
ഒരു വെള്ളക്കടലാസും ഒരു പേനയുമായി ഞാന്‍ എന്റെ പഠന മുറിയില്‍ പോയി ഇരുന്നു. 2010 വിട വാങ്ങാന്‍ നിമിഷങ്ങള്‍ മാത്രം.
കോച്ചിപ്പിടിക്കുന്ന തണുപ്പത്തും ആവേശം കൈവിടാതെ പുറത്തെവിടെയൊക്കെയോ ആളുകള്‍ 2011 നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.
മുറിയിലെ C. F. L ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്റെതായ ലോകത്ത് മുഴുകി . 2010 വിട പറയും മുന്‍പേ ഒരു വാര്‍ഷിക കണക്കെടുപ്പ് നടത്താന്‍.. ലാഭ നഷ്ടങ്ങളുടെയും, സുഖ ദുഃഖങ്ങളുടെയും കണക്കെടുക്കാന്‍. ..ഒന്നിനും വേണ്ടിയിട്ടല്ല..വര്‍ഷം മുഴുവന്‍ തന്ന സൌഭാഗ്യങ്ങള്ക്കു ദൈവത്തോട് നന്ദി പറയാന്‍, പ്രതി സന്ധികളില്‍ തളരരുത് എന്ന് മനസ്സിനോട് വീണ്ടും വീണ്ടും പറയാന്‍...
ഒടുവില്‍ കണക്കെടുത്തു....സുഖങ്ങളോ ദുഃഖങ്ങളോ കൂടുതല്‍? അറിയില്ല. എല്ലാം ആപേക്ഷികം അല്ലെ?
2010 ജീവിതത്തിലേക്ക് ഏറെ അനിശ്ചിതത്വം കൊണ്ട് വന്നു. ഫെബ്രുവരിയില്‍ ലീനയ്ക്ക് ഡയാലിസിസ് തുടങ്ങി. .ജീവിതം ഒരു യന്ത്രത്തിന്റെ ദയയില്‍. ..നേരത്തെ തന്നെ ഡോക്ടര്‍ ഡയാലിസിസ് വേണ്ടി വരും എന്ന് പറഞ്ഞിരുന്നു എങ്കിലും, അത് യാഥാര്‍ത്ഥ്യം ആയപ്പോള്‍, അതുമായി മാനസികമായി പൊരുത്തപ്പെടാന്‍ കുറച്ചു നാള് വേണ്ടി വന്നു.
ഹിമോഗ്ലോബിന്‍ കുറഞ്ഞും, നിമോണിയ വന്നും നാലഞ്ചു തവണ ആശുപത്രി വാസം വേണ്ടി വന്നപ്പോള്‍ ലീനയുടെ ശാരീരിക സ്ഥിതി നന്നേ മോശമായി. ഞങ്ങള്‍ രണ്ടും നന്നേ വലഞ്ഞു.
കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ എന്റെ കിഡ്നി എടുക്കാം എന്ന് കരുതി കുറെ ടെസ്റ്റുകള്‍ ചെയ്തതാണ്. പിന്നെ അറിഞ്ഞു എനിക്കും രക്ത സമ്മര്‍ദ്ദം കൂടുതലാണ് എന്ന്. അതിനാല്‍ എന്നെ ഡോണര്‍ ആയി പരിഗണിച്ചില്ല .
ഇതിനൊക്കെ പുറമേ, കുടുംബത്തില്‍ കാന്‍സറും അതിഥി ആയി എത്തി. എന്റെ ഇളയ ചേച്ചിക്ക്.. ആദ്യം എല്ലാവര്ക്കും അതൊരു ഷോക്ക് ആയിരുന്നു. പിന്നെ, ആദ്യത്തെ ഞെട്ടലും പേടിയും പൊട്ടിക്കരച്ചിലുകളും , അടക്കാനാവാത്ത നൊമ്പരങ്ങളും ഒക്കെ പതിയെ മാറാന്‍ തുടങ്ങി. കീമോ തെറാപ്പിയും, റേഡിയേഷനും ഒക്കെ മറ്റെന്തിനെപ്പോലെയും ഒരു പതിവ് സംഭവം ആയി. കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഒന്നുമില്ല എന്ന് പറയുന്നത് ശരി തന്നെ..
വിട വാങ്ങും മുന്‍പ് 2010 ഒന്നുകൂടി പ്രഹരം ഏല്‍പ്പിച്ചിട്ടാണ് പോയത്. നിമോണിയ വന്നു ലീന നല്ല ക്രിട്ടിക്കല്‍ ആയി രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നു. ഡോക്ടര്‍മാര്‍ പോലും ഉറപ്പിച്ചൊന്നും പറയാന്‍ ആവാതെ വിഷമിച്ചു. ..എന്റെ ശുഭ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കും പോലെ . അതെ സമയത്ത് നാട്ടില്‍, എന്റെ മൂത്ത ചേട്ടന്, തോളെല്ല് പൊട്ടി കിടപ്പായി. റോഡിലെ ഗട്ടറില്‍ വണ്ടി മറിഞ്ഞാണ് അത് പറ്റിയത്. ഇപ്പോള്‍ തോളില്‍ ലോഹം കൊണ്ടുള്ള ബോള്‍ട്ട് ഇട്ട്, ഫിസിയോ തെറാപ്പിയും ആയി കഴിയുന്നു.
അങ്ങനെ, ക്രിസ്മസിന്റെ ആഹ്ലാദത്തെ തണുപ്പിച്ചു കളഞ്ഞ ഒരു ഡിസംബര്‍ ആയിരുന്നു ഇത്തവണത്തേത്.
2010 തന്ന ദുഖങ്ങളെ മേല്‍പ്പറഞ്ഞ രീതിയില്‍ ചുരുക്കി എഴുതിയതാണ്. അവയൊക്കെ ഏല്‍പ്പിച്ച ആഘാതം ഇതില്‍ പറഞ്ഞതിന്റെ ഒക്കെ എത്രയോ മടങ്ങ് വലുതാണ്. വാക്കുകള്‍ക്കൊക്കെ എത്രയോ അപ്പുറം.
കണക്കു പറയുമ്പോള്‍ സുഖങ്ങളുടെയും സന്തോഷത്തിന്റെയും കണക്കുകള്‍ അവസാനം പറയുന്നതാണ് നല്ലത്. പുതു വര്‍ഷാരംഭം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാവട്ടെ.
2010 ലെ ഏറ്റവും നല്ല കാര്യം, ഞങ്ങളുടെ പുതിയ വീടാണ്. ബാംഗ്ലൂരില്‍ നഗര മദ്ധ്യത്തില്‍ തന്നെ, ജോലി സ്ഥലത്തിന്റെ അടുത്തായി ,ഒരു ഒഴിഞ്ഞ കോണില്‍ ഒരു കൊച്ചു വീട്. വാടക കൊടുക്കാതെ സ്വന്തമായ വീട്ടില്‍ താമസിക്കാന്‍ പറ്റുക എന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹം തന്നെ ആണ്.
നിമോണിയ കഠിനമായി തളര്‍ത്തിയിട്ടും, നല്ല രീതിയില്‍ ലീനയ്ക്ക് തിരിച്ചു വരാന്‍ സാധിച്ചത് തീര്‍ച്ചയായും മറ്റൊരു ദൈവ അനുഗ്രഹം ആണ്. ഡോക്ടര്‍മാര്‍ ആ രീതിയില്‍ ഒക്കെ ആയിരുന്നല്ലോ സംശയം പ്രകടിപ്പിച്ചിരുന്നത്.
ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ( റോയല്‍ ഡച്ച് ഷെല്‍ ) എന്നെ സാമ്പത്തികമായും മാനസികമായും എന്തുമാത്രം സഹായിച്ചു എന്നത് എടുത്തു പറയേണ്ട കാര്യം ആണ്. ഒരു നേരം ഡയാലിസിസ് ചെയ്യാന്‍ കാശില്ലാത്ത എത്രയോ പേര് ഉണ്ട്. മെഡിക്കല്‍ ചെലവുകള്‍ ഭീമമായി വര്‍ദ്ധിച്ചപ്പോള്‍ പിടിച്ചു നില്ക്കാന് എന്നെ സഹായിച്ചത്, കമ്പനിയുടെ നല്ല പോളിസികളും, എന്റെ മാനേജര്‍മാരുടെ നല്ല മനസ്സും.
" ദൈവം എടുക്കാന്‍ പറ്റുന്ന ഭാരങ്ങളും, സഹിക്കാന്‍ പറ്റുന്ന ദുഃഖങ്ങളും, പിടിച്ചു നില്ക്കാന് പറ്റുന്ന പ്രതിസന്ധികളും ഒക്കെയേ തരൂ എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കും.
നാട്ടില്‍ നിന്നും എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അവരുടെ കുടുംബവുമായി ഞങ്ങളെ സന്ദര്‍ശിച്ചതും, അവരോടൊപ്പം ഒരു ഏര്‍ക്കാട് സന്ദര്‍ശനം നടത്തിയതും ഓര്‍മ്മയില്‍ തെളിഞ്ഞു നില്ക്കുന്നു. നല്ല രീതിയില്‍ സന്തോഷിച്ച രണ്ടു ദിവസങ്ങള്‍ ആയിരുന്നു അത്. അതുപോലെ ഒരു യാത്ര ഇനി എപ്പോള്‍? അറിയില്ല. അതിനു വേണ്ടി നേരത്തെ ഒന്നും പദ്ധതി ഇടുന്നില്ല...
ഇതൊന്നും അല്ലാതെ അല്ലറ ചില്ലറ സുഖങ്ങളും ദുഃഖങ്ങളും ഒക്കെ വേറെയും ഉണ്ടായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന പോലെ.
അടുത്ത വര്‍ഷം എങ്ങനെ ആവും? മറ്റുള്ളവരെപ്പോലെ തന്നെ ഏറെ ശുഭ പ്രതീക്ഷകളുമായി ഞാനും 2011 നെ വരവേല്‍ക്കുന്നു.
വര്‍ഷാരംഭത്തില്‍ ഉള്ള പോലെ പ്രതിജ്ഞകള്‍ ഒന്നും ഇല്ല . എടുത്തിട്ടു പാതി വഴി വച്ച് മുടക്കുന്നതല്ലേ പതിവ്. പ്രതിജ്ഞ ഒന്നും എടുക്കില്ല എന്ന പ്രതിജ്ഞയാണ് ഇത്തവണത്തേത്.
സുഖ ദുഖങ്ങളുടെ ഇഴുകിച്ചേര്‍ന്നുള്ള ഒരു യാത്രയാണ് ജീവിതം എന്ന തത്വം വീണ്ടും വീണ്ടും മനസ്സിലാക്കിപ്പിച്ച വര്‍ഷമാണ് കടന്നു പോയത്. അത് പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടു എങ്കിലും, ദുഃഖ ഭാരങ്ങള്‍ കുറച്ചൊന്നു കുറയ്ക്കണേ ദൈവമേ എന്ന് ഒരു അപേക്ഷ മനസ്സില്‍ നിന്നും അറിയാതെ ഉയരുന്നു.
ശുഭ പ്രതീക്ഷകളോടെ
ജോസ്
ബാംഗ്ലൂര്‍
31- ഡിസംബര്‍ - 2010
1 അഭിപ്രായം:
santhoshakaramaaya oru 2011 ........ athmaarthamaayi nerunnu......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ