എനിക്കൊരു വല്യമ്മച്ചി ഉണ്ടായിരുന്നു . അപ്പച്ചന്റെ അമ്മ. പുള്ളിക്കാരി, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍ ആയാണ് റിട്ടയര്‍ ആവും വരെ ജോലി നോക്കിയിരുന്നത്. അതുകൊണ്ട് ബന്ധുക്കളില്‍ ചിലര്‍ വല്യമ്മച്ചിയെ 'ജെയിലമ്മച്ചി' എന്ന് വിളിച്ചു. മറ്റു ചിലര്‍ 'പൂജപ്പുര വല്യമ്മച്ചി' എന്ന് വിളിച്ചു. ഇമ്മിണി ബല്യ പേരൊക്കെ വിളിക്കാന്‍ മടിയായാതിനാല്‍ , ഞങ്ങള്‍ വീട്ടില്‍ അതിനെ ചുരുക്കി 'പൂപ്പര അമ്മച്ചി' എന്നാക്കി. അതല്ലേ വിളിക്കാന്‍ എളുപ്പം.
ഞാന്‍ ഹൈ സ്കൂളില്‍ എത്തിയ ശേഷം ആണ് പൂപ്പര അമ്മച്ചി മരിച്ചത്. ഒരു ദിവസം പെട്ടെന്ന് പരാലിസിസ് വന്നു ഒരു വശം തളര്‍ന്നു. . അതില്‍ നിന്നും പിന്നെ മോചിത ആയില്ല. മാസങ്ങള്‍ക്കകം മരണവും ഉണ്ടായി.
ഞാനായിരുന്നു പൂപ്പര അമ്മച്ചിക്ക് കടയില്‍ നിന്നും വെറ്റയും പാക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൊണ്ടു വന്നിരുന്നത്.
'എടാ.. നീ ഇതൊന്നെനിക്ക് ഇടിച്ചു താ.. ' . വെറ്റ ഇടിക്കാനുള്ള പാത്രവും മറ്റും എടുത്തു തന്നിട്ട് പൂപ്പര അമ്മച്ചി എന്നോട് പറയും. എനിക്ക് അത് നല്ല ഇഷ്ടമുള്ള ഒരെര്‍പ്പാടായിരുന്നു.
ഭയങ്കര ജാതി സ്പിരിറ്റ് ഉണ്ടായിരുന്ന കക്ഷിയും കൂടി ആയിരുന്നു ഈ അമ്മച്ചി. ഞാന്‍ കൂടുകാരെ ആരെയെങ്കിലും സ്കൂളില്‍ നിന്നും വീട്ടില്‍ കൊണ്ട് വരുമ്പോള്‍ , അവരെ പരിചയപ്പെട്ടിട്ട്, രഹസ്യമായിട്ടു പൂപ്പര അമ്മച്ചി ആരോടെങ്കിലും ചോദിക്കും..
'എടീ മോളെ.. ആ പയ്യന്‍..നമ്മടെ ആളാന്നോ? ( എന്ന് വച്ചാല്‍... ക്രിസ്ത്യാനി ആണോ എന്ന്. ആണെങ്കില്‍ ആ പയ്യനോട് ഒരേ പ്രത്യേക മമത ആയിരിക്കും )
എണ്‍പത് വയസ്സൊക്കെ കഴിഞ്ഞപ്പോള്‍ ,പ്രായത്തിന്റെതായ അസുഖങ്ങളും വന്നു തുടങ്ങി...കണ്ണിനു കാഴ്ച കുറവ്, കേള്‍വി കുറവ്, അങ്ങനെ പലതും. എന്നാലും പൂപ്പര അമ്മച്ചിക്ക് മുടങ്ങാത്ത ചില ചിട്ടകള്‍ ഉണ്ടായിരുന്നു..
രാവിലെ എണീറ്റ ശേഷം.. മലയാള മനോരമയിലെ ഒരു ഭാഗം അരിച്ചു പെറുക്കി വായിക്കും. ..ലോക രാഷ്ട്രീയത്തില്‍ എന്ത് പറ്റി എന്നോ, കായിക രംഗത്ത് എന്ത് പറ്റി എന്നോ ഒന്നും അല്ല... ചരമ വാര്‍ത്തകളുടെ ഭാഗമാണ് ശ്രദ്ധയോടെ വായിക്കുക..അറിയാവുന്നവര്‍ ആരെങ്കിലും അതില്‍ ഒരു പടമായി വന്നിട്ടുണ്ടോ എന്ന് നോക്കും...ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന..
സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറച്ചു മോശമായിരുന്നത് കണക്കിനാണ്. പൂപ്പര അമ്മച്ചിയാവട്ടെ അതില്‍ എന്നേക്കാള്‍ ഭേദം. കണക്കു പരീക്ഷ കഴിഞ്ഞു, ഞാന്‍ ചോദ്യ പേപ്പര്‍ ആരെയും കാണിക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോള്‍ , പൂപ്പര അമ്മച്ചി എന്നെ പിടിക്കൂടി, ചോദ്യങ്ങള്‍ ചോദിക്കും...
' എടാ.. രണ്ടും മൂന്നില്‍ റ്റണ്ടും കൂടിയാല്‍ എത്രയാടാ..എന്താ നീ എഴുതാത്തെ? '
എന്നെ കൂടുതല്‍ ചോദ്യം ചോദിച്ചു വിഷമിപ്പിച്ചാല്‍ ഇനി വെറ്റില ഇടിച്ചു തരൂല്ല എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിക്കും. പക്ഷെ ഒന്നും പറയില്ല.
പൂപ്പര അമ്മച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു രസകരമായ സംഭവം ഉണ്ട്. പറയാം.
നാട്ടിലൊക്കെ മിക്കവാറും ആളുകള്‍ക്ക് എന്തെങ്കിലും ഇരട്ടപ്പേരുകള്‍ കാണും..ചിലരുടെ കയ്യിലിരുപ്പു കൊണ്ട്, ചിലരുടെ ആകാരം കൊണ്ട്, ചിലരുടെ തൊഴില്‍ സംബന്ധിച്ച്.. അങ്ങനെ പലതും
മൂട്ട ശേഖരന്‍..പപ്പടം ശശി (പപ്പടം വില്പന തൊഴില്‍ ), കുഴിത്തുരുമ്പു (ഏഷണിക്കാരന്‍) , നക്കി നായര്‍ (ഭയങ്കര പിശുക്കന്‍), തപ്പട്ട (അതിന്റെ അര്‍ത്ഥമോ, എന്തുകൊണ്ട് അങ്ങനെ പേരു വന്നു എന്നോ എനിക്കറിയില്ല), മാക്രി മാമന്‍ , പുടിച്ചി മോഹനന്‍, കണ്ണി പങ്കജാക്ഷി , ഊളന്‍ ..ഇങ്ങനെ പോകുന്നു പേരുകള്‍ ..നാട്ടില്‍ നിന്നും വിട്ടു നിന്നിട്ട് കുറെ നാളുകള്‍ ആയതിനാല്‍ എല്ലാ പേരുകളും ഓര്‍ക്കുന്നില്ല. വളരെ പോപ്പുലര്‍ ആയവ ആണ് ഈ പറഞ്ഞത്
ഈ ഇരട്ട പേരുകളില്‍ ആയിരുന്നു ആളുകള്‍ കൂടുതലും പെട്ടന്ന് അറിയപ്പെട്ടിരുന്നത്.. ഉദാഹരണത്തിന്, ആരെങ്കിലും ചോദിക്കുകയാണ്...
' ഡേ..നമ്മടെ ശേഖരന്‍ സുഖമില്ലാതെ കിടപ്പാണെന്നു കേട്ടല്ലോ.. ശരി തന്നെ? '
'ഏതു ശേഖരന്‍? '
' ശോ ..ശേഖരനെ അറിയില്ലേ .. നമ്മടെ മൂട്ട ശേഖരന്‍.. '
'ഓഒ ഓ ..ലവന്‍..മൂട്ട. ഓ അവന്‍ മൂന്നാല് ദെവസായിറ്റു പനിയടിച്ചു കിടപ്പല്ലേ '
ഇതാണ് സ്ഥിതി. ചിലരെ ഒറിജിനല്‍ പേരു പറഞ്ഞാല്‍ ആരും അറിയില്ല.അത്രയ്ക്കാണ് വട്ടപ്പേരിന്റെ പ്രശസ്തി.
നമ്മുടെ വീട്ടില്‍ വരുന്ന ഒരാളായിരുന്നു പുടിച്ചി മോഹനന്‍. പുള്ളിക്കാരന്റെ അച്ഛനും ഉണ്ടായിരുന്നു വട്ടപ്പേര്... തപ്പട്ട . സാധാരണ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിക്കുന്നത് കേട്ടാല്‍ ചിലപ്പോള്‍ അയാളുടെ വായില്‍ നിന്നും നല്ല ഭരണിപ്പാട്ട് കേള്‍ക്കും.
ഈ ചേട്ടന്‍, ഇടയ്ക്കിടെ വീട്ടില്‍ വരുകയും, വരുമ്പോഴൊക്കെ പൂപ്പര അമ്മചിയുമായി വാചകം അടിക്കുകയും ഒക്കെ ചെയ്യും. പുള്ളി ചേട്ടന്മാരുടെ കൂടുകാരന്‍ ആണ് .
അങ്ങനെയിരിക്കെ, കുറെ ഏറെ നാളുകള്‍ക്കു ശേഷം പുള്ളി വീട്ടില്‍ വന്നു. അപ്പോഴേക്കും പൂപ്പര അമ്മച്ചിക്ക്, കേള്‍വിയും കാഴ്ചയും നന്നേ കുറഞ്ഞിരുന്നു. മോഹനന്‍ ചേട്ടന്‍ വന്നു പൂപ്പര അമ്മച്ചിയുടെ അടുത്തിരുന്നിട്ടു പറഞ്ഞു..
'അമ്മച്ചി ..എന്നെ മനസ്സിലായോ? '
കണ്ണാടി ഒക്കെ ശരിക്കൊന്നു വച്ചിട്ട്, ആളെ അമ്മച്ചി കുറെ നേരം നോക്കി. ഒരു രക്ഷയും ഇല്ല. മനസ്സിലാവുന്നില്ല.
'ആരാ..മോനെ? മനസ്സിലായില്ലല്ലോ. '
'അമ്മച്ചി ഇത് ഞാനാണ്...മോഹനന്‍.. '
അടുത്ത് നിന്ന എന്റെ അമ്മ , ഒന്ന് സഹായിക്കാന്‍ നോക്കി.
'അമ്മെ ഇത് ശങ്കരന്‍ പാറയിലെ മോഹനന്‍ ..ഇവിടെ ഇപ്പോഴും വരുന്ന ആളല്ലേ.. '
വീണ്ടും പൂപ്പര ആളെ മനസ്സിലാവാതെ പരുങ്ങി. അമ്മച്ചി വീണ്ടും ശ്രമിച്ചു..
'അമ്മെ..താഴെ ലൈബ്രറിയുടെ അടുത്തുള്ള വഴിയില്‍, താഴെ താമസിക്കുന്ന മോഹനന്‍..പിള്ളേരുടെ കൂടുകാരന്‍. അമ്മയ്ക്കറിയാം. ഒന്ന് ഓര്‍ത്തു നോക്കിയേ. '
പൂപ്പര അമ്മച്ചി പിന്നെയും 'ഏത് മോഹനന്‍' എന്നാ ചോദ്യം മുഖത്ത് വരുത്തി നിന്നു. വട്ടപ്പേര് പറഞ്ഞാല്‍ ഉടനെ മനസ്സിലാവും എന്ന് അമ്മയ്ക്കറിയാം . പക്ഷെ എങ്ങനെ പറയും..വീട്ടില്‍ വന്ന അതിഥിയെ അയാളുടെ മുന്‍പില്‍ വച്ച് അപമാനിക്കല്‍ ആവില്ലേ അത്. അമ്മ അങ്ങനെ പരുങ്ങി നിന്നു. ഇത്രയും ആയപ്പോള്‍ സാക്ഷാല്‍ മോഹനന്‍ സഹി കേട്ട് പറഞ്ഞു..
'അമ്മച്ചി ഇത് ഞാനാ..തപ്പട്ടെടെ മോന്‍ പുടിച്ചി മോഹനന്‍. .'.
'ഓ ഓ ..മോഹനന്‍... നീയായിരുന്നോ .. മോനെ സുഖമാണോടാ .. എനിക്കിപ്പോ കാഴ്ച തീരെയില്ല ..അതുകൊണ്ടാ പെട്ടെന്ന് മനസ്സിലാവാത്തെ.. '
അടുത്ത് നിന്ന അമ്മയ്ക്ക് ചിരി പൊട്ടിയെങ്കിലും ചിരി അടക്കി നില്‍ക്കേണ്ടി വന്നു. മനസറിഞ്ഞു ചിരിച്ചതോ.. അകത്തു ഒളിഞ്ഞു നിന്ന ഞങ്ങളും, പിന്നെ സാക്ഷാല്‍ പുടിച്ചി മോഹനനും..
ശോ ..ഈ വല്യമ്മച്ചിയുടെ ഒരു കാര്യമേ..
ജോസ്
ബാഗ്ലൂര്‍
9- ഏപ്രില്‍ -2011
1 അഭിപ്രായം:
നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ