"അമ്മേ ..ഈ പോസ്റ്റ്മാന്‍ എന്ന് വെച്ചാ എന്താ അമ്മെ? "
ഇങ്ങനെ ഒരു ചോദ്യം ഇപ്പോഴത്തെ കിടാങ്ങള്‍ അല്ലെങ്കില്‍ ഇനിയത്തെ കിടാങ്ങള്‍ ചോദിക്കുമോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ദിനം ദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പതിയെ കാലത്തിന്റെ മൂടു പടങ്ങള്‍ ചൂടി അകത്തേക്ക് മറയുന്ന കാര്യങ്ങളില്‍ പെട്ടവയാണ് പോസ്റ്റ് മാനും ഇന്‍ലന്റ് ലെറ്ററുകളും.
ഇന്നലെ പഴയ ഒരു മലയാളം സിനിമ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന പോസ്റ്റ്മാന്‍ കഥാ പാത്രവും, അയാള്‍ കൊണ്ട് വരുന്ന എഴുത്തുകളും എന്നെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം മുതല്‍ ആവും ഞാന്‍ പോസ്റ്റ് മാനെ കാണുന്നത് ..(അതിനു മുന്‍പ് കണ്ട ഓര്‍മ്മയില്ല ). പൂജപ്പുര ജെയിലില്‍ നിന്നും വാര്‍ഡന്‍ ആയി റിട്ടയര്‍ ആയ വല്ല്യമ്മചിക്കുള്ള പെന്‍ഷന്‍ കാശും കൊണ്ട് വരുന്ന പോസ്റ്റ് മാന്റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അന്നൊന്നും എനിക്കാരും കത്തുകള്‍ എഴുതാത്തതുകൊണ്ടും (കത്തിടപാടുകള്‍ക്കുള്ള പ്രായം ആയില്ല ..അത്ര തന്നെ) ,എനിക്കാര്‍ക്കും എഴുതാനില്ലാത്തത് കൊണ്ടും അന്നൊന്നും പോസ്റ്റ്മാന്‍ എനിക്ക് വല്യ പ്രിയപ്പെട്ട ആളൊന്നും അല്ലായിരുന്നു.
കുറച്ചു വലുതായിക്കാഴിഞ്ഞപ്പോള്‍ , ഞാനും പോസ്റ്റ് മാനെ കാത്തിരിക്കുന്ന സമയം വന്നു. ക്രിസ്തുമസിന്റെ സമയത്ത്, ബന്ധുക്കള്‍ ഒക്കെ നല്ല വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍ അയക്കും. അത് കിട്ടാനായി ഞാന്‍ പോസ്റ്റ് മാന്റെ വരവും കാത്തിരിക്കും. അങ്ങനെ കിട്ടുന്ന കാര്‍ഡുകള്‍ ഒക്കെ ശേഖരിച്ചു വെയ്ക്കുന്നത് ഒരു രസമായിരുന്നു.
കോളേജില്‍ ഒക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ എനിക്കും (എനിക്ക് മാത്രം !!) കാര്‍ഡുകള്‍ വരുമായിരുന്നു...എഴുത്തുകളും. കൂട്ടുകാരും "കൂട്ടുകാരികളും " ഉണ്ടാവും അതില്‍ . അന്നൊക്കെ ഓരോ ദിവസവും പോസ്റ്റ് മാന്‍ വന്നോ എന്നന്വേഷിക്കു മായിരുന്നു. കോളേജില്‍ നിന്നും വന്നാല്‍ ഉള്ള അന്വേഷണങ്ങളില്‍ ആദ്യതെത് അതാവും . ശനിയാഴ്ച , വീട്ടില്‍ ഇരിക്കുന്ന അവസരമാണെങ്കിലോ ..ജനലിന്റെ അടുത്തിരുന്ന്..പോസ്റ്റ് മാന്‍ വരുന്നോ എന്ന് ഇട കണ്ണിട്ടു നോക്കുമായിരുന്നു. പോസ്റ്റ് മാന്‍ എന്‍റെ വീട്ടില്‍ കയറാതെ പോകുമ്പോള്‍ , വല്ലാത്ത നിരാശ തോന്നുമായിരുന്നു.
റൂര്‍ക്കിയില്‍ ഉപരി പഠനത്തിനു പോയപ്പോഴാണ് പോസ്റ്റ് മാന്റെ വില ശരിക്കും അറിയുന്നത്. നാട്ടിലെ വിവരങ്ങളും, കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ അറിയുന്നത് കയ്യില്‍ വരുന്ന കത്തുകളിലൂടെയാണ്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. അന്ന് ഹോസ്ടലില്‍ ഏറ്റവും അധികം കത്തുകള്‍ വരുന്നത് എനിക്കും എന്‍റെ രണ്ടു മൂന്നു കൂട്ടുകാര്‍ക്കും ആയിരുന്നു.
സ്വന്തം കൈപ്പടയില്‍ ആരെങ്കിലും എഴുതിയ കത്തുകള്‍ക്ക്, അച്ചടിച്ച കത്തുകളെക്കാള്‍ അല്ലെങ്കില്‍ ഇന്നത്തെ ഇ-മെയിലുകളെക്കാള്‍ വികാരങ്ങള്‍ കൈ മാറാന്‍ കഴിയും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവര്‍ അവരുടെ കൈപ്പടയില്‍ എഴുതിയ കത്തുകള്‍ എത്ര തവണ ഞാന്‍ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. ഞാന്‍ റൂര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ട ചേച്ചി എനിക്കെഴുതിയിരുന്ന കത്തുകള്‍ ഓരോന്നും ഒരു ഏഴെട്ടു പേജുകള്‍ വരുമായിരുന്നു. അതില്‍ വീടുകാരുടെയും നാട്ടുകാരുടെയും ഒക്കെ വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷവും, നൊമ്പരവും ഒക്കെ അനുഭവപ്പെടും. നാട്ടിലെയും വീട്ടിലെയും ഒക്കെ കാഴ്ചകള്‍ കണ്മുന്പിലൂടെ തെളിഞ്ഞു വരുന്ന പോലെ തോന്നും.
"ജോസ്..നിനക്ക് സുഖമാണോ? എനിക്കിവിടെ സുഖം തന്നെ ..ഇനി എപ്പോഴാ നാട്ടില്‍ ..അടുത്ത വരവിനു കാണണം..." ഇത്ര മാത്രം എഴുതുന്ന (സ്ഥിരമായി) കൂടുകാര്‍ മുതല്‍ , പരിഭവങ്ങളും, പരാതികളും, വേദനകളും ഒക്കെ കുത്തി നിറച്ചുള്ള കത്തുകളും എത്രയാണ് കിട്ടിയിരിക്കുന്നത്. അതൊക്കെ അവരുടെ തന്നെ കൈപ്പടയില്‍ വായിക്കുമ്പോള്‍, അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു സംസാരിക്കും പോലെ തോന്നുമായിരുന്നു.
ഒരു അഞ്ചാറു വര്ഷം മുന്‍പ് വരെ..ആ കത്തുകളുടെ ഒക്കെ ശേഖരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ അടുക്കിപ്പെരുക്കലിന്റെ ഭാഗമായി അതൊക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. അതില്‍ ചിലതെങ്കിലും കളയാതെ വെയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഓര്‍മ്മകളുടെ ഒരു നിധികളെ അല്ലേ ഞാന്‍ ചവറ്റു കുട്ടയില്‍ എറിഞ്ഞത്.
കാലം മാറിയപ്പോള്‍ , സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ഞാനും മാറി. ഒരു ഏഴെട്ടു വര്ഷം മുന്‍പ് വരെ, ഞാന്‍ അമ്മച്ചിക്കും ചേച്ചി മാര്‍ക്കും ഒക്കെ എഴുത്തെഴുതുമായിരുന്നു...എന്‍റെ സ്വന്തം കൈപ്പടയില്‍ . എല്ലാവരുടെയും ജന്മദിനങ്ങള്‍ ഓര്‍ത്തു വെച്ച് കാര്‍ഡുകള്‍ അയക്കുമായിരുന്നു. പിന്നെ ക്രിസ്തുമസിനും. ജിവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒക്കെ മറന്നു. ഇപ്പോള്‍ കത്തുമില്ല ..കാര്‍ഡുകളും ഇല്ല. അതിന്റെ ഒക്കെ സ്ഥാനം ഫോണും, ഇ-മെയിലും, ഇ- കാര്‍ഡുകളും അപഹരിച്ചു.
ഇപ്പോഴും, പ്രിയപ്പെട്ടവര്‍ ആരെങ്കിലും അവരുടെ കൈപ്പടയില്‍ എഴുതി അയച്ച കത്ത് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
വിവാഹ നിശ്ചയം കഴിഞ്ഞു , കല്യാണക്കുറി അടിച്ച സമയത്ത് ലീന എനിക്കയച്ച ഒരു ചെറിയ കുറിപ്പുണ്ട്. അവളുടെ സ്വന്തം കയ്യക്ഷരത്തില്‍ . അതിപ്പോഴും ഭദ്രമായി എന്‍റെ ഡയറിക്കകത്തുണ്ട് . മുന്‍പൊക്കെ അത് വായിച്ചു ഞങ്ങള്‍ രണ്ടു പേരും ചിരിക്കുമായിരുന്നു. ഇപ്പോള്‍ , അതെടുത്തു വായിക്കുമ്പോള്‍ , മനസ്സില്‍ വരുന്ന നൊമ്പരം , വാക്കുകളില്‍ പറയാന്‍ എനിക്കാവുന്നില്ല.
സ്വന്തം കൈപ്പടയില്‍ പ്രിയപ്പെട്ടവര്‍ എഴുതുന്ന കത്തുകള്‍ ഇനിയും എന്നെ തേടി എത്തും എന്ന പ്രത്യാശയോടെ ..നിര്‍ത്തട്ടെ
ജോസ്
ബാംഗ്ളൂര്‍.
21- നവംബര്‍ - 2011
2011, നവംബർ 21
2011, നവംബർ 12
രണ്ടു മുടിയിഴകള്‍ ....
അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .
അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.
പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .
നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .
തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '
ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .
മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .
ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .
തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ
ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .
അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.
പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .
നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .
തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '
ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .
മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .
ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .
തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ
ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '
ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011
ലേബലുകള്‍:
അനുഭവങ്ങള്‍,
kavitha
2011, നവംബർ 3
മൌലിനോംഗ് എന്ന സ്വര്‍ഗ്ഗം ...
നാളെ പെട്ടെന്ന് ഭൂമിയിലെ എന്‍റെ ജീവിതം അവസാനിച്ചാലോ? പിന്നെ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മുന്‍പേയുള്ള വാതിലില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ദൈവം തമ്പുരാന്‍ ചോദിക്കും ...
"മകനേ ജോസൂട്ടാ.. നീ ജീവിതത്തില്‍ എന്തു ചെയ്തെടാ .. ഞാന്‍ തന്ന ജീവിതം നന്നേ നീ ആസ്വദിച്ചോ?"
ദൈവം തമ്പുരാന്‍ അങ്ങനെ ചോദിച്ചാല്‍ മറുപടിക്ക് ഞാന്‍ കുറച്ചു കുഴങ്ങും. പരിഭവങ്ങളും, വിഷമങ്ങളും, കഷ്ടപ്പാടുകളുടെയും ഒക്കെ ഭാണ്ടക്കെട്ടഴിച്ചു വച്ച് ..ദൈവമേ ഞാന്‍ ജീവിക്കാന്‍ മറന്നു പോയി എന്ന് പറയേണ്ടി വന്നാല്‍ അത് വലിയ കഷ്ടമല്ലേ..അത് കൊണ്ട് ഞാന്‍ തീരുമാനിച്ചു...
ഇന്നലെകളെയും നാളെ കളെയും ഓര്‍ത്തു വിഷമിക്കാതെ 'ഇന്ന് ' ഒന്ന് ജീവിച്ചു നോക്കികൂടെ ? അതിനു ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഒന്നാണ് 'യാത്ര'....കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക്....പുതിയ നാടുകളും, പുതിയ ആളുകളും, പുതിയ സൌഹൃദങ്ങളും ഒക്കെ നല്‍കുന്ന യാത്രകള്‍ ... സങ്കടങ്ങള്‍ ഒക്കെ മനസ്സിനകത്ത് കുഴിച്ചു മൂടിക്കൊണ്ട് ...
അങ്ങനെയാണ് ഞാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയത്...ഭാരതത്തിന്റെ കിഴക്കന്‍ മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി...മേഘാലയയിലെ കാടുകളും ഗ്രാമങ്ങളും കാണാന്‍. അതില്‍ ..എന്‍റെ മനം കവര്‍ന്ന സ്ഥലമായിരുന്നു ' മൌലിനോംഗ് ' എന്ന കൊച്ചു ഗ്രാമം. ഈ കുറിപ്പ് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ആണ്.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണു മൌലിനോംഗ് അറിയപ്പെടുന്നത്. അവിടെ ചെന്ന് അത് കാണും മുന്‍പേ ഞാന്‍ എന്തായാലും അത് അപ്പാടെ വിശ്വസിച്ചില്ല. അങ്ങനെ..ദീപാവലിയുടെ സമയത്ത് കുറച്ചു അവധി കിട്ടിയപ്പോള്‍, ഞാന്‍ ഒരു ഏകാന്ത പഥികനായി , ബ്രഹ്മ പുത്രാ നദിയെ മറികടന്നു മേഘാലയയിലെ ഷില്ലോംഗ് എന്ന സ്ഥലത്തെത്തി . അവിടുന്ന് നാല് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്തു മൌലിനോംഗ് എന്ന ഗ്രാമത്തില്‍ എത്തി.
അവിടെ ചെന്നപ്പോള്‍ ഖാസി വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാമവാസികള്‍ ആണ് എന്നെ സ്വീകരിച്ചത് . എനിക്ക് താമസിക്കാന്‍ കിട്ടിയതോ...മലയുടെ ചരിവില്‍ മുളങ്കമ്പുകള്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുടില്‍ . അത് മൊത്തം മുള കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയും, ഒരു ഡൈനിംഗ് റൂമും, പിന്നെ ഒരു സിറ്റൌട്ടും . സിറ്റൌട്ടില്‍ നിന്ന് നോക്കിയാല്‍ ചുറ്റും കനത്ത കാട് കാണാം. അതിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം കേള്‍ക്കാം.
ടെലിവിഷന്‍ ഇല്ല...പത്രം ഇല്ല...ഫോണ്‍ ഇല്ല ..മൊബൈല്‍ ഉപയോഗിക്കാനും പറ്റില്ല.. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ എന്ന് നമ്മള്‍ ചിലപ്പോള്‍ കരുതുന്ന ഈ വക സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നിട്ടും..ഒന്നും പറ്റിയില്ല..ആകാശം ഇടിഞ്ഞു വീണില്ല..മറിച്ച് ..പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനം കിട്ടി..
പിറ്റേന്ന് രാവിലെ (അവിടെ സൂര്യോദയം രാവിലെ നാലരയ്ക്കാണ് ) ആഹാരം കഴിച്ച ശേഷം, ഗ്രാമത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനായി ഞാന്‍ പുറപ്പെട്ടു. വഴികാട്ടിയായി, ഡ്രൈവറും, പിന്നെ ഖാസി ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമവാസിയും. ആദ്യം ഞാന്‍ ചെന്നത്, തികച്ചും ഒരു അത്ഭുത കാഴ്ച കാണാന്‍ ആയിരുന്നു. 'ജീവനുള്ള ഒരു പാലം കാണാന്' .
മൌലിനോംഗിന്റെ അടുത്തുള്ള 'റിവായി ' എന്ന ഗ്രാമത്തില്‍ ആണ് ഈ അത്ഭുതം. വാഹ് തില്ലോംഗ് എന്ന നദിയുടെ കുറുകെ വലിയ മരങ്ങളുടെ വേരുകളെ പിണച്ച് ഉണ്ടാക്കിയിരിക്കുന്ന പാലമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'ലിവിംഗ് റൂട്ട് ബ്രിഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുണ്ടാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം ഒന്നും അല്ല...ഒന്നോ രണ്ടോ അതില്‍ കൂടുതലോ തലമുറകള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുളം കമ്പുകള്‍ക്കുള്ളില്‍ ക്കൂടി മരത്തിന്റെ വേരുകളെ വളര്‍ത്തി, അവയെ തമ്മില്‍ പിണച്ച് , പിന്നെ അതിന്റെ ഉള്ളില്‍ പരന്ന കല്ലുകള്‍ നിരത്തിയും ആണ് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്.
കുറെ ഏറെ നേരം ഞാന്‍ അതിലൂടെ നടന്നു...അതുണ്ടാക്കിയവരുടെ ബുദ്ധിയും, ക്ഷമയും ഒക്കെ എത്ര കണ്ടു അഭിനന്ദിച്ചാലാണ് മതിയാവുക. പാലവും, അതിന്റെ താഴെ ഒഴുകുന്ന നദിയും, ചുറ്റുമുള്ള മുളം കാടുകളും ഒക്കെ ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയത ആസ്വദിച്ചു സമയം പോയതറിഞ്ഞില്ല. പിന്നെ ഞാന്‍ പതുക്കെ അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി. ..ചിത്ര ശലഭങ്ങളുടെ താഴ്വരയില്‍ ..അവിടെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന ഒരു വെള്ള ച്ചാട്ടം കാണാന്‍..
ബട്ടര്‍ ഫ്ലൈ ഫാള്‍സ് എന്ന ആ സ്ഥലത്തേയ്ക്കുള്ള യാത്ര കുറച്ചു കഠിനം ആയിരുന്നു. കൊടും കാടിലൂടെ, വഴുക്കന്‍ പാറകളില്‍ ചവുട്ടി, മര വള്ളികളില്‍ തൂങ്ങി ഒക്കെയാണ് , നിരപ്പില്‍ നിന്നും ഏകദേശം അന്‍പതോളം മീറ്റര്‍ താഴെ ഇറങ്ങിയത്. ഇറങ്ങി ചെന്നപ്പോള്‍ , യാത്രയുടെ കാഠിന്യം ഒക്കെ മറന്നു. ആ വെള്ളച്ചാ ട്ടത്തിന്റെയും, അതിന്റെ ചുറ്റുമുള്ള പ്രകിതി ഭംഗിയും ഞാന്‍ എഴുതുന്നില്ല...പകരം..എന്‍റെ ക്യാമറയില്‍ പകര്‍ത്തിയചിത്രങ്ങളിലൂടെ പറയാം ശ്രമിക്കാം.
ഒരു പ്രൈവറ്റ് റിസോര്‍ട്ടില്‍ പോയി താമസിക്കുന്ന പ്രതീതി എനിക്ക് തോന്നി. കാരണം അത്രയ്ക്ക് മനോഹരമായ ആ സ്ഥലത്ത് ഞാനും, ഡ്രൈവറും, പിന്നെ ഖാസി സുഹൃത്തും മാത്രം. നീന്തല്‍ അറിയാമായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം തോന്നിപ്പോയി. വെള്ളം കുത്തനെ വന്നു പതിക്കുന്ന ചെറിയ തടാകം കുളിച്ചു രസിക്കാന്‍ പറ്റിയ സ്ഥലം ആണ്.
എന്‍റെ മനസ്സിലുള്ള ചെറിയ കുട്ടിയെ ഞാന്‍ പതിയെ പുറത്തു വരാന്‍ അനുവദിച്ചു. വെള്ളത്തില്‍ കല്ലെറിഞ്ഞു കളിക്കുകയും, കാലിട്ടടിച്ച് വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കി രസിക്കുകയും, മുളംകമ്പുകള്‍ കൊണ്ട് വെള്ളം അടിച്ചു തെറിപ്പിച്ചു കളിച്ചും, വെള്ളത്തിലുള്ള കുഞ്ഞു മീന്‍ കൂട്ടങ്ങളെ നദിയിലൂടെ പിന്‍ തുടര്‍ന്നും , ഉറക്കെ പാടുകള്‍ പാടിയും ഖാസി സുഹൃത്ത് മീന്‍ പിടിക്കുന്നത് കണ്ടും ഒക്കെ ഞാന്‍ സമയം ചെലവഴിച്ചു. സമയം അങ്ങനെ പറന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും എന്‍റെ ഖാസി സുഹൃത്ത് ആ നദിക്കരയില്‍ തന്നെ അടുപ്പ് കൂട്ടി പുലാവും ചിക്കനും വെച്ചു. അടുത്ത് നിന്നെങ്ങോ കുറച്ചു വാഴയില സംഘടിപ്പിച്ച് അയാള്‍ എനിക്ക് ഊണ് തയ്യാറാക്കി. വെള്ളം കുടിക്കാനോ...മുള കൊണ്ടുണ്ടാക്കിയ ഗ്ലാസും ..ഇനിയെന്ത് വേണം.. പ്രകൃതിയുടെ മടിത്തട്ടില്‍ മനം നിറഞ്ഞു ചിലവഴിച്ച ഒരു ദിവസം . അങ്ങനെ പറയുന്നതാവും ശരി.
അവിടുന്ന് വൈകിട്ട് തിരികെ ഗ്രാമത്തില്‍ വന്നപ്പോള്‍, ആ ഗ്രാമത്തിനെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി. അവിടെത്തെ ഓരോ ആളുകളും അവരുടെ ഗ്രാമത്തെ വൃത്തിയാക്കി സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ചവറുകള്‍ ഒന്നും റോഡില്‍ ഇടാതെ, ഓരോ മൂലകളിലും വെച്ചിട്ടുള്ള കുട്ടകളില്‍ ആണ് അവര്‍ അതൊക്കെ ഇടാറുള്ളത്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും അങ്ങനെയാണ് ശീലിക്കുന്നത്. പൂക്കളും ചെടികളും മരങ്ങളും ഒക്കെ ആവശ്യത്തിലേറെ. അതിനെയൊക്കെ വളരെയധികം പരിപാലിക്കുകയും ചെയ്യുന്നുണ്ട് അവര്‍ .
ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞു , ബാംഗ്ലൂരിലെ തിരക്ക് നിറഞ്ഞ താമസ സ്ഥലത്തേയ്ക്ക് വന്നെങ്കിലും, ഇപ്പോഴും കണ്മുന്‍പില്‍ ചിത്ര ശലഭങ്ങളുടെ താഴ്വരയും, ജീവനുള്ള പാലവും, ചുറ്റും ഉള്ള ഹരിത ഭംഗിയും, ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.
വീണ്ടും ഒരിക്കല്‍ ഞാന്‍ അവിടെ പോകും..പ്രകൃതിയുടെ മടിത്തട്ടില്‍ അലിയാന്‍ ... എന്നെന്നറിയില്ല. ..എന്നെങ്കിലും ഒരിക്കല്‍ .
ജീവിതം തീരും മുപേ കാണണം എന്ന് കരുതുന്ന സ്ഥലങ്ങള്‍ ഇനിയെത്ര കിടക്കുന്നു...
ജോസ്
ബാംഗ്ലൂര്‍
3- നവംബര്‍ -2011
ലേബലുകള്‍:
യാത്രാവിവരണം
2011, നവംബർ 1
കാ ലികായിയുടെ ചാട്ടം ....
എത്ര മനോഹരം അല്ലേ ഈ വെള്ളച്ചാട്ടം !. മഴ നന്നേ കുറഞ്ഞ സമയത്ത് എടുത്ത ചിത്രം ആണിത്. മഴക്കാലം ആയിരുന്നെങ്കില്‍ ഇതിന്റെ മനോഹാരിത ഇതിലും കൂടുതല്‍ ആയിരുന്നേനെ. ഇത് മേഘാലയയിലെ 'സോഹ്ര' അഥവാ 'ചിറാപുഞ്ചി' എന്ന സ്ഥലത്തെ 'നൊഹ് കാ ലികായ് ' എന്ന വെള്ളച്ചാട്ടം ആണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു ചിറാപുഞ്ചി. ഇപ്പോള്‍ പക്ഷെ മൂന്നാല് വര്‍ഷങ്ങളായി ചിറാപുഞ്ചി വരളുകയാണ്. വെള്ളച്ചാട്ടങ്ങള്‍ ഒക്കെ പഴയ പ്രതാപത്തിന്റെ നിഴലുകള്‍ മാത്രം.
നൊഹ് കാ ലികായുടെ മനോഹാരിതയ്ക്ക് പിന്നില്‍ നൊമ്പരം ഉളവാക്കുന്ന ഒരു കഥയുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വിധം നൊമ്പരം അനുഭവിച്ച ഒരു അമ്മയുടെ കഥ . മേഘാലയയിലെ ഖാസി മല നിരകള്‍ പറഞ്ഞ കഥ ഇപ്രകാരം.
കാ ലികായ് എന്ന ഒരു യുവതിയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അവര്‍ പിന്നീടും ഒരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭര്‍ത്താവിനു ആ മകളെ വെറുപ്പായിരുന്നു. അയാള്‍ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു.
ഒരു ദിവസം, വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ലികായ് വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും അത്ഭുതപ്പെട്ടു. പതിവിനു വിപരീതമായി ഭര്‍ത്താവ് ഭക്ഷണം ഒക്കെ പാകം ചെയ്തിരിക്കുന്നു. മാത്രമല്ല, ലികായ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. ലികായ് അത് സന്തോഷത്തോടെ കഴിക്കുകയും ചെയ്തു.
കുറെ നേരമായിട്ടും മകളെ കാണാത്തപ്പോള്‍ ലികായ് ഭര്‍ത്താവിനോട് മകളെ പറ്റി ചോദിച്ചു. ഒഴുക്കന്‍ മട്ടില്‍ ഭര്‍ത്താവ് മറുപടി പറഞ്ഞു. പിന്നീട് വീട്ടിനകത്ത് വെച്ചിരുന്ന ഒരു കുട്ടയില്‍ നിന്നും മകളുടെ ചോര നിറഞ്ഞ ഒരു വിരല്‍ തുമ്പു കിട്ടിയപ്പോള്‍ ലികായ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. മകളെയാണ് ഭര്‍ത്താവ് കൊന്നു ഭക്ഷിച്ചത് എന്നും, അതിന്റെ പങ്കാണ് താനും കഴിച്ചത് എന്നും മനസ്സിലായതോടെ സമനില തെറ്റിയ കാ ലികായ് അടുത്തുള്ള ഒരു പാറപ്പുറത്ത് നിന്നും താഴേക്കു ചാടി ആത്മ ഹത്യ ചെയ്തു. അന്ന് മുതല്‍ ആ സ്ഥലം കാ ലികായിയുടെ ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്നു ( ഖാസി ഭാഷയില്‍ അതിനെ നൊഹ് കാ ലികായ് എന്ന് പറയുന്നു).
കഥ അറിഞ്ഞപ്പോള്‍ മുതല്‍ ആ സ്ഥലത്തോട് ഒരു അടുപ്പം തോന്നി. കഴിഞ്ഞ ആഴ്ച ഞാന്‍ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ വരെ ഒന്ന് പോയി നോക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊരു മണ്ടത്തരം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി. നിരപ്പില്‍ നിന്നും ഏകദേശം 350 മീറ്റര്‍ താഴെ എത്താനുള്ള വഴി വളരെ ദുര്‍ഘടം ആയിരുന്നു. തിങ്ങി നിറഞ്ഞ കാടിന്റെ ഇടയിലൂടെ , വള്ളികളില്‍ പിടിച്ചു ചാടിയും, വഴുക്കന്‍ പാറകളില്‍ ചറുകി ഇറങ്ങിയും ഒക്കെയാണ് ഞാന്‍ താഴേക്കു പോകാന്‍ ഒരു ശ്രമം നടത്തിയത്. കുത്തനെ ഉള്ള ഇറക്കം ഒരു മണിക്കൂറോളം ഇറങ്ങിയ ശേഷം, മനസ്സിലായി, മുന്‍പോട്ടു പോയാല്‍ അന്ന് ഇരുട്ടും മുന്‍പേ തിരികെ കയറി വരാന്‍ ആവില്ല എന്ന്. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു.
പിന്നെ തിരികെ കയറാന്‍ തുടങ്ങി. അപ്പോഴല്ലേ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസ്സിലാവുന്നത്. മല കയറ്റം പരിശീലിക്കാതെ , പത്തിരുന്നൂറ് മീറ്റര്‍ കുത്തനെയുള്ള കയറ്റം കയറാന്‍ നോക്കിയതിനെ മണ്ടത്തരം എന്നോ ആന മണ്ടത്തരം എന്നോ പറഞ്ഞാലും പോര. കുരച്ചും, കിതച്ചും, പാറകളില്‍ അള്ളിപ്പിടിച്ചു കയറിയും, ഓരോ അഞ്ചു മിനുട്ടുകള്‍ കഴിയുമ്പോള്‍ ഇരുന്നും, ഒക്കെ എങ്ങനെയോ തിരികെ മുകളില്‍ എത്തി.
മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം, കിതപ്പോക്കെ മാറ്റി വിശ്രമിക്കുമ്പോള്‍ ഞാന്‍ വീണ്ടും ആ വെള്ളച്ചാട്ടത്തിലേക്ക് നോക്കി ... മനം നൊന്തു ഓടി വരുന്ന ലികായിയെ ഞാന്‍ എന്‍റെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു.
ലികായിയുടെ നൊമ്പരം അവിടത്തെ കാറ്റിനും ഉണ്ടെന്നു ഒരു നിമിഷം തോന്നിപ്പോയി.
ജോസ്
(സോഹ്ര , 29 ഒക്ടോബര്‍ , 2011 )
ലേബലുകള്‍:
യാത്രാവിവരണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)