2012, ജനുവരി 22

സൈക്കിള്‍ ...





'ഇക്കണക്കിനു പോയാല്‍ താമസിയാതെ ഒരു ലോറി നിറയെ കാശും കൊണ്ട് പോയാലും ഒരു ലിറ്റര്‍ പെട്രോള്‍ പോലും കിട്ടില്ല. എന്‍റെ ഭഗവതീ .. ആളുകള്‍ എങ്ങനെ ജീവിക്കാനാ? '

ഞായറാഴ്ച രാവിലെ തന്നെ പത്ര വായന കഴിഞ്ഞപ്പോള്‍ രാജീവന്റെ പ്രതികരണം ഇതായിരുന്നു. എപ്പോഴൊക്കെ പെട്രോള്‍ വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ അയാള്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ അന്നും അയാള്‍ പത്ര വായന കഴിഞ്ഞ്, തന്റെ ഡയറിയും എടുത്തു വെച്ച് കണക്കു കൂട്ടാന്‍ തുടങ്ങി.

'ചേട്ടാ ..ഇതെന്താ..രാവിലെ തന്നെ ഡയറിയും കൊണ്ട് ഇരുപ്പായോ? '. രാജീവനുള്ള ചായയും കൊണ്ട് വന്ന ഭാര്യ ലീല അയാളോട് ചോദിച്ചു.

'എടീ ..നിനക്കെന്തറിയാം. കുടുംബ ബഡ്ജറ്റ് പിടിച്ചാല്‍ കിട്ടുന്നില്ല. മാസം പകുതി കഴിഞ്ഞതെ ഉള്ളൂ. ബാങ്കിലെ ബാലന്‍സ് കമ്മിയാണ്. എവിടെയെങ്കിലും എന്തെങ്കിലും ചിലവുകള്‍ കുറച്ചേ പറ്റൂ. ഈ വിലക്കയറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അല്ലാതെ വേറെ വഴിയില്ല. സ്കൂട്ടര്‍ വിറ്റിട്ട് ഒരു സൈക്കിള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ. അതിനും വേണം ഒരു മൂവായിരം നാലായിരം രൂപ.'

കുറെ ദിവസങ്ങള്‍ ആയി അയാള്‍ വീട്ടിലെ വരവ് ചെലവു കണക്കുകള്‍ കുറിച്ച ഡയറിയും എടുത്തു വച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. വീടിന്റെ ലോണും, പിള്ളേരുടെ പഠനത്തിനുള്ള ചെലവും, വീട്ടിലെ മറ്റു ചെലവുകളും ഒക്കെ ആയപ്പോള്‍ , തന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അതിനാല്‍ ചെലവു ചുരുക്കാനുള്ള വഴികള്‍ ആലോചിച്ചാണ് മിക്ക ദിവസങ്ങളിലും അയാളുടെ ദിവസങ്ങള്‍ തുടങ്ങുന്നതും തീരുന്നതും.

'ചേട്ടാ ..പ്രഭ ചേച്ചിയെ കണ്ടിട്ട് രണ്ടാഴ്ച ആയില്ലേ. നമുക്ക് ഇന്നവിടെ പോയാലോ? ' അടുക്കളയില്‍ നിന്നും ലീല വിളിച്ചു ചോദിച്ചു.

'ആ...പോകാം. ഉച്ചക്ക് ശേഷം ആകട്ടെ' . അയാള്‍ അലസമായി മറുപടി പറഞ്ഞിട്ട് ഡയറിയില്‍ കണ്ണും നട്ട് ഇരുന്നു.

പെട്ടെന്നാണ് രാജീവന് ചെലവു ചുരുക്കാനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞത്. വലിയ ചെലവു ചുരുക്കല്‍ ഒന്നും അല്ലെങ്കിലും പല തുള്ളി പെരുവള്ളം എന്ന് പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങളില്‍ ചെലവു ചുരുക്കിയാല്‍ അതൊക്കെ കൂടി ഒരു വലിയ തുക ആവും എന്നു അയാള്‍ക്കറിയാം. പ്രഭയെക്കുറിച്ച് സംസാരിച്ചപ്പോഴാണ്, അവള്‍ക്കു ചെലവിനായി മാസാമാസം കൊടുക്കുന്ന തുക ഒന്ന് കുറച്ചാലോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നത്.

രാജീവന്റെയും, അനുജന്‍ സഹദേവന്റെയും അനിയത്തി ആണ് പ്രഭ. ചെറുപ്പത്തില്‍ പോളിയോ വന്ന് പ്രഭയുടെ കാലുകള്‍ രണ്ടും തളര്‍ന്നിരുന്നു. ഒരു വീല്‍ ചെയറില്‍ ആണ് പ്രഭ അന്നുമുതല്‍ ജീവിക്കുന്നത്. അവരുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.പിന്നീട് രാജീവന്‍ കല്യാണം കഴിച്ച് ബോംബെയിലേക്ക് താമസം മാറി. അന്നയാള്‍ക്ക് അവിടെ നല്ല ജോലിയും ഉണ്ടായിരുന്നു. കുടുംബ വീട് സഹദേവനാണ് കിട്ടിയത്. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹ ദേവന്റെ കല്യാണവും കഴിഞ്ഞു. അത് കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞപ്പോള്‍, അവരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രഭ, സഹദേവന്റെ കൂടെ കുടുംബ വീട്ടില്‍ താമസം തുടര്‍ന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പോള്‍ രാജീവന്റെ നല്ല ജോലി നഷ്ടപ്പെട്ടു. പിന്നെ നാട്ടില്‍ വന്ന് ഒരു ഇടത്തരം കമ്പനിയില്‍ ജോലി നോക്കി വരികയാണ് അയാള്‍ . രാജീവനും സഹദേവനും കൂടി പ്രഭയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. പ്രഭ, സഹ ദേവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ പ്രഭയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി, രാജീവനും ഒരു തുക അയാളുടെ പങ്കായി നല്‍കാം എന്ന് പറഞ്ഞു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ആയിരം രൂപ അയാള്‍ പ്രഭയുടെ കയ്യില്‍ കൊണ്ട് കൊടുക്കുമായിരുന്നു.

സഹദേവന് ഇപ്പോള്‍ പ്രമോഷന്‍ ഒക്കെ കിട്ടി നല്ല നിലയില്‍ ആണ്. അത് വെച്ച് നോക്കിയാല്‍ രാജീവന്‍ കൊടുക്കുന്ന ആയിരം രൂപ ഇല്ലെങ്കിലും പ്രഭയുടെ കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കും. ആയിരത്തിനു പകരം അതൊരു അഞ്ഞൂറായി കുറച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. മാസച്ചെലവില്‍ അഞ്ഞൂറ് രൂപ ലാഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം അല്ലേ. അയാള്‍ അങ്ങനെ ചിന്തിച്ചു.

'എടീ ലീലേ ..ഞാന്‍ ആലോചിക്കുവായിരുന്നു...പ്രഭയ്ക്കു മാസാമാസം കൊടുക്കുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കുറച്ചാലോ എന്ന്. സഹദേവന് ഇപ്പോള്‍ നല്ല ശമ്പളം ഇല്ലേ. ഞാനല്ലേ കുറച്ചു കഷ്ടപ്പെടുന്നത്. നിനക്ക് എന്ത് തോന്നുന്നു ?'

'ഞാന്‍ ഇത് ചേട്ടനോട് പറയാം എന്ന് എത്ര വട്ടം കരുതിയതാ. പിന്നെ ചേട്ടന് വല്ലതും തോന്നിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞില്ല. എന്തായാലും സഹദേവനോടും പ്രഭയോടും ഒന്ന് പറഞ്ഞു നോക്ക്. '

ഞായറാഴ്ച ഉച്ച കഴിഞ്ഞു രാജീവനും ലീലയും പിള്ളേരും കൂടി കുടുംബ വീട്ടിലേക്കു പോയി. ഒരു കൈനെറ്റിക് ഹോണ്ട സ്കൂട്ടറില്‍ ആയിരുന്നു യാത്ര. സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ അയാള്‍ പിള്ളേരോടായി പറഞ്ഞു.

'മക്കളെ..ഇനി സ്കൂട്ടറില്‍ അധികം കറക്കം കാണില്ല കേട്ടോ. അച്ഛന്‍ ഇത് വിറ്റിട്ട് ഒരു സൈക്കിള്‍ എടുക്കാന്‍ പോവുകയാ. പെട്രോള്‍ അടിച്ചടിച്ച് ഇപ്പോള്‍ വീട്ടില്‍ അരി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ വരികയാണ്. പിന്നെ ഇതേ വഴിയുള്ളൂ. '

അര മണിക്കൂറത്തെ യാത്രക്ക് ശേഷം അവര്‍ കുടുംബ വീട്ടില്‍ എത്തി. അവിടെ സഹദേവനും കുടുംബവും പ്രഭയും ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്ന് കുടുംബ വിശേഷവും നാട്ടു വര്‍ത്തമാനവും ഒക്കെ പറയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും ചെലവു ചുരുക്കല്‍ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു രാജീവന്‍. അപ്പോഴാണ്‌ ടീ. വീയില്‍ വന്ന വാര്‍ത്തയില്‍ പെട്രോള്‍ വി വീണ്ടും കൂട്ടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു കേട്ടത്. ഇത് തന്നെ അവസരം എന്നോര്‍ത്തു രാജീവന്‍ പറഞ്ഞു തുടങ്ങി.

'എന്‍റെ പ്രഭെ..വയ്യ...ഈ കൂടെക്കൂടെ ഉള്ള വിലകയറ്റം എന്‍റെ നടുവൊടിക്കുകയാണ്. ഈ ചെലവൊക്കെ കഴിഞു മാസം അവസാനിക്കാറാവുമ്പോള്‍ എന്‍റെ കയ്യില്‍ കാശൊന്നും മിച്ചം വരുന്നില്ല. ചെലവു ചുരുക്കാനുള്ള വഴികള്‍ ഒക്കെ ആലോചിച്ചു തല പുകച്ചിട്ടും ഒരിടത്തും എത്തുന്നില്ല. ഈ സ്കൂട്ടറും വിറ്റിട്ട് ഒരു സൈക്കിള്‍ വാങ്ങിയാലോ എന്നാലോചിച്ചു. അതിനും വേണമല്ലോ മൂവായിരമോ നാലായിരമോ വില. പണ്ടത്തെ സൈക്കിളിന്റെ വില അല്ലല്ലോ ഇന്ന്. '

'ചേട്ടന്‍ സത്യമായിട്ടും പറഞ്ഞതാണോ അത്. ഇത്ര നാള്‍ സ്കൂടര്‍ ഓടിച്ച ആള്‍ ഇനി സൈക്കിള്‍ ഓടിക്കുമോ? ' പ്രഭ ചോദിച്ചു.

'സത്യമാണ് പ്രഭേ . സൈക്കിളിനെന്താ ഒരു കുഴപ്പം. ഞാന്‍ എത്ര ഓടിച്ചിട്ടുള്ളതാ. പെട്രോള്‍ വില കയറ്റം നേരിടാന്‍ ഇതല്ലാതെ വേറെന്താ ഒരു വഴി? '

'എന്നാല്‍ ചേട്ടന്റെ പഴയ സൈക്കിള്‍ ഇവിടെ ഇരിപ്പുണ്ടല്ലോ. അതെടുത്തൂടെ? '

'പഴയ സൈക്കിളോ? അതിവിടെ ഇപ്പോഴും ഇരുപ്പുണ്ടോ? അത് ഞാന്‍ പണ്ട് ഉപയോഗിച്ച് കൊണ്ടിരുന്നതല്ലേ? അതൊക്കെ തുരുമ്പിച്ചു നാശം ആയിക്കാണും പ്രഭേ. ഞാന്‍ കരുതി അതൊക്കെ എപ്പോഴേ ആക്ക്രിക്കച്ചവടക്കാര്‍ക്ക് എടുത്തു കൊടുത്തു കാണും എന്ന് '

'ഇല്ല ചേട്ടാ.. ചേട്ടന്‍ അകത്തു മുറിയില്‍ പോയി നോക്കിക്കേ. ഞാന്‍ ഇപ്പോഴും അതിനെ തുടച്ചു മിനുക്കി വെയ്ക്കാറുണ്ട്‌. ആരും അത് ഉപയോഗിക്കാറില്ലെങ്കില്‍ പോലും. '

കുറച്ചു അത്ഭുതത്തോടെ അത് കേട്ട ശേഷം രാജീവന്‍ സഹദേവന്റെ മകള്‍ ഉപയോഗിക്കുന്ന അകത്തുള്ള മുറിയില്‍ പോയി നോക്കി. അയാളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ ഇപ്പോഴും തുരുമ്പിക്കാതെ അവിടെ ഇരുപ്പുണ്ടായിരുന്നു. സന്തോഷത്തോടെ അയാള്‍ അതിന്റെ ഹാന്റിലിലും വീലിലും ഒക്കെ തൊട്ടു നോക്കി. അതെല്ലാം കാലം ഇത്ര ആയിട്ടും നന്നായി തന്നെ ഇരുപ്പുണ്ട്‌. ടയറുകള്‍ രണ്ടും മാത്രം മാറ്റേണ്ടി വരും.

രാജീവന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ആ സൈക്കിള്‍ വാങ്ങിയത്. ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ്. അന്ന് കോളേജില്‍ പോകാനും, ട്യൂഷന്‍ എടുക്കാന്‍ പോകാനും ഒക്കെ ആ സൈക്കിളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. എന്നും വൈകിട്ട് വന്ന ശേഷം സൈക്കിള്‍ തുടച്ചു വെയ്ക്കുക അയാളുടെ പതിവായിരുന്നു. അന്നൊരിക്കല്‍ സൈക്കിള്‍ തുടച്ചു കൊണ്ടിരിക്കെ പ്രഭ വീല്‍ ചെയറില്‍ അയാളുടെ അടുത്ത് വന്ന് അതൊക്കെ നോക്കി ഇരുന്നു . അന്നവള്‍ക്ക് പതിമൂന്നു വയസ്സ് കാണും. അയാള്‍ക്ക്‌ ഇരുപതും .

'പ്രഭേ..നിനക്ക് ഈ സൈക്കിള്‍ എന്നും തുടച്ചു വെയ്ക്കാമോ? ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു എണ്ണയും ഇടണം. വെറുതെ വേണ്ട. ഞാന്‍ നിനക്ക് ദിവസവും മൂന്നു രൂപ വെച്ച് തരാം. അങ്ങനെ മാസാവസാനം എല്ലാം ചേര്‍ത്തു നൂറായി നിന്റെ കയ്യില്‍ താം. എന്താ .സമ്മതം ആണോ? '

അയാള്‍ കളിക്ക് ചോദിച്ചതാണെങ്കിലും ഒരു ചിരിയോടെ പ്രഭ സമ്മതിച്ചു. അന്ന് മുതല്‍ മുടങ്ങാതെ പ്രഭ അയാളുടെ സൈക്കിള്‍ തുടച്ചു വെയ്ക്കുമായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നാല്‍ കഴിയുന്ന രീതിയില്‍ അവള്‍ അത് ഭംഗിയായി ചെയ്തു പോന്നു. മാസാവസാനം രാജീവനും പ്രഭയ്ക്കു നൂറു രൂപ കൊടുക്കുമായിരുന്നു. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ വരുന്ന ആ സന്തോഷം കാണുമ്പോള്‍ രാജീവനും സന്തോഷിക്കുമായിരുന്നു.

കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ രാജീവന്‍ പക്ഷെ സൈക്കിള്‍ ഉപേക്ഷിച്ചു സ്കൂട്ടറില്‍ ആയി യാത്ര. ബോംബെയില്‍ ജോലി കൂടി ആയപ്പോള്‍ അയാള്‍ സൈക്കിളിന്റെ കാര്യം പാടെ മറന്നു. പിന്നെ കല്യാണം, വീട് മാറല്‍ , പുതിയ ജോലി, ജീവിത പരാധീനതകള്‍ ഇതൊക്കെ ആയപ്പോള്‍ അങ്ങനെ ഒരു സൈക്കിള്‍ ഉണ്ടെന്ന കാര്യം തന്നെ അയാള്‍ മറന്നിരുന്നു. ആ സൈക്കിള്‍ തന്നെയാണ് ഇപ്പോഴും അതിന്റെ ഭംഗി നഷ്ട്ടപ്പെടാതെ പ്രഭ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

അപ്പോഴേക്കും വീല്‍ ചെയര്‍ പതിയെ ഉരുട്ടി പ്രഭ അവിടേക്ക് വന്നു.

'ഇപ്പൊ ചേട്ടന് വിശ്വാസം വന്നോ? ഞാന്‍ ഇത് തുടയ്ക്കുന്നത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല കേട്ടോ. വല്ല പനി വന്ന് ഒട്ടുംഅനങ്ങാന്‍ വയ്യാതെ കിടപ്പായാല്‍ മാത്രമേ ഞാന്‍ ചെയ്യാതെ ഇരിന്നിട്ടുള്ളൂ. അല്ലെങ്കില്‍ എല്ലാ ദിവസവും ഞാന്‍ രാവിലെ തന്നെ ഇത് തുടച്ചു വെയ്ക്കും. സഹദേവന്‍ ചേട്ടന്‍ എന്നെ അതും പറഞ്ഞു കളിയാക്കും. എന്നാലും ഞാന്‍ അത് എന്നാല്‍ കഴിയും വിധം തുടച്ചു വെയ്ക്കും. ചേട്ടന് അത്രയ്ക്ക് പ്രിയം ആയിരുന്നില്ലേ ഈ സൈക്കിള്‍ '

ആ സൈക്കിളില്‍ നോക്കി നിന്നപ്പോള്‍ രാജീവന്റെ മനസ്സില്‍ എന്തോ ഒരു ഭാരം നിറഞ്ഞു. ഒപ്പം പ്രഭയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിലെ നനവ്‌ തിരിച്ചറിഞ്ഞിട്ടാവണം പ്രഭ ചോദിച്ചു.

'അയ്യോ ..ഇതെന്താ ചേട്ടാ...പഴയ സൈക്കിള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞോ? അത് കൊള്ളാമല്ലോ? '

രാജീവന്‍ ആലോചിച്ചു. പഴയ സൈക്കിള്‍ കണ്ടിട്ടാണോ കണ്ണുകള്‍ നനഞ്ഞത്‌? അതോ സ്വന്തം സ്വാര്‍ഥത ഓര്‍ത്തിട്ടോ?. പാവം പ്രഭയ്ക്കുള്ള ആയിരം രൂപ വീണ്ടും കുറച്ച് സ്വന്തം കുടുംബ ബഡ് ജറ്റ് ശരിയാക്കാന്‍ ഉള്ള തന്റെ തീരുമാനം ഒരു തരം സ്വാര്‍ഥത അല്ലേ എന്ന് അയാളുടെ മനസ്സ് തന്നെ ചോദിച്ചു. അതെ സമയം ഒന്നും പ്രതീക്ഷിക്കാതെ പ്രഭ അന്ന് മുതല്‍ ഇന്ന് വരെ ആ സൈക്കിളിനെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഒരു കേടും കൂടാതെ.

തിരികെ വീടിന്റെ വാരന്തയിലേക്ക് വന്നപ്പോള്‍ പ്രഭ ചോദിച്ചു.

'ചേട്ടന്‍ സൈക്കിള്‍ കൊണ്ട് പോകുന്നുണ്ടോ. ഇപ്പോള്‍ സ്കൂട്ടറില്‍ അല്ലേ വന്നത്. പിന്നെങ്ങനെ കൊണ്ട് പോകും? '

'ഞാന്‍ മറ്റന്നാള്‍ വന്നു എടുത്തോണ്ട് പോകാം പ്രഭേ'

കുറച്ച് നേരം കഴിഞ്ഞു അയാള്‍ കുടുംബ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. തിരികെ അയാളുടെ വീട്ടിലേക്കു സ്കൂട്ടറില്‍ പോകുമ്പോള്‍ , ലീല അയാളോട് ചോദിച്ചു.

'എന്താ ചേട്ടാ ..പ്രഭ ചേച്ചിക്കുള്ള പൈസ കുറയ്ക്കുന്ന കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ട്..എന്തേ പറയാത്തത്?

കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

'വേണ്ട ലീലേ. എനിക്കത്രയും സ്വാര്‍ത്ഥന്‍ ആവാന്‍ വയ്യ. അവള്‍ എന്‍റെ അനിയത്തി അല്ലേ. അവള്‍ക്കു വേണ്ടി ഞാന്‍ മനസ്സില്‍ ഉറപ്പിച്ച പൈസയില്‍ നിന്നും എടുത്ത് എനിക്ക് ചെലവു ചുരുക്കണ്ട. അങ്ങനെ ആലോചിച്ചത് തന്നെ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. ചെലവു ചുരുക്കാന്‍ ഞാന്‍ വേറെ എന്തെങ്കിലും വഴി കണ്ടു പിടിച്ചോളാം. '

അത് പറഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ഭാരം ഇല്ലായിരുന്നു. മാസ ചെലവുകളെ ക്കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നു. പക്ഷെ കണ്‍ പീലികളെ നനയ്ക്കുന്ന ഒരു ചെറു നനവ്‌ അപ്പോഴും അയാളുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.


ജോസ്
ബാംഗ്ലൂര്‍
22- ജനുവരി - 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )

2012, ജനുവരി 14

പാപകര്‍മ്മം



ഗിരീഷേട്ടന്‍ കുറെ താമസിച്ചേ വരൂ എന്ന് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതിനാല്‍ ഞാനും മോനും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു. ഗിരീഷേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ രാത്രി ഒരു മണി കഴിയും. പാത്രങ്ങള്‍ ഒക്കെ കഴുകിയിട്ട് കിടക്കാം എന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയതും, ഗിരീഷേട്ടന്റെ അമ്മ കയര്‍ത്തു പറഞ്ഞു.

"എന്തിനാ മോളെ ഇപ്പൊ നീ അടുക്കളയില്‍ കയറുന്നെ? ഈ നിറഞ്ഞ വയറും വെച്ചോണ്ട് എന്തിനാ കഷ്ട്ടപ്പെടുന്നെ?അതിനൊക്കെയല്ലേ ഞാന്‍ ഇവിടെ ഉള്ളത്? നീ ആ ചെക്കനേയും വിളിച്ചോണ്ട് നേരത്തെ പോയി കിടക്ക്‌ "

ഞാന്‍ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മ ആകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഗിരീഷേട്ടന്റെ അമ്മ വീട്ടില്‍ ഉണ്ട്. എന്‍റെ അമ്മയേക്കാള്‍ ഏറെ എന്‍റെ കാര്യത്തില്‍ ശ്രദ്ധയാണ് അവര്‍ക്ക്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആധിയും മനസ്സില്‍ നിറയും. ജീവിതം പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ? ഒന്നിനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന സത്യം.

ഉറങ്ങാനായി മുറിയിലേക്ക് ഉന്തിയ വയറും താങ്ങിപ്പിടിച്ചു ചെല്ലുമ്പോള്‍ , എന്‍റെ മോന്‍ സന്ദീപ്‌ ഏതോ ഒരു കളിപ്പാട്ടം വെച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ കിടക്കയിലേക്ക് പതിയെ കിടന്നതും, അവന്‍ കളിപ്പാട്ടം മാറ്റി വച്ചിട്ട് എന്‍റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ വെറുതെ ഒന്ന് തടവിയിട്ട് ഒരു ഉമ്മ കൊടുത്തു.

"അമ്മേടെ ചക്കര മോന്‍ ഒറങ്ങിക്കോ. നാളെ സ്കൂളില്‍ പോവണ്ടേ? "

ആ ചോദ്യം അവന്‍ കേട്ടില്ല. മറിച്ച്, കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ എന്നോടൊരു ചോദ്യം ചോദിച്ചു. എന്‍റെ വയറില്‍ കൈ വെച്ച ശേഷം.

"അമ്മേ..ഇതിനകത്ത് ..അനിയനാണോ? അതോ അനിയത്തിയോ? ഇതേവരെ അമ്മയ്ക്ക് അറിയാന്‍ പറ്റിയില്ലേ? "

"അമ്മയ്ക്കറിയില്ല മോനൂ. ഭഗവാന്‍ ആരെത്തന്നാലും അമ്മ കൈ നീട്ടി വാങ്ങും. മോന് ആരെ വേണമെന്നാണ് ആഗ്രഹം? "

"എനിക്കും... ആരായാലും മതി അമ്മേ. എന്നാലും അനിയത്തി ആണേല്‍ കുറച്ചുകൂടി ഇഷ്ടമാ. അനിയത്തി ആണേല്‍ ഞാന്‍ അവളെ കുളിപ്പിക്കുകയും പൊട്ടൊക്കെ ഇടീപ്പിക്കുകയും ചെയ്തോട്ടെ അമ്മെ? "

ഞാന്‍ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ഉമ് വെച്ചു. പിന്നെ കുറെ കഥകള്‍ പറഞ്ഞു കൊടുത്തു. കഥകളും പാട്ടും ഒക്കെ കേട്ട് അവന്‍ ഉറങ്ങുമ്പോള്‍ , മനസ്സ് കാരണമില്ലാതെ പിടഞ്ഞു. പഴയ ഓര്‍മ്മകള്‍ ശല്യപ്പെടുത്തിയത് കൊണ്ടാവാം.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ദിവസം മോനൂട്ടന്‍ എന്നോട് ചോദിച്ചിരുന്നു. മറ്റൊരു ചോദ്യം

"അമ്മെ എനിക്ക് മാത്രം ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും ഒന്നും ഇല്ലല്ലോ. അതെന്താ അമ്മെ? എനിക്ക് മാത്രം കളിക്കാന്‍ ആരും ഇല്ല. "

ആ ചോദ്യം അവന്‍ പല വട്ടം ആവര്‍ത്തിച്ചപ്പോള്‍ ആണ് വീണ്ടും ഒരു കുഞ്ഞു വേണം എന്ന കാര്യം ഞാന്‍ ഗിരീഷേട്ടനോട് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ വേണ്ടും അമ്മയാകാന്‍ പോകുകയാണ് എന്ന കാര്യം ഞാന്‍ അറിഞ്ഞു. അന്ന് ഞാന്‍ മോനൂട്ടനോട് പറഞ്ഞു.

"മോനൂ.നിനക്ക് കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നുണ്ട്"

"ആരാ അമ്മെ? "

"അതെ..അമ്മേടെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ട്‌. ആ വാവ പുറത്തു വരുമ്പോള്‍ മോനൂട്ടന് കളിക്കാന്‍ ആളാകുമല്ലോ. നീ അല്ലേ എപ്പോഴും പറയാറ് കളിക്കാന്‍ ആരും ഇല്ലാ എന്ന്. "

അന്നെന്നെ അവന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു

"അത് അനിയനാണോ അനിയത്തിയാണോ അമ്മെ? "

അന്നും ഞാന്‍ പറഞ്ഞു.

"അത് അമ്മയ്ക്ക് അറിയില്ല മോനെ "

മോന്‍ നല്ല ഉറക്കം ആയി. രാത്രി പതിനൊന്നു മണി കഴിഞ്ഞു. എനിക്ക് ഉറക്കം വന്നില്ല. അപ്പോഴും മനസ്സില്‍ അവന്റെ ചോദ്യവും, പിന്നെ കുറെ പൊള്ളുന്ന ഓര്‍മ്മകളും ഓടിക്കളിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും.

അന്ന് കല്യാണം കഴിഞ്ഞു ഗിരീഷേട്ടനോടൊപ്പം മദ്രാസിലെ അടയാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടില്‍ താമസിക്കുന്ന സമയം. സന്തോഷത്തിന്റെ പാരമ്യതയില്‍ ജീവിതം പോകുന്ന കാലം. കല്യാണം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ അമ്മയാകാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിറ്റേ ആഴ്ച തന്നെ ഗിരീഷേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നു. എന്‍റെ പരിചരണത്തിനായി.

രണ്ടു മൂന്നു മാസങ്ങള്‍ കടന്നു പോയി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകി ആണ് ഞാന്‍ സമയം കളഞ്ഞിരുന്നത്. കുഞ്ഞിനുള്ള ഉടുപ്പ് തുന്നലും, പേര് എന്തിടും എന്ന ആലോചനയും ഒക്കെ ആയി സമയം പോയി. ഒരു ദിവസം ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞു.

"വനജേ..നീ ഒരുങ്ങിക്കോ. ഇന്ന് ഡോക്ടര്‍ ശെല്‍വരാജന്റെ അടുത്ത് പോകണം. അപ്പോയിന്റ്മെന്റ് ഉള്ളതാ"

"അതെന്തിനാ ഏട്ടാ.? നമ്മള്‍ സ്ഥിരമായി കാണിക്കുന്നത് ആ ഡോക്ടറെ അല്ലല്ലോ? "

"ഇതൊരു സ്കാനിംഗ് ചെയ്യാനാ വനജേ. മറ്റേ ഡോക്ടര്‍ തന്നെയാണ് റെഫര്‍ ചെയ്തിരിക്കുന്നത്. "

അങ്ങനെ ഞാന്‍ ഗിരീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഡോക്ടര്‍ ശെല്‍വരാജിന്റെ ക്ലിനിക്കില്‍ ഗിരീഷേട്ടന്റെ ഒപ്പം പോയി. അന്ന് ഒരു അള്‍ട്രാ സൌണ്ട് സ്കാന്‍ എടുത്തു. ജീവിതം മാറി മറിക്കുന്ന ഒരു സംഭവം ആവും അതെന്നു ഞാന്‍ കരുതിയില്ല.

മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ഗിരീഷേട്ടന്‍ വീട്ടില്‍ വന്ന ശേഷം അമ്മയോട് ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ ഇടയിലേക്ക് പോയതെ ഇല്ല. കുറച്ചു കഴിഞ്ഞു ഗിരീഷേട്ടന്‍ എന്നോട് വന്നിട്ട് പറഞ്ഞു.

"വനജേ..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. "

"എന്താ ഏട്ടാ ..പറഞ്ഞോളൂ. "

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഗിരീഷേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇടിത്തീ പോലാണ് മനസ്സില്‍ വീണത്‌.

"വനജേ..ഇത് പെണ്‍കുട്ടിയാണ്. നമുക്ക് ഈ കുഞ്ഞു വേണ്ട. ഒരു ആണ്‍കുട്ടി വേണമെന്നാണ് എനിക്കും വീട്ടുകാര്‍ക്കും ഒക്കെ ആഗ്രഹം"

കുറച്ചു നേരത്തേയ്ക്ക് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അത്രയ്ക്ക് ഞാന്‍ സ്തബ്ധയായിപ്പോയി. എന്നേ സ്നേഹിക്കുന്ന , ഞാന്‍ സ്നേഹിക്കുന്ന, വിദ്യാഭ്യാസം ഏറെ ഉള്ള എന്‍റെ ഭര്‍ത്താവാണോ ഒരു നികൃഷ്ട ജീവിയെപ്പോലെ ആ ചോദ്യം എന്നോട് ചോദിച്ചത്? പതിയെ ഷോക്കില്‍ നിന്നും മോചിതയായ ഞാന്‍, മനസ്സില്‍ പതഞ്ഞു വന്ന ദേഷ്യം മുഴുവന്‍ വാക്കുകളിലും നോട്ടത്തിലും ആയി പുറത്തെടുത്തു.

വാക്ശരങ്ങളും, സ്വര ചേര്‍ച്ചയും ഭീഷണികളും പിന്നെ പതിവായി. ഗിരീഷേട്ടന്റെ അമ്മ കാണിച്ച സ്നേഹം ഏതു തരത്തിലേത് ആണെന്ന് എനിക്ക് നന്നായി മനസ്സിലായി. പിറക്കാന്‍ പോകുന്നത് പെണ്ണാണെങ്കില്‍ പിന്നെ ഇവളെ എന്തിനു പരിചരിക്കണം എന്നായി അവരുടെ മട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പ്രസവം അലസിപ്പിക്കാന്‍ പലകുറി എന്നെ അവരെല്ലാം നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ വഴങ്ങാതെ പിടിച്ചു നിന്നു.

ഒരു ദിവസം അമ്മയും ഗിരീഷേട്ടനും കൂടി എന്നോട് ഷോപ്പിങ്ങിനു വരാന്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്‌. അത് കൊണ്ട് ഞാനും കൂടെ പോയി. മദ്രാസിലെ വലിയ ഷോപ്പിംഗ്‌ മോളിലെ കാഴ്ചകളും മറ്റും കണ്ടു സന്തോഷിച്ചു നടക്കുകയായിരുന്നു ഞാന്‍. മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നേരം, എസ്കലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പടി ഇറങ്ങാന്‍ വേണ്ടി മുകളിലത്തെ പടിയില്‍ കാലു വെച്ചതും , പുറകില്‍ നിന്നും ആരോ എന്നെ തള്ളിയിട്ടപോലെ തോന്നി. എന്‍റെ ബാലന്‍സ് തെറ്റി. ഞാന്‍ പടികളിലൂടെ ഉരുണ്ടു താഴേക്കു വീണു. ആളുകളുടെ അലര്‍ച്ചയും, ആംബുലന്‍സിന്റെ സയറണിന്റെ ശബ്ദവും പിന്നെ മരുന്നുകളുടെ ഗന്ധവും ആണ് കുറെ നേരം കഴിഞ്ഞ് എനിക്ക് തിരിച്ചറിയാന്‍ പറ്റിയത്.

സങ്കടത്തിന്റെ പടു കുഴിയിലെക്കുള്ള എന്‍റെ വീഴ്ച ആയിരുന്നു അത്. വീഴ്ചയുടെ ആഘാതം വയറില്‍ വളരുന്ന കുഞ്ഞിനെ സാരമായി ബാധിച്ചതിനാല്‍ ആ ജീവന്‍ വെളിയില്‍ വരും മുന്‍പേ പൊലിഞ്ഞു . അതോ ആക്കിയതോ? എനിക്കറിയില്ല. എന്നെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് ഞാന്‍ ഡോക്ടര്‍ ശെല്‍വ രാജിന്റെ ആശുപത്രിയില്‍ ആയിരുന്നു എന്നറിഞ്ഞത്. പിന്നൊന്നും ചോദിച്ചില്ല. എല്ലാം പകല്‍ പോലെ വ്യക്തം ആയി എനിക്ക്. ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയ പോലെ ആയി. എന്‍റെ പരിചരണത്തിനായി ഗിരീഷേട്ടനും, അമ്മയും, എന്‍റെ അമ്മയും , ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ആരോടും ഞാന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകള്‍ ആയിരുന്നു അത് . വിഷാദ രോഗം പിടികൂടിയ ആ നിമിഷങ്ങളില്‍ ഞാന്‍ ആലോചിക്കുമായിരുന്നു.

"ഗിരീഷേട്ടന്റെ അമ്മയുടെ മുഖത്തെ വിഷാദത്തിന്റെ പുറകില്‍ ഗൂഢമായ ഒരു സന്തോഷം ഇല്ലേ? "
അന്ന് പടിയില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ എന്‍റെ തൊട്ടു പുറകില്‍ അമ്മയും ഗിരീഷേട്ടനും അല്ലേ ഉണ്ടായിരുന്നത്. പുറകില്‍ നിന്നു എന്നെ ആരോ തള്ളിയിട്ടതല്ലേ? "

ഒന്നും ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍. എന്നെ മനോരോഗിയാക്കാനേ അത് സഹായിക്കൂ. വേദനകള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി. കാലം വേദനകള്‍ മായ്ക്കും എന്ന് പറയാറുണ്ടെങ്കിലും ആ സംഭവം എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മാനസികമായി ആ പഴയ വനജ ആയത്. മോനെ ഗര്‍ഭം ധരിക്കുന്നതും അത് കഴിഞ്ഞാണ്. അത്തവണയും ഗിരീഷേട്ടന്‍ ഡോക്ടര്‍ ശെല്‍വരാജിന്റെ അടുത്ത് എന്നെ കൊണ്ട് പോകാന്‍ നോക്കി. നിയമ വിരുദ്ധമായി , ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന അയാളുടെ ക്ലിനിക്കില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. മോനെ പ്രസവിക്കും വരെ എനിക്ക് കണ്ണും കാതും രണ്ടല്ലായിരുന്നു.. നാലോ.എട്ടോ..അതിലേറെയോ. ഒന്നിനെയും ആരെയും ഞാന്‍ വിശ്വസിച്ചില്ല. ഉദരത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നടക്കുന്നവര്‍ ആണ് ചുറ്റും എന്ന് എനിക്ക് തോന്നി. ഏറെ കരുതലോടെ തന്നെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെന്നെ ഏറെ സഹായിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അല്ലലൊന്നും കൂടാതെ മോനെ പ്രസവിച്ചു. പിറന്നത്‌ മകനാണ് എന്നറിഞ്ഞപ്പോള്‍ ഏട്ടനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. പിന്നീട് എനിക്ക് കിട്ടിയ പരിചരണത്തിലും ഞാന്‍ ആ മാറ്റം കണ്ടു. ആണ്‍ കുഞ്ഞിനു മാത്രം കിട്ടുന്ന സ്നേഹം. സ്നേഹത്തിന്റെ ഭാഷയ്ക്കും ഉള്ള ലിംഗ വിവേചനം.

"നീ ഇതേ വരെ ഉറങ്ങിയില്ലേ വനജേ. "

മുറിയിലേക്ക് വന്ന ഗിരീഷേട്ടന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.

വസ്ത്രം മാറുന്നതിനിടയില്‍ ഗിരീഷേട്ടന്‍ പറഞ്ഞു.

"നാളെ ഡോക്ടര്‍ കല്‍പ്പനയുടെ അടുത്തു പോകണം. സ്കാനിംഗ് ഉള്ളതാ. "

അതിലെ ധ്വനി തിരിച്ചറിഞ്ഞ ഞാന്‍ പറഞ്ഞു.

"എന്തിനാ ഏട്ടാ? കുട്ടി പെണ്ണാണെങ്കില്‍ വേണ്ടാ എന്ന് പറയാനാണോ? പിറക്കാനിരിക്കുന്ന കുഞ്ഞിനെ വയറ്റില്‍ വച്ചേ കൊല്ലുന്ന കല്‍പ്പനമാരുടെയും, ശെല്‍വരാജുമാരുടെയും അടുത്തേയ്ക്ക് ഞാനില്ല . കുഞ്ഞു പെണ്ണായാലും ആണായാലും ഭഗവാന്റെ വരം തന്നെ ആണ്. ഇവരൊക്കെ ചെയ്യുന്ന പാപകര്‍മ്മതിനു ഞാനില്ല കൂട്ട്. "



ജോസ്
ബാംഗ്ലൂര്‍
15- Jan -2012


(ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തവയാണ് )