നാലഞ്ചു ദിവസം മുന്‍പേ പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയും ശ്മശാനങ്ങള്‍ ഉണ്ടത്രേ. വെറുതെ കുപ്പത്തൊട്ടിയിലും മറ്റും ചീഞ്ഞഴുകാന്‍ കൊണ്ടിടാതെ അവയെയും മാന്യമായി അന്ത്യ വിശ്രമം കൊള്ളാന്‍ അനുവദിച്ചുകൊണ്ട് മൃഗ സ്നേഹികളായ ആളുകള്‍ ഒരുക്കിയ സ്ഥലത്തെക്കുറിച്ചായിരുന്നു വാര്‍ത്ത.
ലീന ഇടയ്ക്കിടെ എന്നോട് പറയും ...' അച്ചാച്ചാ നമുക്ക് ഒരു പട്ടിക്കുട്ടിയെ വാങ്ങാം? '. ഞാനായിട്ട് അതിനു സമ്മതിക്കാതെ ഇരിക്കുകയാണ്. എന്തോ...പട്ടിക്കുട്ടികള്‍ വന്നു ദേഹത്ത് നക്കുന്നതും മറ്റും എനിക്ക് സഹിക്കാനെ പറ്റില്ല. എന്നും പറഞ്ഞു എനിക്ക് പട്ടിയെയും പൂച്ചയെയും ഒന്നും ഇഷ്ടമില്ല എന്ന് പറഞ്ഞു കളയരുത്. എനിക്കും ഉണ്ടായിരുന്നു ഒരു വളര്‍ത്തു പൂച്ച...പൂച്ചക്കുട്ടി. ..ഈ പടത്തില്‍ കാണും പോലെ ചാര നിറത്തില്‍ ഉള്ള ഒരു പൂച്ച ക്കുട്ടി.
സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഒരു പെണ്‍ പൂച്ച എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ വീട്ടില്‍ വരുന്നത്. അമ്മച്ചി മീന്‍ കൂട്ടാന്‍ വയ്ക്കാന്‍ നേരം അരിഞ്ഞു കളയുന്ന മീനിന്റെ വാലും മറ്റും തിന്നാന്‍ തെങ്ങിന്‍ കുഴിയുടെ അടുത്ത് പാത്തു വന്നു നിന്ന ആ പൂച്ച പതിയെ വീടിലെ സ്ഥിരം അതിഥി ആയിത്തുടങ്ങി. ഉച്ചയ്ക്ക് മീന്‍ വുക്കുന്ന സമയത്ത് എവിടുന്നെങ്കിലും അത് പ്രത്യക്ഷപ്പെടും. പിന്നെപ്പിന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടില്‍ സ്ഥിരം ആക്കാന്‍ തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ആശാട്ടി, ഉച്ചയൂണും കഴിഞ്ഞു നേരെ ആരോടും ചോദിക്കാതെ അടുക്കള ഭാഗത്തുള്ള എരുത്തിലില്‍ കയറിക്കൂടി.
' ആ പോക്കത്ര പന്തിയല്ലല്ലോ. ഇവിടെ സ്ഥിര താമസം ആക്കാനുള്ള പരിപാടിയാണോ? ' അങ്ങനെ ആത്മഗതം നടത്തിയ ശേഷം അമ്മച്ചി നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയതി..ആശാട്ടി വയറും വീര്‍പ്പിച്ചോണ്ടാണ് എരുത്തിലില്‍ കയറിയിരിക്കുന്നത്. ഏതോ കണ്ടന്‍ പൂച്ച പണി പറ്റിച്ചതാണ്. (പൂച്ചകള്‍ക്കിടയില്‍ പോലീസും, വനിതാ കമ്മീഷനും ഒന്നും ഇല്ലാത്തതിനാല്‍ ആശാട്ടിക്ക് ആരോടും പരാതിയും പറയാന്‍ പറ്റിയില്ല ) .
ആദ്യമൊക്കെ പൂച്ചയെ ഊണ് കഴിഞ്ഞു ഓടിച്ചു വിടാന്‍ അമ്മച്ചി നോക്കുമായിരുന്നു. പക്ഷെ വയറും വീര്‍പ്പിച്ചു വന്നപ്പോള്‍ സ്ത്രീ സഹജമായ ഒരു അനുകമ്പ കാരണം ആവും..അതിനെ ഓടിച്ചില്ല. മിസ് പൂച്ച ആ അവസരം മുതലെടുത്ത് എരുത്തില്‍ ലേബര്‍ റൂം ആക്കി വിശ്രമം തുടങ്ങി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ സ്കൂളില്‍ നിന്നും വന്നപ്പോള്‍ നയന മനോഹരമായ കാഴ്ച കണ്ടു...ശരിക്കും കുട്ടിത്തം തുളുമ്പുന്ന മുഖത്തോടെ നാലഞ്ചു പൂച്ചക്കുഞ്ഞുങ്ങള്‍. ആഹാ ..ഇതു രസമായിരുന്നു അവറ്റകളെ കാണാന്‍. ഓറഞ്ചും ചാരവും, ബ്രൌണും ഒക്കെ നിറങ്ങളില്‍ നാലഞ്ചു കുഞ്ഞുങ്ങള്‍ . അന്ന് മുതല്‍ സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞാന്‍ നേരെ എരുത്തിലിലേയ്ക്ക് ഓടും. ആദ്യമൊക്കെ അമ്മപ്പൂച്ച കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് എന്നെ അടുപ്പിക്കുമായിരുന്നില്ല. അടുത്തോട്ടു ചെന്നാല്‍ ദേഷ്യത്തോടെ ഒരു മുരളല്‍ ഉണ്ടാവും. പിന്നെപ്പിന്നെ ഞാന്‍ കുഴപ്പക്കാരന്‍ അല്ലാ എന്ന് കണ്ടതോടെ, എന്നെ കുഞ്ഞുങ്ങളുടെ അടുത്ത് ചെല്ലാനും അവറ്റകളെ എടുക്കാനും തലോടാനും മറ്റും അമ്മപ്പൂച്ച അനുവദിച്ചു. ആ കുഞ്ഞുങ്ങളെ കാണാനും അവറ്റകളുടെ കളികള്‍ കാണാനും എന്ത് രസം ആയിരുന്നു. എന്ത് തിളക്കം ആയിരുന്നു അവറ്റകളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക്.
ദൈവത്തിന്റെ ഒരു കഴിവ് നോക്കണേ... മനുഷ്യരായാലും, മൃഗങ്ങളായാലും, അതിന്റെയൊക്കെ കുഞ്ഞുങ്ങളെ കാണാന്‍ എന്ത് ഭംഗിയാണ്. അവയുടെ മുഖത്ത് എന്ത് നിഷ്കളങ്കത ആണ്. എല്ലാം വളര്‍ന്നു കഴിയുംപോലല്ലേ സ്വഭാവം മാറുന്നത്.
വീട്ടിലെ പൂച്ചകളുടെ എണ്ണം ഒന്നില്‍ നിന്നും അഞ്ചാറായ തോടെ അമ്മച്ചി അവറ്റകളെ നാട് കടത്താനുള്ള പരിപാടി നോക്കി. വീട്ടില്‍ ചവറുകളും പഴയ സാധനങ്ങളും മറ്റും എടുക്കാന്‍ വരുന്ന ഒരു സ്ത്രീയുടെ കയ്യില്‍ ഒരു ദിവസം അമ്മച്ചി എല്ലാ പൂച്ചക്കുട്ടികളെയും ചാക്കിലാക്കി കൊടുത്തു വിട്ടു. അമ്മപ്പൂച്ച ആഹാരം തേടി പോയ സമയത്താണ് അമ്മച്ചി ആ കടും കൈ ചെയ്തത്. ഞാന്‍ സ്കൂളിലും ആയിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ടു വന്നപ്പോള്‍ ആണ് അമ്മച്ചിയുടെ കടുംകൈ ഞാന്‍ അറിഞ്ഞത്. അന്നേരം വലിയ വായില്‍ ഞാന്‍ കരഞ്ഞത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. കുറച്ചു കഴിയുമ്പോള്‍ ഇവന്റെ ഈ നമ്പറൊക്കെ പൊയ്ക്കോളും എന്നാ മട്ടില്‍ അമ്മച്ചി നിന്നു. പക്ഷെ പിറ്റേന്ന് രാവിലെ ആയപ്പോള്‍ അമ്മപ്പൂച്ച പോയി കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു എരുത്തിലിലെയ്ക്ക് തിരികെ വന്നു. അവള്‍ക്കു തീറെഴുതി കൊടുത്ത സ്ഥലമാണ് എരുത്തില്‍ എന്ന മട്ടില്‍ . എന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല.
സഹി കെട്ട അമ്മച്ചി, ആ സ്ത്രീയോട് പ്രത്യേകം പറഞ്ഞു..ഇനി കൊണ്ട് കളയുമ്പോള്‍ ദൂരെ എവിടെങ്കിലും കൊണ്ട് കളയണം എന്ന്. അവരാണെങ്കില്‍ അമ്മച്ചി പറയുന്നത് അതെ പടി അനുസരിക്കാന്‍ തയ്യാറായി നടന്ന പോലെ. വീണ്ടും ഒരു ദിവസം ഞാന്‍ സ്കൂള്‍വിട്ടു വന്നാപോള്‍ ചേച്ചി പറഞ്ഞു.. പൂച്ചക്കുഞ്ഞുങ്ങളെ വീണ്ടും അമ്മച്ചി ചാക്കിലാക്കി ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു വിട്ടു എന്ന്. അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം അവറ്റകള്‍ പിറ്റേന്ന് തിരികെ വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു . പക്ഷെ അത്തവണ അവറ്റകള്‍ വന്നില്ല.
പക്ഷെ മിസ് പൂച്ച തളര്‍ന്നില്ല. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും വയറും വീര്‍പ്പിച്ചു എരുത്തിലില്‍ വന്നു. ( മൃഗങ്ങള്‍ക്ക് സന്താന നിയന്ത്രണ ത്തിന്റെ ആവശ്യകത യെപ്പറ്റി ഒന്നും അറിയില്ലല്ലോ. പൂച്ചകള്‍ക്കൊക്കെ എന്തും ആകാമല്ലോ ).നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ എരുത്തിലില്‍ വീണ്ടും പൂച്ച ക്കുട്ടികളുടെ കളിയും ചിരിയും മുഴങ്ങി. ഞാന്‍ പഴയ പടി സ്കൂളില്‍ നിന്നും വന്ന ഉടന്‍ എരുത്തിലില്‍ പോക്കും തുടങ്ങി. അത്തവണ പിറന്ന കുഞ്ഞുങ്ങളില്‍ ചാര നിറമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. അതിനെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ കൂടെ ചെറിയ റബര്‍ പന്ത് ഉരുട്ടി കളിക്കാനും മറ്റും അതിനു നല്ല ഉത്സാഹം ആയിരുന്നു.
ഒരു ദിവസം രാവിലെ ഞാന്‍ കുളിയൊക്കെ കഴിഞ്ഞു, അടുക്കള ഭാഗത്തുള്ള ബെഞ്ചില്‍ ഇരുന്നു ആഹാരം കഴിക്കുക ആയിരുന്നു. സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ . പെട്ടെന്ന് എരുത്തിലിന്റെ ഭാഗത്ത് നിന്നും ഒരു കടി പിടിയും ഒരു നിലവിളിയും കേട്ട് ഞാന്‍ അവിടെയ്ക്ക് ഓടിപ്പോയി നോക്കി. അമ്മപ്പൂച്ച ഒരു തടിയന്‍ പൂച്ചയെ കടിച്ചു ഓടിക്കുന്ന കാഴ്ച ഞാന്‍ കണ്ടു. അതോടൊപ്പം എരുത്തിലില്‍ കിടന്നു പിടയുന്ന എനിക്ക് പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനെയും. അവിടെയ്ക്ക് വന്ന ആ തടിയന്‍ പൂച്ച കുഞ്ഞിന്റെ കഴുത്തില്‍ നല്ല കടി കടിച്ചിട്ടാണ് ഓടിപ്പോയത്. ഞാന്‍ അതിന്റെ അടുത്ത് ചെന്നപ്പോള്‍ ദയനീയമായി കരഞ്ഞുകൊണ്ട് പിടയുക ആയിരുന്നു ആ പൂച്ചക്കുട്ടി. കഴുത്തില്‍ നല്ല ഒരു മുറിവ്. അതില്‍ നിന്നും ചോര പുറത്തു വന്നിരുന്നു. പിടയ്ക്കുന്ന അതിന്റെ കണ്ണുകള്‍ ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്.
തിരിഞ്ഞു നോക്കിയപ്പോള്‍ റോഡിന്റെ അങ്ങേ വശത്തായി ആ തടിയന്‍ പൂച്ച നില്‍ക്കുന്നത് കണ്ടു. ഒരു നിമിഷം എന്റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞു പൊങ്ങി. കയ്യില്‍ കിട്ടിയ ഒരു വലിയ കല്ലും എടുത്തു ഞാന്‍ റോഡിലേക്ക് ഓടി. എന്റെ വരവ് കണ്ടതോടെ തടിയന്‍ പൂച്ച ഓടി രക്ഷപെടാന്‍ നോക്കി. ഞാന്‍ ദേഷ്യം മുഴുവന്‍ സംഭരിച്ചു അതിന്റെ നേരെ കല്ലെറിഞ്ഞു. റോഡില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നൊന്നും നോക്കിയില്ല. ഏറു പക്ഷെ കൊണ്ടില്ല. തടിയന്‍ പൂച്ച രക്ഷപ്പെട്ടു.
ഞാന്‍ തിരികെ വന്നപ്പോള്‍ , അമ്മപ്പൂച്ച മരിച്ച പൂച്ചക്കുട്ടിയുടെ അടുത്തിരുന്നു കരയുന്നുണ്ടായിരുന്നു. ഞാനും കുറെ കരഞ്ഞു. കുറെ കഴിഞു ചേട്ടന്‍ അടുത്തുള്ള പറമ്പില്‍ കുഴി കുത്തി പൂച്ചക്കുട്ടിയുടെ ദേഹം കുഴിച്ചിട്ടു.അതായിരുന്നു എന്റെ അവസാനത്തെ വളര്‍ത്തു മൃഗം എന്ന് പറയാന്‍ പറ്റുന്ന ഒരു ജീവി. ആദ്യമായി ഒരു ജീവന്‍ പോകുന്നത് ഭയത്തോടെയും, സങ്കടത്തോടെയും കണ്ടതും അന്നാണ്. ( പൂച്ചയാണെങ്കിലും അതും ഒരു ജീവനല്ലേ) . അതിന്റെ കുസ്രിതിത്വം തുളുമ്പുന്ന തിളങ്ങുന്ന കണ്ണുകള്‍ ..മരണ വെപ്രാളം കൊണ്ട് പിടയുമ്പോള്‍ എന്നെ നോക്കിയ നോട്ടം .. ഞാന്‍ ഒരിക്കലും മറക്കില്ല.
ജോസ്
ബാംഗ്ലൂര്‍
22- ഏപ്രില്‍ - 2011
7 അഭിപ്രായങ്ങൾ:
പാവം പൂച്ചക്കുട്ടി... മൃഗങ്ങളെ വളര്‍ത്താന്‍ എനിക്കും ഇഷ്ടല്ല.... പക്ഷെ അതവയോടു ഇഷ്ടമില്ലാത്തത് കൊണ്ടല്ലാട്ടോ...
ഇത് അനുഭവം ആണല്ലോ അല്ലെ? എഴുത്ത് ഇഷ്ടായി...
ചില വളര്‍ത്തു ജീവികള്‍ നമ്മോട് ഇണങ്ങിക്കഴിഞ്ഞാല്‍ പിന്നെ മാറുകയെ ഇല്ല. ഈ പോസ്റ്റിംഗ് എന്നെ ഒരുപാട് ഓര്‍മകളിലേക്ക് കൊണ്ടു പോയി. നന്ദി...
വീട്ടില്‍ വളര്‍ത്തിയിരുന്ന മുയല്‍ കുഞ്ഞുങ്ങളില്‍ ഒന്ന് ചത്തപ്പോള്‍ ഞാന്‍ കരഞ്ഞതൊക്കെ ഓര്‍ത്തു പോയി..
നന്നായിട്ടുണ്ട് കേട്ടോ..
എനിക്കും ഒരു കുഞ്ഞാടുണ്ടായിരുന്നു... മഞ്ചു.
അജ്ഞാതജീവി പിടിച്ചുതിന്നു. ഞാനതൊരു പോസ്ടാക്കിയിട്ടുന്ദ്.
http://shemibest.blogspot.com/2011/01/blog-post_20.html
എല്ലാ വലിയവരിലും കുട്ടിത്തം നിറഞ്ഞ ഒരു മനസുണ്ട് ..ആ മനസാണ് ജോസിനെക്കൊണ്ട് പണ്ടത്തെ ഈ പൂച്ചക്കഥ എഴുതിച്ചത് ..ഒരു കൊച്ചു കുട്ടിയുടെ മനസോടെ എഴുതി ..അതേ മനസോടെ വായിക്കുകയും ചെയ്തു ..ഇഷ്ടപ്പെട്ടു ...
ഫോളോവര്‍ ലിങ്ക് കിട്ടിയല്ലോ :) ഇനി കമന്റു ബോക്സിലെ ഈ വാക്യ പരിശോധന ഒന്ന് മാറ്റാമോ ?
വളരെ ഇഷ്ട്ടപ്പെട്ടു ഈ പോസ്റ്റ് .
ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ,കുറെ പ്രാവുകള്‍ ,മുയലുകള്‍ ,മീന്‍ കുഞ്ഞുങ്ങള്‍ ,,കോഴി കുഞ്ഞുങ്ങള്‍,പിന്നെ മിക്കി,ജിമ്മി (നായ്ക്കുട്ടികള്‍ )....
പൂച്ചക്കുട്ടികളെ ഇഷ്ട്ടമാണ് ,പക്ഷെ വളര്‍ത്തിയിട്ടില്ല .
......ഇപ്പോള്‍ അവരൊന്നും ഇല്ല .
സന്തോഷിപ്പിക്കുന്ന ,അതിലേറെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി .....അവരൊക്കെ പോയി .
ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതെല്ലാം എന്‍റെ ഓര്‍മയില്‍ വന്നു .
വളര്‍ത്തു മൃഗമെന്നു പറയാന്‍ ഇപ്പോള്‍ ടോം (ഒരു നാടന്‍ പട്ടിക്കുട്ടി) ഇവിടെയുണ്ട് .
അവന്‍റെ "കുര" കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നു അടുത്ത വീട്ടിലെ ഇംഗ്ലണ്ട് കാരന്‍ സായിപ്പ് ഇന്നും പരാതി പറഞ്ഞു .
പാവം എന്‍റെ ടോം ......
പ്രിയ ഏപ്രില്‍ ലില്ലി വീണ്ടും എഴുതുക .
ആശംസകള്‍ .
ലിപി, ആസാദ്, ഷമീര്‍ , സുജ, രമേശ് ചേട്ടന്‍ , വില്ലേജ് മാന്‍ ...എല്ലാവര്‍ക്കും നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ