
മനസ്സിന്റെ ധൈര്യം കൂട്ടാന്‍ എന്തെങ്കിലും മരുന്നുണ്ടോ? വല്ല രസായനമോ വടകമോ? അതെക്കുറിച്ച് ഓര്‍ത്ത് ചിന്താവിഷ്ടനായി ഇരുന്നപ്പോള്‍ ഒരു അശരീരി കേട്ടു.
" ഇല്ല കുഞ്ഞേ ..മനുഷ്യ നിര്‍മ്മിതമായ ഒരു മരുന്നും ഇല്ല ..മരുന്നൊന്നെ ഉള്ളു ...കാലത്തിന്റെ ചഷകത്തില്‍ ..അനുഭവങ്ങള്‍ ചാലിച്ചുണ്ടാക്കുന്ന തിക്ത പാനീയം ...അത് പാനം ചെയ്‌താല്‍ മനക്കട്ടി താനേ കൂടിക്കോളും.
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അടുത്തിരുന്ന്‍ ഏതോ പുരാണ ഗ്രന്ഥം വായിച്ചിരുന്ന അപ്പൂപ്പനാണോ അത് പറഞ്ഞത്? അതോ ഡയാലിസിസ് യൂനിറ്റിനുള്ളില്‍ കിടക്കുന്ന ഉറ്റവര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് വെളിയിലിരുന്ന അമ്മച്ചിമാരോ ചേച്ചിമാരോ ആരോ ആണോ? ആ ..അവരാരും ആണെന്ന് തോന്നിയില്ല . അവരൊക്കെ അവരുടെതായ ലോകത്ത് മുഴുകി ഇരിക്കുകയായിരുന്നു.
എന്തായാലും ആ അശരീരി ശരി ആണെന്ന് തോന്നി . അല്ലായിരുന്നെങ്കില്‍ ഡയാലിസിസ്, വൃക്ക മാറ്റി വയ്ക്കല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മുട്ട് കാല്‍ വിറച്ചേനെ . പണ്ടൊക്കെ അവ വളരെ ഭയപ്പെടുത്തുന്ന വാക്കുകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രയ്ക്ക് ഭയമില്ല..ഒരു പക്ഷെ ആ തിക്ത പാനീയം കുറച്ചു കുടിച്ചിട്ടാണോ?
വായിച്ചറിഞ്ഞ അറിവ് മാത്രമേ ഡയാലിസിസിനെക്കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ . എന്നാല്‍ ലീനയെ ഡയാലിസിസ് ചെയ്തപ്പോള്‍ തോന്നി ..അത് വലിയ പേടിപ്പെടുത്തുന്ന ഒന്നും അല്ല എന്ന്. (മനോ വിഷമം ഒഴിച്ചാല്‍). .. റൂട്ട് കനാല്‍ ചെയ്യാന്‍ ദന്ത ഡോക്ടറിന്റെ അടുത്ത് നില്ക്കുന്ന പോലെ .. .
ഡയാലിസിസ് യുണിറ്റിന്റെ അകത്തു കയറിയപ്പോള്‍ ചുറ്റും ഇട്ടിരുന കിടക്കകളില്‍ ഓരോരുത്തരും ഡയാലിസിസ് യന്ത്രങ്ങളുമായി കൈ കോര്‍ത്ത് തങ്ങളുടെ രക്തം ശുദ്ധീകരിക്കുകയായിരുന്നു. പതിഞ്ഞ ഒരു വിസിലടി പോലെയുള്ള ശബ്ദത്തോടെ ആ യന്ത്രങ്ങള്‍ ശബ്ദിച്ച് അവയുടെ ജോലി ചെയ്തുകൊണ്ടേയിരുന്നു. അവയ്ക്ക് ഭാവങ്ങള്‍ ഇല്ലായിരുന്നു. അത് പ്രവര്‍ത്തിച്ചവരുടെ മുഖത്ത് നിസ്സംഗത ആയിരുന്നു...അവരിതെത്ര കണ്ടിരിക്കുന്നു. എന്നാല്‍ ആ യുണിറ്റിന്റെ അകത്തു കിടന്ന പലരുടെയും മുഖത്ത് പല പല ഭാവങ്ങള്‍ നിഴലിച്ചു.. .
ജീവിതം തകര്‍ന്നു എന്ന ഭാവത്തോടെ ചിലര്‍ ...
നിര്‍വികാരതയോടെ ചിലര്‍ ....
ഇതൊന്നും ഒന്നുമല്ല എന്ന ഭാവത്തില്‍ ചിലര്‍...
അധിക നേരം അതിനകത്ത് നില്‍കാന്‍ ധൈര്യം ഇല്ലാതെ ഞാന്‍ വെളിയില്‍ ഇറങ്ങി. പുറത്തു കാത്തിരുന്ന സമയത്ത് അടുത്ത് ഒരു സര്‍ദാര്‍ജി വന്നിരുന്നു. അയാള്‍ തൊട്ടടുത്തിരുന്ന ഒരാളോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു.
" മക്കളെ എനിക്ക് ഇനി അധികം ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. മുകളിലേക്ക് പോകാന്‍ തയ്യാറായാണ് ഞാന്‍ ഇരിക്കുന്നത്. "
അത്രയും പറഞ്ഞു അയാള്‍ തന്റെ വെള്ള താടി തടവിക്കൊണ്ട് ഒന്നുറക്കെ ചിരിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍, അയാള്‍ അടുത്തിരുന്നവരോട് യാത്ര പറഞ്ഞിട്ട്, കുളിപ്പുരയില്‍ കുളിക്കാന്‍ പോകുന്ന ലാഘവത്തോടെ ഡയാലിസിസ് യുണിറ്റിനകത്തെയ്ക്ക് കയറിപ്പോയി.
ലീനയെ നോക്കുന്ന വൃക്ക രോഗ വിദഗ്ധന്‍ ഡോ. കിഷോര്‍ ബാബു , ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെ ആണ്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ രോഗം പകുതി കുറഞ്ഞ പോലെ തോന്നും. അദ്ദേഹം പറയുന്ന പോലെ ഞങ്ങള്‍ രോഗവുമായി യുദ്ധം തുടരുകയാണ്. ..പിണങ്ങിയ വൃക്കകളോട്. ...
അന്നുവരെ മൂന്നു പ്രാവശ്യം ലീന ഡയാലിസിസിനു വിധേയയായി . അങ്ങനെ രക്തത്തിലെ ക്രിയാറ്റിനിന്‍ എന്ന വിഷത്തിന്റെ അംശം കുറച്ചു കൊണ്ടുവന്നു. ഇനി എത്ര പ്രാവശ്യം ചെയ്യണം എന്ന് വ്യക്തമായി അന്ന് പറഞ്ഞില്ല എങ്കിലും, ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ഡയാലിസിസ് ചെയ്യേണ്ടി വരും എന്ന് ചെറുതായി സൂചിപ്പിച്ചു.
ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു എങ്കിലും, ഉള്ളിന്റെ ഉള്ളില്‍ അറിയാതെ ആഗ്രഹിച്ചു പോയി.. ..ചിലപ്പോള്‍ അതൊന്നും വേണ്ടി വരില്ലായിരിക്കും. ...പക്ഷെ ഡോക്ടര്‍ അത് വേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍, പറയാന്‍ പറ്റാത്ത മനോ വിഷമം തോന്നി.. നെഞ്ചിന്റെ പുറത്തു വലിയ ഇരുമ്പു കൂടം വച്ചപോലെ . ധൈര്യം സംഭരിചിരുന്നാലും ചിലപ്പോള്‍ കണ്ണുകള്‍ എന്നെ ചതിക്കും.. പോളകള്‍ ഈറനാകും ...
അങ്ങനെ വിഷമിച്ചിരുന്നപ്പോള്‍ , മറ്റുള്ളവര്‍ക്ക് ദര്‍ശനം തരാതെ എന്നെ മാത്രം ചുറ്റിപ്പറ്റി നിന്ന ചെകുത്താന്റെ മുഖത്ത് ഒരു ചിരി ഞാന്‍ കണ്ടു... ഒരു മനോ സുഖം കിട്ടിയ ചിരി ...
കണ്‍ കോണില്‍ ഉരുണ്ടു കൂടിയ ഒരു ചെറിയ കണ്ണ് നീര്‍ തുള്ളിയെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ചു മാറ്റിയിട്ട്, ഞാന്‍ അവനോടു പറഞ്ഞു ...
" ചിരിച്ചോളൂ ...നന്നായി ചിരിച്ചോളൂ ...തല്‍കാലം നീ തന്നെ ജയിച്ചിരിക്കുന്നു.. പക്ഷെ ഓര്‍ത്തോളൂ ...നീ തീര്‍ക്കുന്ന അഗ്നി കുണ്‍ഡങ്ങളെ ചാടിക്കടക്കാന്‍ , എന്റെ കാലുകളെ ദൈവം ബലപ്പെടുത്തിക്കൊണ്ടേ
യിരിക്കുന്നു. ..നിനക്കെതിരെ പോരാടാന്‍ ...എന്റെ ആവനാഴിയില്‍ ഈശ്വരന്‍ ദിവ്യാസ്ത്രങ്ങള്‍ നിറയ്ക്കുകയാണ്. ..അവസാന പോരാട്ടത്തില്‍ എനിയ്ക്കാവും ജയം.. ചിരിച്ചോളൂ ...ഇപ്പോള്‍ നീ ചിരിച്ചോളൂ .."
യോഗ ക്ലാസ്സില്‍ പഠിപ്പിച്ച പോലെ ഒരേ നേരം ദീര്‍ഘ നിശ്വാസം എടുത്തപ്പോള്‍ നെഞ്ചിലെ ഭാരം കുറച്ചു കുറഞ്ഞപോലെ തോന്നി ..
ദൂരെ ഇന്‍സ്റ്റന്റ് കോഫീ നല്‍കുന്ന കടയില്‍ നിന്നും ഒരു കപ്പില്‍ കാപ്പി കുടിക്കുന്ന ഒരാളെ കണ്ടപ്പോള്‍
എനിക്ക് തോന്നി... എന്നോട് അനുഭവങ്ങളുടെ തിക്ത പാനീയം കുറച്ചു കൂടെ കുടിയ്ക്കാന്‍ ആരോ പറയുന്ന പോലെ ..