2011, ഓഗസ്റ്റ് 11
അബദ്ധ പുരാണം..
രാവിലെ ഓഫീസില്‍ പോകാനായി ധൃതി പിടിച്ച് തയ്യാരായിക്കൊണ്ടിരിക്കുന്ന സമയം. തലേന്ന് , വീട്ടില്‍ സഹായത്തിനു വരുന്ന ലക്ഷ്മി അക്ക ഉണ്ടാക്കി വച്ച ചപ്പാത്തി ഫ്രിഡ്ജില്‍ നിന്നും എടുത്ത് , തവയില്‍ വച്ച് ചൂടാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഒരു ഫോണ്‍ കാള്‍ വന്നത്. കുറെ ബെല്‍ അടിച്ചപ്പോള്‍ ഓടിപ്പോയി ഫോണ്‍ എടുത്തു. സംസാരിച്ചിട്ടു തിരികെ വന്നപ്പോള്‍ ചപ്പാത്തി ഒരെണ്ണം നന്നേ കരിഞ്ഞു കരിക്കട്ട ആയിരുന്നു.
അടുക്കളയില്‍ കയറുമ്പോള്‍ ഉണ്ടാവാറുള്ള അബദ്ധ ഘോഷയാത്രകളില്‍ ഇതൊന്നു മാത്രം. ഏഴെട്ടു വര്‍ഷം മുന്‍പ്, ബോംബെ മഹാ നഗരത്തില്‍ , ജീവിതത്തിന്റെ നെട്ടോട്ടം ഓടുന്ന അനേകായിരങ്ങളില്‍ ഒരുവനായി ഞാന്‍ ജീവിച്ച സമയം ആണ് ആദ്യമായി സ്വയം പാചകം പരീക്ഷിച്ചു തുടങ്ങിയത്. വയ്ക്കുന്നതൊക്കെ രുചിയോടെ കഴിക്കാന്‍ അയാല്‍ , പാചകം എന്നത് ഒരു നല്ല വിനോദം കൂടി ആണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. വെയ്ക്കുന്നതൊന്നും ശരിയായില്ലെങ്കിലോ... പിന്നെ പറയണ്ട,...ധന നഷ്ടം , സമയ നഷ്ടം , ചിലപ്പോള്‍ മാനക്കേടും ഉണ്ടാവാം.
ബാംഗ്ലൂരില്‍ ചേക്കേറിയ ശേഷം, ഭക്ഷണം ഉണ്ടാക്കുന്ന ഭാരപ്പെട്ട ജോലി പ്രിയ സഖി ലീന ഏറ്റെടുത്തു. എന്നാലും ഇടയ്ക്കിടെ കുറച്ചു ഉത്സാഹം കൂടുമ്പോള്‍, എന്തെങ്കിലും ഉണ്ടാക്കാന്‍ ഞാന്‍ അടുക്കളയില്‍ കയറുമായിരുന്നു. ഇപ്പൊള്‍ , കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടും അടുക്കളയില്‍ കയറി പയറ്റുമ്പോള്‍ ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാറുണ്ട്.. പണ്ടത്തെപ്പോലെ .
കഴിഞ്ഞ ആഴ്ച, രാത്രി വിശന്നു തുടങ്ങിയപ്പൊള്‍ , നേരത്തെ വെച്ച ചോറെടുത്ത് ഒന്ന് ചൂടാക്കി. അതിന്റെ വെള്ളം കളയാനായി, സിങ്കിന്റെ അടുത്ത് കൊണ്ട് വെച്ച്, ഒന്ന് കലം കമഴ്ത്തിയതും , കൈ തെന്നി കലം തെറിച്ചു വീണു ... ചോറ് മൊത്തം സിങ്കില്‍ ചെന്ന് വീണു. പിന്നെ ഒന്നും കഴിക്കാന്‍ തോന്നിയില്ല.
പിന്നൊരു ദിവസം, വളരെ ഉത്സാഹത്തോടെ ഒരു കൂണ് തോരന്‍ വെച്ചു. സ്വന്തം പാചകത്തില്‍ അഭിമാനം കൊണ്ട് ഞാന്‍ കഴിക്കാന്‍ തയ്യാറെടുത്തു. നല്ല ചൂടോടെ അതും ചപ്പാത്തിയും എടുത്ത്, കസേരയില്‍ വന്നിരുന്നിട്ട് ടെലിവിഷന്‍ ഓണ്‍ ചെയ്തതും, കൈ തട്ടി കൂണ് തോരന്‍ മൊത്തം തറയില്‍ പോയി. കഴിക്കാന്‍ കിട്ടിയതുമില്ല, അതിന്റെ കൂടെ, തറ മൊത്തം തുടച്ചു വൃത്തിയാക്കുകയും ചെയ്യേണ്ടി വന്നു.
അങ്ങനെ പോകുന്നു അബദ്ധ പുരാണങ്ങള്‍ ..
കരിഞ്ഞ ചപ്പാത്തിയില്‍ നോക്കി വിഷമിച്ചു നിന്നപ്പോള്‍ ലീന പറയാറുള്ള ഒരു വാചകം ഓര്‍ത്തു പോയി...
"അച്ചാച്ചാ ..ഒരബദ്ധം പറ്റിപ്പോയി.. "
ആ വാചകം എത്ര തവണ കേട്ടിരിക്കുന്നു. ചിലപ്പോള്‍ ഓഫീസില്‍ നിന്നും വൈകിട്ട് വീട്ടില്‍ വരുന്ന സമയം, നന്നേ വിശന്നാവും എന്റെ വരവ്. അപ്പോള്‍ ലീന ചോദിക്കും .
"അച്ചാച്ചാ ..കഴിക്കാന്‍ ബ്രെഡ് വേണോ , കട്ട് ലറ്റ് വേണോ, അതോ സൂപ്പ് വേണോ? "
"നീ എന്തേലും എടുത്തോ. എനിക്ക് ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് ". ഞാന്‍ പറയും.
പിന്നെ കഴിക്കാനുള്ളതും വരുന്നത് കാത്തിരിക്കുമ്പോള്‍ , ലീന വന്നു പറയും
"അച്ചാച്ചാ..ഒരബദ്ധം പറ്റിപ്പോയി. ബ്രെഡ് കുറച്ചു കരിഞ്ഞു പോയി.
"കുഴപ്പമില്ല.. നീ അത് ഇങ്ങോട്ട് എടുത്തോ. "
പിന്നെ ഞാന്‍, ചായക്കോ കാപ്പിക്കോ ഒപ്പം ആ പാതി കരിഞ്ഞ ബ്രെഡ് കഴിക്കുമ്പോള്‍ ലീന അടുത്തിരുന്നു പറയും
"സോറി അച്ചാച്ചാ ...നാളെ കരിയാതെ എടുത്ത് തരാം കേട്ടോ "
ഇങ്ങനെ ലീനയ്ക്കും ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാരുണ്ടായിരുന്നു. മിക്കവാറും അതെല്ലാം ഞാന്‍ ഓഫിസിലേക്കു പോകാന്‍ ധൃതി പിടിച്ച് നില്കുന്ന സമയത്തായിരിക്കും. ചിലപ്പോള്‍ കറികള്‍ക്ക് രണ്ടു പ്രാവശ്യം എരിവു ചേര്‍ക്കും, ചിലപ്പോള്‍ പുട്ട് നന്നായി വേവുന്നതിനു മുന്‍പേ അടുപ്പില്‍ നിന്നും എടുത്ത് വിളമ്പും. ഞാന്‍ കൊച്ചു വെളുപ്പാന്‍ കാലത്തെ ഓഫീസില്‍ പോകാനെന്നും പറഞ്ഞു ധൃതി കാണിച്ചു നില്കുന്നതാവും അബദ്ധങ്ങള്‍ക്കുള്ള പ്രധാന കാരണം.
ഇതൊക്കെ ലീന എന്നോട് പറയുന്നത് ഒരേ വാചകത്തില്‍ തുടങ്ങിക്കൊണ്ടായിരിക്കും.
"അച്ചാച്ചാ ..ഒരബദ്ധം പറ്റി "
അത് കേള്‍ക്കുമ്പോള്‍ അറിയാം.. പാചകത്തില്‍ എന്തോ പ്രശം അന്ന് ഉണ്ടായിട്ടുണ്ട് എന്ന്.
ചിലപ്പോള്‍ കാര്യം അറിയുമ്പോള്‍ വിഷമം തോന്നും. ഒരിക്കലും അതെ ചൊല്ലി ദേഷ്യപ്പെട്ടിട്ടില്ലാ എങ്കിലും, ചിലപ്പോള്‍ ഞാന്‍ പറയും
"ലീന്‍സ്.. കുറച്ചു നേരത്തെ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ അബദ്ധം പറ്റുമോ? "
അത് കേള്‍ക്കുമ്പോള്‍ കുറച്ചു വാടിയ മുഖത്തോടെ ലീന പറയും
"സോറി അച്ചാച്ചാ.. നാളെ ഒക്കെ ശരിയാക്കി തരാം. "
അങ്ങനെ അവളുടെ മുഖം വാടത്തക്ക വണ്ണം ഞാന്‍ എന്തെകിലും പറഞ്ഞിട്ടുണ്ടെങ്കില്‍ , അതൊന്നും ഇനി തിരിച്ചെടുക്കാനോ, അതിനൊരു ക്ഷമ ചോദിക്കാനോ ഇനി ആവില്ലല്ലോ . ..
പ്രിയപ്പെട്ടവര്‍ മരിച്ചു പോയ ഓരോരുത്തര്‍ക്കും ഇങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ കാണും? ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നല്ലേ പറയുക. പക്ഷെ, ഓര്‍മ്മകള്‍ ശേഖരിച്ചു വെയ്ക്കുന്ന തലച്ചോറിനെ, രോഗങ്ങളും, വാര്‍ദ്ധക്യവും, മറവിയും ഒക്കെ ബാധിച്ചാലോ? അതിനു മുന്‍പേ ഞാനിതൊക്കെ ഒന്ന് എഴുതിക്കോട്ടെ .. പിന്നെ മറവി വന്നാലും, എഴുതിയത് വായിച്ച്, വിലപ്പെട്ട ഓര്‍മ്മകളെ സജീവമാക്കാമല്ലോ
കരിഞ്ഞ ചപ്പാത്തി ചവറ്റു കുട്ടയില്‍ ഇട്ടിട്ട്, പാത്രം കഴുകുന്ന സമയം, ഞാന്‍ വെറുതെ ഊണ് മേശയുടെ അടുത്തേക്ക് നോക്കി.
'അച്ചാച്ചനും അബദ്ധം പറ്റിയല്ലേ' എന്ന് ചോദിക്കാന്‍ ...ലീന അവിടെ ഉണ്ടാവുമോ എന്ന് വെറുതെ ഒന്ന് നോക്കാന്‍. ..
ജോസ്
ബാംഗ്ലൂര്‍
11 ആഗസ്റ്റ് , 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
പാചകത്തില്‍ ഇത്തരം ഒരബദ്ധങ്ങള് പറ്റാത്ത മനുഷ്യരുണ്ടോ ! ചിരിച്ചുകൊണ്ട് വായിച്ചു വന്നതാ.. പക്ഷെ ആ അവസാന വാചകം കണ്ണ് നനയിച്ചു... എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് എനിക്കറിയില്ല മാഷേ...
Touching, but true... when I read this, i could see what happened there
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.. ലിപി പറഞ്ഞത് പോലെ ചിരിച്ചോണ്ട് വായിച്ചതാ..പക്ഷെ അവസാനം..
വന്നു; വായിച്ചു :-|
ഓര്‍മ്മകള്‍ മായും മുന്‍പേ ...
എല്ലാ ഓര്‍മകളും പോകുന്നത് ഒരേ വഴി തിരഞ്ഞ്..അല്ലെ ജോസ് :(
ആക്രാന്തം കാട്ടല്ലേ വിളമ്പിത്തരാം എന്ന് പറയാന്‍ ഒരാളില്ലാത്തതാണ് പ്രശ്നം
വയറ്റുഭാഗ്യം തീരെയില്ല.
ചതിയാ....കശ്മലാ...ജോസേട്ടാ....പ്രണയവും തമാശയും മാത്രം വായിക്കനിഷ്ടമുള്ള എന്നെ അവസാനം കൊണ്ടുപോയി കരയിപ്പിചില്ലേയ്????എന്നെ ഈ ബൂലോകത്ത് പിടിച്ചു നിര്‍ത്തിയ,ചിന്തിപ്പിച്ച ആദ്യത്തെ പോസ്ടാനു ഇത്...കരഞ്ഞു പോയി ഞാന്‍...വല്ലാതെ ഫീല്‍ ചെയ്യിപ്പിച്ചു...ഇപ്പൊ ഞാന്‍ ''അബദ്ധ പുരാണം'' ബുക്ക് മാര്‍ക്ക് ചെയ്തിരിക്കുകയാണ്....ജോസേട്ടനും ജോസേട്ടന്റെ ലീന ചേച്ചിക്കും വേണ്ടി ഞാന്‍ പടച്ചവനോട് പ്രാര്‍ത്ഥിക്കാം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ