2011, ഫെബ്രുവരി 12
ക്വാലീസും കുട്ടിപ്പടയും ....
സമയം അതി രാവിലെ അഞ്ചു മുപ്പത്. ദിവസം ഞായറാഴ്ച. വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് വിജനമായിരുന്നു. കാറിന്‍റെ ആക്സിലേറ്ററില്‍ ഞാന്‍ അമര്‍ത്തി ചവുട്ടി. വേഗത 80 ല്‍ കവിഞ്ഞപ്പോള്‍ ഒരു രസം തോന്നി. വിജനമായ റോഡില്‍ ഇത്ര രസമാണെങ്കില്‍ തിരക്കുള്ള റോഡില്‍ എന്ത് രസമായിരിക്കും.അങ്ങനെ ഓര്‍ത്തപ്പോള്‍ തന്നെ വഴിയില്‍ ഒരു ബോര്‍ഡ് കണ്ടു.
"speed thrills, but kills
ഒരു നിമിഷത്തെ മൂഢതയെ മാറ്റിക്കളഞ്ഞു ഞാന്‍ വേഗത കുറച്ചു. പിന്നെ സ്റ്റേഷനില്‍ ചെന്ന് ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ ഒരു സംഭവം ഓര്‍ത്തുപോയി. ഒരു കാര്‍ യാത്ര.
മൂന്നു വര്‍ഷം മുന്‍പ്...എന്‍റെ കുഞ്ഞനിയത്തിയുടെ (കസിന്‍) കല്യാണം കൂടാനായി നാട്ടിലെത്തിയ സമയം. കല്യാണത്തിന്‍റെ തലേന്ന് തന്നെ വീട്ടുകാരും ബന്ധുക്കളും ഒക്കെ അനിയത്തിയുടെ വീട്ടില്‍ ഒത്തുകൂടി. എല്ലാവര്‍ക്കും കൂടി കിടക്കാനും മറ്റും അവിടെ സ്ഥലം ഇല്ലായിരുന്നതിനാല്‍, വൈകിട്ട് കിടക്കാനും, കുളിച്ചു ഫ്രഷ് ആവാനും മറ്റും അടുത്തുള്ള ഒരു ബന്ധുവീട്ടില്‍ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. കല്യാണ വീട്ടില്‍ നിന്നും ഏകദേശം പത്തു കിലോമിറ്റര്‍ വരും ഈ ബന്ധു വീട്.
കല്യാണത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടാനായി ഒരു ക്വാലീസ് കാര്‍ വാടകയ്ക്ക് എടുത്തിരുന്നു. അനിയത്തിക്കും വീട്ടുകാര്‍ക്കും ഒക്കെ നന്നായി പരിചയമുള്ള ഒരു പയ്യന്‍സായിരുന്നു അതിന്‍റെ ഡ്രൈവര്‍. അവരുടെ ദൂരയാത്രകള്‍ക്കൊക്കെ വരുന്ന ഒരു പയ്യന്‍സ്.
വൈകിട്ടായപ്പോള്‍ ഞാനും ഒരു കുട്ടിപ്പടയും (ചേച്ചിമാരുടെയും, ചേട്ടന്മാരുടെയും ഒക്കെ മക്കള്‍) ആ ക്വാലീസ് കാറില്‍ കയറി ബന്ധു വീട്ടിലേക്കു യാത്ര തിരിച്ചു. കുട്ടിപ്പട 'ഡ്രൈവര്‍ ചേട്ടനുമായി ' നേരത്തെ തന്നെ നല്ല ചങ്ങാത്തം കൂടിയിരുന്നു. നേരത്തെ എപ്പോഴോ കുട്ടിപ്പടയുമായി വെളിയില്‍ പോയ സമയത്ത് ഡ്രൈവര്‍ പയ്യന്‍ വണ്ടി കത്തിച്ചു വിട്ട് കുട്ടിപ്പടയെ ത്രില്ലടിപ്പിച്ചു എന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.
പുറപ്പെട്ടപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ ആയിരുന്നു..കുട്ടികള്‍ പുറകിലും. ഞങ്ങളുടെ മുന്‍പില്‍ മറ്റൊരു വണ്ടിയില്‍ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയപ്പോഴേ കുട്ടികള്‍ പറഞ്ഞു...
'ചേട്ടാ..മറ്റേ വണ്ടിയെ തോല്‍പ്പിക്കണം . നല്ല അടിച്ചു പറത്തി വിട്ടോ '
അത് കേട്ടതും, ഡ്രൈവര്‍ വണ്ടി കത്തിച്ചു വിടാന്‍ തുടങ്ങി. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വണ്ടി അടിച്ചു മിന്നിപ്പറന്നപ്പോള്‍ മുന്‍ സീറ്റില്‍ ഇരുന്ന എന്‍റെ ടെന്‍ഷന്‍ പതിന്‍ മടങ്ങായി. വണ്ടിയുടെ നട്ടും ബോള്‍ട്ടും ഇളകിയില്ലെങ്കിലും എന്‍റെ ബോള്‍ട്ട് ഇളകും എന്ന് എനിക്ക് തോന്നി. എതിരെ വണ്ടികള്‍ വരുമ്പോള്‍ ചിലപ്പോള്‍ ഡ്രൈവര്‍ വണ്ടി ഇടത്തോട്ട് നന്നായി വെട്ടിക്കും. ഞാന്‍ പേടിച്ച് കണ്ണും അടച്ചു ഇരിക്കും. എങ്ങാനും വണ്ടി ഒന്ന് പാളിയാലോ? ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല..ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും ചെയ്യാനും കിടക്കുന്നു. കുട്ടിപ്പട ആപ്പോഴും നല്ല ആവേശത്തില്‍ തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ പറഞ്ഞു...
'മാഷേ...ഇത്ര സ്പീഡ് വേണോ? കുറച്ചു നട്ടിലും ബോല്‍ട്ടിലും നില്‍ക്കുന്ന ഒരു സാധനം അല്ലെ ഇത്? എങ്ങാനും വല്ലതും ഇളകിപ്പോയാലോ? '
ഇത് കേട്ടപാതി അവന്‍ നമ്മളെ ഒന്ന് ഊതിക്കൊണ്ടു പിള്ളേരോട് പറഞ്ഞു..
'ഡേയ് ..കണ്ടാ.. കഷ്ടം തന്നെ. നിങ്ങടത്ര ധൈര്യം പോലും ഈ അണ്ണന് ഇല്ല. അണ്ണാ ധൈര്യമായിരിക്കണം. നമ്മള് ഈ സീറ്റില്‍ ഇരിക്കുമ്പം വണ്ടിക്ക് ഒരിക്കലും കണ്ട്രോള്‍ തെറ്റൂല്ല. ട്രക്കും ലോറിയും ഒക്കെ ഓടിച്ച കയ്യല്ലേ അണ്ണാ ഇത്. '
അപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു.
'ആഹാ.. അപ്പോള്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടല്ലേ. പിന്നെന്താ കാറോടിക്കുന്നെ ? '
'അണ്ണാ..അതൊരു കഥയാണ്. അത്.. ഞാന്‍ പണ്ട് നമ്മടെ ത്രിക്കണ്ണാപുരം റൂട്ടില്‍ പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ ആയിട്ട് വര്‍ക്ക് ചെയ്യായിരുന്ന്. അപ്പോഴല്ലേ ഒരു കേസായത്. '
'കേസോ... എന്ത് കേസ് ? '
'ഒരു ദിവസം ..ഞാന്‍ നല്ല സ്പീഡില്‍ പോവായിരുന്നു. മുന്‍പില്‍ ഒരു അമ്മാവന്‍ സൈക്കിളില്‍.. പയ്യെ.... ഉരുട്ടി ഉരുട്ടി നമ്മടെ വണ്ടീടെ മുന്നേ. വളവില്‍ വച്ച് അങ്ങേരു കേറി വണ്ടിക്കു അട വച്ച്. സംഗതി അപ്പോഴേ ക്ലീന്‍. അത് കണ്ടു ആളുകള്‍ ഒക്കെ ഓടിക്കൂടി നമ്മളെ എടുത്തു ചാമ്പാന്‍ വന്നു. ഞാന്‍ ഓടിത്തള്ളീല്ലേ. കുറ്റം നമ്മടെ അല്ലായിരുന്നണ്ണാ . വണ്ടി എന്‍റെ കണ്ട്രോളില്‍ അല്ലായിരുന്നോ. അമ്മാവന്‍ കേറി ഉളുക്കാക്കിയതല്ലേ. എന്‍റെ ബെസ്റ്റ് സമയം. അല്ലാതെ എന്ത് പറയാന്‍. പിന്നെ കേസായി..പുലിവാലായി...എന്‍റെ ലൈസന്‍സ് പോയി. ഒരു വിധം ആണ് അതീന്നു ഊരിപ്പോയത്. പിന്നെ വീണ്ടും ലൈസന്‍സ് ഒപ്പിച്ചു. അതീപ്പിന്നെ കാറാണ് ഓടിക്കണത്.
ഇത്രയും പറഞ്ഞു തീര്‍ന്നതും എതിരെ വന്ന ഒരു വണ്ടിയില്‍ ഇടിക്കാതെ അവന്‍ വണ്ടി നന്നായി ഇടത്തോട്ട് വെട്ടിച്ചു. ഞങ്ങള്‍ എല്ലാവരും നന്നായി ഉലഞ്ഞു. പിള്ളേര്‍ക്ക് അപ്പോഴും ത്രില്ല് തന്നെ. ഞാന്‍ അമ്മച്ചി പറഞ്ഞു തന്നിട്ടുള്ള ദിവ്യന്മാരുടെയും പുണ്യാളന്‍മാരുടേയും ഒക്കെ പേരുകള്‍ ഓര്‍ത്തു.
'ഗീവര്‍ഗീസ് പുണ്യാളാ , അന്തോനീസ് പുണ്യാളാ , വേളാങ്കണ്ണി മാതാവേ..കാത്തു കൊള്ളേണമേ '
വല്ല വിധേനയും വീട്ടില്‍ എത്തിക്കഴിഞ്ഞാണ് സമാധാനം ആയത്. പിറ്റേന്നും ആ പയ്യന്‍സിന്‍റെ കൂടെയാണ് കല്യാണം നടക്കുന്ന പള്ളിയിലേക്ക് പോയത്. പക്ഷെ കൂടെ പിള്ളേര്‍ ആരും ഇല്ലായിരുന്നതിനാല്‍ ആവും, പയ്യന്‍സ് നല്ല മര്യാദക്ക് വണ്ടി ഓടിച്ചു. പള്ളി മുറ്റത്ത് ഇറങ്ങാന്‍ നേരം അവന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു..
'അണ്ണാ..ഇന്നലെ വണ്ടി റേസ് ചെയ്തപ്പോള്‍ അണ്ണന്‍റെ ഗ്യാസ് പോയല്ലേ. ഇരുപ്പു കണ്ടപ്പോഴേ തോന്നി. ' . അതും പറഞ്ഞു അവന്‍ ഒരു ചിരി പാസ്സാക്കി. ഞാന്‍ വെറുതെ ചിരിച്ചതെ ഉള്ളൂ. അല്ലാതെന്തു പറയാന്‍... ജീവനുണ്ടല്ലോ ..അത് തന്നെ ഭാഗ്യം..ഞാന്‍ മനസ്സില്‍ പറഞ്ഞു.
ജോസ്
ബാംഗ്ലൂര്‍
12- feb-2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ