2011, ഒക്‌ടോബർ 24
ആദ്യ വിമാന യാത്ര......
"ജോസമ്മാച്ചാ .. ഈ വിമാനത്തിന്റെ അകം എങ്ങനെയിരിക്കും? "
ഒരിക്കല്‍ എന്‍റെ കുഞ്ഞനന്തരവന്‍ എന്നോട് ചോദിച്ചു. ഞാന്‍ വിമാനത്തിന്റെ അകത്തെ കാര്യങ്ങള്‍ വര്‍ണ്ണിച്ചപ്പോള്‍ അവന്റെ കണ്ണില്‍ കണ്ട തിളക്കം എന്നെ പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പണ്ട്, ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം, സ്കൂളില്‍ നിന്നും വിനോദ യാത്ര പോകുന്നു എന്ന് സാര്‍ പറഞ്ഞു. നെയ്യാര്‍ഡാം , അരുവിക്കര ഡാം, വിമാനത്താവളം എന്നിവയൊക്കെ കാണിക്കും എന്നാണു സാറുമ്മാര്‍ പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴേ എന്‍റെ ചേട്ടന്‍ എന്നോട് പറഞ്ഞു.
"നീ നോക്കിക്കോ..അവര്‍ വിമാനത്താവളത്തില്‍ ഒന്നും കൊണ്ട് പോവില്ല. എയര്‍ പോര്‍ട്ടിന്റെ അടുത്തുള്ള റോഡ് സൈഡില്‍ വണ്ടി നിര്‍ത്തി, ദോ പിള്ളേരെ ആ കാണുന്നതാണ് വിമാനത്താവളം എന്ന് പറയുകയേ ഉള്ളൂ "
ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ഡാമിലൊക്കെ കൊണ്ടുപോയെങ്കിലും വിമാനത്താവളത്തില്‍ പോയില്ല. തിരികെ വരുന്ന വഴിയില്‍ , എയര്‍ പോര്‍ട്ടിന്റെ അടുത്തൂടെ വണ്ടി പോയപ്പോള്‍ സാര്‍ ഞങ്ങളോട് പറഞ്ഞു.
"പിള്ളേരെ ..ദോ അങ്ങോട്ട് നോക്ക്..നേരെ നോക്ക്...ആ വിമാനങ്ങള്‍ കെടക്കണത് കണ്ടാ? അതാണ് വിമാനത്താവളം "
എന്തായാലും അന്ന് മുതലേ വിമാനത്തില്‍ കയറണം എന്ന മോഹം മനസ്സില്‍ ഉടലെടുത്തു. അതിനൊക്കെ നല്ല കാശാവും എന്നും, ബസ് ടിക്കറ്റ് എടുത്തു കിഴക്കേ കോട്ടയില്‍ പോവുന്ന പോലൊന്നും പോവാന്‍ പറ്റില്ല എന്നൊക്കെ വൈകാതെ എനിക്ക് മനസ്സിലായി.
"ആ.. ദൈവം കനിഞ്ഞാല്‍ എപ്പോഴെങ്കിലും ഒന്ന് കയറാന്‍ പറ്റും. " ഞാന്‍ ഇടയ്ക്കിടെ ആത്മഗതം നടത്തും.
പഠിച്ചിറങ്ങി, ഡല്‍ഹിയില്‍ ജോലിക്ക് കയറിയപ്പോള്‍ , അവിടുന്ന് കമ്പനിയുടെ ബോംബെയിലെ ശാഖയില്‍ ഒരു നാലഞ്ചു മാസത്തെ ട്രെയിനിങ്ങിനു വേണ്ടി എന്നോട് പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള യാത്ര വിമാനത്തിലാണ്.
"ആഹാ.. അങ്ങനെ ഞാന്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോവുന്നു. ".
എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഒപ്പം കുറച്ചു പരിഭ്രമവും കൂടി വന്നു. വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തൊക്കെയാ ചെയ്യേണ്ടത് ? ചോദിച്ചറിയാന്‍ വീട്ടില്‍ ആരും അങ്ങനെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. കമ്പനിയില്‍ ഉള്ളവരോട് എങ്ങനാ ചോദിക്കുന്നെ? നാണക്കേടല്ലേ.
"ഇവനേതു മണ്ട് ഗുണാപ്പി? വിമാനത്താവളത്തില്‍ ചെന്നാല്‍ എന്ത് ചെയ്യണം എന്നറിയില്ല പോലും. " എന്നാരേലും പറഞ്ഞാലോ?
എന്തായാലും ഒരാഴ്ച മുന്‍പേ തന്നെ വെള്ള ഷര്‍ട്ടും, കടും കളര്‍ പാന്റും, ടൈയും ഒക്കെ മൂന്നാല് പ്രാവശ്യം തേച്ചു വച്ചു. ആ ഒരാഴ്ച എന്‍റെ ഷൂ ഞാന്‍ ഒരു പത്തു പ്രാവശ്യം എങ്കിലും പോളിഷ് ചെയ്തു കാണും. വിമാനത്താവളത്തില്‍ ചെല്ലുമ്പോള്‍ നമ്മുടെ മാത്രം ഗെറ്റപ്പിനു ഒരു കുറവും വരരുതല്ലോ.
അവസാനം യാത്ര ചെയ്യുന്ന ദിവസം വന്നു. വളരെ പരിഭ്രമത്തോടെ ഒരു എക്സിക്യൂടിവ് ഗെറ്റപ്പില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. കുളത്തിലെ തവള സമുദ്രം കണ്ട മാതിരി ഞാന്‍ ഒന്നമ്പരന്നു. നോക്കിയും കണ്ടും, ചോദിച്ചും ഒക്കെ കാര്യങ്ങള്‍ മനസ്സിലാക്കി , ഒരു വിധം ബോര്‍ഡിംഗ് പാസ് വാങ്ങി ഞാന്‍ ലോഞ്ചിലേക്ക് നടന്നു.
പാളയത്ത് നിന്ന് തമ്പാനൂരിലേക്ക് ബസ് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാന യാത്ര ചെയ്യുന്നവരാണ് അവിടിരിക്കുന്നത് എന്ന് എനിക്ക് തോന്നി. ആരുടെ മുഖത്തും ഒരു പരിഭ്രമവും ഇല്ല. അതൊക്കെ എനിക്കെ ഉള്ളൂ എന്നായി എന്‍റെ വിചാരം. പക്ഷെ ഞാന്‍ ഒന്നും പുറത്തു കാട്ടിയില്ല. നല്ലപോലെ മസില് പിടിച്ചു ഞാനും ഇരുന്നു. കുറെ നേരത്തിനു ശേഷം ജെറ്റ് എയര്‍വെയ്സിലെ ഒരു സുന്ദരിയുടെ കിളിനാദം ഞാന്‍ കേട്ടു.
"ബോംബെയിലേക്കുള്ള വിമാനം യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. യാത്രക്കാര്‍ ദയവായി, ഗേറ്റ് നമ്പര്‍ രണ്ടിലൂടെ വിമാനത്തിന്റെ അടുത്തേയ്ക്ക് പോകണം "
"ഈശ്വരാ.. അങ്ങനെ ഞാന്‍ ദേ വിമാനത്തില്‍ കയറാന്‍ പോകുന്നു. "
സന്തോഷത്തോടൊപ്പം എല്ലാ പുണ്യവാളന്മാരെയും ധ്യാനിച്ച് ഞാന്‍ ഗേറ്റിലേക്ക് നടന്നു. അവിടെ നിന്ന ഒരു സെക്യൂരിറ്റി ചേട്ടന്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് എന്നെ ഒന്ന് പരതി നോക്കി.. വല്ല ബോംബും ഉണ്ടോ എന്ന് നോക്കാന്‍. ആ കടമ്പ കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ ഞാന്‍ കണ്ടു... യാത്രക്കാരെ കാത്തു നില്‍ക്കുന്ന ഒരു പടു കൂറ്റന്‍ വിമാനം !!
ഉടനെ ജെറ്റ് എയര്‍വേയ്സിന്റെ 'ഒഴുകി നടക്കുന്ന പോലെ ' ഓടുന്ന ഒരു കണ്ണാടി ബസ് അവിടെ വന്നു നിന്നു. യാത്രക്കാര്‍ അതില്‍ കയറി. ആ ബസ് വിമാനത്തിന്റെ അടുത്തേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി.
വിമാനത്തില്‍ കയറി ഇരുന്നതും, കുറെ തരുണീ മണികള്‍ വന്നു യാത്രക്കാരെ അഭിവാദ്യം ചെയ്തു. കുറച്ചു കഴിഞ്ഞു അവര്‍ വിമാനത്തിന്റെ അകത്തുള്ള സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് എന്‍റെ ചങ്കിടിപ്പ് നന്നേ കൂടിയത്.
എന്തെങ്കിലും അപകടം പറ്റി വിമാനത്തിനു വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് സീറ്റിന്റെ അടിയില്‍ വെച്ചിട്ടുണ്ട് എന്ന് ഒരു തരുണീ മണി പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. ബാക്കി ആരും ഈ പറയുന്നതൊന്നും കേള്‍ക്കാതെ അവരുടെതായ ലോകത്തില്‍ മുഴുകി ഇരിക്കുകയാണ്. ഞാന്‍ പതിയെ ആരും കാണാതെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി.
"കര്‍ത്താവേ... ഇതിന്റെ അടിയില്‍ ജാക്കറ്റും കോപ്പും ഒന്നും കാണുന്നില്ലല്ലോ. കൂടെയുള്ളവര്‍ക്കൊക്കെ അതൊക്കെ അറിയാമായിരിക്കും. അതല്ലേ അവരൊക്കെ കൂളായിട്ട് ഇരിക്കുന്നത്. അഥവാ വിമാനം വെള്ളത്തില്‍ പെട്ടാല്‍ , ഞാനും പെട്ടത് തന്നെ".
ഞാന്‍ പക്ഷെ എന്‍റെ പേടി പുറത്തു കാണിച്ചില്ല. ടെയ്ക്ക് ഓഫ് കഴിഞ്ഞു വിമാനം നല്ല ഉയരത്തില്‍ എത്തിയപ്പോള്‍ ഞാന്‍ സീറ്റിന്റെ വശത്തെ കണ്ണാടിയിലൂടെ താഴേക്കു നോക്കി. റോഡും മറ്റും ഒരു വരപോലെ കണ്ടു ...ഭൂമിയുടെ ഒരു അരഞ്ഞാണം പോലെ . ഇടയ്ക്കിടെ പഞ്ഞിക്കെട്ടു പോലെ വെള്ളി മേഘങ്ങളും കണ്ടു.
"ബസ്സോ മറ്റോ ആണേല്‍, ഇടയ്ക്ക് നിര്‍ത്തണം എന്ന് തോന്നിയാല്‍ ഒന്ന് ബ്രേക്കിട്ടു നിര്‍ത്താം..ഇതിപ്പോ ...." ഞാന്‍ ആലോചിച്ചു.
എന്‍റെ അടുത്തിരുന്ന അപ്പച്ചന്‍ ടോയ്ലറ്റില്‍ പോയ സമയത്ത് ഞാന്‍ വീണ്ടും എന്‍റെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി..ജാക്കറ്റ് ഉണ്ടോ എന്നറിയാന്‍. കണ്ടില്ല. എന്‍റെ ചങ്കിടിപ്പ് പഴയപോലെ തന്നെ കൂടി നിന്നു.
മറ്റുള്ളവര്‍ പത്രങ്ങളും മാസികകളും വായിച്ചപ്പോള്‍ , ഞാന്‍ വീണ്ടും വീണ്ടും സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് എഴുതിയ കടലാസ് വായിച്ചു. (വായിച്ചില്ല എന്നോര്‍ത്തു പിന്നെ സങ്കടപ്പെടെണ്ടി വരരുതല്ലോ.)
കുറച്ചു കഴിഞ്ഞു, ഒരു സുന്ദരി എയര്‍ ഹോസ്ടെസ് വെളുത്തു ചുരുണ്ട കുറെ സാധനങ്ങള്‍ ഒരു തട്ടത്തില്‍ വെച്ചുകൊണ്ട് വരുന്നത് കണ്ടു. മുന്‍പേ ഇരിക്കുന്ന ചിലര്‍ അതില്‍ നിന്നും ഓരോന്ന് എടുക്കുന്നതും കണ്ടു.
"ഷേയ്പ്പ് കണ്ടിട്ട് തെരളിയപ്പം പോലെ ഉണ്ട്. കൊള്ളാലോ.. പക്ഷെ തെരളിയപ്പത്തിനു തൂവെള്ള കളറോ? മാത്രമല്ല വിമാനത്തില്‍ തെരളിയപ്പം കിട്ടുമോ? " എന്‍റെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെ ആയിരുന്നു. "
സീറ്റിന്റെ പൊക്കം കാരണം മുന്‍പില്‍ ഇരുന്നവര്‍ അതെടുത്തു എന്താണ് ചെയ്യുന്നത് എന്ന് കാണാനും കഴിഞ്ഞില്ല.
നിമിഷങ്ങള്‍ക്കകം ആ സുന്ദരി എന്‍റെ അടുത്ത് വന്നു ഇംഗ്ലീഷില്‍ എന്തോ മൊഴിഞ്ഞു. തട്ടത്തില്‍ ഇരിക്കുന്നത് വേണോ എന്നാണ് ചോദ്യം എന്ന് മാത്രം പിടി കിട്ടി.
"എടുക്കണോ? നേരത്തെ കൊണ്ട് വന്ന ജ്യൂസും, കപ്പലണ്ടിയുടെ പാക്കറ്റും ഒക്കെ വാങ്ങിയതാ. ഇതും വാങ്ങിയാല്‍ ഇതൊന്നും കാണാതെ കിടക്കുന്ന ബാച്ചാണെന്ന് ഞാനെന്നു ആ സുന്ദരി കരുതിയാലോ? "
ബലം പിടിച്ചിരുന്ന ഞാന്‍ ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ പറഞ്ഞു
"നോ താങ്ക്സ് "
പിന്നല്ലേ പിടി കിട്ടിയത്.. അത് മുഖം തുടയ്ക്കാനുള്ള ടവല്‍ ആണെന്ന്. ആവി കൊള്ളിച്ച് , ഏതോ സുഗന്ധ ദ്രവ്യത്തില്‍ മുക്കി , തെരളിയപ്പം വെയ്ക്കും പോലെ മടക്കി വെച്ചിരിക്കുന്ന 'ഹോട്ട് ടവല്‍ ' വേണോ എന്നാണു സുന്ദരി എന്നോട് ചോദിച്ചത്.
ഒന്നര മണിക്കൂര്‍ നീണ്ട യാത്ര തീരാറായപ്പോള്‍ വീണ്ടും ഒന്ന് പേടിച്ചു ഞാന്‍. വിമാനം ബോംബെ എയര്‍പോര്‍ട്ടിന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അറബിക്കടലിന്റെ മുകളിലൂടെ വിമാനം പറന്നപ്പോള്‍ ഞാന്‍ ഒന്ന് താഴേക്കു നോക്കി. അറിയാതെ കൈ ഒന്ന് കൂടി സീറ്റിന്റെ അടിയിലെ ലൈഫ് ജാക്കറ്റ് തപ്പി. കിട്ടിയില്ല. ദൈവങ്ങള്‍ക്ക് നേര്‍ച്ച നേരുന്ന സ്വഭാവം ഇല്ലായിരുന്നു എങ്കിലും 'ദൈവമേ രക്ഷിക്കണേ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞു ' . എന്നിട്ട് കണ്ണും പൂട്ടി ഒരു ഇരുപ്പ് ഇരുന്നു.
വിമാനം ലാന്റ് ചെയ്തപ്പോള്‍ അതിന്റെ ചക്രങ്ങള്‍ നിലത്തു മുട്ടിയ ശബ്ദം ഒരു ഇടി മുഴക്കം പോലെ തോന്നി. വിമാനം ആകെ ഒന്ന് ആടി ഉലഞ്ഞു. പിന്നെ കുറെ ക്കഴിഞ്ഞു ബോംബെ എയര്‍ പോര്‍ട്ടിന്റെ പുറത്തു ഇറങ്ങിയപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്.
അതൊരു തുടക്കമായിരുന്നു. പിന്നെ ഓഫിസ് കാര്യങ്ങള്‍ക്കായി എത്ര പ്രാവശ്യം വിമാനത്തില്‍ കയറി. ആദ്യമൊക്കെ ഒരു ഹരമായിരുന്നു. പിന്നെപ്പിന്നെ അതൊരു മരവിപ്പും ചിലപ്പോള്‍ മടുപ്പും ഉളവാക്കുന്ന അനുഭവം ആയി മാറി. മിക്ക തവണയും അടുത്തിരിക്കുന്ന യാത്രക്കാര്‍ നല്ല മസില് പിടുത്തക്കാര്‍ ആയിരിക്കും. അപ്പോഴാവും ഞാന്‍ തീവണ്ടി യാത്രയുടെ കുളിര്‍മ്മ ഓര്‍ക്കുന്നത് ( റിസര്‍വേഷന്‍ ഉള്ള യാത്ര ആണേ ) . പല പല കാഴ്ചകള്‍ കണ്ട് , ഇടയ്ക്കിടെ ചായയും വടയും ഒക്കെ കഴിച്ച് , ഇടയ്ക്കിടെ വാതില്‍ക്കല്‍ നിന്നു കാറ്റ് കൊണ്ട്, ആളുകളോടൊക്കെ സംസാരിച്ചു കൊണ്ടുള്ള തീവണ്ടി യാത്ര എത്ര സുന്ദരം ആണ്.
ആദ്യ വിമാന യാത്രയുടെ സമയത്ത് രാവിലെ ഷേവ് ഒക്കെ ചെയ്തു കുട്ടപ്പനായല്ലേ എയര്‍പോര്‍ട്ടില്‍ എത്തിയത്. പക്ഷെ പിന്നീടോ? ..ഒരു കോലത്തില്‍ ആണ് പിന്നീട് യാത്ര ചെയ്തിട്ടുള്ളത്.
മിക്ക യാത്രകളും അസമയത്താവും ..രാത്രി ഓഫീസില്‍ നിന്നും താമസിച്ചാവും വീട്ടില്‍ എത്തുക. എന്നാലും അതിരാവിലെ മൂന്നു മണിക്ക് എണീറ്റാലെ ദൂരെയുള്ള എയര്‍പോര്‍ട്ടില്‍ ചെന്ന് അഞ്ചു മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. (ബോംബെയില്‍ നിന്നും ബറോഡയില്‍ പോകുന്ന യാത്ര ). പല്ലൊക്കെ തേച്ചു എന്ന് വരുത്തി, കയ്യില്‍ കിട്ടിയ ഒരു ടീ ഷര്‍ട്ടും ഇട്ടാവും വിമാന താവളത്തിലേക്ക് ഓടുന്നത്. ഷേവ് ചെയ്യാന്‍ സമയം പോലും കിട്ടാതെ ഒരു കോലത്തില്‍ ആവും എയര്‍ പോര്‍ട്ടില്‍ എത്തുക. അവിടെയുല്ലവര്‍ക്കൊന്നും നമ്മളെ ശ്രദ്ധിക്കാനുള്ള സമയം ഇല്ല എന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാണ് പണ്ടത്തെപ്പോലെ തേച്ചു മിനുക്കിയ ഉടുപ്പൊക്കെ ഇട്ടു കുട്ടപ്പനായി യാത്ര ചെയ്യാന്‍ മെനക്കെടാത്തത് .. (സമയവും കിട്ടാറില്ല എന്നത് വാസ്തവം) . നഷ്ടപ്പെട്ട ഉറക്കം മൊത്തം വിമാനത്തില്‍ ഇരുന്നും , പിന്നെ ചെല്ലേണ്ട സ്ഥലത്ത് ചെന്ന് കാറില്‍ പോകുമ്പോഴും തീര്‍ക്കും. പിന്നെ ഹോട്ടല്‍ മുറിയില്‍ ചെന്നാവും, എക്സിക്യൂട്ടിവ് ഗെറ്റപ്പില്‍ പുറത്തിറങ്ങുന്നത്.
കുറെ യാത്രകള്‍ ചെയ്തു. ഭാരത ദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി.. അല്ല ഓടിച്ചു എന്ന് പറയുന്നതാവും ശരി. ഡല്‍ഹിയില്‍ നിന്നും ചെന്നൈ, ബോംബെയില്‍ നിന്നും ആസാം, അങ്ങനെ മാസത്തില്‍ ഒരു രണ്ടു മൂന്നു തവണ വെച്ച് കുറെ യാത്ര ചെയ്തു. പതിയെ യാത്രകളെ ഞാന്‍ വെറുത്തു തുടങ്ങി. പിന്നെ ഒരു പതം വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു.. ഇനി വേണ്ട ..യാത്രകള്‍ കുറച്ചു മതി. അങ്ങനെ എടുത്ത ഒരു തീരുമാനത്തില്‍ ഞാന്‍ ബാംഗ്ലൂരിലേക്ക് കുടിയേറി. ഇപ്പോള്‍ യാത്രകള്‍ വിരളം. വിമാന യാത്രയെക്കുറിച്ച് മനസ്സില്‍ ആഹ്ലാദമോ , ആകാംഷയോ ഒന്നും ഇല്ല.
തീവണ്ടി യാത്ര ആണെങ്കിലോ...ഇന്നും ആഹ്ലാദം മനസ്സില്‍ ഉണ്ടാവും. പ്രത്യേകിച്ച് കേരളത്തിന്റെ നടുവിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ കുളിര്‍മ്മ, അതില്‍ ലയിച്ചു ഞാന്‍ എന്റേതായ ലോകത്ത് മുഴുകുമ്പോള്‍ എനിക്ക് കിട്ടുന്ന സംതൃപ്തി .. ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണേ ....
വിമാനത്തിന്റെ അകത്തെക്കുറിച്ചും , യാത്രയെക്കുറിച്ചും ഒക്കെ അനന്തരവനോടു വര്‍ണ്ണിച്ച ശേഷം ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു.
"എന്‍റെ ആഗ്രഹം നടന്ന പോലെ അവന്റെ മനസ്സില്‍ ഉണ്ടായിരിക്കുന്ന ആഗ്രഹങ്ങളും നടപ്പിലാകാന്‍ ദൈവം സഹായിക്കട്ടെ. "
ജോസ്
ബാംഗ്ലൂര്‍
24- Oct-2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
ആദ്യ വിമാന യാത്ര എനിക്കും ഒരു അനുഭവം തന്നെ ആയിരുന്നു..പരിഭ്രാന്തിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല..പിന്നെ പിന്നെ അത് ശീലമായപ്പോ വിമാനത്തില്‍ ഇരിക്കുന്ന നാലോ അഞ്ചോ മണിക്കൂറിനെ പഴിക്കാന്‍ തുടങ്ങി എന്നതാണ് വാസ്തവം..
ആസ്വദിച്ചു യാത്ര ചെയ്തത് ബസില്‍ ആണ്...കാലത്തെ ഇടുക്കിയിലേക്ക് ഒരു യാത്ര...തണുപ്പത് ചെന്ന് ബസിറങ്ങി ഒരു ചൂട് ചായ...ആഹ..ആ ഒരു സുഖം ഇന്നേവരെ വിമാനയാത്ര കഴിഞ്ഞു കിട്ടിയിട്ടില്ല എന്നതാണ് സത്യം..
നല്ല പോസ്റ്റ് മാഷെ..അഭിനന്ദനങ്ങള്‍
ഇപ്പോൾ സ്ഥിരം വാനസഞ്ചാരം നടത്തുന്നവന്റെ കന്നിവീമാനയാത്രാനുഭവം വളരെ നിർമ്മലമായി വിവരിച്ച് സൂപ്പറാക്കിയ ഒരു ആവിഷ്ക്കാരമാണിത് കേട്ടൊ ഭായ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ