2011, ഏപ്രിൽ 15
ഫ്രം നെഹ്റു പ്ലയ്സ് ടു കൊണാട്ട് പ്ലയ്സ് ....
വര്‍ഷം 1999. സ്ഥലം തലസ്ഥാന നഗരമായ ന്യു ഡല്‍ഹി. റൂര്‍ക്കി യുണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷം, ഒന്നര മാസത്തോളം ഡല്‍ഹിയില്‍ ജോലി തേടി അലഞ്ഞു. ചില സീനിയര്‍ സുഹൃത്തുക്കളുടെ കൂടെ ആയിരുന്നു അപ്പോള്‍ താമസം.
ജോലി തേടി വാതിലുകള്‍ മുട്ടിയപ്പോള്‍ ചിലര്‍ പറഞ്ഞു...'വിളിക്കാതെ എന്തിനാ ഇങ്ങോട്ട് വന്നേ' .. ചിലര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..'ഇപ്പോള്‍ അവസരങ്ങള്‍ ഒന്നും ഇല്ലല്ലോ അനിയാ..വരുമ്പോള്‍ ഞങ്ങള്‍ അറിയിക്കാം ' .. ചിലര്‍ ഇന്റെര്‍വ്യു ചെയ്തു കരച്ചിലിന്റെ വക്കോളം എത്തിച്ചു.. അവസാനം ദൈവം കനിഞ്ഞു..പ്രതീക്ഷിച്ചതിലും നല്ല ജോലി ആണ് കിട്ടിയത് .. ഒരു ഫ്രഞ്ച് കമ്പനി ആയ ഷ്ലംബര്‍ജേര്‍ ആണ് എനിക്ക് ജിയോളജിസ്റ്റ് ആയി ജോലി നല്‍കിയത് . അങ്ങനെ അവിടെ നിന്നാണ് ജീവിതത്തിന്റെ ഒരു പുതിയ ഭാഗം തുടങ്ങുന്നത് ..
കമ്പനിയുടെ ഓഫിസ് ന്യു ഡല്‍ഹിയിലെ കൊണാട്ട് പ്ലയ്സ് എന്ന സ്ഥലത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന പുഷ്പ വിഹാര്‍ എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ ബസ് യാത്ര ഉണ്ടാവും കൊണാട്ട് പ്ലയ്സില്‍ എത്താന്‍. പുഷ്പ വിഹാറില്‍ ഒരു രണ്ടു ബെഡ് റൂം ഉള്ള കൊച്ചൊരു ഫ്ലാറ്റിലെ പേയിംഗ് ഗസ്റ്റ് ആയാണ് ഞാന്‍ താമസിച്ചിരുന്നത്. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ഡ്രൈവര്‍ ചേട്ടന്, അയാളുടെ വീടിന്റെ ഹാളില്‍ ഒരു കട്ടിലും ഇട്ട്, എന്നോട് താമസിച്ചോളാന്‍ പറഞ്ഞു. ചേട്ടനും വാടക ഇനത്തില്‍ കുറച്ചു പൈസ കിട്ടും ( എണ്ണൂര്‍ രൂപ ആയിരുന്നു ഞാന്‍ കൊടുത്ത വാടക എന്നാണ് എന്റെ ഓര്‍മ്മ) , എനിക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ പറ്റും. രണ്ടു പേരും ഖുശി ഖുശി..
രാത്രി ഭക്ഷണം അവരുടെ കൂടെ. ഉച്ചയ്ക്ക് ഓഫീസില്‍ നിന്നും ടിഫിന്‍ വാങ്ങി കഴിക്കും. രാവിലെ ഒന്നും കഴിക്കാറില്ല. രാവിലെയും ഓഫീസില്‍ നിന്നും ഭക്ഷണം കിട്ടും എന്ന് കള്ളം പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുക. എന്തോ രാവിലത്തെ ഭക്ഷണത്തിനും കൂടെ ഡ്രൈവര്‍ ചേട്ടനെ ബുദ്ധിമുട്ടിക്കാനുള്ള വിഷമമോ..അറിയില്ല... അവിടുന്ന് ഒരു നേരം മാത്രമേ ഞാന്‍ ആഹാരം കഴിചിരുന്നുള്ളൂ. . ബ്രേക്ക് ഫാസ്റ്റ് ഇല്ലാതെ , ഉച്ച ഭക്ഷണംആവും ദിവസത്തില്‍ ആദ്യം വയറ്റിലോട്ടു ചെല്ലുന്നത്.
പുഷ്പ വിഹാറില്‍ നിന്നും കൊണാട്ട് പ്ലയ്സ് വരെ പോകാന്‍ ഇഷ്ടം പോലെ ബസ്സുണ്ട്. എല്ലാത്തിലും മുടിഞ്ഞ തിരക്ക് ആയിരിക്കും . പത്തു രൂപ ചാര്‍ജില്‍ , അത് വരെ പോകുന്ന കുറെ സെമി ഡീലക്സ് ബസ്സുകള്‍ രാവിലെ ഉണ്ട്. .. അതിലാവും എന്റെ യാത്ര.
'കൊണാട്ട് പ്ലയ്സ്..കൊണാട്ട് പ്ലയ്സ്.. ആരെങ്കിലും ഉണ്ടോ..കൊണാട്ട് പ്ലയ്സ്'... ഇങ്ങനെ വിളിച്ചുകൊണ്ടാവും ആ ബസ്സുകള്‍ സ്ടോപ്പിലെക്ക് വരുക. അതിലും ഉണ്ടാവും സൂചി ഇടാന്‍ സ്ഥലം ഇല്ലാത്ത രീതിയിലെ തിരക്ക്.
ഇരുപതു രൂപയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബസ് യാത്ര നടക്കും. പിന്നെ ഓഫീസില്‍ ഉച്ച സമയത്ത് ടിഫിന്‍ വരും..അതിനു ഇരുപതു രൂപ ആയിരുന്നു വില. അങ്ങനെ നാല്പതു രൂപയില്‍ ദിവസത്തെ കാര്യം നടക്കുമായിരുന്നു.
രൂപയുടെ കണക്കു എണ്ണി എണ്ണി പറയാന്‍ കാര്യമുണ്ട് കേട്ടോ. പഠിച്ചിറങ്ങി, ജോലി തേടി അലഞ്ഞിട്ട്, ഒരിടത്ത് കയറിപ്പറ്റിയതെ ഉള്ളൂ. ശമ്പളം ഒന്നും കിട്ടിതുടങ്ങിയില്ലായിരുന്നു. വീട്ടില്‍ നിന്നും കൊണ്ട് വന്ന പൈസ ഒട്ടുമുക്കാലും തീര്‍ന്നു. ശമ്പളം കിട്ടും വരെ റേഷന്‍ വച്ച് പോയാലെ രക്ഷയുള്ളൂ എന്നറിയാം. അതുകൊണ്ട്.. ദിവസം അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ എന്ന രീതിയില്‍ ഒരു നൂറോ നൂറ്റമ്പതോ രൂപ പഴ്സില്‍ വച്ചുകൊണ്ടാവും എന്റെ ഓഫിസ് യാത്ര. ബാക്കിയുള്ള പൈസ വീട്ടിലുള്ള പെട്ടിയില്‍ ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു.
പുതിയ ജീവിതം തുടങ്ങിയിട്ട് ഏകദേശം ഒരു രണ്ടാഴ്ച ആയിക്കാണും. അപ്പോള്‍ നടന്ന ഒരു സംഭവം ആണ് ഞാന്‍ ഇവിടെ എഴുതുന്നത്. ഓഫീസില്‍ ഒക്കെയും നല്ല സീനിയര്‍ ആയ ആളുകള്‍ ആണ് ഉണ്ടായിരുന്നത്. .എന്റെ പ്രായത്തിലെ ആരും ഇല്ല. ജൂനിയര്‍ ആയിട്ട് ഞാന്‍ മാത്രം. അത് കൊണ്ട് ഒരു ചെറിയ ഭയവും ഉണ്ടായിരുന്നു. അധികം സൌഹൃദങ്ങളും അവിടെ ഉണ്ടായിരുന്നില്ല. മനസ്സ് തുറന്നു സംസാരിക്കാന്‍ ആരെങ്കിലും വേണ്ടേ.
രാവിലെ തന്നെ പുഷ്പ വിഹാര്‍ ബസ് സ്ടോപ്പിലേക്ക് ഞാന്‍ നടന്നു. മനസ്സില്‍ ചിന്തകളും സ്വപ്നങ്ങളുടെ വേലിയേറ്റവും ആണ്. ലോണെടുത്ത് വീട് വയ്ക്കുന്നതും, കടങ്ങള്‍ വീട്ടുന്നതും, മനസ്സില്‍ ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുന്നതും ..അങ്ങനെ ഒരു ശരാശരി ചെറുപ്പക്കാരന്റെ കുറെ ചിന്തകള്‍ . കുറച്ചു നേരത്തിനു ശേഷം പതിവ് ബസ് വന്നു. യാന്ത്രികമായി ഞാന്‍ അതിലേക്കു കയറി. പഴ്സില്‍ നിന്നും പത്തു രൂപയെടുത്ത് ടിക്കറ്റ് എടുത്തു. പിന്നെ അതിലെ തിരക്കിനിടയില്‍ നിന്നുകൊണ്ട് സ്വപ്നം കാണല്‍ തുടര്‍ന്നു.
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു , ഞാന്‍ ഒന്ന് പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത സ്ഥലങ്ങള്‍ കണ്ടു. സാധാരണ പോകാറുള്ള വഴികളെ അല്ല. ബസ് റൂട്ട് മാറി എന്തിനാ പോകുന്നെ? കുറച്ചു നേരം കൂടി നോക്കിയിട്ടും, പരിചയമുള്ള റോഡുകളില്‍ ഒന്നും കയറുന്നില്ല. എനിക്കാകെ പരിഭ്രമം ആയി. ഞാന്‍ അടുത്തിരുന്ന ആളിനോട് ചോദിച്ചു..
'മാഷേ.. ഇത് കൊണാട്ട് പ്ലയ്സില്‍ പോകില്ലേ? '
'അനിയാ. ഇത് നെഹ്റു പ്ലയ്സ് വഴി ഒഘ്ലയില്‍ പോകുന്ന ബസ്സാണല്ലോ. നെഹ്റു പ്ലയ്സും കഴിഞ്ഞു. കൊണാട്ട് പ്ലയ്സില്‍ പോകാന്‍ നെഹ്റു പ്ലയ്സില്‍ നിന്നും വേറെ ബസ് പിടിക്കണം. '
പറ്റിയ അബദ്ധം മനസ്സിലാക്കാന്‍ വീണ്ടും കുറച്ചു സമയം എടുത്തു. ബസ് സ്റ്റോപ്പില്‍ സ്വപ്നം കണ്ടു നിന്ന സമയത്ത്, ബസ്സുകാരന് 'നെഹ്റു പ്ലയ്സ്... നെഹ്റു പ്ലയ്സ്' എന്നാവും വിളിച്ചത്... ഞാന്‍ കേട്ടതോ 'കൊണാട്ട് പ്ലയ്സ്' എന്നും. അബദ്ധം പറ്റാന്‍ ഇനി എന്ത് വേണം.
ബസില്‍ നിന്നും ഇറങ്ങി ഞാന്‍ ആദ്യം നോക്കിയത് വാച്ചിലെക്കാണ് . ഓഫീസില്‍ ചെല്ലേണ്ട സമയം ആകാറാവുന്നു. സാധാരണ ഞാന്‍ ഒന്‍പതു മണിക്ക് മുന്‍പേ തന്നെ എത്തും . അത് കഴിഞ്ഞാണ് ബോസ്സും മറ്റും എത്തുക.
'കര്‍ത്താവേ കുഴഞ്ഞല്ലോ.. ഇന്ന് നേരത്തിനു ഓഫീസില്‍ എത്താന്‍ പറ്റില്ല. ജോലിക്ക് കേറിയിട്ടു ദിവസങ്ങള്‍ തികയും മുന്‍പേ താമസിച്ചു വരുന്ന ശീലം തുടങ്ങിയാല്‍ എന്താവും? ബോസ്സ് അറിഞ്ഞാല്‍ എന്ത് വിചാരിക്കും.. ഇങ്ങനെ ഒരായിരം ചിന്തകള്‍ മനസ്സില്‍ കൂടി പോയി.
നെഹ്റു പ്ലയ്സില്‍ കുറെ നേരം ബസ് സ്റ്റോപ്പില്‍ നിന്നെങ്കിലും ഒരു ബസ്സും വന്നില്ല. സമയം ഒന്‍പതു കഴിയുകയും ചെയ്തു. ഇനി ആട്ടോ വല്ലതും പിടിച്ചു പോയാലെ നടക്കൂ. ആദ്യം ഞാന്‍ പഴ്സ് തുറന്നു നോക്കി. കൃത്യം നൂറു രൂപ ഉണ്ട്. ഉടനെ ഞാന്‍ ഒരു ആട്ടോ കൈ കാണിച്ചു നിര്‍ത്തി.
' മാഷേ.. കൊണാട്ട് പ്ലയ്സ് വരെ പോകാന്‍ എത്ര ആവും?
' സാറേ..അത് മീറ്റര്‍ അനുസരിച്ചാണ്. അതില്‍ കാണുന്നത് തരണം'
' എന്നാലും ഏകദേശം എത്ര ആവും എന്ന് പറയാമോ? '
'ഒരു എഴുപതു..എണ്‍പത് ആവും '
പിന്നെ ഒന്നും ആലോചിച്ചില്ല. അവനോടു കൊണാട്ട് പ്ലയ്സിലേക്ക് വിടാന്‍ പറഞ്ഞു. ട്രാഫിക് തിരക്കിനിടയില്‍ പെട്ട് ആട്ടോ മുന്നോട്ടു പോകുമ്പൊള്‍ , ഞാന്‍ വാച്ചിലേക്കും പിന്നെ ആട്ടോയുടെ മീറ്റരിലെക്കും നോക്കും. മീറ്ററിലെ റീഡിംഗ് അമ്പതു കഴിഞ്ഞപ്പോള്‍ എന്റെ ആധികൂടി. കൊണാട്ട് പ്ലയ്സ് ഒട്ടു ആവുന്നും ഇല്ല. അത് കൂടി കൂടി എണ്‍പത്തി അഞ്ചു ആയപ്പോള്‍ ഞാന്‍ പറഞ്ഞു..
'മാഷേ..ഇവിടെ നിര്‍ത്തിക്കോ.. '
'സാറേ.. കൊണാട്ട് പ്ലയ്സ് അടുത്ത സ്ടോപ്പാണ് . അവിടെ വരെ പോകണ്ടേ? '
'വേണ്ട..ഇവിടെ നിര്‍ത്തിയാല്‍ മതി '
അവസാനം തൊണ്ണൂറു രൂപ എണ്ണിക്കൊടുത്ത ശേഷം ഞാന്‍ ബാഗും തൂക്കി ഓടാന്‍ തുടങ്ങി. ബാക്കിയുള്ള കുറച്ചു ദൂരം അങ്ങനെ ഓടി, കിതച്ചുകൊണ്ട് ഓഫീസില്‍ എത്തി..ചെന്ന് കയറിയതും, ബോസ്സിന്റെ മുന്പില് തന്നെ. ഫയറിംഗ് പ്രതീക്ഷിച്ചു നിന്ന എന്നോട് സ്നേഹപൂര്‍വ്വം ബോസ്സ് ചോദിച്ചു..
'ജോസ്. ...എന്തുണ്ട് വിശേഷം... എല്ലാം ഓക്കേ ആണല്ലോ അല്ലെ? '
പേടിച്ചു നിന്ന എന്റെ മനസ്സില്‍ ഒരു കുളിര് മഴ പയ്തു. പിന്നെ സീറ്റില്‍ വന്നിരുന്നു കുറെ കഴിഞ്ഞാണ് കിതപ്പൊക്കെ മാറി ജോലി ചെയ്യാന്‍ തുടങ്ങിയത്. ഏകദേശം പന്ത്രണ്ടു മണി ആയപ്പോള്‍ , സഹപ്രവര്‍ത്തകനായ ശ്രീധര്‍ പറഞ്ഞു..
'ജോസ്.. ടിഫിന്‍ വന്നിട്ടുണ്ട്... വാങ്ങുന്നില്ലേ? '
അപ്പോഴാണ് കയ്യില്‍ കാശ് തീര്‍ന്നല്ലോ എന്ന കാര്യം ഓര്‍ത്തത്. ഉണ്ടായിരുന്നത് മൊത്തം ആട്ടോക്കാരന് കൊടുത്തു. ബാക്കി ഉള്ള പത്തു രൂപ കൊണ്ട് തിരികെ വീട് പറ്റണം. ചുരുക്കിപ്പറഞ്ഞാല്‍ ഉച്ചഭക്ഷണം ഇല്ല..അത്ര തന്നെ. ഞാന്‍ ശ്രീധരിനോട് കള്ളം പറഞ്ഞു..
' എനിക്ക് വയറിനു നല്ല സുഖം ഇല്ല ശ്രീധര്‍ ...ഞാന്‍ ഇന്ന് കഴിക്കുന്നില്ല. വൈകിട്ട് കഴിച്ചോളാം.
സത്യം പറഞ്ഞാല്‍.. വയറില്‍ ആനയെ തിന്നാന്‍ പറ്റും വിധം വിശപ്പുണ്ടായിരുന്നു. രാവിലെയും കഴിച്ചില്ല. തല്കാലം കാശ് കടം വാങ്ങാന്‍ വേണ്ടത്ര പരിചയം ഓഫീസില്‍ ആരോടും ഇല്ല. ശ്രീധരിനോട് ചോദിക്കാമായിരുന്നു. പക്ഷെ വന്നു കയറിയ ഉടന്‍ തന്നെ ഇവന് കടം മേടിച്ചു തുടങ്ങിയോ എന്ന് വല്ലതും അയാള്‍ വിചാരിച്ചാലോ എന്ന് കരുതി ചോദിച്ചില്ല. പിന്നെ ഇങ്ങനെ അല്ലെ ചെയ്യാന്‍ പറ്റൂ. വിശപ്പ് കടിച്ചു പിടിച്ചു ഓഫീസില്‍ നിന്നു.
വൈകിട്ട് ബസ്സില്‍ കയറി ടിക്കറ്റ് എടുത്തു നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. എക്സിക്യുടിവ് സ്റ്റൈലില്‍ കുട്ടപ്പനായി നില്ക്കുന്ന എന്റെ കയ്യില്‍ എടുക്കാന്‍ ഒരു രൂപ പോലും ഇല്ല. ആരെങ്കിലും എന്നെ കണ്ടാല്‍ അങ്ങനെ പറയുമോ. ഇത് പോലെ വെറും പുറം മോടിയില്‍ നടക്കുന്ന ആയിരങ്ങള്‍ ഈ നഗരിയില്‍ കാണില്ലേ? പുറം പൂച്ചില്‍ ഒരു കാര്യവും ഇല്ല എന്ന കാര്യം സത്യമല്ലേ ...
വല്ല വിധേനയും വൈകിട്ട് വീട്ടില്‍ എത്തി. പിന്നെ പെട്ടിയില്‍ നിന്നും റേഷന്‍ പോലെ കുറച്ചു രൂപ എടുത്തു. ഒരു കൂട്ടുകാരനെ കാണണം എന്ന് ഡ്രൈവര്‍ ചേട്ടനോട് പറഞ്ഞിട്ട്,ഞാന്‍ നേരെ പുഷ്പ വിഹാറില്‍ ഉണ്ടായിരുന്ന ഒരു മലയാളി ഹോട്ടലില്‍ കയറി. എന്നിട്ട് അവിടത്തെ മലയാളി ചേട്ടനോട് ചോദിച്ചു.
'ചേട്ടാ ...കഴിക്കാന്‍ എന്തുണ്ട്?'
' സാറെ... രാത്രിയിലെക്കുള്ളത് ഒന്നും ആയിട്ടില്ല. അപ്പോം മുട്ടക്കറിയും ഉണ്ട് . എടുക്കട്ടെ.'
'എന്തായാലും കുഴപ്പം ഇല്ല ചേട്ടാ. എടുത്തോ '
അങ്ങനെ അപ്പവുംമുട്ടക്കറിയും ആര്‍ത്തിയോടെ അകത്താക്കി.. ഹോ എന്തൊരു വിശപ്പായിരുന്നു..എന്തൊരു ആശ്വാസം കഴിച്ചു കഴിഞ്ഞപ്പോള്‍ . വിശപ്പിന്റെ വിളി അറിഞ്ഞ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പണ്ടൊക്കെ വീട്ടില്‍ വച്ച് അമ്മച്ചി കഴിക്കാന്‍ വേണ്ടു പുറകിനു നടന്നു വിളിക്കും. നേരത്തിനു ഭക്ഷണം തരാന്‍ ആളുള്ളപ്പോള്‍ അതിന്റെ വില അറിയാറില്ല. ഈ വക കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ ഓടിയെത്തിയ ദിവസം ആയിരുന്നു അന്ന് .
കയ്യില്‍ കാശ് ഇല്ലാതിരുന്ന അവസ്ഥ പിന്നെയും രണ്ടു മൂന്നു തവണ വന്നിടുണ്ട്. പക്ഷെ മേല്പറഞ്ഞ അനുഭവം ഇപ്പോഴും മനസ്സില്‍ തങ്ങി നില്ക്കുന്നു. അതോര്‍ക്കുമ്പോള്‍ ഒക്കെയും, ഞാന്‍ എന്റെ സുഹൃത്തായ ദൈവം തമ്പുരാന് നന്ദി പറയും... വിശപ്പിന്റെ വിളി എന്താണെന്ന് അറിയിച്ചതിനു.. ഒരു നേരത്തെ ഭക്ഷണത്തിന് മുട്ട് വരുത്താതെ ജീവിക്കാന്‍ സഹായിക്കുന്നതിനു.
ജോസ്
ബാംഗ്ലൂര്‍
16- ഏപ്രില്‍ - 2011
(ചിത്രത്തിന് കടപ്പാട്..ഗൂഗിള്‍ )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
കയ്യില്‍ ഒരു രൂപ പോലുമില്ലാതെ ചില ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ട് ഞാന്‍. ഇത് വായിച്ചപോള്‍ അത്തരം ദിവസങ്ങള്‍ ഓര്‍ത്ത് പോവുന്നു.
ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാത്തസാധാരണക്കാര് ഉണ്ടാവില്ല ..ഈ കഷ്ടപ്പാടുകള്‍ വച്ച് നീട്ടുന്ന കൈപ്പേറിയ അനുഭവങ്ങളാണ് പിന്നീടുള്ള ജീവിതത്തിന്റെ കരുത്തും ഗതിയും നിര്‍ണയിക്കുന്നത് ..വളരെ നന്നായി എഴുതി ...
ഈ ബ്ലോഗില്‍ ഒരു ഫോളോവര്‍ ലിങ്കിന്റെ കുറവുണ്ട് ,,ഗൂഗിള്‍ ഫ്രണ്ട് കണക്റ്റ് വഴി എളുപ്പത്തില്‍ ശരിയാക്കാവുന്നതെ ഉള്ളൂ ..ഒന്ന് ശ്രമിക്ക്...വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്
www.marubhoomikalil.blogspot.com
ബ്ലോഗിന്റെ പേര് ഇരിപ്പിടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ