2011, മാർച്ച് 13
ഒരു ഭൂകമ്പത്തിന്റെ ഓര്‍മ്മ ...
പ്രകൃതിയുടെ രൌദ്രത്തിന് കീഴ്പ്പെട്ട് അകാല ചരമം പ്രാപിച്ച അനേകായിരം ആത്മാക്കളുടെ ശാന്തിക്കായി..ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.
ഭൂകമ്പവും സുനാമിയും ഒരുമിച്ചു വന്ന് ജപ്പാനില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയതിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ എനിക്കും ഓര്‍മ്മ വന്നു ഒരു ഭൂകമ്പത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ .
പോസ്റ്റ് ഗ്രാജുവേഷന് വേണ്ടി ഇപ്പോഴത്തെ ഉത്തരാഞ്ചലില്‍ ഉള്ള റൂര്‍ക്കി യുണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന സമയം. വര്‍ഷം 1999. കാമ്പസിലെ ജവഹര്‍ ഭവന് ഹോസ്റലില്‍ ആയിരുന്നു എന്റെ താമസം. മാര്‍ച്ചു മാസം അവസാനമായി. തണുപ്പ് മാറി അസഹനീയമായ ചൂട് ആയി വരുന്ന സമയം. രാത്രിയില്‍ പഠിത്തം കഴിഞ്ഞ് ഫാന്‍ നല്ല സ്പീഡില്‍ ഇട്ടിട്ടു ഞാന്‍ കിടന്നു. നല്ല ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങുകയും ചെയ്തു. എപ്പോഴാണെന്നറിയില്ല..ആരോ കട്ടിലില്‍ നിന്നും എടുത്തു തറയില്‍ എറിഞ്ഞപോലെ ഞാന്‍ തറയില്‍ വീണു. തറയില്‍ വീണപ്പോഴേ ഉറക്കമൊക്കെ പമ്പ കടന്നു. ഉറക്കത്തില്‍ വീണതല്ല എന്നും, എന്തോ കുഴപ്പം ഉണ്ട് എന്നും അപ്പോള്‍ തന്നെ മനസ്സിലായി.
അതെ സമയത്ത് തന്നെ പട പടാന്ന് ഹോസ്ടല്‍ റൂമുകളില്‍ ലൈറ്റുകള്‍ തെളിഞ്ഞു. നിമിഷങ്ങള്‍ക്കകം വാര്‍ത്ത ചൂടോടെ മുറികളില്‍ പടര്‍ന്നു..അതൊരു ഭൂകമ്പം ആയിരുന്നു എന്ന്.
പിന്നെ കുറെ നേരം എല്ലാവര്ക്കും ഹോസ്ടല്‍ മുറിയില്‍ കിടക്കാന്‍ ഭയമായി. എങ്ങാനും ഭൂകമ്പം വീണ്ടും വന്നാലോ. പിന്നെ എല്ലാവരും കൂട്ടത്തോടെ ചായയും ബ്രെഡ് ഒമ്ളട്ടും കഴിച്ചു സംസാരിച്ചിരിക്കാന്‍ വേണ്ടി കാന്ടീനിലേക്ക് വച്ച് പിടിച്ചു.
പിറ്റേന്നാണ് അറിഞ്ഞത് റൂര്‍ക്കിയുടെ അടുത്തുള്ള ചമോലി എന്ന സ്ഥലത്ത് ഉണ്ടായ ഭൂകമ്പം ആണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത് എന്ന്. റിച്ടര്‍ സ്കെയിലില്‍ 6.8 ഉണ്ടായിരുന്നു അതിന്. ഞങ്ങളുടെ ഹോസ്ടളില്‍ നിന്നും വേറെ അടുത്തുള്ള ഒരു ഹോസ്ടളില്‍ നിന്നും ഒക്കെ മൂന്നാലുപേര് രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തു ചാടിയത്രേ. ഭൂകമ്പം പേടിച്ച്. അവരില്‍ ഒരാളുടെ കാലൊടിഞ്ഞു. മറ്റുള്ളവര്‍ കുറച്ചു മുറിവുമായി രക്ഷപ്പെട്ടു.
പിറ്റേന്ന് മുതല്‍ വാര്‍ത്തകളില്‍ നിന്നും മറ്റും ചമോലി ഭൂകമ്പത്തിന്റെ ഭീകരത മനസ്സിലായി. അതിന്റെ ഭയം മാറും മുന്‍പേ വീണ്ടും ഒരു അനുഭവം ഉണ്ടായി. ഭൂകമ്പം വന്നതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണെന്ന് തോന്നുന്നു. ഞാന്‍ ഹോസ്ടലിന്റെ മൂന്നാം നിലയില്‍ ഉള്ള ഒരു സ്നേഹിതന്റെ മുറിയില്‍ അവന്റെ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന സമയം. പെട്ടന്ന് കമ്പ്യൂട്ടര്‍ ഇരുന്ന മേശയും ഭിത്തിയില്‍ തൂക്കിയ പടങ്ങളും ഒക്കെ ആടുന്നത് കണ്ടു. ഭൂകമ്പത്തിന്റെ ആഫ്ടര്‍ ഷോക്ക് ആയ മറ്റൊരു ഭൂകമ്പം ആണ് അതെന്നു പെട്ടന്ന് മനസ്സിലായി. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മൂന്നാം നിലയില്‍ നിന്നും എടുത്തു ചാടാന്‍ നോക്കിയാല്‍ ഗതി എന്താവും എന്ന് നന്നായി അറിയാം. ഉള്ള ദൈവങ്ങളെ ഒക്കെ ഓര്‍ത്തു അവിടെത്തന്നെ നില്‍ക്കാനേ പറ്റിയുള്ളൂ.
സെക്കണ്ടുകല്ക്കകം എല്ലാം ശാന്തമായി.
ആ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റിയേനെ എനിക്ക്. അത് ഓര്‍ക്കുമ്പോഴേ ഇപ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടാവും
പിന്നെ മനസ്സില്‍ ഓടി വരുന്നത് ചെന്നൈ തീരപ്രദേശത്ത് നാശം വിതച്ച സുനാമിയാണ്. അന്ന് ഞാന്‍ മുംബയില്‍ ജോലി നോക്കുകയായിരുന്നു. ചെന്നയിലെ ബീച്ചുകളില്‍ എത്ര തവണ ഞാന്‍ പോയിട്ടുണ്ട്. നേരത്തെ ജോലി നോക്കിയ കമ്പനിയില്‍ നിന്നും ഒട്ടേറെ പ്രാവശ്യം ചെന്നൈയില്‍ പോകേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ സമയം കിട്ടുമ്പോള്‍ അവിടത്തെ ബീച്ചുകളില്‍ പോകും
അത് പോലെ ആ ബീച്ചുകളുടെ സൌന്ദര്യം ആസ്വദിക്കാന്‍ എത്തിയവരും അതിന്റെ അടുത്തൊക്കെ താമസിച്ചവരും ആണ് 2004 ഡിസംബറില്‍ ഉണ്ടായ സുനാമിയില്‍ മരിച്ചത്. അവിടുള്ള കൂട്ടുകാരെ വിളിച്ചു വിവരങ്ങള്‍ അറിയുമ്പോഴും, മിനുട്ട് മിനുട്ട് വച്ച് മരണ സംഖ്യ കൂടുന്നതായുള്ള വാര്‍ത്തകള്‍ ടെലിവിഷനില്‍ കണ്ടപ്പോഴും ഒരു വല്ലാത്ത വിഷമവും ഭീതിയും ഒക്കെ അനുഭവപ്പെട്ടിരുന്നു. ഒപ്പം തിരുവന്തപുരത്തെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നറിഞ്ഞു. എന്റെ വീട് തിരുവനന്തപുരത്തെ തീരദേശത്തിനടുത്താണ്. ഇടയ്ക്കിടെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുമായിരുന്നു ഞാന്‍. ഒട്ടേറെ ടെന്‍ഷന്‍ അനുഭവിച്ച സമയം ആയിരുന്നു അത്.
ജപ്പാന്‍കാര്‍ക്ക് ഇതൊക്കെ നല്ല ശീലം ആയിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ഇതുപോലുള്ള പ്രശ്നങ്ങളെ നല്ല രീതിയില്‍ നേരിടാന്‍ പ്രാപ്തരും ആണ്. എന്നാലും ഇത്തവണ ഭൂകമ്പവും സുനാമിയും ന്യൂക്ലിയാര്‍ ദുരന്തവും ഒരുമിച്ചല്ലേ അവരെ എതിരേറ്റിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറാന്‍ അവര്‍ക്കാകട്ടെ.
ജോസ്
ബാംഗ്ലൂര്‍
13- march - 2011
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ :- http://www.indiatone.com/earthquake-hits-100-in-china/; http://www.suchablog.com/tsunami-une-vague-de-31m )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
ജപ്പാൻ അതിജീവിക്കും.. അതിവേഗം.
നല്ല എഴുത്തു്.കഠിനാദ്ധ്വാനികളുടെ
ആ നാട് പെട്ടെന്നു തന്നെപൂര്വ്വാവസ്ഥ
യിലെത്തട്ടെ
അതെ ജപ്പാന് എല്ലാം അതിജീവിക്കതന്നെ ചെയ്യും..
എഴുത്ത് നന്നായിരിക്കുന്നു.
I enjoyed reading this.
ഓരോ ദുരന്തവും അനുഭവിക്കുന്നവര്‍ക്ക് ദുരന്തവും അല്ലാത്തവര്‍ക്ക് വെറും ഒരു സംഭാവവുമാന്നു. നല്ല എഴുത്ത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ