2011 ജൂലൈ 8

ദൈവത്തിന്‍റെ മകള്‍ ....







അന്നൊരിക്കല്‍ അവള്‍ പറഞ്ഞു..
ജീവിതം ഒന്നല്ലേ ഉള്ളൂ
അതെന്തിന് ദുഖിച്ചു തീര്‍ക്കണം ?
ജീവ ശ്വാസം നില്‍ക്കും വരെ
ചിരിച്ചു ജീവിച്ചുകൂടേ ?

ജീവിതം പങ്കിട്ട നിമിഷങ്ങള്‍ ഓര്‍ക്കാന്‍
പണ്ടൊക്കെ എടുത്ത കുറെ ചിത്രങ്ങള്‍
വെറുതെ ഞാനൊന്ന് തിരഞ്ഞുനോക്കി
അവളന്ന് പറഞ്ഞപോലെ ,
ചിരിച്ച മുഖം ആയിരുന്നു
അതിലെല്ലാം അവളുടേത്‌ .

പിന്നെപ്പോഴോ അവള്‍ പറഞ്ഞു ....
അവള്‍ ദൈവ മകള്‍ ആണെന്ന്
വേദനകള്‍ ഇല്ലാത്ത സ്വര്‍ഗ്ഗ ലോകത്തവള്‍
കര്‍ത്താവിന്നരുകില്‍ ആയിരിക്കുമെന്ന് .

അറിയാമായിരുന്നവള്‍ക്ക് ..
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു നാള്‍ എന്നെ തനിച്ചാക്കി
പറന്നകലേണ്ടി വരുമെന്ന് ..

പറന്നകലും നേരം വരെയും
മുറുകെ പിടിച്ചിരുന്നവള്‍
ശക്തനാം ദൈവത്തിലുള്ള
വിശ്വാസം നന്നായുള്ളില്‍

എന്നും എന്നും അവള്‍ പറഞ്ഞു..
വൃക്കകള്‍ പ്രവര്‍ത്തിച്ചി ല്ലെങ്കിലും
മരുന്നുകള്‍ ഫലിച്ചില്ലെങ്കിലും
വേദനകള്‍ ശമിച്ചില്ലെങ്കിലും
എല്ലാമറിയുന്ന അവളുടെ ദൈവം
അവളെ നേര്‍ നടത്തുമെന്ന്
എന്തെന്നാല്‍ അവള്‍
ദൈവത്തിന്റെ മകള്‍ അത്രേ എന്ന് ..

എന്നെ തനിച്ചാക്കി പോയ പ്രിയ സഖീ ..
അറിയില്ലെനിക്കായ് ഒരിടം
സ്വര്‍ഗത്തില്‍ ഉണ്ടാവുമോ എന്ന്?
അതോ, എനിക്കായ് ..
എരിയുമോ സ്വര്‍ഗത്തിനപ്പുറം
കര്‍മ്മ ഫലത്തിന്‍റെ നരകാഗ്നി ജ്വാലകള്‍

എന്നെങ്കിലും ....
സ്വര്‍ഗ നരക കവാടങ്ങള്‍ക്ക് മുന്‍പില്‍
ഞാന്‍ വന്നു നില്‍ക്കുന്ന നേരം
സ്വര്‍ഗമാനെനിക്ക് വിധിക്കുന്നതെങ്കില്‍
നിന്‍ കൂടെ വീണ്ടും കൂടാം ഞാന്‍ പ്രിയ സഖീ ..
മറിച്ചെന്‍ വിധി നരകമാനെങ്കിലോ
അവിടെയ്ക്ക് യാത്ര ഞാന്‍ പോകുന്നതിന്‍ മുന്‍പ്
തരണേ പ്രിയേ എനിക്കൊരു ചുംബനം കൂടി


സ്നേഹപൂര്‍വ്വം

അച്ചാച്ചന്‍
ജൂലൈ 8th, 2011

(ജൂലൈ ഒന്നിന് എന്നെ വിട്ടു പറന്നകന്ന പ്രിയ സഖി ലീനയുടെ ഓര്‍മ്മയ്ക്ക്‌ )


(പറന്നകലുന്നതിനു രണ്ടാഴ്ച മുന്‍പേ എടുത്ത ചിത്രം.. അവസാനമായി ഒന്നിച്ചിരുന്നെടുത്തത് )

2011 ജൂൺ 11

മിന്നാമിനുങ്ങുകളും ..കുറെ ലോക സത്യങ്ങളും...


ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയ ഉടന്‍ ഭാര്യാമണിയുടെ നീരസം നിറഞ്ഞഒരു കമന്റു വന്നു ...

" ദേണ്ടെ ..പുന്നാര മോന്‍ സ്കൂളീന്ന് ടീച്ചറുടെ അടീം മേടിച്ചു വന്നിരിക്കുന്നു. ചേട്ടനാ അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. "

അത് കേട്ട് തല കുമ്പിട്ടു മേശയുടെ അരികില്‍ ഇരിക്കുകയായിരുന്നു അഞ്ചാംക്ലാസ്സുകാരനായ എന്റെ പുത്രന്‍. ഞാന്‍ ‍ അവന്‍റെ അടുത്ത് ചെന്നിരുന്നു. എന്നിട്ട്തലയില്‍പതിയെ തലോടിക്കൊണ്ട്ചോദിച്ചു.

"മോനൂട്ടാ ...അമ്മ പറയുന്നത് സത്യമാണോ? ന്തിനാ മോനെ ടീച്ചര്‍ അടിച്ചേ ? "

കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം അവന്‍ പതിയെ പറഞ്ഞു.

"അത് പിന്നെ പപ്പാ..അനൂപുമായി വഴക്കിട്ടതിനാ ടീച്ചര്‍ ‍ അടിച്ചേ "

"നീയെന്തിനാ നൂപുമായി വഴക്കിട്ടെ?."

"അത്.. അത്.. ഞാന്‍ ശരണ്യക്ക് ചോക്കലെട്റ്റ് കൊടുത്തപ്പോള്‍ അനൂപ്അത് തട്ടിപ്പറിച്ചു.."

"അപ്പോള്‍ മോന്‍ എന്ത് ചെയ്തു? "

"ഞാന്‍ അവന്‍റെ മൂക്കിടിച്ചു പരത്തി". ഒരു ചെറു ചിരിയോടെ ആണ് അവന്‍ അത് പറഞ്ഞത്

"മോനൂട്ടാ.. മോന്‍ ‍ ചെയ്തത് ഒട്ടും ശരിയല്ല. ആരെയും നമ്മള്‍ അങ്ങനെ ഉപദ്രവിക്കാന്‍ പാടില്ല. അതൊന്നും നല്ല കുട്ടികള്‍ ചെയ്യുന്ന കാര്യം അല്ല. ഇനി മേലാല്‍ അച്ഛന്‍റെ മോന്‍ അങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ. "

അവനെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു സോഫയില്‍ ഇരുന്നപ്പോള്‍ മനസ്സ് ഒരുമുപ്പത്തി അഞ്ചു വര്‍ഷം പുറകി ലോട്ട് പോയി. വിത്ത്‌ ഗുണം പത്ത് എന്ന പഴമൊഴിയെ ഓര്മ്മിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ ‍ അങ്ങനെ മനസ്സിലേക്ക് ഓടിയെത്തി.
‍ ‍

അന്ന്
ഞാന്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിലെ പഠിപ്പിക്കല്‍ ഒട്ടും പോരാ എന്ന് തോന്നിയതിനാലാവണം അച്ഛന്എന്നെ വീട്ടിനടുത്തുള്ള സുകുമാരന്സാറിന്‍റെ അടുത്ത് ട്യൂഷന് ചേര്‍ത്തു . സ്കൂളീന്ന് വന്നാല്‍ ഉടന്‍ സാറിന്റെ വീട്ടില്‍ ‍ പോകണം. അവിടത്തെ പഠിത്തം കഴിഞ്ഞ് വീട്ടില്‍ തിരികെ വരുമ്പോള്‍ ഏകദേശം ഏഴുമണി ആവും. പിന്നെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം ചൂടോടെ കഴിക്കുക, അനിയത്തിയോട് വഴക്കിടുക, എന്തൊക്കെയോ പഠിച്ചെന്നു വരുത്തിക്കൂട്ടാനായിപുസ്തകം എടുത്തു വച്ച് ഉറക്കെ കുറെ നേരം വായിക്കുക , എന്നിങ്ങനെയുള്ള വിനോദങ്ങള്‍ ‍ കഴിഞ്ഞാല്‍ ‍ ഉറങ്ങുക.. ഇതായിരുന്നു ദിവസവും ഉള്ള ചിട്ടകള്‍ .

‍സ്കൂളിലും ട്യൂഷന്സ്ഥലത്തും എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ ആയിരുന്നുവിഷ്ണു. മിക്കവാറും ഞങ്ങള്രുമിച്ചാവും വരവും പോക്കും. അവന്‍റെ വീട് എന്‍റെ വീടിന്‍റെ കുറച്ചടുത്താണ്. വിഷ്ണുവിന് അറിഞ്ഞുകൂടാത്തതായി ഒരുകാര്യവും ഇല്ല. എന്ത് ചോദിച്ചാലും വിഷ്ണുവിന്റെ കയ്യില്‍ അതിനുള്ള ഉത്തരം കാണും. കാരണം കൊണ്ട് തന്നെ ഞാന്‍ ‍ എല്ലാ കാര്യങ്ങളും അവനോടു ചോദിച്ചിട്ടേ ചെയ്യുമായിരുന്നുള്ളൂ.


ഒരു
ദിവസം ട്യൂഷന്കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു പോവും മുന്‍പേ , ഞാന്‍ എന്‍റെ ബാഗില്‍ നിന്നും ഒരു കുപ്പി പുറത്തെടുത്ത് എല്ലാവരെയും കാണിച്ചു.‍‍

"ഇത് കണ്ടോ... രണ്ടു മിന്നാ മിനുങ്ങുകള്‍. ഇന്നലെ വീട്ടീന്ന് പിടിച്ചതാ. "

നേരം സന്ധ്യ ആയിത്തുടങ്ങിയിരുന്നതിനാല്‍ , മിന്നാ മിനുങ്ങുകളുടെ വെളിച്ചം നന്നായി കാണാമായിരുന്നു. കൂട്ടുകാരൊക്കെ അതിനെ കാണാന്‍ ആകാംഷയോടെ എന്‍റെ അടുത്തേയ്ക്ക് വന്നു. ഞാന്‍ അഭിമാനത്തോടെ അവരെയൊക്കെ അത്കാണിച്ചു. അതൊക്കെ കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോവുകയായിരുന്നു ഞാന്‍ ‍. വിഷ്ണു അവന്‍റെ വീടെത്തിയപ്പോള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. ഇനി രണ്ടു ഇടവഴികള്‍ കൂടി കഴിഞ്ഞാല്‍എന്‍റെ വീടാവും. ഞാന്‍ മുന്‍പോട്ടു നടന്നു. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കിളി നാദം കേട്ടു .

"അനന്തൂ.. "

ഞാന്‍ തിരിഞ്ഞു നോക്കി. ട്യൂഷന്‍ ക്ലാസ്സില്‍ വരുന്ന മീര എന്ന പെണ്‍കുട്ടി ആയിരുന്നു എന്നെ പേരെടുത്തു വിളിച്ചത്. വലിയ നുണക്കുഴികള്‍ ഉള്ള അവള്‍ എന്‍റെ വീടും കഴിഞ്ഞു രണ്ടു മൂന്ന് ഇടവഴികള്‍ക്കപ്പുറം ആയിരുന്നു താമസിച്ചിരുന്നത്. ട്യൂഷന്‍ ക്ലാസ്സില്‍ ‍ വെച്ച് ഞാന്‍ അവളോട്അധികമൊന്നും സംസാരിച്ചിട്ടെ ഇല്ല. കാണുമ്പോള്‍ ചിരിക്കും..അത്ര തന്നെ.
‍ ‍

"എന്താ മീരേ?" ഞാന്തിരിഞ്ഞു നിന്നിട്ട് ചോദിച്ചു


"അദെനിക്ക് തര്വോ? "

"ഏത്? "

"അനന്തുവിന്റെ കയ്യിലെ കുപ്പി.. മിന്നാ മിനുങ്ങില്ലേ .അതുള്ള കുപ്പി .."


ഒരു
സുന്ദരി പെങ്കൊച്ചു മുന്‍പില്‍ വന്നു നിന്ന് ചിരിച്ചോണ്ട് വല്ലതും ചോദിച്ചാല്‍ ‍ , ചാടിക്കയറി ഒന്നും ആലോചിക്കാതെ ചോദിച്ചത് കൊടുക്കാന്‍ തുനിയുന്നവന്‍ കുരുക്കിലാവും എന്നാ ലോക സത്യം ഞാന്‍ അറിയാന്‍ പോവുകയായിരുന്നു. പക്ഷെ അത് അന്നേരം മനസ്സിലായിട്ടില്ലായിരുന്നതിനാല്‍, ഞാന്‍ സന്തോഷത്തോടെപറഞ്ഞു..

"പിന്നെന്താ ...ദേ . എടുത്തോ."

‍ ഞാന്‍ ബാഗ് തുറന്നു കുപ്പി എടുത്തു മീരയ്ക്ക് കൊടുത്തു. ആഗ്രഹിച്ച സാധനംകിട്ടിയതിലുള്ള അതിയായ സന്തോഷം ഞാന്‍ കണ്ണുകളില്കണ്ടു. കുറെ നേരം സന്തോഷത്തോടെ അവള്‍ കുപ്പിയിലെ മിന്നാ മിനുങ്ങുകളെ നോക്കി നിന്നു.

" നല്ല രസോണ്ട് അനന്തൂ .."

" ഇനി വേണേലും ഞാന്‍ പിടിച്ചു തരാം. എന്‍റെ വീട്ടില്‍ ഒത്തിരി മിന്നാമിനുങ്ങുകള്ഉണ്ടല്ലോ. "

( പറഞ്ഞത് ആനക്കള്ളം ആയിരുന്നു. സ്വയം ചെയ്യാന്‍ കഴിയാത്ത ഒരു കാര്യംചെയ്യാം എന്ന് കണ്ണുമടച്ചു പറയുന്നവന്‍ എപ്പോഴെങ്കിലും കുരുക്കിലാവും എന്നലോക സത്യവും ഞാന്‍ അറിയാന്‍ പോകുകയായിരുന്നു) .

"സത്യാണോ? എനിക്കിനീം കൊണ്ടത്തരാമോ?" മീര നുണക്കുഴികള്‍ കാട്ടി കെഞ്ചി.

"മീരയ്ക്ക് എത്രണ്ണം വേണം?" അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ കഴിവുള്ള ആളാണ്ഞാന്‍ എന്ന ഭാവത്തില്‍ഞാന്‍ അവളോട് ചോദിച്ചു.

"എനിക്ക് പത്തു മിന്നാ മിനുങ്ങുകളെ വേണം. ". മീര രണ്ടു കൈപ്പത്തികളും വിടര്‍ത്തി എന്നോട് പറഞ്ഞു.

" ശരി നാളെത്തന്നെ കൊണ്ടത്തരാം ..ട്ടോ .. "

ഞാനത് പറഞ്ഞതും മീര എന്‍റെ അടുത്തു വന്ന് എന്‍റെ കവിളില്‍ ഒരു മുത്തംതന്നു. ഞാന്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല . ഹോ.. ഒന്നും അറിയാത്ത പ്രായംആയിരു

ന്നെങ്കിലും ഞാന്‍പുളകിത ഗാത്രനായി. ( പുളകിത ഗാത്രന്‍ എന്ന വാക്കിന്‍റെ അര്‍ഥം മലയാളം സാര്‍ പിന്നീടെപ്പോഴോ പറഞ്ഞു തന്നപ്പോള്‍ മനസ്സിലാക്കാന്‍ എനിക്ക് ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ല )

തിരികെ വീട്ടില്‍ പോകും വഴി ഞാന്‍ ഓര്‍ത്തു ‌. മീരയ്ക്ക് വലിയ ആളായി വാക്ക് കൊടുത്തു. പക്ഷെ പത്തു മിന്നാ മിനുങ്ങുകളെ എവിടുന്നു പിടിക്കാനാ. ഇന്നലെ കുപ്പിയില്‍ ഉണ്ടായിരുന്നത് തന്നെ കുമാരന്‍ മാമന്‍റെ മോന്‍ മനോജേട്ടന്‍ കൊണ്ടുത്തന്നതാ. എന്‍റെ വീട്ടില്‍ മിന്നാ മിനുങ്ങു പോയിട്ട് ഒരു മണ്ണാങ്കട്ടയും ഇല്ല. പിന്നെ എന്ത് ചെയ്യും? വിഷ്ണുവിനോട് ചോദിച്ചാലോ? അവന് അറിയാമായിരിക്കും മിന്നാ മിനുങ്ങുകള്‍ എവിടെ കിട്ടും എന്ന്. സ്കൂള്‍ ബാഗ് കട്ടിലിലേയ്ക്ക് എറിഞ്ഞിട്ടു ഞാന്‍ അമ്മയോട് ഉറക്കെ പറഞ്ഞു.‍ ‍

"അമ്മെ.. ഞാന്‍ വിഷ്ണുവിന്‍റെ വീട്ടില്‍ പോയിട്ട് ഇപ്പൊ വരാം. "

"എന്തിനാടാ ഈ സന്ധ്യക്ക്പോവുന്നെ.. ഇപ്പൊ അവന്‍റെ കൂടെ ട്യൂഷന്പോയിട്ട് വന്നതല്ലേ ഉള്ളൂ" . അമ്മ ചോദിച്ചു .

"ഒരു ബുക്ക് കൊടുത്തത് തിരികെ വാങ്ങാന്‍ മറന്നു അമ്മെ. നാളെ ചെയ്യാനുള്ള കണക്കുകള്‍ അതിലാ." അതും വാങ്ങി ഞാന്‍ ഉടനെ വരാം . അങ്ങനെ ഒരു കൊച്ചുകള്ളം പറഞ്ഞിട്ട് ഞാന്‍ ‍ വിഷ്ണുവിന്റെ വീട്ടിലേക്കു ഓടി. കാര്യം കേട്ടുകഴിഞ്ഞപ്പോള്‍ വിഷ്ണു പറഞ്ഞു.

"നിനക്കെന്താടാ അവള്‍ക്കു മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ ഇത്ര തിടുക്കം ? "

ഞാന്‍ ഒന്നും പറയാതെ ചിരിച്ചതെ ഉള്ളൂ . പിന്നെ അവന്‍ പറഞ്ഞു .

"വഴിയുണ്ട് അനന്തൂ. നമുക്ക് വയലിന്‍റെ അടുത്ത് പോവാം. അവിടെ കുറെ മിന്നാ മിനുങ്ങുകളെ കിട്ടും. "

ഞാനും വിഷ്ണുവും ഉടനെ വയലിന്‍റെ അടുത്ത് പോയി ഇരുന്നെങ്കിലും കുറെനേരം കഴിഞ്ഞിട്ടും ആകെ നാല് മിന്നാ മിനുങ്ങുകളെ മാത്രമേ കിട്ടിയുള്ളൂ.

"ഇവിടെ ഇത്രയേ ഉള്ളൂ അനന്തൂ . ഇനി വേണേല്‍ അങ്ങ് ദൂരെയുള്ള വയലില്‍ പോകണം ".

"നാലെങ്കില്നാല്. തല്‍കാലം ഇത് മതി വിഷ്ണൂ ."ഞാന്‍ അതിനെ ഒക്കെ ഭദ്രമായി ഒരു കുപ്പിയിലാക്കി, ഉടുപ്പിനകത്ത് ഒളിപ്പിച്ചു വച്ചിട്ട് വീട്ടിലേക്കു തിരികെവന്നു

പിറ്റേന്ന്
വൈകിട്ടാവാന്‍ ഞാന്‍ കാത്തിരുന്നു. ട്യൂഷന്‍ ‍ കഴിഞ്ഞു എല്ലാവരും ഇറങ്ങിയതും ഞാന്‍ മീരയുടെ അടുത്തു പോയി, മിന്നാ മിനുങ്ങുകളെ പിടിച്ചിട്ട കുപ്പി അവളുടെ നേരെ നീട്ടി .

"ദേ മീരേ ..മിന്നാമിനുങ്ങുകള്പത്തെണ്ണം കിട്ടീല്ല. നാലെണ്ണമേ കിട്ടിയുള്ളൂ"

സന്തോഷത്തോടെയുള്ള ഒരു ചിരി പ്രതീക്ഷിച്ചു നിന്ന എന്നെ അവള്‍ പറഞ്ഞ മറുപടി, വിഷമിപ്പിക്കുകയും, കരച്ചിലിന്‍റെ വക്കോളം എത്തിക്കുകയുംചെയ്തു.

"അയ്യേ ..അനന്തു പറഞ്ഞു പറ്റിക്കുന്ന ആളാണല്ലേ.. പത്തെണ്ണം കൊണ്ടത്തരാം എന്ന് പറഞ്ഞിട്ട് നാലെണ്ണം അല്ലെ കൊണ്ട്വന്നുള്ളൂ . പക്ഷെ വിഷ്ണു എനിക്ക് ഇരുപതു മിന്നാ മിനുങ്ങുകളെ കൊണ്ടത്തന്നല്ലോ" .

അതും പറഞ്ഞു അവള്‍ ബാഗില്‍ നിന്നും ഒരു വലിയ കുപ്പി പുറത്തെടുത്തു. അതില്‍ നിറയെ മിന്നാമിനുങ്ങുകള്‍ ആയിരുന്നു.

അതിന്‍റെ
വെളിച്ചം, തുളുമ്പാന്‍ ‍ വെമ്പി നില്‍കുന്ന എന്‍റെ കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചത് അവള്‍ കണ്ടായിരുന്നു എന്തോ? ഞാന്‍ ഒന്നും പറയാതെ വിഷമിച്ച് അവിടെ നിന്നു.. അപ്പോഴാണ്‌ പുറകില്‍ നിന്ന് വാ പൊത്തി ചിരിക്കുന്ന വിഷ്ണുവിനെ കണ്ടത്.

കൂട്ടുകാരന്‍ വഞ്ചിച്ചതിലുള്ള വിഷമം, പിന്നെ ഇന്നലെ കൊഞ്ചി സംസാരിച്ച ഒരു പെങ്കൊച്ച് , ഇന്ന് കാലുമാറി കളിയാക്കിയതിലുള്ള സങ്കടം ..ഒക്കെക്കൂടി ഒരുമിച്ചു വന്നപ്പോള്‍ എനിക്കൊട്ടും സഹിച്ചില്ല. തോളത്തെ ബാഗ് താഴെയിട്ടിട്ട്, ഞാന്‍ വിഷ്ണുവിന്‍റെ അടുത്തേയ്ക്ക് കുതിച്ചു. പിന്നെ കൈ ചുരുട്ടി അവന്‍റെ മൂക്കിനിട്ട് ആഞ്ഞൊരു ഇടി കൊടുത്തു. ചോരയും ഒലിപ്പിച്ച് വിഷ്ണു ദേണ്ടെ താഴെ .. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആദ്യം സുകുമാരന്‍ സാറിന്‍റെ വക തല്ല്. പിന്നെ കാര്യങ്ങള്‍ അറിഞ്ഞ ശേഷം വീട്ടീന്ന് അച്ഛന്റേയും അമ്മേടേം വക സ്പെഷ്യല്‍ തല്ല് .. ഒക്കെ വാങ്ങിക്കൂട്ടി കരഞ്ഞു തളര്‍ന്നു കട്ടിലില്‍ കി

ടന്നപ്പോള്‍ അമ്മയുടെ സംസാരം കേട്ടു.
.. ‍‍

"മൊട്ടേന്നു വിരിഞ്ഞില്ല . അതിനു മുന്നേ അവന്‍ കണ്ട പെണ്കൊച്ചുങ്ങള്‍ക്ക് മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ പോയിരിക്കുന്നു. അതെങ്ങനാ. അച്ഛന്‍റെ അല്ലേ മോന്‍‍. അച്ഛനും ചെറുപ്പത്തില്ഒട്ടും മോശം അല്ലായിരുന്നല്ലോ"

അങ്ങനെ പറഞ്ഞ് ..അമ്മ അച്ഛനിട്ട് ഒരു താങ്ങ് താങ്ങിയപ്പോള്‍ ‍, എന്നെ വഴക്ക്പറഞ്ഞു സംസാരിച്ച അച്ഛന്‍ ഒരു പാവത്താനെപ്പോലെ പേപ്പറും വായിച്ചു വാരാന്തയില്‍ ചെന്നിരുന്നു. ഞാനോ, കുറെ ഏറെ ലോക സത്യങ്ങള്‍ ഒരുമിച്ചു മനസ്സിലാക്കിയതിന്റെ ക്ഷീണത്തില്‍ കിടന്നുറങ്ങി.

ഓര്‍മ്മകളില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ മോനെ ഒന്നുകൂടെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു. പിന്നെ എന്നോട് തന്നെ പറഞ്ഞു..

‍"ഇവന്‍ ‍ എല്ലാ അര്‍ത്ഥത്തിലും എന്‍റെ മകന്‍ തന്നെ "

അടിക്കുറിപ്പ്
: വീടിന്‍റെ ബാല്‍ക്കണിയില്‍ ഇരുന്ന് , സന്ധ്യക്ക്വിരുന്നു വന്ന കുറെ മിന്നാ മിനുങ്ങുകളെ കണ്ടപ്പോള്‍‍, കുഞ്ഞിലെ അവയെ പിടിക്കാന്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തു പോയി. അതിനെ ഇതിവൃത്തം ആക്കി, കുറച്ചു മസാലയും ചേര്‍ത്തു എഴുതിയതാണ് കഥ.
‍ ‍‍

ജോസ്

11 - June- 2011

ബാംഗ്ലൂര്‍




Protected by Copyscape Web Copyright Protection

2011 മേയ് 27

വിവാഹ സമ്മാനം ...


"ഹോ ..ചിങ്ങമാസം അടുത്തല്ലോ . ഇനിയിപ്പോ കയ്യീന്ന് തുട്ടു കുറെ ഇറങ്ങിയത്‌ തന്നെ.".

എല്ലാ വര്‍ഷവും ഉള്ള ശങ്കരേട്ടന്റെ പതിവ് പല്ലവി ആണ് ഇത്. കല്യാണം വിളിച്ചു വരുന്നവരെയും, പിരിവു ചോദിച്ചു വരുന്നവരെയും ശങ്കരേട്ടന് പേടിയാണ്. വര്‍ഷത്തിലുടനീളം ഏതെങ്കിലും കേട്ടിട്ടിലാത്ത അമ്പലത്തിലെ ദേവന്റെയോ ദേവിയുടെയോ പേരില്‍ പിരിവുകാര്‍ വരും, അല്ലെങ്കില്‍ അടുത്തുള്ള പള്ളിയില്‍ നിന്നും വരും പിരിവിനു, ഇതൊന്നും പോരാഞ്ഞിട്ട് പാര്‍ട്ടിക്കാരും വരും...ഉദാരമായി സംഭാവന തരണേ എന്നും ആവശ്യപ്പെട്ടു കൊണ്ട്. ചിലരുടെ കയ്യിലെ രസീത് കുറ്റിയില്‍ കുറഞ്ഞ തുക നൂറായിരിക്കും.അതിലും കുറഞ്ഞ സംഭാവന വാങ്ങുന്നത് നാണക്കേടാണത്രെ.

ശങ്കരേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആയതിനാല്‍ ഒന്നും പറയാനും പറ്റില്ല. കൊടുത്തെ പറ്റൂ . ഇതിനും പുറമേ ആണ് കല്യാണം വിളികള്‍ . പരിചയക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ കല്യാണത്തിന് സമ്മാനങ്ങളും പൈസയും ഒക്കെ കൊടുത്തു കഴിയുമ്പോള്‍ എല്ലാ മാസവും അവസാനം ശങ്കരേട്ടന്റെ പോക്കറ്റ് കീറും. കൊടുക്കാതിരിക്കാന്‍ പറ്റുമോ. ശങ്കരേട്ടനും ഒരു പെണ്‍കൊച്ചുള്ളതല്ലേ. അതിനെ കെട്ടിക്കാറാവുമ്പോള്‍ മറ്റുള്ളവരുടെ സഹായം വേണ്ടി വരില്ലേ . ഇതൊക്കെ ഓര്‍ത്ത്‌ ശങ്കരേട്ടന്‍ എല്ലാ കല്യാണങ്ങള്‍ക്കും ചെലവു ചെയ്യും. മാസാവസാനം വരവ് ചെലവുകളുടെ കണക്കെടുക്കുമ്പോള്‍ ശങ്കരേട്ടന്റെ രക്ത സമ്മര്‍ദ്ദം കൂടും. മിക്കവാറും ചെലവു വരവിനെ കടത്തി വെട്ടും. അപ്പോഴാണ്‌ മേല്‍പ്പറഞ്ഞ മാതിരിയുള്ള രോദനം പുറത്തു വരുന്നത്.

പക്ഷെ കുറെ നാളായി കക്ഷി വളരെ സന്തോഷവാനാണ്. കാരണം... നാല് മാസം മുന്‍പായിരുന്നു ശങ്കരേട്ടന്റെ മകള്‍ ശാരിയുടെ കല്യാണം. നാട്ടുകാരും, ബന്ധുക്കളും, ഓഫീസില്‍ ഉള്ളവരും ഒക്കെയായി ഒട്ടേറെ ആളുകള്‍ അതില്‍ പങ്കെടുത്തു. എല്ലാവരും കയ്യഴിഞ്ഞു സഹായിച്ചതിനാല്‍ കല്യാണ ചെലവുകള്‍ ഭംഗിയായി നടന്നു. പെങ്കൊച്ചിനു കിട്ടിയ സമ്മാനങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല. വീട്ടിലെ രണ്ടാം നിലയിലെ ഒരു മുറി നിറയെ സമ്മാന പൊതികള്‍ ആയിരുന്നു. ഈ പൊതികള്‍ ഒന്നും കൊണ്ടുപോകാന്‍ ശങ്കരേട്ടന്റെ മരുമകന് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

" മാമാ..ഇതുപോലെ കുറെ എണ്ണം അവിടെയും കിട്ടിയിട്ടുണ്ട്. ഇതും കൂടി അവിടെ കൊണ്ടുപോയാല്‍ വെയ്ക്കാന്‍ അവിടെ സ്ഥലം ഇല്ല മാമാ. ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ "

ചേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മണവാട്ടി ശാരിയ്ക്ക് മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഉള്ളില്‍ വിഷമം തോന്നി എങ്കിലും, ചേട്ടന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്ന് കാണിക്കാന്‍ വേണ്ടി ശാരിയും പറഞ്ഞു.

" എന്നാല്‍ ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ അച്ഛാ. "

ശങ്കരേട്ടന് ഇതില്‍പ്പരം എന്ത് സന്തോഷം. ഇനി വരുന്ന കല്യാണങ്ങള്‍ക്ക് സമ്മാനം വാങ്ങാന്‍ പോകണ്ടല്ലോ. ഈ കൂനയില്‍ നിന്നും ആവശ്യമുള്ളത് എടുത്തു കൊടുത്താല്‍ പോരെ. അതിനു ശേഷം നാട്ടുകാരുടെയോ പരിചയക്കാരുടെയോ ബന്ധുക്കളുടെയോ ഒക്കെ കല്യാണം വിളി വന്നാല്‍ ശങ്കരേട്ടന് ഒട്ടും പരിഭ്രമം കാണില്ല. കണ്ണാടി പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഡിന്നര്‍ സെറ്റ് അങ്ങനെ പലതും മുകളിലത്തെ മുറിയില്‍ ഇരിക്കുക അല്ലെ. അങ്ങോട്ട്‌ എടുത്തു കൊടുത്താല്‍ മാത്രം പോരെ. ഏതെങ്കിലും കല്യാണ വീട്ടില്‍ പോകാന്‍ നേരം ശങ്കരേട്ടന്‍ ഭാര്യ വല്‍സലയോട് പറയും

"എടീ വല്‍സലേ ... മോളിലത്തെ മുറീന്നു ഒരു ഡിന്നര്‍ സെറ്റ് എടുത്തേ. നല്ലത് നോക്കി എടുക്കണേ. അതിന്റെ കവറും എഴുതീരിക്കണതും മാറ്റി പുതിയ പേപ്പറില്‍ പൊതിഞ്ഞെട്. "

മിക്കവാറും പുതിയ വര്‍ണ്ണക്കടലാസ് മാത്രമേ വാങ്ങേണ്ടി വരൂ. ചിലപ്പോള്‍ അതും വേണ്ടി വരില്ല. പേര് പോലും എഴുതിയിട്ടിലാത്ത പൊതികള്‍ ചിലപ്പോള്‍ കാണും. വല്‍സല ചേച്ചി അതെടുക്കും, ചേച്ചിയും ചേട്ടനും കൂടി കല്യാണ വീട്ടില്‍ ചെന്ന് സന്തോഷപൂര്‍വ്വം അത് കൈമാറും. (ആ വീട്ടില്‍ നിന്നും തന്നെ നേരത്തെ എങ്ങാനും തന്നതാണോ എന്ന് നോക്കാനുള്ള ബുദ്ധി ഏതായാലും ചേച്ചിയും ചേട്ടനും കാണിക്കും) .

അങ്ങനെയിരിക്കെ ശങ്കരേട്ടന്റെ ഓഫിസിലെ അക്കൌണ്ട് ഓഫിസറായ അമ്പുജാക്ഷന്റെ മകളുടെ കല്യാണം വിളി വന്നു. ശങ്കരെട്ടനുമായി അത്രയ്ക്ക് രമ്യതയില്‍ അല്ലായിരുന്നു അമ്പുജാക്ഷന്‍. കാര്യം ഓഫിസിലെ രാഷ്ട്രീയവും യൂണിയനും, പാരവെയ്പ്പുകളും തന്നെ. അത് കാരണം മകളുടെ കല്യാണത്തിന് പോലും നേരാം വണ്ണം അയാളെ ശങ്കരേട്ടന്‍ വിളിച്ചില്ല. പക്ഷെ അമ്പുജാക്ഷന്‍ വഴക്കൊക്കെ തീര്‍ക്കാം എന്ന് കരുതി ശങ്കരേട്ടനെ വിളിച്ചു . എന്തായാലും വെള്ളക്കൊടി വീശി സൌഹൃദം ഒന്ന് ശക്തിപ്പെടുത്താനുള്ള ഒരു അവസരം ആയി ശങ്കരേട്ടന്‍ അതിനെ കണ്ടു. കല്യാണത്തിന്റെ തലേന്ന് അമ്പുജാക്ഷന്റെ വീട്ടില്‍ പോകാന്‍ ചേട്ടനും ചേച്ചിയും തയ്യാറായി.

"ഡീ വല്‍സലേ ..മോളീന്ന് നല്ല ഒരു വലിയ പെട്ടി തന്നെ എടുത്തോ. നല്ല കനം ഉള്ള ഒരെണ്ണം തന്നെ പോരട്ട്. ഇനി അതിന്റെ പേരില്‍ അമ്പുജാക്ഷന് ദേഷ്യം തോന്നണ്ട. "

"ഇത് മതിയോ ചേട്ടാ "

ഒരു വലിയ ബ്ലാക്ക് ആന്‍ഡ്‌ ഡെക്കര്‍ പെട്ടി തൂക്കിപ്പിടിച്ച് വത്സല ചേച്ചി താഴേക്കു വന്നു.

"ആ.. കൊള്ളാം കൊള്ളാം ..ഇത് മതി. നല്ല ഒന്നാം തരം മിക്സിയും ജ്യൂസര്‍ സെറ്റും. ഇതിനെ നന്നായി പൊതിഞ്ഞെടുത്തോ. ആട്ടേ .. ഇതാരാ നമുക്ക് തന്നത്? "

"ഇത് തിരുവല്ലേലെ ശാന്തക്കുഞ്ഞമ്മ തന്നതാണ് "

പിന്നെ നിമിഷങ്ങള്‍ക്കകം ബ്ലാക്ക് ആന്‍ഡ്‌ ഡെക്കര്‍ മിക്സര്‍ സെറ്റ് പുതിയ വര്‍ണ്ണക്കടലാസില്‍ തയാറായി. വൈകിട്ട് ചേട്ടനും ചേച്ചിയും കൂടി അമ്പുജാക്ഷന്റെ വീട്ടില്‍ ചെന്നപ്പോള്‍ , പൊതിയുടെ കനം കണ്ടിട്ടാവണം , ചേട്ടനും ചേച്ചിക്കും വളരെ ഹാര്‍ദ്ദവമായ സ്വീകരണം ആണ് കിട്ടിയത്. ചേട്ടനെയും ചേച്ചിയെയും വയറു നിറയെ കഴിപ്പിച്ചിട്ടേ അമ്പുജാക്ഷന്‍ വിട്ടുള്ളൂ.

കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു ദിവസത്തിന് ശേഷം ശങ്കരേട്ടന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഒരു നികൃഷ്ട ജീവിയെ നോക്കുന്ന പോലെ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയാണ് അമ്പുജാക്ഷന്‍ ശങ്കരേട്ടനെ വരവേറ്റത്.

"ദെന്ത് പറ്റി ഇങ്ങേര്‍ക്ക്. ..ഇന്നലെ വരെ പാല്‍പ്പുഞ്ചിരി അല്ലാര്ന്നോ. പെട്ടന്ന് മുഖം കറുക്കാന്‍ എന്തെ കാരണം? ". മനസ്സില്‍ ഇങ്ങനെ ചോദിച്ചുകൊണ്ട് ശങ്കരേട്ടന്‍ തന്റെ സീറ്റില്‍ ചെന്നിരുന്നു. അപ്പോഴാണ്‌ പ്യൂണ്‍ കരുണാകരന്‍ അത് വഴി വന്നത്. ശങ്കരേട്ടനെ കണ്ടതും അയാള്‍ പറഞ്ഞു..

" അയ്യേ..സാറേ ..എന്നാലും ഇങ്ങളീ പരിപാടി കാണിക്കും എന്ന് നിരീച്ചില്ല കേട്ടാ.. മോശായിപ്പോയി "

"ഡേയ്..കരുണാരാ. ..നീ കാര്യം പറയടേ ..തെളിച്ചു പറ ..."

"എന്തരു പറയാന്‍ സാറേ.. അമ്പുജാക്ഷന്‍ സാറ് ഇപ്പം ഓഫീസില്‍ മൊത്തം വെളംബിക്കഴിഞ്ഞു. അയാള്‍ടെ മോള്‍ടെ കല്യാണത്തിന് നിങ്ങള് ഒരു പഴയ പൊതി പുതിയ പേപ്പറില്‍ പൊതിഞ്ഞു കൊടുത്തില്ലേ .അത് പോട്ടെ..പിന്നേം കൊഴപ്പമില്ല. പക്ഷെ അതിന്റെ അകത്ത്.... അയ്യേ ..ശേ മോശമായിപ്പോയ് സാറേ "

"ഡേയ് കരുണാരാ.. നീ പറഞ്ഞു തൊലക്കടെയ് .. പൊതിക്കകത്ത് എന്തരുണ്ടായിരുന്നെന്നാണ് അയാള് പറയണത് ? "

"അയ്യോ സാറേ ..അമ്പുജാക്ഷന്‍ സാര്‍ പറയണത്.. അതിനകത്ത് നെറയെ സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റിയും, പാന്‍ പരാഗിന്റെ കൂടുകളും, കപ്പലണ്ടി തോടുകളും ഒണ്ടായിരുന്നെന്നാണ് . പിന്നെ വെളിയില്‍ കാണിക്കാന്‍ പറ്റാത്ത തരം പടങ്ങള്‍ ഉള്ള കൊറേ കഥാ പുസ്തകങ്ങളും . സാറും മോളും മരുമോനും ഒക്കെ ഇരുന്നു പൊതികള്‍ അഴിച്ചു നോക്കിയപ്പം കണ്ടതാണ് ഇതെന്നാണ് അയാള്‍ പറയണത്. സാറ് മനപൂര്‍വം ചെയ്ത കാര്യം ആണെന്നാണ്‌ ഇപ്പം പറച്ചില്‍ "

"എന്റെ മുടിപ്പുര ഭഗവതീ .. തൊലച്ചാ .. മാനം പോയല്ലോ. ഞാന്‍ മനസ്സാ ..വാചാ കര്‍മ്മണാ അറിയാത്ത കാര്യം ആണല്ലോ കരുണാരാ ഇത്. പഴയ പൊതി എടുത്തു എന്നത് നേര് തന്നെ. ഉപയോഗിച്ചിട്ടില്ലാത്ത സാധനം അല്ലെ . പക്ഷെ സിഗരറ്റും ബീഡിയും ..ഭഗവതി സത്യം ഞാനല്ല കരുണാരാ "

ഓഫീസില്‍ കാര്യം പാട്ടായി എന്ന് എല്ലാവരുടെയും ചിരി കണ്ടപ്പോള്‍ ശങ്കരേട്ടന് മനസ്സിലായി. പോയ മാനം ഇനി തിരികെ കിട്ടില്ല എന്നും പിടി കിട്ടി. തിരികെ വീട്ടില്‍ വന്നു വത്സല ചേച്ചിയോട് കാര്യം പറഞ്ഞപ്പോഴാണ് ചേച്ചി പറഞ്ഞത്.

"അയ്യോ ചേട്ടാ.. നാത്തൂന്റെ മോന്‍ ബിജുക്കുട്ടന്‍ അവധിക്കു രണ്ടു മാസം ഇവിടെ ഉണ്ടായിരുന്നപ്പം മോളിലത്തെ മുറിയിലല്ലേ കെടന്നിരുന്നത്. ഇനി അവന്‍ വല്ലതും ആയിരിക്കുമോ ഈ പണി ചെയ്തത്. ?"

ശങ്കരേട്ടന്‍ ഒന്നാലോചിച്ചു. ശരിയാവാന്‍ സാധ്യത വളരെ ഏറെയാണ്‌ എന്നും തോന്നി. അവന്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കു വീട്ടില്‍ വന്നു നിന്ന സമയം. ഒരിക്കല്‍ ആ മുറിയില്‍ കയറി നോക്കിയപ്പോള്‍ ഒരു ബീഡിപ്പുക യുടെ നാറ്റം തോന്നിയിരുന്നു. അന്ന് ശങ്കരേട്ടന്‍ ജനലിന്റെ അടുത്തും വെളിയിലും ഒക്കെ ബീഡിക്കുറ്റി വല്ലതും ഉണ്ടോ എന്ന് വിശദമായി നോക്കിയായിരുന്നു. പക്ഷെ ഒന്നും കിട്ടിയില്ല. പാവം ചെക്കനെ സംശയിച്ചു എന്ന് സ്വയം പഴി പറഞ്ഞാണ് അന്ന് ശങ്കരേട്ടന്‍ താഴേക്കു വന്നത്.

"എടാ ബിജുക്കുട്ടാ ..ഭയങ്കരാ.. നീ നിന്റെ മാമാനിട്ടു തന്നെ പണിഞ്ഞല്ലോടാ. "

അങ്ങനെ പറയാനല്ലാതെ ശങ്കരേട്ടന്‍ പിന്നെ എന്തോന്ന് ചെയ്യാന്‍

കുറെ നാളുകള്‍ക്കു ശേഷം അടുത്ത കല്യാണം വിളി വന്നപ്പോള്‍ ശങ്കരേട്ടന്‍ ചേച്ചിയോട് പറഞ്ഞു..

"പൊതി എടുക്കുന്നതൊക്കെ കൊള്ളാം. ഒന്ന് തൊറന്നു നോക്കണേ .ഒന്നാമതെ മാനം പോയി ഇരിക്കയാണ്. ഇത് വരെ ബീടിക്കുറ്റിയും വേണ്ടാത്ത പടങ്ങളും ആണ് കിട്ടിയത്. ഇനി അതിലും വലുത് വല്ലോം ഉണ്ടോന്നു നോക്കീട്ടു എടുത്തു പൊതിഞ്ഞാ മതി കേട്ടോ. "




ജോസ്
ബാംഗ്ലൂര്‍
28 മെയ്‌ - 2011


Protected by Copyscape Web Copyright Protection Software

2011 മേയ് 7

ദക്ഷിണ ..


ദേവുട്ടി മാമി മരിച്ചു. ആരും ആഗ്രഹിക്കുന്ന തരത്തിലെ സുഖ മരണം.ബാക്കി വയ്ക്കാന്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. മക്കള്‍ ഒക്കെ നല്ല നിലയില്‍ . അവരുടെ ഒക്കെ കൊച്ചു മക്കളെയും കണ്ടു. അവരുടെ കല്യാണവും കണ്ടു. സ്നേഹം കൊണ്ട് പൊതിയാനും പരിചരിക്കാനുമായി മക്കളും കൊച്ചു മക്കളും അടക്കം കുറെ ഏറെ ആളുകള്‍ ദേവുട്ടി മാമിയുടെ അരികില്‍ ഉണ്ടായിരുന്നു. അവരെ വേവലാതിപ്പെടുത്താന്‍ പ്രായതിന്റെതായ യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. എന്നിട്ടും പെട്ടന്നൊരു നാള്‍, എഴുപതാമത്തെ വയസ്സില്‍ ദേവുട്ടി മാമിയുടെ ഹൃദയം നിന്നു. സ്നേഹം തുളുമ്പിയിരുന്ന ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. മരണത്തില്‍ എല്ലാവരും സങ്കടപ്പെട്ടു.. ഒപ്പം സന്തോഷവും. സ്നേഹമതിയായ ഒരു അമ്മയെ നഷ്ടപ്പെട്ടതില്‍ ഉള്ള സങ്കടം...ഒപ്പം അല്ലലുകള്‍ ഇല്ലാതെ രോഗങ്ങള്‍ ഒന്നും വന്നു കിടക്കാതെ, ആഗ്രഹങ്ങള്‍ ഒക്കെ സഫലീകരിച്ച ശേഷം ഉള്ള നല്ല സ്വര്‍ഗ വാസം അവര്‍ക്ക് കിട്ടിയതില്‍ ഉള്ള സന്തോഷം.

ശ്മശാനത്തില്‍ ഞാനും പോയി. ദേവുട്ടി മാമിയുടെ ചിത എരിയുമ്പോള്‍ എന്റെ മനസ്സിന്റെ കോണില്‍ ഒരു ചെറിയ ദുഃഖം ഉടലിട്ടു. അതിന്റെ കാരണം പറയാന്‍ കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകണം.

ദേവുട്ടി മാമി ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്നു. രക്ത ബന്ധം ഇല്ലെങ്കിലും , എന്നെയും കുടുംബത്തെയും വളരെ ഏറെ സ്നേഹിച്ചിരുന്ന ഒരാളായിരുന്നു ദേവുട്ടി മാമി. വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അവര്‍ . പത്താം ക്ലാസ്സും പ്രി ഡിഗ്രിയും ഒക്കെ ഞാന്‍ നല്ല നിലയില്‍ പാസ്സായപ്പോള്‍ , എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നതോടൊപ്പം, നൂറിന്റെ നോട്ടും കയ്യില്‍ വച്ച് തന്നിട്ടുണ്ട്. "മാമിയുടെ സന്തോഷത്തിനു ഇപ്പോള്‍ ഇതേ ഉള്ളൂ മോനെ " എന്നും പറഞ്ഞ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ജോലിക്ക് കയറിയ ദിവസം മാമി വീട്ടില്‍ വന്നിരുന്നു. കെട്ടിപ്പിടിച്ചു ഉമ്മ തന്ന ശേഷം പതിവ് പോലെ നൂറിന്റെ നോട്ടു കയ്യില്‍ തിരുകി തന്നപ്പോള്‍ ഞാന്‍ കളിയായി പറഞ്ഞു.

"മാമി ..ഇതെന്തോന്ന്... ഇപ്പൊ നൂറു രൂപയ്ക്ക് നാരങ്ങാ മുട്ടായി പോലും കിട്ടൂല്ല ."

അതിനു പകരം ഒരു ചെറു ചിരിയോടെ എനിക്കിട്ടു തലയില്‍ ഒരു കിഴുക്ക്‌ തന്ന ശേഷം മാമി പറഞ്ഞു..

"ചെക്കാ.. വേണേല്‍ വാങ്ങിയാല്‍ മതി കേട്ടോ. നീ എനിക്കിപ്പോഴും പഴയ കുഞ്ഞാപ്പു തന്നെയാ. കുഞ്ഞുങ്ങള്‍ക്ക്‌ നൂറു രൂപ ധാരാളം. "

അന്ന് സ്റ്റെതസ്കോപ് എടുത്തു ദേവുട്ടി മാമിയുടെ നെഞ്ചില്‍ വച്ച് ചുമ്മാ ഒരു പരിശോധന നടത്തിയ ശേഷം ഞാന്‍ പറഞ്ഞു.

"മാമി...ഒന്ന് കൊണ്ട് പേടിക്കേണ്ട..വണ്ടി കണ്ടീഷന്‍ തന്നെ. "

അതിനും മറുപടി ആയി ചിരിച്ചുകൊണ്ട് മാമി പറഞ്ഞു..

"മോനെ ഡാ.. ഞാന്‍ വല്ല അസുഖവും വന്നു നിന്റെ അടുത്ത് വന്നാല്‍, ഓ. പി ടിക്കറ്റിനുള്ള ക്യൂവില്‍ നിര്‍ത്താതെ എന്നെ ചികില്സിക്കുമോ നീയ്.. അതും ഫ്രീ ആയി.."

" പിന്നെന്താ മാമി...അതൊക്കെ പ്രത്യേകം ചോദിക്കണോ " . ഞാന്‍ പറഞ്ഞു.

ദൈവം കനിഞ്ഞു എനിക്ക് അങ്ങനെ ഒരു വാക്ക് പാലിക്കേണ്ട അവസരം വന്നില്ല. മരണം വരെ മാമി ആശുപത്രിയുടെ പടി കാണാതെ തന്നെ ജീവിച്ചു. പിന്നൊരിക്കല്‍ എന്റെ കല്യാണ ആലോചനകള്‍ ഒക്കെ തകൃതിയായി നടന്ന ഒരു സമയത്ത് മാമി വീട്ടില്‍ വന്നു. അന്ന് അവര്‍ എന്നോട് ചോദിച്ചു..

" മോനെ..ഡാ..കുഞ്ഞാപ്പൂ.. നിന്റെ കല്യാണത്തിന് ആദ്യത്തെ ദക്ഷിണ എനിക്ക് തന്നെ തര്വോ നീയ് ? "

"പിന്നെന്താ മാമി.. മാമിക്ക് തന്നിട്ടേ ഞാന്‍ പിന്നെ ആര്‍ക്കെങ്കിലും കൊടുക്കൂ. ". അന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു.. വെള്ളത്തില്‍ വരച്ച ഒരു വര പോലെ. ..പാലിക്കാന്‍ കഴിയാതെ പോയ ഒരു വാക്ക്.

നാളുകള്‍ കഴിഞ്ഞു എന്റെ കല്യാണ ദിനം വന്നു. കല്യാണ ചെക്കന്‍ ആയതിന്റെ സന്തോഷം എനിക്കുണ്ട്. കാര്യങ്ങള്‍ മംഗള കരമായി നടത്താനുള്ള ടെന്‍ഷന്‍ വീട്ടുകാര്‍ക്ക്. വീട്ടില്‍ ആകെ തിക്കും തിരക്കും. ആരു വരുന്നു ആര് പോകുന്നു എന്നൊക്കെ നേരെ ചൊവ്വേ ശ്രദ്ധിക്കാനും എനിക്ക് പറ്റിയില്ല. അന്നത്തെ ദിവസം എങ്ങനേലും ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു ആഗ്രഹിച്ചത്‌. അത്രയ്ക്ക് തിരക്ക് പിടിച്ച ദിവസം അല്ലെ കല്യാണ ദിവസം.

"രാഹു കാലം കഴിഞ്ഞു എത്ര നേരമായി. മുഹൂര്‍ത്തം തുടങ്ങും മുന്‍പേ മണ്ഡപത്തില്‍ എത്തണം. ദക്ഷിണ കൊടുക്കല്‍ ചടങ്ങുകള്‍ തുടങ്ങാല്‍ എന്തെ താമസം രാഘവാ? "

അച്ഛന്റെ വഴിയിലെ തല മൂത്ത ഒരു അമ്മാവന്‍ അച്ഛനോട് ഒന്ന് ചൂടായി ചോദിച്ചു. പിന്നെ ചട പാടെന്നു ദക്ഷിണ കൊടുക്കുന്ന ചടങ്ങുകള്‍ തുടങ്ങി. മുതിര്‍ന്നവര്‍ വെറ്റിലയും പാക്കും ഒരു രൂപ നാണയവും എടുത്തു കയ്യില്‍ തന്നു. പിന്നെ കൊടുക്കാന്‍ പറഞ്ഞവര്‍ക്കൊക്കെ കൊടുത്തു. ആര്‍ക്കൊക്കെ കൊടുത്തു എന്നൊന്ന് ഓര്‍മ്മയില്ല. തൊഴു കൈയോടെ ദക്ഷിണ നല്‍കിയ ശേഷം ശിരസ്സ്‌ കുനിച്ചു അനുഗ്രഹം വാങ്ങുന്നതിനിടെ ആരുടേയും മുഖം നേരെ നോക്കാനും പറ്റിയില്ല.

വീഡിയോ ക്യാമറക്കാരും, ഫോട്ടോഗ്രാഫര്‍മാരും ഒക്കെ വഴി തടഞ്ഞു നിന്ന ആ ചടങ്ങില്‍ ദേവുട്ടി മാമിക്ക് ദക്ഷിണ കൊടുക്കാന്‍ ഞാനുള്‍പ്പെടെ ആരും ഓര്‍ത്തില്ല. എല്ലാവര്ക്കും തിരക്കല്ലായിരുന്നോ. കല്യാണം കഴിഞ്ഞു ഒരാഴ്ച ശേഷം കല്യാണ ആല്‍ബവും മറ്റും നോക്കി ഇരിക്കവേ , ദക്ഷിണ നല്‍കുന്ന ചടങ്ങില്‍ ദേവുട്ടി മാമി ഇല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിഡിയോ നോക്കിയപ്പോള്‍ അതിലും ഇല്ല. മനസ്സാകെ സങ്കടം ആയി. പാവത്തിന് ഞാന്‍ വാക്ക് കൊടുത്തതല്ലേ. ആദ്യം ദക്ഷിണ കൊടുക്കാം എന്ന് വാക്ക് കൊടുത്തിട്ട്, ദക്ഷിണ വാങ്ങാന്‍ ഒന്ന് വിളിക്കുക പോലും ചെയ്തില്ല ഞാന്‍. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ ഒരു അമ്മാവന്‍ പറഞ്ഞു.

" ഓ. അതത്ര കാര്യമാകണ്ട.. കല്യാണ തിരക്കില്‍ ഇതൊക്കെ സംഭവിക്കും. "

ആ പറഞ്ഞ അമ്മാവന് ഒരു പക്ഷെ ഞാന്‍ ദക്ഷിണ കൊടുത്തില്ലയിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്. ഒരു ബന്ധുവിന്റെ കല്യാണത്തിന് പുതിയ മുണ്ട് എടുത്തു കൊടുത്തില്ല എന്നും പറഞ്ഞു അമ്മാവന്‍ വഴക്കുണ്ടാക്കിയത്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.

പിറ്റേന്ന് തന്നെ ഞാനും ഭാര്യ നിമിഷയും കൂടി ദേവുട്ടി മാമിയുടെ വീട്ടില്‍ പോയി. വിരുന്നിനു പോയതല്ല..അല്ലാതെ തന്നെ മാമിയെ കാണാന്‍. എല്ലാ തവണത്തെയും പോലെ സന്തോഷത്തോടെ ദേവുട്ടി മാമി ഞങ്ങളെ സ്വീകരിച്ചു. വലതു കാല്‍ വെച്ച് നിമിഷയോടു വീട്ടില്‍ കയറാന്‍ പറഞ്ഞു. പിന്നെ കുറെ നേരം ഞങ്ങളോട് കുശലം പറഞ്ഞു. ആ ചിരിയുടെ പുറകില്‍ ഒരു പരിഭവത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നോ എന്ന് ഞാന്‍ ശങ്കിച്ചു. മാമി ഞങ്ങളോട് അവിടുള്ള ആഹാരത്തിന്റെ പങ്കു കഴിക്കാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

ഊണ് കഴിഞ്ഞു കൈ കഴുകാന്‍ പോയപ്പോള്‍ മാമി ഒരു തോര്‍ത്തു എടുത്തുകൊണ്ടു വന്നു. ഞാന്‍ പക്ഷെ അത് വാങ്ങാതെ , മാമിയുടെ കുഞ്ഞാപ്പു ആയി മാറി, ആ പഴയ സ്വാതന്ത്ര്യം എടുത്ത്, മാമിയുടെ സാരിത്തലപ്പില്‍ കൈ തുടച്ചു. ഉടനെ തന്നെ സ്നേഹപൂര്‍വ്വം ഒരു തല്ലും കിട്ടി.

" കല്യാണം കഴിച്ച ചെക്കനാ. ഇപ്പോഴും കുട്ടിയാണെന്നാ ഭാവം. വല്ല വീട്ടിലും ചെന്ന് ഇങ്ങനെ ചെയ്യല്ലേ മോനെ "

അന്നേരം ഞാന്‍ മാമിയെ കെട്ടിപ്പിടിച്ചു പറഞ്ഞു..

" മാമി ..കല്യാണ ദിവസം ദക്ഷിണ തരാന്‍ ഞാന്‍ മറന്നു പോയി. അന്നത്തെ തിരക്കില്‍ പറ്റിയതാണേ. മാമി വേറൊന്നും വിചാരിക്കരുത്. എന്നോട് ദേഷ്യവും തോന്നരുത് "

അവരുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. ആ കണ്ണീരിലും കെട്ടിപ്പിടുത്തത്തിലും പരിഭവങ്ങള്‍ ഇല്ലാതായി..തെറ്റുകള്‍ പൊറുക്കപ്പെട്ടു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാമിയോടു പറഞ്ഞു.

" മാമി.. ഞാന്‍ ചെയ്തത് ഒരു തെറ്റായി തന്നെ എനിക്ക് തോന്നുന്നു. പക്ഷെ.. ദക്ഷിണ വാങ്ങുക എന്നത് മാമിയുടെ അവകാശം അല്ലായിരുന്നോ ? ചോദിച്ചു വാങ്ങിക്കൂടായിരുന്നോ ..ഞാന്‍ മറന്നെങ്കിലും ? "

മറുപടിയായി മാമി ഒന്നും പറഞ്ഞില്ല. വീണ്ടും ഒരു ആലിംഗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതങ്ങനെ ആണ്..സ്നേഹ ബന്ധങ്ങള്‍ക്ക് മുന്‍പില്‍ ചിലപ്പോള്‍ വാക്കുകള്‍ക്കു പ്രസക്തി ഇല്ലാതാവും. ഒരു സ്പര്‍ശം..ഒരു നോട്ടം ഇതൊക്കെ മതിയാവും മനസ്സുകള്‍ക്ക് പറയാന്‍ ഉള്ളത് പറയാന്‍.

ചിത കത്തി എരിഞ്ഞ ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങവേ , ആ ചിതയിലേക്ക് നോക്കി ഞാന്‍ ഒന്ന് കൂടി പറഞ്ഞു...

"ദേവുട്ടി മാമി.. പൊറുക്കണം."

വാല്‍ കഷ്ണം : അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു ബന്ധു എന്നോട് പറഞ്ഞു.. " ജോസുട്ടാ ..മോനെ ..നിന്റെ കല്യാണത്തിന് നിന്റെ കയ്യില്‍ നിന്നും ഒരു ദക്ഷിണ വാങ്ങണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് എന്റെ അവകാശം ആയിരുന്നു. ഞാന്‍ വന്നാപ്പോള്‍ താമസിച്ചു പോയി. ". ആ പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കഥ.


ജോസ്
ബാംഗ്ലൂര്‍
8 മെയ്‌ . ൨൦൧൧

Protected by Copyscape Web Copyright Protection Software