2011, മാർച്ച് 27
എന്റെ സ്വര്‍ഗ്ഗ വാസം ..
" ദുഃഖങ്ങള്‍ക്ക് ഞാനിന്നവധി കൊടുത്തു..
സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു. "
പണ്ട് ഭാസ്കരന് മാഷ് ഇങ്ങനെ എഴുതിയതിനെ അന്വര്‍ത്ഥമാക്കും വിധം ഞാനും എന്റെ ദുഃഖങ്ങള്‍ക്ക് അവധി കൊടുത്തു. ..ഒരാഴ്ചത്തേയ്ക്ക് . എന്നിട്ട്, ഞാനും എന്റേതായ ഒരു സ്വര്‍ഗത്തിലേക്ക് ചേക്കേറി.
എന്റെ സ്വര്‍ഗ്ഗം എന്റെ നാടാണ്.. അവിടുള്ള എന്റെ വീടാണ്. ശ്രീ അനന്ത പദ്മനാഭന് ശയിക്കുന്ന തിരുവനന്തപുരത്തുള്ള എന്റെ കൊച്ചു വീട്. എന്റെ വരവും കാത്തിരിക്കുന്ന വയസ്സായ ഒരു അമ്മച്ചിയും, ആങ്ങളമാരും, പെങ്ങന്മ്മാരും, അവരുടെയൊക്കെ കുടുംബവും അടങ്ങിയ ഒരു സ്വര്‍ഗ്ഗം.. സൊറ പറയാനും, സന്തോഷവും ദുഃഖങ്ങളും പങ്കു വെയ്ക്കാനും കുറച്ചു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കാത്തിരിക്കുന്ന ഒരു സ്വര്‍ഗ്ഗം.
ഒരാഴ്ച ഞാന്‍ ആ സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞു. ചിരിയും കളിയും പരിഭവങ്ങളും ഒക്കെ ആയി. കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കണ്ടു...കുറച്ചുപേരെ കാണാന്‍ പറ്റിയില്ല. സാധാരണ ഒരു സിനിമയെങ്കിലും കാണുമായിരുന്നു .. ഇത്തവണ പറ്റിയില്ല..സിമിത്തേരിയില്‍ പോയി അപ്പച്ചന്റെ കുഴി മാടത്തില്‍ മെഴുകുതിരി കത്തിക്കാനും പറ്റിയില്ല. .. ലീനയ്ക്കും എനിക്കും പ്രിയമായ തട്ടുകട പറോട്ട തിന്നാനും പറ്റിയില്ല.
എന്റെ സ്വര്ഗത്തിന് പക്ഷെ ഒരു നരകത്തീച്ചൂളയുടെ സ്വഭാവം ഉണ്ടായിരുന്നു. അവിടത്തെ സഹിക്കാനാവാത്ത ചൂടില്‍ ഉരുകുംപോഴും, വിയര്‍ത്തൊലിച്ചു ഉടുപ്പ് ദേഹത്ത് ഒട്ടുമ്പോഴും , ഒരു സങ്കടത്തോടെ ഞാന്‍ ഓര്‍ക്കും..
'എന്തെ എന്റെ സ്വര്ഗത്തിന് ഇങ്ങനെ ഒരു മാറ്റം?'
പണ്ടത്തെ കാലാവസ്ഥ അപ്പാടെ മാറിയിരിക്കുന്നു. സമയം തെറ്റിപ്പെയ്യുന്ന മഴയും, വര്‍ഷം തോറും കൂടി വരുന്ന ചൂടും ഒക്കെ ഒരു തീച്ചൂളയുടെ പ്രതീതി ഉണ്ടാക്കിയിരിക്കുന്നു നാട്ടില്‍ . അതിനു പുറമേ ദിനം പ്രതി പെരുകുന്ന മോഷണവും അക്രമവും.( ഇത് ഗോഡ്സ് ഓണ്‍ കണ്ട്രി ആണോ എന്നും ഒരു സംശയം തോന്നും ചിലപ്പോള്‍ )
എന്നാലും നാട് നാട് തന്നെയല്ലേ. ഇപ്പോഴും നഷ്ടപ്പെട്ടിട്ടിലാത്ത ഏതൊക്കെയോ നാടത്തം അവിടെ ഇപ്പോഴും ഉണ്ട്. ബാംഗ്ലൂര്‍ ജീവിതത്തിനിടെ എന്റെ മനസ്സിനെ കാന്ത ശക്തി പോലെ അവിടേക്ക് പിടിച്ചു വലിക്കുന്നതും ആ തോന്നലുകള്‍ ആണ്. എന്റെ വേരുകള്‍ അല്ലെ അവിടെ മുഴുവന്‍.
ഒരാഴ്ചത്തെ സ്വര്‍ഗ വാസം കഴിഞ്ഞു മടങ്ങാന്‍ നേരം, കയ്യിലുണ്ടായിരുന്ന പെട്ടിക്കു നല്ല ഭാരം ഉണ്ടായിരുന്നു. സ്നേഹപൂര്‍വ്വം വീടുകാര് തന്നുവിട്ട പൊതികള്‍ ആയിരുന്നു അതില്‍ നിറയെ. ..എന്റെ ഇഷ്ട വിഭവങ്ങള്‍ .
പൊതിച്ചോറ് , വന്‍ പയര്‍ തോരന്‍, പൊരിച്ച മീന്‍, മാങ്ങാ അച്ചാറ് , ജാമ്പക്കാ അച്ചാറ്, ബീറ്റ് റൂട്ട് തോരന്‍, പക്കാവട, കുഴലപ്പം, ഗ്യാസ് മിഠായി, നാരങ്ങാ മിഠായി, ജീരക മിഠായി, ബോളി അങ്ങനെ ..ഒരു ശരാശരി മലയാളിയുടെ ദുര്‍ബലതകള്‍ ആയിട്ടുള്ള കുറെ വിഭവങ്ങള്‍ എനിക്കവര് തന്നു വിട്ടു.
പക്ഷെ അതൊക്കെ കൊണ്ട് വന്നു ഒന്ന് പൊട്ടിച്ചു പോലും നോക്കും മുന്‍പേ അവന് പണി പറ്റിച്ചു...ആ കള്ള കാഫര്‍ .. ചെകുത്താന്. ഞാന്‍ കുറെ സന്തോഷിച്ചത് അവനു പിടിച്ചില്ലായിരിക്കാം. പണ്ടേ അവന് അങ്ങനെ ആണല്ലോ . അവന് നോക്കി ഇരിക്കുക ആയിരുന്നു എനിക്കിട്ടു ഒരു പണി തരാന്‍. നാട്ടില്‍ നിന്നും വന്നു മണിക്കൂറുകള്‍ പോലും കഴിയും മുന്‍പേ ..
ഇന്നലെ എന്റെ പ്രിയ സഖി ലീന ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ചെയ്യേണ്ട ഡയാലിസിസ് ഇന്നലെ രാവിലെ ചെയ്യണമായിരുന്നു. (അവളുടെ വൃക്കകള്‍ സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടു ഒരു വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ ഡയാലിസിസ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം അല്ലെ ) യാത്ര ക്ഷീണവും, കാലാവസ്ഥാ മാറ്റം കാരണം വന്ന കടുത്ത ചുമയും കാരണം ഇന്ന് ഡയാലിസിസിനു പോകുന്നില്ല എന്ന് ലീന പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല..വഴക്കും പറഞ്ഞില്ല. എന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാവും ചെകുത്താന്.
ഉച്ചയായപ്പോള്‍ ലീനയ്ക്ക് മരണ വെപ്രാളം പോലുള്ള ശ്വാസം മുട്ടല്‍ തുടങ്ങി. രക്ത സമ്മര്‍ദ്ദം അതിര്‍ത്തികള്‍ താണ്ടി മുന്നോട്ടു പോയി. ചുമച്ചു തുപ്പിയപ്പോള്‍ വന്ന കുറച്ചു ചുവന്ന പൊട്ടുകളും, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും ഒക്കെ ഒരുമിച്ചു കണ്ടപ്പോള്‍ ഞാന്‍ ഒന്ന് പതറി.
ടി. വി സ്ടാണ്ടിന്റെ മുകളില്‍ ഫ്രെയിം ചെയ്തു വച്ച ഞങ്ങളുടെ ഫോട്ടോയില്‍ ഞാന്‍ ഒന്ന് നോക്കി. അതില്‍ എന്നോടൊപ്പം നില്ക്കുന്ന സുന്ദരിക്കുട്ടിയും, അപ്പോള്‍ എന്റെ മുന്പില് ശ്വാസം എടുക്കാന്‍ വിഷമിച്ച പെണ്‍കുട്ടിക്കും തമ്മില്‍ ഒരു വിദൂര സാമ്യം പോലും ഇല്ലാ എന്ന് തോന്നി. . രണ്ടു വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം അത്രയ്ക്കാണ്.
നേരത്തെയൊക്കെ ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ നന്നേ തളരുമായിരുന്നു. മനോവേദനയുടെ കൊട് മുടികളും, ഗര്‍ത്തങ്ങളും ഒക്കെ താണ്ടുമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമായിരുന്നു. പിന്നെ ഓരോ അനുഭവങ്ങളും നല്കിയ കരുത്തില്‍ മുന്‍പോട്ടു നടക്കാന്‍ പഠിച്ചു. ഒഴുക്കിനെതിരെ നീന്താതെ , അതിനോടൊപ്പം സുരക്ഷിതമായി നീന്താന്‍ പഠിച്ചു. എന്നാലും ചിലപ്പോള്‍ പ്രതീക്ഷിക്കാതെ ഇതേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മനസ്സൊന്നു പതറും. അതാവും ഇന്നലെയും സംഭവിച്ചത്.
ചെകുത്താനോട് ഞാന്‍ പരാതി പറഞ്ഞില്ല. എന്റെ ദുഃഖമല്ലെ അവന്റെ സന്തോഷം. പിന്നെ ഞാന്‍ അവനോടു പരാതിപ്പെട്ടിട്ടു എന്ത് നേടാന്‍?
മണിപ്പാല്‍ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയില്‍ ലീനയെ ഉടനെ ഞാന്‍ കൊണ്ട് വന്നു. കാറിന്റെ പുറകിലത്തെ സീറ്റില്‍ ശ്വാസം കിട്ടാതെ അവള് വിഷമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു..
'പേടിക്കേണ്ട...നമ്മള് ആശുപത്രിയില്‍ എത്താറായി '
പിന്നെ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ദൈവമേ ..ട്രാഫിക് ബ്ലോക്ക് ഒന്നും കാണരുതേ.. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്താന്‍ കഴിയണേ .
കാഷ്വാലിറ്റിയില്‍ നിന്നും ഡയാലിസിസ് യൂനിട്ടിലേക്ക് ലീനയെ മാറ്റിയ ശേഷം ഉടന്‍ തന്നെ അവിടത്തെ യന്ത്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. അവളുടെ ദേഹത്തെ അശുദ്ധ രക്തം ശുദ്ധീകരിക്കുന്ന ജോലി . ഡയാലിസിസ് യൂണിറ്റിന്റെ വെളിയില്‍ ഇരുന്നു ഇത് എഴുതുമ്പോള്‍ ഡോക്ടര്‍ വന്നു പറഞ്ഞു..
'രാവിലത്തെതില് നിന്നും നന്നായിരിക്കുന്നു ലീന. കുറച്ചു ഇന്ഫക്ഷന് ഉണ്ട്. ആന്റി ബയോട്ടിക്കുകള്‍ കുറച്ചു കൊടുക്കേണ്ടി വരും '
ഡോക്ടറിന്റെ രൂപത്തില്‍ വന്ന ദൈവവും , നഴ്സിന്റെ രൂപത്തില്‍ വന്ന മാലാഖമാരും ലീനയെ ഏറ്റെടുത്തതാവാം കാരണം...ചെകുത്താന് പല്ലിറുമ്മിക്കൊണ്ട് എന്നില്‍ നിന്നും അകന്നു മാറി ..ഒരു മുന്നറിയിപ്പും തന്നിട്ട്
'കരുതിയിരുന്നോടാ. വിടില്ല ഞാന്‍ '
കുറെ കഴിഞ്ഞു ഞാന്‍ റൂമിനകത്തു കയറി കണ്ടപ്പോള്‍ ഓക്സിജന്‍ മാസ്കിന്റെ ഇടയിലൂടെ ലീന ഒന്ന് ചിരിച്ചു. എന്നിട്ട് പതിയെ പറഞ്ഞു
' രാവിലെ ശ്വാസം കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി. പാവം മീനുകള്‍ കരയില്‍ പിടിച്ചിടുമ്പോള്‍ പിടയുന്നത് ഇതുപോലല്ലേ '
ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. നമ്മളൊക്കെ തിന്നുന്ന പൊരിച്ച മീനിന്റെയും, മീന്‍ കറിയുടെയും പിന്നില്‍ ശ്വാസം കിട്ടാതുള്ള പിടയലുകള്‍ ഇല്ലേ.
ദുഃഖങ്ങള്‍ എന്തിനു തരുന്നൂ എന്ന് ഞാന്‍ എന്റെ സുഹൃത്തായ ദൈവത്തോട് ചോദിക്കാറില്ല. ജന്മം തന്നെ അവന്റെ ദാനമല്ലേ. സുഖങ്ങളും ദുഃഖങ്ങളും ആ ദാനത്തോടൊപ്പം ഉള്ളവയല്ലേ ..ഒരു പാക്കേജ് ഡീല്‍ . എന്നാലും കണ്ണടച്ച് , ഒരു നിമിഷം ഞാന്‍ എന്റെ കൂട്ടുകാരനോട് പറഞ്ഞു.
' തളര്ത്തരുതെ ..പതറാന്‍ ഇടയാക്കരുതെ. എല്ലാം അതിജീവിക്കാന്‍ കരുത്തു തരണേ.. '
പെട്ടെന്ന് രോണ്ടാ ബ്രയിന്‍ എഴുതിയ ' ദ സീക്രട്ട് ' എന്ന പുസ്തകത്തിലെ ഒരു വാക്യം ഓര്‍മ്മ വന്നു.
'നിങ്ങള്‍ മനസ്സില്‍ എന്തെങ്കിലും അതിയായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവനും ഒരുമിച്ചു, അതി നിങ്ങള്‍ക്ക് നേടിത്തരും എന്ന്. വിഖ്യാത സാഹിത്യകാരന് പോള്‍ കൊയ്ലോ തന്റെ 'ആല്‍ക്കെമിസ്റ്റ് ' എന്ന പുസ്തകത്തിലും ഇതേ പോലെ പറഞ്ഞിട്ടുണ്ട്.
അതില്‍ നിന്നൊക്കെ പ്രചോദനം കൊണ്ട്..ഞാന്‍ ഒരു നല്ല ചിത്രം എന്റെ മനസ്സില്‍ വിചാരിച്ചു. ഞാനും ലീനയും ചേര്‍ന്ന് നിന്ന് ഇനി എടുക്കാനിരിക്കുന്ന ഒരു ചിത്രം... ലീനയുടെ ആഗ്രഹം ആയ ഒരു കടല്‍ തീരത്ത് നിന്നുള്ള ഞങ്ങളുടെ ഒരു റൊമാന്റിക് ചിത്രം.
അത് സാക്ഷാല്‍ക്കരിക്കാന്‍ , പ്രപഞ്ചം മുഴുവന്‍ ഞങ്ങളോടൊപ്പം വന്നിരുന്നെങ്കില്‍ .. വരുമായിരിക്കും ..ഇല്ലേ?
jose
bangalore
March 27, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
ഒരു അനുഭവ കുറിപ്പാനെങ്കില് അങ്ങേ അറ്റം മനോഹരമായിരിക്കുന്നു. ഒരു കഥയാണെങ്കിലും കൊള്ളാം. ഏതായാലും പ്രപഞ്ചത്തിന്റെ പ്രാര്‍ത്ഥന ഫലിക്കട്ടെ..
Oru kidney kitti leena ethrayum vegam sukhappettirunnengil.... Oru swarna manassinte udamayaya ninacku koottukaran ee dukham thannengil athinu purakil pullicku enthengilum plan kaanum. Dosham aayittu onnum avan cheyyilla. All the best Jose mone ...
ശ്ശോ.....കൊതിപ്പിച്ചു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ