2011, സെപ്റ്റംബർ 6
ശാപം ..
എന്‍റെ ആത്മ മിത്രങ്ങളില്‍ ഒരാള്‍ , കുടുംബ സമേതം, ബാംഗ്ലൂരിലെ എന്‍റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനായി കഴിഞ്ഞ ആഴ്ച വന്നിരുന്നു. അവരെ ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞായറാഴ്ച 'നന്ദി ഹില്ല്സ് ' എന്ന ഒരു കൊച്ചു മലയുടെ മുകളിലേക്ക് അവരുമായി യാത്ര തുടങ്ങി. ഒരു ഫ്ലൈ ഓവറിന്റെ അടുത്തുള്ള ട്രാഫിക് ജങ്ക്ഷനില്‍ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ , സിഗ്നല്‍ കിട്ടാന്‍ വേണ്ടി നിന്ന സമയം. ഞാന്‍ ഡ്രൈവറിന്റെ അടുത്തുള്ള സീറ്റില്‍ ആണ് ഇരുന്നത്. സിഗ്നലില്‍ കാര്‍ നിന്ന സമയം, റോഡിലൂടെ രണ്ടു മൂന്ന് ഹിജഡകള്‍ കടന്നു വന്നു. ഞാനിരുന്ന വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റും മുന്‍പേ, അതില്‍ ഒരു ഹിജഡ, എന്‍റെ അടുത്തേക്ക് വന്നിട്ട്, പൈസ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നപ്പോള്‍ , അവര്‍ എന്‍റെ കവിളില്‍ ഒന്ന് നുള്ളികൊണ്ട് ചോദിച്ചു.
"യാരിതു ...അമുല്‍ ബേബിയാ ? നീങ്ക പൈസ തരമാട്ടെ? "
അത് കേട്ട് പുറകില്‍ ഇരുന്ന കൂട്ടുകാരനും പിള്ളേര്‍ക്കും ഒക്കെ ചിരി വന്നു. എങ്ങനെയെങ്കിലും വണ്ടി ഒന്ന് നീങ്ങിയാല്‍ മതി എന്നോര്‍ത്തു ഞാനും ഇരുന്നു. ഡ്രൈവര്‍ അവര്‍ക്ക് പത്തു രൂപ കൊടുത്തതും, സിഗ്നല്‍ ക്ലിയര്‍ ആയതും ഒരുമിച്ചായിരുന്നു. അപ്പോഴേക്കും കിട്ടിയ പൈസയും വാങ്ങി അവര്‍ എങ്ങോ പോയി മറഞ്ഞു. ഞങ്ങള്‍ യാത്രയും തുടര്‍ന്നു. യാത്രയ്ക്കിടയില്‍ ഞാന്‍ ഇതുപോലെ ഹിജഡകളുമായി ട്രാഫിക് ജങ്ക്ഷനില്‍ കണ്ടുമുട്ടിയ മറ്റൊരു കഥ ഓര്‍ത്തു. വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കഥ .
ജോലി കിട്ടിയ ശേഷം ട്രെയിനിങ്ങിനു വേണ്ടി ബോംബെ മഹാനഗരത്തില്‍ ചേക്കേറിയ കാലം. അവിടത്തെ ഒറ്റ മുറി അപ്പാര്ട്ട്മെന്റില്‍ ആയിരുന്നു ഞാനും എന്‍റെ ഒരു സഹ പ്രവര്‍ത്തകനും താമസിച്ചിരുന്നത്. ശമ്പളം ഒക്കെ കിട്ടി വരുന്നതേ ഉള്ളൂ . ATM കാര്‍ഡ് കയ്യില്‍ കിട്ടിയിട്ടില്ലായിരുന്നതിനാല്‍ , ആവശ്യത്തിനുള്ള രൂപ ബാങ്കില്‍ നിന്നും എടുത്തു കയ്യില്‍ വയ്ക്കുക ആയിരുന്നു പതിവ് . പൈസ എടുക്കാന്‍ വേണ്ടി ബാങ്കില്‍ പോകുന്നതു തന്നെ ഒരു ചടങ്ങാണ്. ഓഫിസില്‍ നിന്നും അവധി പറഞ്ഞ്, കുറച്ചു ദൂരെ ഉള്ള ബ്രാഞ്ചില്‍ പോയി വേണം പൈസ എടുക്കാന്‍.
വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഓഫിസ് വാഹനം ഉള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും കൂടാതെ യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ബസ്സില്‍ അള്ളിപ്പിടിച്ചു നിന്ന് യാത്ര ചെയ്യും. ചില ദിവസം എണീക്കാന്‍ താമസിച്ചു പോയാല്‍ , താമസിച്ചു ബസ് സ്റ്റോപ്പില്‍ വരുമ്പോള്‍ അവിടത്തെ ജന സമുദ്രം കാണുമ്പോഴേ മനസ്സൊന്നു കിടുങ്ങും . പിന്നെ വരുന്ന ബസ്സില്‍ ഇടിച്ചു കയറി ഓഫീസില്‍ ചെല്ലുമ്പോള്‍ തേച്ചു വടിപോലെ ആക്കി ഇട്ട ഷര്‍ട്ടൊക്കെ ചുരുട്ടിക്കൂട്ടിയപോലെ ആവും. അങ്ങനെയുള്ള അവസരങ്ങളില്‍ ചിലപ്പോള്‍ ആട്ടോ റിക്ഷാ പിടിച്ചെന്നിരിക്കും. കാന്തിവ്ളിയില്‍ നിന്നും ഗോരേഗാവ് വരെയുള്ള യാത്രയില്‍ ഏതെങ്കിലും ട്രാഫിക് ജങ്ക്ഷനില്‍ ആട്ടോ നിര്‍ത്തുമ്പോഴാണ് പ്രശ്നം
ഹിജഡകള്‍ കൂടുതല്‍ ഉള്ള സ്ഥലം ആണല്ലോ ബോംബെ നഗരം. ടാഫിക് ജങ്ക്ഷനില്‍ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും അവര്‍ ഉണ്ടാവും. മിക്കവാറും ഒരു കൂട്ടമായാവും അവരുടെ യാത്ര. പ്രത്യേക രീതിയില്‍ കൈകള്‍ തമ്മില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവര്‍ ആളുകളോട് പൈസ ചോദിക്കും. കൊടുത്തില്ലെങ്കില്‍ ചിലര്‍ ഒന്നും പറയാതെ പൊയ്ക്കോളും. പക്ഷെ ചിലരോ, അസഭ്യം പറയുകയോ, പൈസ കൊടുക്കാത്ത ആളിനെ മാനം കെടുത്തുന്ന എന്തെങ്കിലും പരിപാടികള്‍ ഒപ്പിക്കുകയോ ചെയ്യും.
ആട്ടോയിലും, സ്കൂട്ടറിലും ബൈക്കിലും ഒക്കെ പോകുന്ന ആളുകള്‍ക്കാണ് പ്രശ്നം. ഹിജഡകള്‍ അടുത്ത് വന്നു പൈസ ചോദിക്കുമ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.പൈസ കൊടുത്തില്ലെങ്കില്‍ തലോടലും മറ്റും തുടങ്ങും. കാറില്‍ പോകുന്നവര്‍ക്ക് കാറിന്റെ ഗ്ലാസ് താഴ്ത്തി ഇരിക്കാം. പെണ്ണുങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരാളെയാണ് ഹിജഡകള്‍ ലക്ഷ്യമിടുന്നത് എങ്കില്‍, പാവം ചെക്കന്റെ കാര്യം പോക്കാണ്. പൈസ കൊടുത്താല്‍ , പെണ്ണിന്റെ മുന്‍പില്‍ മാനം പോകാതെ അവനു പോകാന്‍ പറ്റും. ഇല്ലെങ്കിലോ, ആ പെങ്കൊച്ചിന്റെ മുന്‍പില്‍ വെച്ച് തന്നെ അവനെ ഹിജഡകള്‍ കൈകാര്യം ചെയ്യും. മുഖത്ത് തലോടലും, ശൃംഗരിക്കലും ഒക്കെ കഴിഞ്ഞു പിന്നെ അതിലും വലിയ മാനം കെടുത്തല്‍ പരിപാടിയിലേക്ക് അവര്‍ കടക്കും മുന്‍പേ മിക്കവാറും ആണ്‍ കൊച്ചന്‍ പൈസ കൊടുത്തിരിക്കും.
ഒന്ന് രണ്ടു തവണ ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഹിജഡകള്‍ വന്നു പൈസ ചോദിച്ചിട്ടുണ്ട്. പഴ്സ് തുറക്കാന്‍ താമസിക്കുന്നത് കണ്ടു മുഖത്തു തലോടിയിട്ടുമുണ്ട്. ചിലരോ, ഒന്നും പറയാതെ പോയിട്ടുമുണ്ട്. എന്തോ...ജോലി ഒന്നും ചെയ്യാന്‍ വയ്യാത്ത, വയസായവര്‍ക്കോ , അംഗ വൈകല്യം വന്ന ഭിക്ഷക്കാര്‍ക്കോ പൈസ കൊടുത്താലും, ഒരു ജോലിയും ചെയ്യാതെ ആളുകളെ ശല്യപ്പെടുത്തി നടക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എനിക്ക് താല്പര്യം ഇല്ല .
ഒരിക്കല്‍ വാഷി എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ ഒരു സഹ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ക്രിസ്തുമസിനു ഊണ് കഴിക്കാന്‍ ക്ഷണിച്ചു. അത്തവണ ഞാന്‍ ക്രിതുമസിനു നാട്ടില്‍ പോയില്ലായിരുന്നു. ഞാനും എന്റെ സഹ മുറിയന്‍ സുഹൃത്തും കൂടി, വാഷിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ പോയിട്ട്, അവിടുന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചു വേണം വാഷിയില്‍ പോകാന്‍. ഓട്ടോയില്‍ ഇരുന്നു സ്റ്റെഷനിലേക്ക് പോകവേ ഒരു ട്രാഫിക് സിഗ്നില്‍ വെച്ച് ഞങ്ങള്‍ കുരുക്കില്‍ പെട്ടു. രണ്ടു മൂന്ന് ഹിജഡകള്‍ ഞങ്ങള്‍ ഇരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു. പിന്നെ താളത്തിലുള്ള കൈ കൊട്ടലും, കലാ പരിപാടികളും തുടങ്ങി. എന്റെ കൂട്ടുകാരന്‍ ഒന്ന് പരുങ്ങി. അവന്‍ എന്നോട് ചോദിച്ചു..
" ജോസേ .. പൈസ കൊടുക്കണോടാ? "
"നിനക്ക് വേണേല്‍ കൊടുക്ക്. ഞാന്‍ കൊടുക്കാന്‍ പോകുന്നില്ല "
ഞാന്‍ അങ്ങനെ പറഞ്ഞതും, അവന്‍ പറഞ്ഞു. ..
"എന്നാ വേണ്ട ഞാനും കൊടുക്കുന്നില്ല "
ഞങ്ങള്‍ പൈസ കൊടുക്കുന്നില്ല എന്ന് കണ്ടതും, അവര്‍ ഹിന്ദിയിലും മറാത്തിയിലും എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞ്, ദേഷ്യത്തോടെ കടന്നു പോയി. അപ്പോഴേക്കും സിഗ്നല്‍ ആയത് കാരണം അധിക നേരം ഞങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വന്നില്ല. ഓട്ടോ മുന്‍പോട്ടു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
"ജോസേ ..പൈസ കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെഡേയ് . ഹിജഡകള്‍ ദേഷ്യപ്പെട്ടു ശപിച്ചാല്‍ ദോഷം ഉണ്ടാവും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് "
"നീ ചുമ്മാ അതും ഇതും പറയാതെ . അവര് ദേഷ്യപ്പെട്ടു എന്നത് ശരി...ശപിച്ചു എന്നൊക്കെ പറഞ്ഞു നീ വെറുതെ മനസ്സ് വിഷമിപ്പിക്കാതെ " . ഞാന്‍ അവനെ സമാധാനിപ്പിച്ചു.
കുറച്ചു കഴിഞ്ഞു ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി. അവിടുന്ന് വാഷി വരെ പോകുന്ന ലോക്കല്‍ ട്രെയിന്‍ എവിടെയാണ് വരുന്നത് എന്ന് കണ്ടുപിടിക്കാനും , ടിക്കറ്റ് എവിടുന്നാണ് കിട്ടുന്നത് എന്നറിയാനും ആയി, ഞങ്ങള്‍ സ്റ്റേഷന്റെ പരിസരത്ത് കറങ്ങി. ടിക്കറ്റ് കൌണ്ടര്‍ കാണാത്തതിനാല്‍ ഞങ്ങള്‍ പ്ലാട്ഫോമിന്റെ അകത്തു കയറി. ടിക്കറ്റ് കൌണ്ടര്‍ അകത്തു കാണും എന്ന ധാരണയില്‍ ആണ് കയറിയത്. കയറി കുറച്ചു സമയം കഴിഞില്ല, ഒരാള്‍ വന്നു ഞങ്ങളോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു.അത് റെയില്‍വേ പോലിസ് ആയിരുന്നു എന്ന് താമസിയാതെ മനസ്സിലായി. ഞങ്ങള്‍ ടിക്കറ്റ് എടുക്കാനാണ് അകത്തു കയറിയത് എന്നൊന്നും പറഞ്ഞിട്ട് അയാള്‍ കേട്ടില്ല. ഞങ്ങളെ റെയില്‍വേ സ്റ്റേഷന്റെ അകത്തുള്ള പോലിസ് റൂമില്‍ കൊണ്ട് പോയി.
അകത്തു കുറേപ്പേര്‍ അപ്പോഴേ വരി വരിയായി ഇന്‍സ്പെക്ടറുടെ മേശയുടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ആളുകള്‍ ആയിരുന്നു എല്ലാവരും. ഞങ്ങളെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ആണെന്ന് തോന്നിയപ്പോള്‍, ഇന്‍സ്പെക്ടര്‍ കുറെ സന്മാര്‍ഗ പ്രസംഗം നടത്തി. ഞങ്ങളെപ്പോലെ പഠിപ്പുള്ളവര്‍ ഈ നില്‍ക്കുന്നവരെപ്പോലെ കള്ള വണ്ടി കേറാന്‍ തുടങ്ങിയാല്‍ എന്താവും എന്നൊക്കെ പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ ഒക്കെ ഞങ്ങള്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവസാനം ശിക്ഷ നടപ്പാക്കുന്ന സമയം ആയി. അപ്പോഴല്ലേ , അസല്‍ പോലിസ് വിദ്യ പുറത്തു വരുന്നത് ഞങ്ങള്‍ കണ്ടത്. ആയിരം രൂപയാണ് അവിടുന്ന് ഞങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഞങ്ങളോട് ഇന്സ്പെകര്‍ ചോദിച്ചത്. ആയിരം പോയിട്ട് അഞ്ഞൂറ് പോലും കയ്യില്‍ ഇല്ലാ എന്നും, ഞങ്ങള്‍ പാവം വിദ്യാര്‍ഥികള്‍ ആണെന്നും ഒക്കെ എന്റെ സുഹൃത്ത് കുറെ അഭിനയിച്ചു പറഞ്ഞപ്പോള്‍, ഇനി കുറയില്ലാ എന്ന അവസാന വാക്കോടു കൂടി, ഇന്‍സ്പെക്ടര്‍ അവസാനം മോചന ദ്രവ്യം ഇരുന്നൂറു രൂപയില്‍ എത്തിച്ചു. പിന്നെ അര മുക്കാല്‍ മണിക്കൂര്‍ നേരത്തെ മാനസിക വ്യഥ യ്ക്ക് ശേഷം, ഞങ്ങള്‍ പുറത്തു വന്നു ടിക്കറ്റ് എടുത്തു. അത് കഴിഞ്ഞ് അടുത്ത ലോക്കല്‍ ട്രെയിന്‍ പിടിച്ചു വാഷിയിലേക്ക് പോയി.
വാഷിയില്‍ ചെന്ന് സഹ പ്രവര്‍ത്തകരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചെങ്കിലും, റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടെണ്ടി വന്നതിന്റെ വിഷമവും, മാനഹാനിയുടെയും, ധന നഷ്ടത്തിന്റെയും ഓര്‍മ്മകളും , ക്രിസ്തുമസിന്റെ സന്തോഷത്തെ കുറച്ചു ബാധിച്ചു .തിരികെ ഒരു സഹ പ്രവര്‍ത്തകന്റെ കാറിലാണ് വീട്ടിലേക്കു വന്നത്. വീട്ടില്‍ വന്നും കയറും മുന്‍പ് , വിഷമത്തോടെ കൂട്ടുകാരന്‍ പറഞ്ഞൊപ്പിച്ചു.
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ,..ഹിജഡകള്‍ ശപിച്ചാല്‍ അത് ഏല്‍ക്കും എന്ന്. ഇപ്പൊ കണ്ടില്ലേ മാനവും പോയി, സമയവും പോയി, പൈസയും പോയി ".
ഞാന്‍ ഒന്നും പറയാന്‍ ആവാതെ നിന്നു. ശാപങ്ങളിലും മറ്റും വലിയ വിശ്വാസം ഇല്ലാത്ത ആളാണ് ഞാന്‍. എന്നാലും ചിലപ്പോള്‍ ഓര്‍ക്കും...
'അവന്‍ ആ പറഞ്ഞത് നേരാണോ? അന്ന് ഹിജഡകള്‍ക്ക് പൈസ കൊടുക്കാഞ്ഞിട്ടാണോ..അന്ന് തന്നെ റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെട്ടത്? അവര്‍ ശപിച്ചാല്‍ ശാപം എല്‍ക്കുമോ? '
Jose
bangalore
8 sept 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
ഹേയ്..വിഷമം വരുമ്പോള്‍ നമുക്ക് ഇങ്ങനെ പലതും തോന്നും ..അത് അങ്ങനെ ആയതു കൊണ്ടല്ലേ ഇത് ഇങ്ങനെ ആയതു എന്നെല്ലാം ,,കാരണം നമ്മള്‍ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല ,,എന്നിട്ടും എന്തെ എനിക്കിത് വന്നു ? എന്നെല്ലാം ആലോചിക്കുമ്പോള്‍ ഓരോന്നും തോന്നും .ജീവിതം അല്ലെ ജോസ് ..അങ്ങടനെ അങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കപ്പെടാത്ത പാതകളിലൂടെ ...:)
അപ്പൊ ഹിജഡകളുടെ ശാപമേറ്റാല് പോലീസ് പിടിക്കുന്ന് മനസ്സിലായില്ലേ ;)
ഇങ്ങനൊരു പേടി ഉള്ളിലിരുന്നാല്‍ തന്നെ സംഭവിക്കുന്നതിനെല്ലാം പുറകില്‍ ഏതെങ്കിലും ശാപം ആയിരിക്കുമെന്ന് നമ്മള് തന്നെ കണ്ടുപിടിച്ച്കളയും.
ആപ്പീസിലൊരുത്തന്‍റെ വക മിക്ക ആഴ്ചയിലും ഉണ്ടാകും ഒരു മെയില്‍. പത്ത് പേര്‍ക്ക് ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ആപത്തുകളും, നേട്ടങ്ങളും ഒക്കെ വിവരിച്ചത്. കിട്ടിയപാടേ ഡിലീറ്റ് ചെയ്യാന്‍ തുടങ്ങീട്ട് വര്‍ഷം രണ്ടായി. ഇത് വരെ എനിക്കിട്ട് ഒരാപത്തും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അയക്കണതിന്‍റെ പേരില്‍ അവനൊരു നേട്ടോം ഉണ്ടായിട്ടില്ല. പക്ഷേ ഒരിക്കല്‍ അവന്‍ അയക്കാതിരുന്ന അന്ന് അവന്‍റെ നോക്കിയ ഫോണ്‍ മോഷണം പോയതുമുതല്‍ അവന്‍ കൃത്യായി പത്ത് പേര്‍ക്ക് മെയിലയച്ചിരിക്കും.
അവര് അനുഗ്രഹിച്ചാലും അത് നടക്കുമെന്നാണ് വിശ്വാസം.എനിക്ക് ഒരു നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് വായിച്ചപോള്‍ ഞാന്‍ സിംലയിലെ ഒരു വൈകുന്നേരം ഓര്‍ത്തുപോയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ