2011, സെപ്റ്റംബർ 12
തെറ്റും ശരിയും ..
ഞാന്‍ ഇന്ന് എന്റെ ചേച്ചിയെയും, ചേച്ചിയുടെ മകളെയും കൂട്ടി, ചേച്ചിയുടെ ഒരു ബന്ധു വീട്ടില്‍ പോയി. ചേച്ചിയുടെ മകളുടെ കോളേജ് അഡ്മിഷന് കുറെ സഹായിച്ച ഒരു അച്ചായന്റെ വീട്ടിലായിരുന്നു പോയത്. വൈകിട്ട് ഒ
രു മൂന്നു മണി ആയപ്പോഴാണ് അവിടെ ചെന്ന് കയറിയത്. അകത്തു ചെന്നപ്പോള്‍ ആ അച്ചായന്റെ മൂന്നിലോ നാലിലോ പഠിക്കുന്ന മകന്‍ ആഹാരം കഴിച്ചുകൊണ്ട് അവിടിരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴേ എന്റെ അനന്തരവള്‍ എന്നോട് പറഞ്ഞു..
"അമ്മാച്ചാ.. ഈ ഇരിക്കുന്ന കക്ഷി ഭയങ്കര സാധനമാണ് ...കാണുന്ന പോലെ അല്ല "
അവള്‍ അത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും പാവം അച്ചായന്‍ അവിടേക്ക് വന്നിട്ട് മകനോട് ചോദിച്ചു..
"ഡാ. മോനെ.. നിനക്ക് ഈ അങ്കിളിനെ അറിയാമോ? "
"അറിഞ്ഞൂടാ " . കഴിക്കുന്ന പ്ലേറ്റില്‍ നോക്കികൊണ്ട് കൊച്ചു ചെക്കന്‍ പറഞ്ഞു.
"എന്നാ ..നീ അങ്കിളിനോട് പെരെന്താന്നൊക്കെ ചോദിക്ക് ". പാവം അച്ചായന്‍ കൊച്ചനോട് പറഞ്ഞു.
"വട്ടനാന്നാ തോന്നുന്നേ.. "
ചെക്കന്‍ എന്നെ നോക്കി ഒരു കാച്ചു കാച്ചി. കുളിച്ചു കുട്ടപ്പനായി, ടി ഷര്‍ട്ടും ജീന്‍സും ഒക്കെ ധരിച്ചാണ് ഞാന്‍ പോയിരുന്നത്. എന്നെ കണ്ടപ്പോഴേ അവന്‍ പറഞ്ഞത് ഞാന്‍ വട്ടനാണെന്ന്. (കൊച്ചു പയ്യന് ഒറ്റ നോട്ടത്തില്‍ സത്യം എങ്ങനെ പിടികിട്ടി എന്ന് നിങ്ങളില്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ചിലപ്പോള്‍ ചോദിച്ചേക്കാം :-)
സത്യം പറഞ്ഞാല്‍ അവിടെ ഇരുന്ന ആരും, ഞാനടക്കം, അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ഒരു രണ്ടു മൂന്നു സെക്കന്റ് നേരത്തേക്ക് എല്ലാവരുടെയും ഫ്യുസ് പോയി. ഒന്ന് വിളറിയ അച്ചായന്‍, പാവം, വീണ്ടും അവനോടു പറഞ്ഞു.
"എടാ നീ ഇങ്ങനെ ആണോടാ പേര് ചോദിക്കുന്നെ "
"നീ പോടാ കൊരങ്ങാ. " കൊച്ചു കാന്താരിയുടെ മറുപടി ഇതായിരുന്നു.
കൊച്ചു ചെക്കന്, എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വിരു വിരുപ്പ് ആയിരുന്നു അപ്പോള്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കറിക്കരിയാന്‍ ഉപയോഗിക്കുന്ന ഒരു കത്തിയും എടുത്തോണ്ട് അടുക്കളയില്‍ നിന്നും വന്നു. അതും ചുഴറ്റി ഒരു വില്ലനെപ്പോലെ ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ എന്റെ അനന്തരവള്‍ വിരണ്ട്, എന്നോട് പറ്റിചേര്‍ന്നിരുന്നു. അപ്പോഴേക്കും, അച്ചായന്‍ ഓടി വന്നു കത്തി പിടിച്ചു വാങ്ങി.
അപ്പോഴാണ് എന്റെ കാറോടിക്കുന്ന പയ്യന്‍ അവിടെയ്ക്ക് വന്നത്.
"മോനെ..നീ ഈ അങ്കിളിനെ അറിയുമോ? ഈ അങ്കിളിനു കന്നഡ അറിയാം. നീ കന്നടയില്‍ സംസാരിച്ചേ ".
"ഇവനും വട്ടനാ ..." . അത്തവണ അവന്റെ പ്രതികരണം ഇതായിരുന്നു.
ഇതൊക്കെ തമാശക്ക് പറഞ്ഞതല്ല. വള്ളി പുള്ളി വിടാതെ നടന്ന കാര്യമാണ് പറഞ്ഞത്.
പണ്ടൊരിക്കല്‍ എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് കേരള എക്സ്പ്രെസ്സില്‍ വന്നപ്പോള്‍ നടന്ന ഒരു സംഭവം പറഞ്ഞിരുന്നു. ചേട്ടന്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ അയാളുടെ മോനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. പുള്ളിക്കാരന്‍ അയാളുടെ മോന്റെ പഠനത്തെക്കുറിച്ചും, അവന്റെ ജനറല്‍നോളെട്ജ് നെക്കുറിച്ചും ഒക്കെ അവിടിരുന്ന സഹ യാത്രികരോട് വാതോരാതെ സംസാരിച്ച ശേഷം, മോനോട് ചോദിച്ചു..
"മോനെ..ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്നു പറഞ്ഞെ? "
"നിന്റെ അച്ഛന്‍ " . സ്വന്തം അച്ഛനെ നോക്കി ചെക്കന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. അതിനു ശേഷം അവനോ അവന്റെ പാവം അച്ഛനോ എന്ത് പറ്റി എന്ന് എനിക്കറിയില്ല. പക്ഷെ മേല്‍പ്പറഞ്ഞ സംഭവവും നടന്നതാണ്.
ഇതൊക്കെ പറയാന്‍ കാരണം ഉണ്ട്. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ കുട്ടിത്തവും, അതില്‍ നിറഞ്ഞു നില്‍കുന്ന കുസൃതികളും അതിലേറെ ഇഷ്ടവും. പക്ഷെ ഒന്നും അതിര് വിട്ടു പോകരുത് എന്ന് മാത്രം. ഒരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം ആ വ്യക്തിയുടെ വിദ്യാഭ്യാസത്തിനു സഹായം നല്‍കുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പോലെ ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവ രൂപീകരണം നടക്കുന്ന സമയത്ത്, തെറ്റുകള്‍ പറഞ്ഞു വിലക്കിയില്ലെങ്കില്‍ അത്, ആ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.
മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ , കുഞ്ഞുങ്ങള്‍ക്ക് ആ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് ഒരു അറിവും ഇല്ല എന്നത് തീര്‍ച്ചയാണ് . അത് വേണ്ട രീതിയില്‍ അവരെ മനസ്സിലാക്കേണ്ടത് രക്ഷിതാകളുടെ ചുമതല ആണ്. (കൊച്ചു കുരുത്തക്കേടുകള്‍ക്കു പോലും ചുട്ട അടി പാര്‍സല്‍ ആയി വരുമായിരുന്നു എന്റെ ചേട്ടന്മാര്‍ക്ക്. താരതമ്യേന എനിക്ക് അടി കുറവായിരുന്നു എന്നാണു അമ്മച്ചിയുടെ ഭാഷ്യം ).
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അനുസരണക്കേടിന്റെ പരകോടിയില്‍ നിന്നിരുന്ന ചില കിടാങ്ങള്‍ ഇന്ന് മര്യാദക്കാരായി , കുടുംബമായി ജീവിക്കുന്നുണ്ട്. അവര്‍ അനുസരണക്കേട് കാണിച്ച സമയത്ത് അവരുടെ രക്ഷിതാക്കള്‍ അവരെ വിലക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ , ദൈവാനുഗ്രഹം കാരണം, അവര്‍ ചിലപ്പോള്‍ തെറ്റുകള്‍ ഒക്കെ സ്വയം മനസ്സിലാക്കിയതാവാം അവര്‍ നന്നായി വരാന്‍ കാരണം . എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ.
പല സഹ പ്രവര്‍ത്തകരുടെയും വീടുകളില്‍ പോകുമ്പോള്‍ അവിടുത്തെ കുഞ്ഞുങ്ങളുടെ 'കുസൃതിയുടെ സീമ കടന്നുള്ള ' പെരുമാറ്റം കാണാറുണ്ട്. അവരെ ആരും വിലക്കാത്തപ്പോള്‍ വിഷമവും വരാറുണ്ട്. എനിക്ക് പറയാന്‍ അധികാരമോ സ്വാതന്ത്ര്യമോ ഉള്ള സ്ഥലം ആണെങ്കില്‍ ഞാന്‍ ചെയ്യാറും ഉണ്ട്. നാളത്തെ പൌരനു അത്രയെങ്കിലും ഞാന്‍ ഒരു സഹായം ചെയ്യേണ്ടേ?
'പറയാന്‍ എളുപ്പമാണ് . ഒന്നിനെ വളര്‍ത്തി നോക്ക് അപ്പോള്‍ അറിയാം ' ..എന്നാരെങ്കിലും എന്റെ മുഖമടച്ചു പറഞ്ഞാല്‍ ..ഞാന്‍ പറയും.
" ക്ഷമിക്കണം സുഹൃത്തേ .. അറിയാതെ പറഞ്ഞു പോയതാ... വളര്‍ത്താന്‍ ഉണ്ടെങ്കിലല്ലേ അറിയാന്‍ പറ്റു. ശരിയെന്നു മനസ്സില്‍ തോന്നിയത് പറഞ്ഞു പോയതാണേ ..എന്നോട് ക്ഷമി "
ജോസ്
ബാംഗ്ലൂര്‍
12- Sept- 2011
( ചിത്രങ്ങള്‍ക്ക് കടപ്പാട്.: ഗൂഗിള്‍ )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
വളരെ പ്രസക്തമായ വിഷയമാണ് ജോസ് ഇത് .
പ്രശ്നം പുതിയകാലത്തിന്റെ രീതികള്‍ തന്നെ .പണ്ട് ഒരു വീട്ടില്‍ ഒന്നിലേറെ കുട്ടികള്‍ ..മുതിര്‍ന്നവര്‍ അടങ്ങുന്ന കൂട്ട് കുടുംബം ..അയല്‍പക്കം പോലും ഒരേ കുടുംബങ്ങളെ പോലെ കഴിഞ്ഞ കാലം .അനുസരണ ,ബഹുമാനം ഒക്കെ എല്ലാവരും പരസ്പരം സൂക്ഷിച്ചിരുന്ന സമയം . ഗുണദോഷങ്ങളെ അന്ഗീകരിച്ചിരുന്ന കാലം .മക്കള്‍ തെറ്റ് ചെയ്‌താല്‍ മാതാപിതാക്കള്‍ ശിക്ഷിക്കുന്ന കാലം .കുട്ടികള്‍ വിശപ്പ് അറിഞ്ഞു വളര്‍ന്നിരുന്ന കാലം .അങ്ങനെ പലതും .ഇന്ന് സ്ഥിതിമാറി ,അണുകുടുംബം ആയി .പട്ടിണിയും ദാരിദ്ര്യവും അറിയാത്ത കുട്ടികള്‍ ,ഓരോ കുട്ടിയും ആ വീട്ടിലെ രാജകുമാരനും രാജകുമാരിയും ആയി ലാളിക്കപ്പെടുന്നു . കേള്‍ക്കുന്നതും അറിയുന്നതും എല്ലാം പുതിയ കാലത്തിന്റെ ശേഷിപ്പുകള്‍ ... അവസാനം തോളില്‍ കയറി ഇരുന്നു ചെവികടിക്കാന്‍ തുടങ്ങുംപോളെയ്ക്കും തിരുത്താന്‍ വളരെ വൈകിപ്പോയിട്ടുണ്ടാകും..ഇതാണ് സത്യം .. എല്ലായിടത്തും ഇതുണ്ട് .ഇന്ന് ഞാന്‍ നാളെ നീ എന്ന വ്യത്യാസമേയുള്ളൂ ..
അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല... എങ്കിലും ഇപ്പോഴത്തെ കുട്ടികള്‍ അല്പം അതികപ്പറ്റല്ലെ എന്ന് പലപ്പോഴും തോന്നിട്ടുണ്ട്...
നല്ല പോസ്റ്റ്..
ഇന്നത്തെ കാലത്ത് ടി വിയില്‍ വരുന്ന കാര്യങ്ങള്‍ ഒക്കെ അല്ലെ പിള്ളാര് പഠിക്കണേ..പണ്ടൊന്നും അതില്ലാരുന്നു.പിന്നെ കൂട്ട് കുടുംബങ്ങള്‍ ആയിരുന്നു കൂടുതലും. ഇന്നതാണോ സ്ഥിതി..കല്യാണം കഴിച്ചു ഒറ്റയ്ക്ക് താമസിക്കാനല്ലേ എല്ലാര്ക്കും ധിറുതി ( അതൊരു കുറ്റമല്ല എന്നാലും )അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ എത്ര പിള്ളാര് വളരുന്നുണ്ട് ? സാരോപദേശകഥകള്‍ കേട്ട് വളര്‍ന്ന ഒരു ബാല്യം നമ്മെപ്പോലെ എത്ര പേര്‍ക്ക് ഇന്ന് കിട്ടും ?
സ്നേഹപൂര്‍ണ്ണമായ ഉപദേശങ്ങള്‍ക്ക് കുറെ മാറ്റങ്ങള്‍ വരുത്താന്‍ പറ്റും എന്ന് തോന്നുന്നു...സമയക്കുറവാണ് അവിടെയും വില്ലന്‍ ..എങ്കിലും..
ജോസേട്ടാ നല്ലൊരു വിഷയം. സംഭവം നടന്നതാണെങ്കിലും, ഞാനിതിലെ ഹ്യൂമർ നല്ലോണം ആസ്വദിച്ചു. പിള്ളെർ മൂല്യങ്ങൾ പഠിക്കുന്നത് അവരവരുടെ വീട്ടിൽ നിന്നു തന്നെയാണെന്നാണ് എന്റെ വിശ്വാസം. വീട്ടിലെ രീതികളെ കുട്ടികളും അനുകരിക്കും...
വളരെ പ്രസക്തമായ പോസ്റ്റ്.വീട്ടുകാരെ കണ്ടല്ലേ പിള്ളാര് പഠിക്കുന്നത്
നല്ല വിഷയം ..എല്ലാം രമേശേട്ടന്‍ പറഞ്ഞു
ഇപ്പഴത്തെ കുട്ട്യോള്‍ടെ കാര്യൊന്നും പറയെണ്ടാ..കുറ്റോം മുഴുവന്‍ കുട്ട്യോള്‍ടെ തലയ്ക്കിടാനും വയ്യല്ലോ..
നല്ല പോസ്റ്റ് ട്ടൊ..
ഇത് കൊണ്ടാ കാരണവന്മാര് പറയാറുള്ളത്.. ഒന്നേ ഉള്ളുവെങ്കില്‍ ഉലക്കക്ക് തള്ളി വളര്‍ത്തണമെന്ന്.. പോസ്റ്റ് നന്നായി.. വീണ്ടും ബൂലോകത്ത് സജീവമായി വരാനുള്ള പരിപാടിയാണ്.. ഇതുവഴി ഇനിയും വരാം..
"കൊച്ചു പയ്യന് ഒറ്റ നോട്ടത്തില്‍ സത്യം എങ്ങനെ പിടികിട്ടി എന്ന് നിങ്ങളില്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ചിലപ്പോള്‍ ചോദിച്ചേക്കാം :-) "
ഹ ഹ... ഇനി ഞാന്‍ ഒന്നും ചോദിക്കുന്നില്ല... :-)
പിന്നെ, പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചിന്തിക്കേണ്ടത് തന്നെയാണ്....
ഇത് ഇന്നത്തെ കുട്ടികള്‍ മാത്രമല്ല ഇങ്ങനെ പെരുമാറുന്നത്... എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത്തരം വില്ലന്മാരെ ഞാന്‍ കണ്ടിരിക്കുന്നു..
പക്ഷെ ഇവിടെ മറ്റൊരു പ്രധാന ചോദ്യം ഉയരുന്നുണ്ട്, ഇത്തരം സംഭാഷണങ്ങള്‍ എങ്ങനെയാണ് കുട്ടികള്‍ പഠിക്കുക ? തീര്‍ച്ചയായും അതവന്റെ വീട്ടില്‍ നിന്നും തന്നെ ആകും...അസഭ്യമായി സംസാരിക്കുന്ന, കയര്‍ത്തു സംസാരിക്കുന്ന കുടുംബാംഗങ്ങളില്‍ നിന്നും തന്നെ ആകും കുട്ടികള്‍ക്ക് ഈ സ്വഭാവം ലഭിക്കുക. അങ്ങനെയൊരു കുട്ടി സ്കൂളില്‍ ചെല്ലുമ്പോള്‍ അവന്റെ സഹപാഠികളുടെ അടുത്ത് കിട്ടിയ പുതിയ കാര്യങ്ങള്‍ തരം പോലെ പ്രയോഗിക്കുകയും ചെയ്യുന്നു.
നല്ലൊരു പ്രമേയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ