
ഇന്നലെ ഞാന്‍ കര്‍ണ്ണാടകയിലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കമ്മറ്റി ആയ Z.C.C.K യില്‍ വിളിച്ചു ചോദിച്ചു..കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്യാനുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ലീനയുടെ നമ്പര്‍ എത്ര ആണെന്ന്. നമ്പര്‍ 80 ആണെന്ന് അറിഞ്ഞപ്പോള്‍ തോന്നി, കാഡവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന വഴി ഉടനെ ഒന്നും നടക്കുന്ന ലക്ഷണം ഇല്ല എന്ന്.
കഴിഞ്ഞ ഒരാഴ്ച ആയിട്ട് ലീനയുടെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണ്. അതാണ് എന്നെ വിഷമിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും. ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികള്‍ക്ക് ഉള്ള ഒരു ലക്ഷണം ആണ് കൂടെക്കൂടെ ഉള്ള ഓക്കാനിക്കാനുള്ള തോന്നല്‍. ഈയിടെ അത് വളരെ പെട്ടന്ന് പെട്ടന്ന് വരാറുണ്ട്. ചിലപ്പോള്‍ കഴിച്ചതൊക്കെ അതേപടി പുറത്തേക്കു വരും. അത് പേടിച്ചു ചിലപ്പോള്‍ ഒന്നും കഴിക്കാതെ ഇരിക്കും. അതിന്റെ കൂടെ വയട്ടിലോട്ടു കയറ്റുന്ന മരുന്നുകള്‍ക്ക് ഒരു കണക്കും ഇല്ലല്ലോ. അങ്ങനെ ഒന്നും കഴിക്കാതെ വെറും മരുന്ന് മാത്രം കഴിച്ചത് കാരണം കഴിഞ്ഞ ആഴ്ച വയറ്റില്‍ അസിഡിറ്റി വല്ലതും ഉണ്ടായിക്കാണണം. 'ഗ്യാസ് ട്രബിള്‍ " എന്നത് ശരിക്കും എന്താണ് എന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു.
നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ഒരു വിഷമാവസ്ഥ വരുമ്പോഴല്ലേ ആ വിഷമാവസ്ഥയുടെ യഥാര്‍ത്ഥ തീവ്രത നമുക്ക് മനസ്സിലാവൂ. വയറ്റില്‍ നിന്നും നെഞ്ചിലേക്കും , അവിടുന്ന് പിന്നെ നടുവിലേക്കും ഒക്കെ ഗ്യാസ് സ്ഥാനം മാറി ഓടിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍, പൊതുവേ വേദനകള്‍ ഒക്കെ സഹിച്ചു ചിരിച്ചുകൊണ്ടിരിക്കുന്ന ലീനയുടെ ഭാവം മാറി. കിടക്കാനോ ഇരിക്കാണോ, ഒന്ന് ഉറങ്ങാനോ പറ്റാത്ത അവസ്ഥ. വേദന കൊണ്ട് പുളയുന്ന അവസ്ഥ.
ചൂട് വെള്ളം വേദനയുള്ള സ്ഥലത്ത് പിടിപ്പിക്കുക, കയില്ലുള്ള എല്ലാ വേദന സംഹാരി തൈലങ്ങളും പുരട്ടുക, എന്നിങ്ങനെയുള്ള എല്ലാ പ്രയോഗങ്ങളും പയറ്റി എങ്കിലും ഒന്നും കുറഞ്ഞില്ല. വേദന അതിന്റെ തോന്നിയ പാടിന് വരാനും പോകാനും തുടങ്ങി. ഡയാലിസിസിനു പോകുന്ന സമയത്ത്, അവിടുള്ളവര്‍, ഒരു വേദന സംഹാരി ഗുളിക കൊടുക്കും. അപ്പോള്‍ കുറച്ചു നേരത്തേക്ക് വേദന പോകും. പക്ഷെ കുറച്ചു കഴിഞ്ഞു വീണ്ടും വരും.
അങ്ങനെയിരിക്കെ ഒരു ദിവസം, നാട്ടില്‍ നിന്നും എന്റെ ചേട്ടന്‍ വിളിച്ചപ്പോള്‍ ഒരു കാര്യം പറഞ്ഞു. കൊച്ചിയിലും എറണാകുളത്തും ഒക്കെയുള്ള ചില വലിയ ആശുപത്രികളില്‍ കിഡ്നി ഡോണറിനെ കണ്ടുപിടിച്ചു, അതിനാവശ്യമുള്ള എല്ലാ നിയമ നൂലാമാലകളും ശരിയാക്കി ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ ചെയ്യാറുണ്ടത്രേ. ഓരോന്നിനും തുക ഓരോരോ 'പാക്കേജ് ' ആണത്രേ. ഡോണറിനെ കണ്ടുപിടിക്കാനും, പിന്നെ അതിന്റെ നിയമ വശം ഉള്‍പ്പടെ എല്ലാം ശരിയാക്കാനും നമ്മള്‍ തന്നെ പോയാല്‍, ചെലവ് നന്നായി കുറയും. പക്ഷെ അതൊന്നും ഉടനെ നടക്കുന്ന കാര്യങ്ങളെ അല്ല. പിന്നെ ഇതൊക്കെ ആശുപത്രിയുടെയോ, അവരുടെ എജന്റുമാരുടെയോ വഴിയിലൂടെ ചെയ്‌താല്‍ കാര്യം എളുപ്പമാകും..പക്ഷെ അതിനുള്ള വില ആവട്ടെ കുറച്ചു കടുപ്പവും. ഇപ്പോള്‍ എനിക്ക് കിട്ടിയ അറിവ് വച്ച്, ആ തുക പത്തു ലക്ഷത്തിനും പതിനഞ്ചു ലക്ഷത്തിനും ഇടയ്ക്കാണ്. ആദ്യം അത് കേട്ടപ്പോഴേ ഒന്ന് ഞെട്ടി.
പിന്നെ നന്നായി ഒന്നാലോചിച്ചു. ഒരു ജീവിതം തിരികെ കൊണ്ട് വരാനായി ഏജന്റുമാര്‍ ചോദിക്കുന്ന ഈ തുക കണ്ടു പിന്തിരിയണോ? വേദനയും, കഷ്ടപ്പാടും സഹിച്ചു, എത്ര നാളെന്നില്ലാതെ കഡാവര്‍ ഡോണറിനായി കാത്തിരിക്കണോ? ദൈവം സഹായിച്ചാല്‍, പൈസ ഇനിയും ഉണ്ടാകാന്‍ പറ്റും.പഠിച്ച തൊഴിലിനെ കുറിച്ചും, എനിക്ക് ജോലി ചെയ്യാനുള്ള കഴിവിനെക്കുരിച്ചും, ജോലി ചെയ്തിടത്തോക്കെ ഉണ്ടാകിയെടുത്ത പേരിനെക്കുരിച്ചും ഒക്കെ ഓര്‍ക്കുമ്പോള്‍, പൈസ ഇനിയും ഉണ്ടാകാന്‍ പറ്റും എന്ന ആത്മ വിശ്വാസം കൂടുന്നു.
അങ്ങനെ ഞാന്‍ ഇപ്പോള്‍ ഒരു ലിവിംഗ് ഡോണറിനെ തേടി ഉള്ള യാത്ര തുടങ്ങി കഴിഞ്ഞു. ചെയ്യുന്നത് നിമയപരമായി തെറ്റാണ് എന്നറിയാം. ആ നിയമങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകിയിരിക്കുന്നത് എന്നും അറിയാം .ഇപ്പോള്‍ സ്വന്തക്കാരായുള്ള ആര്‍ക്കെങ്കിലും മാത്രമേ കിഡ്നി ദാനം ചെയ്യാന്‍ പറ്റൂ. ( ആളുകളുടെ കിഡ്നി എടുത്തു മാറ്റി, അവരെ പറ്റിച്ചു, കോടികള്‍ ഉണ്ടാക്കുന്ന ദ്രോഹികളെ കുടുക്കാനാണ് ഈ നിയമം). പക്ഷെ ചിലപ്പോള്‍ ആലോചിക്കും, ഗര്‍ഭ പാത്രം വാടകയ്ക്ക് കൊടുക്കുന്ന 'സരോഗസി ' നിയമവല്‍ക്കരിക്കാം എങ്കില്‍ , അതുപോലെ ഒരു ജീവന്‍ രക്ഷിക്കാന്‍ രക്ത ബന്ധത്തില്‍ പെടാത്ത ഒരാള്‍ക്ക് കിഡ്നി ദാനം ചെയ്യാന്‍ നിയമം അനുവദിക്കേണ്ടതല്ലേ.
അതിനിടെ ഹോസ്പിറ്റലില്‍ ഡയാലിസിസ് ചെയ്യാനായി ലീന പോയപ്പോള്‍, അവിടെ ഉണ്ടായിരുന്ന ഒരു ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.
'ഒരു ട്രാന്‍സ്പ്ലാന്റ് കൊണ്ടൊന്നും നില്‍ക്കില്ല കേട്ടോ ' .
ലീന തിരികെ വന്നു അതെന്നോട് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത അരിശം തോന്നി ആ ഡോക്ടറോട്. അവര്‍ പറഞ്ഞത് എല്ലാവരുടെ കാര്യത്തിലും സത്യം ആവണം എന്നില്ലല്ലോ. പിന്നെ ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു രോഗിയോട് അങ്ങനെ പറയുന്ന മനസ്സ് അവര്‍ക്ക് എങ്ങനെ ഉണ്ടായി. ഒരു ഡോക്ടറുടെ യുക്തി ബോധം അവര്‍ ഉപയോഗിച്ചില്ല എന്നതു വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെ .
ഡോണറിനെ എന്ന് കിട്ടും എന്നറിയില്ല. എന്നാലും ആഗസ്റ്റ് മാസം അടുപ്പിച്ചു ഓപ്പറേഷന്‍ ചെയ്യണം എന്നുണ്ട്. നാട്ടില്‍ കുറെ നാള്‍ മുന്‍പേ വാങ്ങിയിട്ട കുറച്ചു സ്ഥലം ഉണ്ട്. അതില്‍ കുറച്ചു കച്ചവടം ചെയ്‌താല്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള കാശാവും. പിന്നെ നേരത്തെ പറഞ്ഞ പോലെ, ദൈവം സഹായിച്ചാല്‍ വെളിയില്‍ എവിടെയെങ്കിലും പോയി ജോലി ചെയ്തു അതൊക്കെ ഉണ്ടാക്കാവുന്നതേ ഉള്ളൂ.
ഞങ്ങളുടെ ജീവിതം കൈ പിടിച്ചുയര്‍ത്താന്‍, ലീനയെ ഈ വിഷമാവസ്ഥയില്‍ നിന്നും സഹായിക്കാന്‍, അവള്‍ക്കു വേണ്ടി ഒരു വൃക്ക ദാനം ചെയ്യാന്‍ യോഗമുള്ള സുഹൃത്തേ ..നിങ്ങള്‍ എവിടെയാണ്. എവിടെയാണെങ്കിലും പെട്ടന്ന് വന്നൂടെ ? ഞങ്ങള്‍ കാത്തിരിക്കുന്നു..പ്രതീക്ഷയോടെ.
ജോസ്
ബാംഗ്ലൂര്‍
13- ജൂണ്‍- 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ