
ഇന്ന് വൈകിട്ടായപ്പോഴേക്കും ലീനയെ ഡിസ്ചാര്‍ജു ചെയ്തു. അതിനു മുന്‍പേ , രാവിലെ തന്നെ ഒരു ഫിസിയോ തെറാപ്പി ഉണ്ടായിരുന്നു. നടുവ് വേദന പോകാനായി.. അതിനായി ലീനയെ ഫിസിയോ തെറാപ്പി സെക്ഷനിലേക്ക് കൊണ്ട് പോയപ്പോള്‍, എനിക്ക്, പണ്ട് നടുവ് വേദന വന്നിട്ട് ചെയ്ത ഫിസിയോ തെറാപ്പി ഓര്‍മ്മ വന്നു...(എന്റമ്മേ .അത് ഓര്‍ത്തപ്പോഴേ തന്നെ നടുവിന് ഒരു വല്ലാത്ത വേദന .)
രണ്ടു വര്‍ഷം മുന്‍പ്, ഒരു ദിവസം രാവിലെ, എന്റെ ഇരു ചക്ര വാഹനത്തില്‍ ( ഹോണ്ട ആക്ടിവ ), ഞാന്‍ പെട്രോള്‍ അടിക്കാനായി പോവുകയായിരുന്നു. വളരെ പതുക്കെ, ഒരു U വളവു എടുത്തപ്പോള്‍ വണ്ടി തെന്നി, ഞാന്‍ സര്‍ക്കസ് കാട്ടി മറിഞ്ഞു വീണു. അന്ന് മുതല്‍ നടുവിന് സഹിക്കാന്‍ വയ്യാത്ത വേദന തുടങ്ങി. ഒരാഴ്ച നേരെ ചൊവ്വേ കുനിയാനും, നിവരാനും, നടക്കാനും ഒന്നും കഴിയാതെ കഷ്ടപ്പെട്ടു. നടുവിന് വല്ല പൊട്ടലോ മറ്റോ ഉണ്ടോ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത പേടി തോന്നി.(എന്നാല്‍ പിന്നെ പ്ലാസ്റ്ററും ഇട്ടു കിടന്നാല്‍ മതിയല്ലോ.സുഖമല്ലേ ..സുഖം ). പിന്നെ ബാംഗളൂരിലെ RSI വിദഗ്ദനായ ഡോക്ടര്‍ ദീപക് ശരണിനെ പോയി കണ്ടു. അദ്ദേഹം നാലഞ്ച് പ്രാവശ്യം ഫിസിയോ തെറാപ്പി ചെയ്യണം എന്ന് പറഞ്ഞു.
ഫിസിയോ തെറാപ്പി ചെയ്യാന്‍ ചെന്ന ദിവസം, അവിടെ കണ്ടത് ഒരു നരുന്ത് പോലത്തെ പെണ്ണിനെ ആണ്. അവള്‍ക്കു എണീറ്റ് നില്‍കാന്‍ ജീവനില്ല എന്ന് കണ്ടാല്‍ തോന്നും . ഞാന്‍ പക്ഷെസിനിമയില്‍ കണ്ടിട്ടുള്ളതും, കഥകളില്‍ വായിച്ചിട്ടുള്ളതും മറ്റും, നല്ല ആജാനു ബാഹുക്കളായ ആളുകള്‍ നടുവിന് ചവുട്ടി തിരുമ്മുന്നതും മറ്റും ആണ്. അതായിരുന്നു എന്റെ മനസ്സിലെ ഫിസിയോ തെറാപ്പി ചികിത്സയുടെ രൂപം .
ഈ നരുന്ത് പെണ്ണ് എന്ത് ഫിസിയോ തെറാപ്പി ചെയ്യാനാണ്. കര്‍ത്താവേ...കാശ് കൊടുത്തത് പോക്കവുമോ?എന്റെ വേദന പോകുമോ? അങ്ങനെ ഒക്കെയുള്ള ചിന്തകളോടെ, ഞാന്‍ ഫിസിയോ തെറാപ്പി തുടങ്ങി.
ആ നരുന്ത് പെണ്ണ്, അവളുടെ കൈ വിരല്‍ വെച്ച് എന്റെ പുറത്തെ എല്ലുകളുടെ ഇടയില്‍ തിരുമ്മാന്‍ തുടങ്ങിയപ്പോള്‍ , ഞാന്‍ വേദന കൊണ്ട് ശരിക്കും പുളഞ്ഞു. കരച്ചില്‍ അടക്കാന്‍ നന്നേ പാടുപെട്ടു. അപ്പോള്‍ അവള്‍ പറഞ്ഞു.
" സര്‍.. ഇത് ആദ്യ ദിവസം ആയതു കൊണ്ടാണ് ഇത്ര വേദന. രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ഇത്ര കാണില്ല. "
രണ്ടാമത്തെ ദിവസവും അവള്‍ ഇതേ വാചകം തന്നെ പറഞ്ഞു. വിരല്‍ കൊണ്ട് എന്റെ എല്ലിന്റെ ഇടയില്‍ അവള്‍ ഞെക്കി ഫിസോ തെറാപ്പിയിലെ അവളുടെ പ്രാവീണ്യം തെളിയിച്ചു. എന്നിട്ട് , അന്ന് പോകാന്‍ നേരം പറഞ്ഞു
'സര്‍,..നാളെ ഞാന്‍ അല്ലായിരിക്കും. പകരം എന്റെ സഹ പ്രവര്‍ത്തകന്‍ മിസ്ടര്‍ _____ ആയിരിക്കും" . (ഏതോ ഒരു പേര് പറഞ്ഞു,. വേദനയുടെ ഇടയില്‍ അത് ഓര്‍ക്കാന്‍ പറ്റിയില്ല)
ഞാന്‍ കരുതി, ഈ പെണ്ണിന്റെ എല്ല് കയ്യ് കൊണ്ട് തിരുമിയിട്ടു തന്നെ എന്റെ പ്രാണന്‍ പോയി. ഇനി നാളെ വരുന്നത് സിനിമയില്‍ കാണും പോലെ വല്ല മല്ലനോ മറ്റോ ആണെങ്കിലോ? ഈ പെണ്ണ് തിരുമിയപ്പോഴേ ഇത്ര വേദന ..ഇനി ഒരു മല്ലന്റെ കൈ കൊണ്ട് കൂടെ വേണോ?രണ്ടു ദിവസം കരയാതെ പാടുപെട്ടത് എനിക്ക് മാത്രം അറിയാം.
നാളെ വരാം എന്ന് പറഞ്ഞു ഇറങ്ങിയ ഞാന്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. കാശു പോയത് പോകട്ടെ എന്ന് വച്ചു.
പക്ഷെ ദോഷം പറയരുതല്ലോ... രണ്ടു ദിവസത്തെ തെറാപ്പിയുടെ ഫലം ഉടനെ കണ്ടു. നടുവ് വേദന പമ്പ കടന്നു
ലീന തിരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
"എങ്ങനെ ഉണ്ടായിരുന്നു ഫിസിയോ തെറാപ്പി.. വേദനിച്ചോ ?'
"ഏയ് ..എനിക്കൊട്ടും വേദനിച്ചില്ല. പക്ഷെ എന്റെ അടുത്തുള്ള ബെഡ്ഡില്‍ കിടന്ന ഒരാള്‍ ഒറക്കെ കിടന്നു കരയുന്നത് കേട്ടു. അയാള്‍ക്ക് തിരുമ്മിയത് ഒരു ചെറുക്കാനായിരുന്നു. "
അത് കേട്ടപ്പോള്‍ എനിക്ക് അയാളോട് സഹതാപം തോന്നി. ചെക്കന്റെ തിരുമ്മു പ്രാക്ടീസ് കഴിയുമ്പോള്‍ , പാവത്തിന്റെ നടുവ് വേദന മാറിയാല്‍ മതിയായിരുന്നു.
ജോസ്
ബാംഗ്ലൂര്‍
18 ജൂണ്‍ 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ