2011, ഫെബ്രുവരി 20
തുടരുന്ന പ്രയാണം. ..
ഊണും കഴിഞ്ഞു പഠന മുറിയിലെ മേശയുടെ അടുത്ത് വന്നു ചിതറിക്കിടന്ന ബുക്കുകള്‍ അടുക്കി വച്ചപ്പോഴാണ് നോട്ടു ബുക്കില്‍ നിന്നും ഒരു മടങ്ങിയ കടലാസ് താഴെ വീണത്. എടുത്തു നോക്കി. രസകരമായ, എന്നാല്‍ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. ഇടയ്ക്കെങ്ങോ ഞാന്‍ തന്നെ കുറിച്ചിട്ടത്. കൂട്ടുകാരോടും മറ്റും സംസാരിക്കുമ്പോള്‍ , അവരുടെ വായില്‍ നിന്നും വരുന്ന വിശേഷണ പദങ്ങളെ ഒക്കെ അടുക്കിപ്പെറുക്കി ഞാന്‍ ഉണ്ടാക്കിയ ഒരു 'വയസ്സ് വിവരണ പട്ടിക'.
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടി ഓര്‍ത്തപ്പോള്‍ തോന്നി..എന്നാപ്പിന്നെ ഇതിനെക്കുറിച്ച് ആവട്ടെ ഇന്നത്തെ ബ്ലോഗ്. ആ കുറിപ്പ് ഇപ്രകാരം ആയിരുന്നു.
വയസ്സ് വിശേഷണം
0- 10 കൊച്ചു പയല്, കൊച്ചു, കുഞ്ഞ്.
10-20 കിളുന്തു പയ്യന്‍ ( കൊച്ചു ചെറുക്കന്‍)
20-30 വലിയ ചെറുക്കന്‍
30-35 കെട്ടിച്ചു വിടാറായ ആണ്‍ പെറന്നോന്‍
35-55 മധ്യ വയസ്കന്‍
55-65 വയസ്സന്‍, അപ്പച്ചന്‍, മൂപ്പീന്ന്
65-80 കിളവന്‍, കാര്‍ന്നോര്
80 + മുതു കിളവന്‍
(പലര്‍ക്കും ഇതില്‍ അഭിപ്രായ വ്യത്യാസം കാണും. ക്ഷമിക്കണേ. ഇത് എന്റെ കാഴ്ചപ്പാടില്‍ എഴുതിയതാണേ. )
ഇന്ന് ഫെബ് 20. ഭൂലോകത്ത് ഞാന്‍ കൂടി ഒരു ഭാരമായി വന്നിട്ട് ഇന്നേക്ക് 36 വര്‍ഷം. ഞാന്‍ വയസ്സ് വിവരണ പട്ടിക എടുത്തു നോക്കി.
ഹും ...കഴിഞ്ഞ വര്‍ഷമേ മധ്യ വയസ്കന്‍ ആയില്ലേ. പിന്നെ ഇത്തവണ മറ്റെന്തെങ്കിലും പ്രത്യേകത ഉണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
' പ്രായം കൂടിയതില്‍ സങ്കടം ഉണ്ടോ ജോസേ? ' കഴിഞ്ഞ വര്‍ഷം ഒരു കൂട്ടുകാരന്‍ ചോദിച്ചതാണ്.
വര്‍ഷം കൂടുന്തോറും പ്രായം കൂടും എന്നത് അചഞ്ചലമായ ഒരു സത്യമല്ലേ. അതിനാല്‍ സന്തോഷവും ദുഃഖവും ഇല്ല. ഒക്കെ ആപേക്ഷികമായ കാര്യങ്ങള്‍ അല്ലേ.
കടന്നു പോകുന്ന വര്‍ഷങ്ങള്‍ ശരീരത്തെ പഴയതാക്കുമെങ്കിലും, ശരിക്കുമുള്ള പ്രായം നിശ്ചയിക്കുന്നത് മനസ്സല്ലേ.
എനിക്കറിയാം...ചിലപ്പോള്‍ അതിയായ സന്തോഷം വരുമ്പൊള്‍ , മനസ്സ് കൊണ്ട് ഞാന്‍ ഒരു 'കൊച്ചു പയലാവും' ..അല്ലെങ്കില്‍ ഒരു 'കൊച്ചു ചെറുക്കനാവും'
അയല്‍പക്കത്തെ മാവില്‍ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്താന്‍ തോന്നും...
മഴയത്ത് കളിച്ചു തിമിര്‍ത്തു നനയാന്‍ തോന്നും...
ടയരുരുട്ടി റോഡിലൂടെ ഓടിക്കളിക്കാന്‍ തോന്നും
(പ്രായമായ ഇവന് വട്ടാണോ എന്ന് ആളുകള്‍ പറയുമല്ലോ എന്നോര്‍ത്ത് മനസ്സിനെ നിയന്ത്രിക്കും)
ചിലപ്പോള്‍ മനസറിഞ്ഞു ഒന്ന് പ്രണയിക്കാന്‍ തോന്നും ...(പ്രണയത്തിനു പ്രായം ഇല്ല എന്നതും ഒരു സത്യം)
എന്നാല്‍ മനസ്സിനെ തളര്‍ത്തുന്ന ദുഃഖം വരുമ്പോള്‍ .. ആരോടും ഒന്നും പറയാന്‍ പറ്റാതെ അകമേ കരയുമ്പോള്‍ , ഞാനറിയാതെ ഞാനൊരു വയസ്സനാവും..പക്വത വന്ന വയസ്സന്‍...താത്വികനായ വയസ്സന്‍.
അപ്പോഴാവും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും , എന്തിനെന്നില്ലാത്ത പരക്കം പാച്ചിലുകളുടെ അര്‍ത്ഥ ശൂന്യതയെ ക്കുറിച്ചും ഒക്കെ ഞാന്‍ ആലോചിക്കുക. ഈ ഭൂമിയില്‍ എന്റെ നിയോഗം എന്താണെന്ന് അപ്പോഴാവും ഞാന്‍ ആലോചിക്കുക.
ആലോചനകള്‍ അങ്ങനെ നിര്‍ബാധം തുടരും.അടുത്ത ഒരു സന്തോഷം എന്നെ വീണ്ടും ഒരു കൊച്ചു ചെക്കന്‍ ആക്കും വരെ. ജീവിതം ഇങ്ങനെയുള്ള ഒരു പ്രയാണം ആണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ( എല്ലാം മനസ്സിലാക്കിയ ജ്ഞാനി ആയി എന്നല്ല, കുറേശെ അറിവുകള്‍ നേടിക്കൊണ്ടിരിക്കുന്നു എന്നെ അര്‍ത്ഥമാക്കിയുള്ളൂ. )
' പിറന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിച്ചോ ജോസേ? '. ഫേസ് ബുക്കിലോ ഓര്‍ക്കുട്ടിലോ വന്ന ഒരു സുഹൃത്ത് ചോദിച്ചു.
പിറന്നാള്‍ ആഘോഷം...എന്റെ പിറന്നാള്‍ അങ്ങനെ ഒരിക്കലും ആഘോഷിച്ചിട്ടില്ല. പണ്ട് , പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, അമ്മച്ചി, ചേച്ചി, ചേട്ടത്തി എന്നിവര്‍ എന്റെ ഇഷ്ട വിഭവമായ സേമിയ പായസം വച്ച് തരുമായിരുന്നു. അതിനപ്പുറം ഒരു ആഘോഷം എന്തോ ഞാനും ഇഷ്ടപ്പെട്ടിരുന്നില്ല. ...ഉണ്ടായിട്ടുമില്ല.
പണ്ടൊക്കെ ജന്മദിനത്തിനു ഒത്തിരി ആശംസാ കാര്‍ഡുകള്‍ വരുമായിരുന്നു. അതൊക്കെ ശേഖരിച്ചു വയ്ക്കുന്നതും, ഇടയ്ക്കിടെ എടുത്തു വായിക്കുന്നതും ഒരു ഹരമായിരുന്നു. നിരന്തരമായ അടുക്കളിലും പെറുക്കലിലും അവയൊക്കെ എന്നോ നഷ്ടമായി. അതില്‍ എനിക്കിപ്പോഴും സങ്കടം ഉണ്ട്. ഓര്‍മ്മകളുടെ ഒരു നിധിയല്ലേ കളഞ്ഞു പോയത്.
ഇ- മെയിലിന്റെയും മൊബൈല്‍ ഫോണിന്റെയും യുഗം വന്നപ്പോള്‍ കാര്‍ഡുകള്‍ വരുന്നത് വിരളമായി. സ്വന്തം കയ്യക്ഷരത്തില്‍ പ്രിയപ്പെട്ടവര്‍ അയക്കുന്ന ആ സ്നേഹ സന്ദേശം അങ്ങനെ ഓര്‍മ്മകില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി. കാലത്തിന്റെ പ്രയാണത്തില്‍ നടന്ന ഒരു അനിവാര്യമായ മാറ്റം പോലെ.
ലീന രണ്ടാഴ്ച മുന്‍പേ തന്നെ എനിക്ക് തരാനായി ഒരു കാര്‍ഡും, ഒരു സ്പ്രേയും വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നത്, അവള്‍ അറിയാതെ ഞാന്‍ കണ്ടുപിടിച്ചു. അത് രാവിലെ അവള്‍ എടുത്തു തന്നു. അതായിരുന്നു ഇന്നത്തെ എന്റെ പിറന്നാള്‍ സമ്മാനം.
ബാച്ചിലറായി ഡല്‍ഹിയിലും ബോംബെയിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത്, ഞാന്‍ പോലും ചിലപ്പോള്‍ എന്റെ ജന്മദിനം ഓര്‍ക്കാറില്ലായിരുന്നു.. ഓര്‍ക്കാന്‍ വേറെ എന്തൊക്കെ ഉണ്ട്. വിഷയങ്ങള്‍ക്കാണോ ദാരിദ്ര്യം ? പിന്നെ വീട്ടില്‍ നിന്നുള്ള ആശംസകള്‍ വരുമ്പൊള്‍ ആവും ഒരു വയസ്സ് കൂടി കൂടിയ കാര്യം ഓര്‍ക്കുക. ഇപ്പോള്‍ പിന്നെ ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും ഉള്ള പ്രൊഫൈലില്‍ ജന്മദിനം ഇട്ടിരിക്കുന്നതിനാല്‍ ആശംസകളുടെ ഒരു പ്രവാഹം ആണ്.
ചിലപ്പോള്‍ തോന്നും അരമന രഹസ്യം അങ്ങാടിപ്പാട്ടായി എന്ന്. പിന്നെ തോന്നും.. ആ.. നല്ലതല്ലേ...ഞാന്‍ എന്ന വ്യക്തി ജീവിച്ചിരുപ്പുണ്ടെന്നു കുറെ ആളുകള്‍ ഒരുമിച്ചു ഒരേ ദിവസം ഓര്‍ക്കുമല്ലോ.
ഒന്ന് തലപൊക്കി റൂമിലുള്ള കണ്ണാടിയില്‍ നോക്കി. വയസ്സനിലെക്കുള്ള പ്രയാണത്തില്‍ ഒരു ചുവടു കൂടി വച്ചതിനാല്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? മുടി നരച്ചിട്ടുണ്ടോ? അവിടവിടായി ഒന്നോ രണ്ടോ വെള്ളി നരകള്‍ കണ്ടു. പക്ഷെ അതിനെ പറിച്ചു കളയാന്‍ മിനക്കെട്ടില്ല.
(മുടി നരയ്ക്കുന്നതില്‍ എനിക്ക് വിഷമമേ ഇല്ല. അതും ഒരു സ്റ്റൈല്‍ അല്ലേ. നേരെ മറിച്ച് എന്റെ മൂത്ത ചേട്ടാനാണെങ്കിലോ , മുടി നരയ്ക്കുന്നത് കണ്ടാല്‍ നെഞ്ചു പൊട്ടുന്ന സങ്കടം ആണ്. പിന്നെ ചേട്ടത്തി ഉപയോഗിക്കുന്ന കണ്മഷി കൊണ്ട് നര മാറ്റി ചേട്ടന്‍ തൃപ്തിപ്പെടും .
ബോംബെയില്‍ താമസിച്ചിരുന്ന സമയത്ത് (കെട്ട് പ്രായം ആവും മുന്‍പേ) , ചായക്കടയില്‍ പോകുമ്പോള്‍ അവിടിരിക്കുന്ന പ്രായം ചെന്ന ആള്‍ , ജോലിക്കാരന്‍ പയ്യനോട് വിളിച്ചു പറയും..
'ഡേയ് അങ്കിളിനു ചായ കൊട് '
പലവ്യഞ്ജന കടയില്‍ ചെന്നാല്‍ അവിടിരിക്കുന്ന നാല്പതോളം പ്രായം വരുന്ന ഹിന്ദിക്കാരന്‍ എന്നോട് ചോദിക്കും
'അങ്കിള്‍ ...എന്താ വേണ്ടേ? '
അതൊക്കെ ആദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. ശെടാ. ഇവനൊക്കെ എന്നെക്കാള്‍ പ്രായം ഉണ്ട്. എന്നാലും എന്നെ അങ്കിളേ എന്നാണ് വിളി. എന്താ പറയാന്‍.
ഡല്‍ഹിയില്‍, മയൂര്‍ വിഹാറിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന സമയത്ത്, വീട്ടുടമയുടെ കോളേജുകാരി മകള്‍ (എന്നേക്കാള്‍ കൂടിപ്പോയാല്‍ ആറ് വയസ്സ് ഇളപ്പം) ചിലപ്പോള്‍ പറയും..
'അങ്കിളേ പപ്പാ അന്വേഷിച്ചായിരുന്നു. '
ഞാന്‍ പിന്നെ അതൊന്നും കാര്യമാക്കിയില്ല. അങ്കിളേ എന്നല്ലേ വിളിച്ചുള്ളൂ.. തെറി വിളിച്ചില്ലല്ലോ . എന്നാല്‍ ആ പെണ്ണിന്റെ അങ്കിള്‍ വിളിയെ, എന്റെ ജൂനിയര്‍ സഹമുറിയന്‍ ബീഹാറി അങ്ങനെ അല്ല സ്വീകരിച്ചത്. ഈ പെണ്ണ് അവനെ കേറി അങ്കിളേ എന്ന് വിളിച്ചപ്പൊള്‍ , അവന്‍ ചൂടായിക്കൊണ്ട് ചോദിച്ചു.
'എന്നെക്കണ്ടാല്‍ ഒരു അങ്കിളിനെപ്പോലെ തോന്നുന്നോ നിനക്ക്. ഞാന്‍ ഇതു വകയിലാ നിന്റെ അങ്കിള്‍?
പിന്നെ റൂമിന്റെ അകത്തു കയറി നല്ല ബിഹാരി ടോണില്‍ അവളെ പത്തു തെറിയും. പ്രായത്തെക്കുറിച്ച് ആളുകള്‍ അത്രയേറെ ചിന്തയുള്ളവര്‍ ആണെന്ന് അന്ന് മനസ്സിലായി. ആ സംഭവം ഓര്‍ത്തു ഞാന്‍ ഇപ്പോഴും ചിരിക്കാറുണ്ട്.
നേരത്തെ പറഞ്ഞപോലെ, എല്ലാം ആപേക്ഷികമല്ലേ. വയസ്സിലും, ജന്മ ദിനത്തിലും ഒക്കെ എന്തിരിക്കുന്നു.
'അമ്മാച്ചാ. ഹാപ്പി ബര്‍ത്ത് ഡേ '
'ഉപ്പാപ്പി ..ഹാപ്പി ബര്‍ത്ത് ഡേ'
'അച്ചാച്ചാ ..മെനി മെനി ഹാപ്പി റിട്ടേന്‍സ് ഓഫ് ദ ഡേ. '
ജോസുകുട്ടാ ..ജന്മ ദിന ആശംസകള്‍ '
അങ്ങനെ കുറെ ഏറെ ആശംസകള്‍ ഇന്ന് വന്നു. വീട്ടുകാരും കൂടുകാരും ആയി കുറെ പ്രിയപ്പെട്ടവരുടെ. എല്ലാം പതിവുകള്‍ .
ഞാന്‍ എന്റെ പ്രയാണവും തുടരുന്നു...പതിവുകള്‍ തെറ്റിക്കാതെ ..മധ്യവയസ്കനില്‍ നിന്നും വയസ്സനിലേക്കും ..പിന്നെ..
'വല്യപ്പച്ചാ..ജന്മദിന ആശംസകള്‍ ' ...ഇങ്ങനെയുള്ള ഒരു വിളി എന്ന് വരുമോ ആവൊ?
അത് വരെ തുടരണോ? അതിമോഹമല്ലേ...മനസ്സില്‍ ഇരുന്നാരോ ചോദിച്ചു .
ആ.. നിശ്ചയിക്കേണ്ടത് ഞാനല്ലല്ലോ.. ഞാന്‍ അതും പറഞ്ഞു കട്ടിലിലേക്ക് ചാഞ്ഞു. പുല്‍കാന്‍ വെമ്പിയ നിദ്രയെ കര വലയത്തില്‍ ഏറ്റുകൊണ്ട് .
ജോസേ
20- Feb-2011
ബാംഗ്ലൂര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
chetta belated happy birthday...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ