. പക്ഷെ കള്ളം പൊളിഞ്ഞു പോയി. ഞാന്‍ കാരണം ആണ് സ്ലേറ്റു പൊട്ടിയതെന്നു അവളുടെ വീട്ടില്‍ അറിഞ്ഞു. അത് പിന്നെ എന്‍റെ വീട്ടില്‍ അറിയാന്‍ താമസം വന്നില്ല. എനിക്ക് പൊതിരെ തല്ലു കിട്ടി. അത് പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞത് ഇപ്പോഴും മനസ്സില്‍ ഉണ്ട്.
ഒരിക്കല്‍ ലോലിപ്പോപ്പു മുട്ടായിയുടെ പങ്ക് എനിക്ക് തരാത്തതില്‍ ഞാന്‍ അവളോട് ദേഷ്യം തീര്‍ത്തു. കുറച്ചു കടുത്തുപോയി എന്ന് പിന്നെ എപ്പോഴും തോന്നുമായിരുന്നു. ഞങ്ങള്‍ നടക്കുന്ന വഴിയുടെ ഒരു അരികത്തായി ഞാന്‍ മണ്ണില്‍ ഒരു 'ചതിക്കുഴി' കുത്തി..അതില്‍ കുറെ ഈര്‍ക്കിലുകള്‍ കുറുകെ കൊരുത്തു വച്ചു. അതിന്‍റെ മീതെ കുറെ കരിയിലയും വിതറിയിട്ട്, പിറ്റേന്ന് ഒന്നും അറിയാത്ത മട്ടില്‍ അവളെ അതിന്‍റെ മീതെ നടത്തിച്ചു. പ്രതീക്ഷിച്ചപോലെ അവളുടെ കാല് കുഴിയില്‍ പെട്ടു. പക്ഷെ കാലില്‍ ഈര്‍ക്കില്‍ കൊണ്ട് കേറി, പഴുത്തതും ഒരാഴ്ച അവള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ വന്നതും എന്നെ ശരിക്കും വേദനിപ്പിച്ചു.
അവളുടെ അമ്മൂമ്മ " ഇത് ചെയ്തവന്റെ തലയില്‍ ഇടിത്തീ വീഴണേ എന്ന് പറഞ്ഞു ശപിച്ചപ്പോഴും ഞാന്‍ ഞെട്ടുകയോ..വേദനിക്കുകയോ ചെയ്തില്ല . പക്ഷെ ഒരാഴ്ച കഴിഞ്ഞു എല്ലാം തുറന്നു പറഞ്ഞ് ക്ഷമ ചോദിച്ചപ്പോള്‍ അവള്‍ കണ്ണും പൊത്തി കരഞ്ഞു..അതെന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. വെറും ഒരു മുട്ടായിയുടെ പേരില്‍ അവളോട് ക്രൂരത കാട്ടിയതില്‍ മനസ്സ് നന്നേ വേദനിച്ചു
കോളേജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.... ഞാന്‍ ഒരു വര്‍ഷം സീനിയര്‍. അവള്‍ സയന്‍സും, ഞാന്‍ കൊമേഴ്സും. ഞാന്‍ കുറച്ചൊക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ സമയം. സമര വീര്യം രക്തത്തില്‍ അലിയാന്‍ തുടങ്ങിയ സമയം. എന്നാലും അവളോടൊത്ത് ആ ഇടവഴിയിലൂടെ വീണ്ടും എത്രയോ തവണ സഞ്ചരിച്ചു. പഴയപോലെ..ചിരിയും ...കളിയും...വഴക്ക് കൂടലും..പരിഭവങ്ങളും ആയി.
അന്നെന്നോ...ബാല്യകാല സഖിയോടുള്ള ഇഷ്ടം ഒരു അനുരാഗമായി മാറിയത് ഞാന്‍ അറിഞ്ഞു. പക്ഷെ അവളോടോ , മറ്റാരോടെങ്കിലുമോ അതൊന്നും പറയാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെടലുകളെ ഭയന്ന ഭീരുവായ മനസ്സ് എന്നെ അതിനു അനുവദിച്ചില്ല.. ഇതറിഞ്ഞ് അവള്‍ എന്നില്‍ നിന്നും അകന്നാലോ?
ഓരോ പ്രാവശ്യം ആ വഴിയിലൂടെ ഒരുമിച്ചു നടന്നപ്പോഴും, ചാറ്റല്‍ മഴയത്ത്, അവളുടെ ദേഹത്ത് വീഴാന്‍ ഒരു മഴത്തുള്ളിയേയും അനുവദിക്കാതെ കുട പിടിച്ചപ്പോഴും , ഞാന്‍ പറയാന്‍ തുനിഞ്ഞതാണ്..
"താമരക്കണ്ണീ ..എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ കൂടെ വരില്ലേ? "
പക്ഷെ പറഞ്ഞില്ല. അപ്പോഴൊക്കെ വെറുതെ ചിരിച്ചതെ ഉള്ളൂ. ആ ചിരി വാക്കുകളെ തൊണ്ടയില്‍ കുരുക്കി. കണ്ണുകള്‍ക്ക് പോലും മനസ്സിന്‍റെ ഇംഗിതം വെളിപ്പെടുത്താന്‍ പറ്റിയില്ല. അവള്‍ എന്‍റെ കണ്ണിലേക്കു നേരെ നോക്കുന്ന നിമിഷം, ഒരു പരിഭ്രമത്തോടെ ഞാന്‍ എന്‍റെ മുഖം മാറ്റുമായിരുന്നു.
വാക്കുകള്‍ എന്നും നാവിന്‍റെ തുമ്പത്തായിരുന്നു. അവള്‍ എന്നും എന്‍റെ കയ്യെത്തും ദൂരത്തും . പക്ഷെ ...
ചാറ്റല്‍ മഴ .....അന്നൊക്കെ അതിന്‍റെ സ്വരവും താളവും എന്നെ സന്തോഷം കൊണ്ട് മത്തു പിടിപ്പിക്കുമായിരുന്നു. കുട കയ്യില്‍ ഉണ്ടെങ്കിലും ചിലപ്പോള്‍ അതെടുക്കാതെ ചാറ്റല്‍ മഴ നനയുമായിരുന്നു ഞാന്‍. അതിന്‍റെ നനവ് നല്‍കുന്ന സുഖം നുണയാന്‍.
പ്രണയ ഭാവങ്ങള്‍ വിതുമ്പുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോഴും, പ്രണയ സിനിമകള്‍ കാണുമ്പോഴും അതിലെ നായകനായി എന്നെയും, നായികയായി അവളെയും സങ്കല്‍പ്പിച്ച് ദിവാ സ്വപ്നങ്ങള്‍ എത്ര കണ്ടിട്ടുണ്ട് ഞാന്‍. അവള്‍ കയ്യെത്തും ദൂരെ ആയിരുന്നിട്ടും... സ്വപ്നത്തില്‍ പറഞ്ഞതൊന്നും എനിക്ക് അവളോട് പറയാന്‍ കഴിഞ്ഞില്ല. ഭീരുവായ മനസ്സ് അനുവദിച്ചില്ല. അവള്‍ ഒരിക്കലും ചോദിച്ചുമില്ല. ഒക്കെ അവള്‍ക്കു അറിയാമായിരുന്നുവോ എന്തോ?
പിന്നെപ്പോഴോ ഞങ്ങളുടെ വഴികള്‍ രണ്ടായി. ഞങ്ങളുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, മുന്ഗണനകളും, വെവ്വേറെ ആവാന്‍ തുടങ്ങിയതാവും കാരണം. എന്‍റെ സമര വീര്യം മൂത്ത രാഷ്ട്രീയ ചായ്‌വ് ആണോ അതിനു വഴി തെളിച്ചത് എന്ന് എനിക്കറിയില്ല.
ദിവസങ്ങള്‍ മാസങ്ങളായും, മാസങ്ങള്‍ വര്‍ഷങ്ങളായും പിന്നിട്ടപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആദൃശ്യമായ മതിലുകള്‍ ഉയര്‍ന്നപോലെ തോന്നി. പിന്നെ എത്രയോ തവണ മഴയത്ത് ഒറ്റയ്ക്ക് കുട പിടിച്ചു ഞാന്‍ ആ വഴിയെ വന്നിട്ടുണ്ട്.
അന്ന് ഒരു വല്ലാത്ത നഷ്ട ബോധം തോന്നുമായിരുന്നു. മനസ്സിനെ വിണ്ടുകീറി വേദനിപ്പിക്കുന്ന ഒരു താളമായിരുന്നു പിന്നീടുള്ള ചാറ്റല്‍ മഴകള്‍ക്കെല്ലാം.
ഞങളുടെ ഇടയിലെ അകലം കൂടി വന്നു. പഠിത്തത്തിന്റെയും പരീക്ഷകളുടെയും, പിന്നെ ജോലിക്കായുള്ള ഒട്ടത്തിനിടയിലും വഴിയില്‍ വച്ചു കണ്ടാല്‍ , ഒരു കൊച്ചു വര്‍ത്തമാനം പറയാന്‍ ഞങ്ങള്‍ ശ്രമിക്കുമായിരുന്നു. ...ഒരു മിന്നായം പോലെ ..വളരെ കുറച്ചു നേരം... എല്ലാവര്‍ക്കും തിരക്കായിരുന്നില്ലേ..ഞങ്ങള്‍ക്കും .അതോ മനഃപൂര്‍വം തിരക്ക് നടിച്ചതോ..
അപ്പോഴും...അവള്‍ കയ്യെത്തും ദൂരത്തായിരുന്നു. എനിക്ക് പറയാമായിരുന്നു..താമരക്കണ്ണീ നീ എന്‍റെതാവില്ലേ എന്ന്. വാക്കുകള്‍ അന്നും തൊണ്ടയില്‍ കുരുങ്ങി. പറഞ്ഞില്ല..പറയാന്‍ കഴിഞ്ഞില്ല .
പിന്നീടൊരിക്കല്‍...വഴിയിലൂടെ നടന്നു വരുമ്പോള്‍, അവളും അച്ഛനും അമ്മയും എതിരെ വന്നു. സന്തോഷത്തോടെയാണ് അവര്‍ അവളുടെ കല്യാണക്കാര്യം എന്നെ അറിയിച്ചത്. അവളുടെ മുഖത്തും സന്തോഷം കലര്‍ന്ന ഒരു ജാള്യത ഞാന്‍ കണ്ടു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു... അവള്‍ കയ്യെത്തും ദൂരെ അല്ല എന്ന്. ..അടുത്താണെങ്കിലും അവള്‍ കാതങ്ങള്‍ അകലെ ആണെന്ന്.
വിഷമം തോന്നി. പക്ഷെ അനശ്വര പ്രണയ കാവ്യത്തിലെ ദേവദാസിനെപ്പോലെ ആയില്ല. വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കാന്‍ അന്ന് മുതല്‍ പഠിച്ചു. ആ കഴിവ് പിന്നെ എത്രവട്ടം ഉപകാരപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ എത്രയോ വട്ടം നടന്ന ആ വഴി..വലിയ മാറ്റം ഒന്നും ഇല്ലാതെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്. ഞങ്ങള്‍ മാത്രം മാറി...വളരെ ഏറെ . അവളുടെ കല്യാണ ശേഷവും ഞങ്ങള്‍ എത്ര തവണ ഈ വഴിയില്‍ വച്ചു തമ്മില്‍ കണ്ടിരിക്കുന്നു. എനിക്കും ജോലിയായി. എന്‍റെ കല്യാണവും കഴിഞ്ഞു. പിന്നെയും ഞങ്ങള്‍ കണ്ടു...ഈ വഴിയില്‍. അപ്പോഴൊക്കെ അനാവശ്യമായ ഒരു പക്വത കാട്ടി സംസാരിക്കാന്‍ ഞങ്ങള്‍ പഠിച്ചു. 'സുഖമാണോ? എന്ന് വന്നു? എന്ന് പോകും? മക്കള്‍ എന്ത് ചെയ്യുന്നു? എന്നിങ്ങനെയുള്ള ചോട്യങ്ങളില്‍, ചോദിക്കാനും പറയാനും ഉള്ളതൊക്കെ ഒതുക്കാന്‍ പഠിച്ചു.
ചാറ്റല്‍ മഴ....അതിന്‍റെ ഓരോ തുള്ളികള്‍ എന്‍റെ ദേഹത്ത് വീണപ്പോഴും ഞാന്‍ കാതോര്‍ത്തു നിന്നു. അതിന്‍റെ രാഗവും താളവും തിരിച്ചറിയാന്‍. അവള്‍ അരികില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ആനന്ദവും, അകന്നപ്പോള്‍ ഉണ്ടായ വേദനയും ഒരു ജുഗല്‍ബന്ദി പോലെ മനസ്സിന്‍റെ അകത്തളങ്ങളില്‍ മുഴങ്ങുന്നത് ആസ്വദിക്കാന്‍.
തോളത്തു കിട്ടിയ ഒരു നനുത്ത സ്പര്‍ശം എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി. ഞാന്‍ തിരിഞ്ഞു നോക്കി. രാധ ആയിരുന്നു.
" എന്തെ പ്രേമേട്ടാ .. പനി വരുത്തി വയ്ക്കണോ? എന്നിട്ട് വേണം എനിക്കും മോനും കൂടി പനി വരാന്‍ "
ഒരു നിമിഷം എന്‍റെ മുഖത്തേയ്ക്കു നോക്കിയിട്ട് അവള്‍ ചോദിച്ചു.
" എന്തേ... ചാറ്റല്‍ മഴ കൊണ്ടപ്പോഴേക്കും പഴയതൊക്കെ ഓര്‍മ്മ വന്നോ? "
അതും പറഞ്ഞ് അവള്‍ ഒരു കുസൃതിച്ചിരി ചിരിച്ചു. ഞാനും അതുപോലെ ഒരു കുസൃതിച്ചിരി ചിരിച്ചതെ ഉള്ളൂ. ഒന്നും പറഞ്ഞില്ല. ഒക്കെ അവളോട് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ.
പണ്ട് മനസ്സിലെ ഇഷ്ടം പറയാന്‍ തുനിഞ്ഞപ്പോള്‍ ഒക്കെ ഞാനറിയാതെ ഒരു ചിരി എന്‍റെ വാക്കുകളെ തൊണ്ടയില്‍ തന്നെ കുരുക്കുമായിരുന്നു. ഇന്ന്... മനസ്സിന്‍റെ അഗാധതയില്‍ കുഴിച്ചിട്ട വികാരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ഒരു ചിരി തന്നെ എന്നെ സഹായിക്കുന്നു.
" വാ..മതി... മഴയത്ത് നിന്നു ഓര്‍മ്മകള്‍ അയവിറക്കിയത്.. അകത്തു വന്നു എന്നേം അമ്മയെയും കുറച്ചൊന്നു സഹായിക്കു ചേട്ടാ ..വാഷിംഗ് മെഷീന്‍ ശരിയാവുന്നില്ല. ഒന്ന് നോക്കിയേ.. "
സാരിത്തലപ്പു കൊണ്ട് എന്‍റെ തല മൂടി, എന്നെ കോവണിപ്പടിയുടെ അടുത്തേയ്ക്ക് ഉന്തിക്കൊണ്ടു രാധ പറഞ്ഞു..
" രാധേ..പതുക്കെ..ഞാന്‍ വീഴും കേട്ടോ. തറ ആകെ നനഞ്ഞു കിടക്കുകയാണ്. "
മുറിയ്ക്കകത്തെയ്ക്ക് കയറും മുന്‍പ്, ഒന്ന് കൂടി ഞാന്‍ കൈ നീട്ടി. എനിക്ക് പ്രിയങ്കരമായ ചാറ്റല്‍ മഴകൊണ്ട് കൈ വെള്ള ഒന്നുകൂടി നനയ്ക്കാന്‍.
ചാറ്റല്‍ മഴ.....അത്.. അന്നും ഇന്നും എനിക്കേറെ ഇഷ്ടമുള്ള ഒന്നല്ലേ..
ജോസ്
ബാംഗ്ലൂര്‍
29- Jan-2011
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ