
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി ഒരാഴ്ച കഴിഞ്ഞില്ല ..അതിനുമുന്‍പെ വീണ്ടും, ലീന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. ശ്വാസം മുട്ടലും, തുടരെ ഉള്ള ഓക്കാനം വരലും, നെഞ്ചു വേദനയും ഒക്കെ ഒരു തുടര്‍ കഥ പോലെ ആയി ഇപ്പോള്‍. ..
കഴിഞ്ഞ ആഴ്ച ഇതുപോലെ വയ്യാതായപ്പോള്‍, ഡോക്ടര്‍ X.Ray എടുക്കാന്‍ പറഞ്ഞു. അതെടുത്തു നോക്കിയപ്പോള്‍ നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ ആയതായി അവര്‍ കണ്ടു. ..കുറെ മരുന്നുകള്‍ കഴിക്കാന്‍ പറഞ്ഞു. അത് കഴിച്ചു ഒന്ന് കുറഞ്ഞു എന്ന് ആശ്വസിചിരുന്നപ്പോള്‍ പിന്നെ ഇതാ വീണ്ടും..
മണിപ്പാല്‍ ഹോസ്പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ ആണ് ഇത്തവണ അഡ്മിഷന്‍ കിട്ടിയത്. അതിനു മുകളില്‍ ഉള്ളതൊക്കെ ഒഴിവില്ലത്രേ. ഒരു ജനറല്‍ വാര്‍ഡില്‍ അഞ്ചു പേര്‍ ആണ്. ആദ്യം കേട്ടപ്പോള്‍ നാട്ടിലെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളുടെ ഓര്‍മ്മ ആണ് വന്നത്. പക്ഷെ ചെന്ന് കണ്ടപ്പോള്‍ കുറച്ചു സമാധാനം ആയി. വളരെ വൃത്തിയോടെ തന്നെയാണ് ജനറല്‍ വാര്‍ഡും സൂക്ഷിക്കുന്നത് എന്ന് എനിക്ക് ബോധ്യമായി.
ലീന കിടന്ന കട്ടിലിന്റെ എതിര്‍ വശത്ത് ഡെങ്കി പനി ബാധിച്ച ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു. വാതോരാതെ സംസാരിക്കുകയും, ചിരിക്കുകയും, ഇന്‍ജക്ഷന്‍ കൊടുക്കുമ്പോള്‍ അലറി കരയുകയും ചെയ്യും ആ കുട്ടി. ഇന്ന് അതിനെ ഡിസ് ചാര്‍ജ് ചെയ്തു. അതിനു മുന്‍പായി അതിന്റെ അപ്പൂപ്പന്‍ കുറെ ജിലേബി വാങ്ങി വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികള്‍ക്കും, കൂടെ നിന്നവര്‍ക്കും, നഴ്സുമാര്‍ക്കും ഒക്കെ കൊടുത്തു. അയാളുടെ കൊച്ചു മകള്‍ വളരെ ക്രിട്ടിക്കല്‍ ആയ അവസ്ഥയില്‍ നിന്നും തിരികെ വന്ന്, ഇന്ന് ഡിസ് ചാര്‍ജ് ആയി പോകുന്നതിന്റെ സന്തോഷം...
ലീനയുടെ E.C.G യും പ്രഷറും ഒക്കെ എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു, ഹാര്‍ട്ടിനും ചെറുതായി പ്രശനം ഉണ്ട് എന്ന് . അതിന്റെ പ്രവര്‍ത്തനം 40 ശതമാനം മാത്രമേ ഉള്ളൂ . അതെന്നോട് പറഞ്ഞപ്പോള്‍ ഒരു തമാശ എന്ന പോലെ ലീന അന്നോട് പറഞ്ഞു..
'"ഈ വണ്ടി അധികം ഓടും എന്ന് തോന്നുന്നില്ല. "
ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ ഞാന്‍ അവളെ ശാസിച്ചു..."ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ചിന്തിക്കുന്നെ? "
കുറച്ചു കഴിഞ്ഞു ലീന ഉറങ്ങി. ഞാന്‍ എന്റെ ബാഗ് തുറന്നു ഓഫീസിലെ ജോലി സംബധിച്ച കുറെ കാര്യങ്ങള്‍ ഒരു ബുക്കില്‍ എഴുതാന്‍ തുടങ്ങി. കുറെ നാളായി ഓഫീസ് കാര്യങ്ങളിലും ഒന്നും അധികം ശ്രദ്ധ ചെലുത്താന്‍ പറ്റുന്നില്ല. അടുത്ത ആഴ്ച കൊടുക്കേണ്ട പ്രോജക്റ്റ് പ്രെസന്റെഷന്‍ ഒന്നും ആയിട്ടില്ല.
തലയ്ക്കകത്ത് ആയിരക്കണക്കിന് തേനീച്ചകള്‍ കിടന്നു മൂളുന്ന പോലെ തോന്നി. മനസിന്റെ നട്ടും ബോള്‍ട്ടും ഇളകിപ്പോയപോലെ ഉള്ള ഒരു പ്രതീതി .. എന്തെല്ലാം പരീക്ഷകള്‍ ആണ് നേരിടേണ്ടി വരുന്നത്. .വരുമ്പോള്‍ എല്ലാം ഒരിമിച്ച്, കടുത്ത ഡോസിലാണല്ലോ വരുന്നത് എന്ന് ഓര്‍ത്തു.
ഒരു നാല് മണി ആയപ്പോള്‍ ആ കൊച്ചു കുട്ടിയെ ഡിസ് ചാര്‍ജ് ചെയ്തു. വളരെ പ്രകടമായ സന്തോഷത്തോടെ ആ കുഞ്ഞിന്റെ കുടുംബം ആ വാര്‍ഡില്‍ നിന്നും പോയി. ബാക്കിയുള്ളവര്‍ അവരുടെ ഊഴം എന്ന് വരും എന്നോത്തു ദീര്‍ഘ നിശ്വാസം വിട്ടു കിടന്നു.
ഞാന്‍ ആലോചിച്ചു.. ..ഒരേ മുറിയുടെ നാല് ചുവരുകളുടെ ഇടയില്‍ ..എന്തെല്ലാം വികാര വിചാരങ്ങളുടെ തിരയിളക്കമാണ് ...
കഴിഞ്ഞ രണ്ടാഴ്ച ആയി ഞാനും എന്റെ സഹോദരന്മാരും, ചില സുഹൃത്തുക്കളും ഒക്കെ ചേര്‍ന്ന്, എത്രയും പെട്ടന്ന് , എവിടുന്നെങ്കിലും ഒരു കിഡ്നി സംഘടിപ്പിക്കാനുള്ള ഓട്ടം ആയിരുന്നു. ഒരു കോണ്ടാക്റ്റ് കിട്ടാനായി വളരെയധികം ബുദ്ധിമുട്ടി, ഞങ്ങള്‍ ഈ ഓട്ടം ഓടുമ്പോള്‍ എന്നെയും ലീനയെയും സഹായിക്കാന്‍ ബന്ധം കൊണ്ട് ബാധ്യത ഉള്ള പലരും അതിനൊന്നും മെനക്കെടാത്തപ്പോള്‍ വല്ലാത്ത അമര്‍ഷവും, മനോ വേദനയും തോന്നി. ചായം തേച്ച മുഖങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ രൂപങ്ങളെ ഞാന്‍ കുറെ ഏറെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബന്ധങ്ങളുടെ വില ഇത്രയേ ഉള്ളോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
ഇന്നലെ ലീനയെ അട്മിട്റ്റ് ചെയ്യുന്നതിന് മുന്‍പേ നഴ്സിംഗ് റൂമില്‍ കുറച്ചു നേരം കിടത്തിയിരുന്നു. അവിടെ വച്ച്, ലീന ഒരു പഴയ കൂട്ടുകാരിയെ കണ്ടു..ഹോസ്പിറ്റലില്‍ വച്ച് തന്നെ നേരത്തെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടി. അതിന്റെ ഭര്‍ത്താവിനു കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തു കിടന്നപ്പോഴാണ് ആ കുട്ടിയെ ലീന പരിചയപ്പെട്ടത്. എല്ലാം ശരി ആയി എന്ന് ആശ്വസിച്ചു തിരികെ പോയ ആ കുട്ടിയെ വിഷമിക്കുന്ന വാര്‍ത്തയാണ് പിന്നെ മൂന്ന് മാസങ്ങള്‍ കഴിഞ്ഞുള്ള ചെക്കപ്പിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്...മാറ്റി വച്ച കിഡ്നി റിജക്ഷന്‍ ആയി അത്രേ..
എത്രയും വേഗം കിഡ്നി മാറ്റി വച്ച്, പാളം തെറ്റി പായുന്ന ജീവിതം നേരെ ആക്കാം എന്ന മോഹത്തോടെ ഇരിക്കുന്ന ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും, ആ വാര്‍ത്ത ഒരു വല്ലാത്ത പേടി സമ്മാനിച്ചു.
പിന്നെ ഓര്‍ത്തു.. എല്ലാവര്‍ക്കും റിജക്ഷന്‍ ആവണം എന്നില്ലല്ലോ. ഒക്കെ ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകാം. വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട ...
വിഷമങ്ങളും, ഭയപ്പാടുകളും , ഒപ്പം ശുഭാപ്തി വിശ്വാസങ്ങളും ആയി ഞാന്‍ മെല്ലെ വാര്‍ഡിന്റെ വെളിയിലേക്കിറങ്ങി.
ജോസ്
ബാംഗലൂര്‍
28-ജൂണ്‍- 2010